ADVERTISEMENT

മാതാപിതാക്കളാണ് കുഞ്ഞുങ്ങളുടെ ആദ്യത്തെ മാതൃക. അവരെ അനുകരിച്ചുകൊണ്ടാണ് കുഞ്ഞുങ്ങൾ വളർന്നുവരുന്നത്. അതുകൊണ്ടുതന്നെ കുട്ടികളുടെ  സ്വഭാവരൂപീകരണത്തിൽ മാതാപിതാക്കൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ബെർണാഡ് ഷായുടെ അഭിപ്രായത്തിൽ അനുകരണമെന്നത് ഒരു തരത്തിലുള്ള പഠനമാണ്. ചെറിയപ്രായത്തിൽ തന്നെ വാക്കുകളിലൂടെയും  കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയും കുഞ്ഞുങ്ങൾ മാതാപിതാക്കളെ അനുകരിക്കുകയും  അതിലൂടെ ആ സ്വഭാവവിശേഷങ്ങൾ പഠിക്കുകയും  ചെയ്യുന്നു. 'ഞാൻ പറയുന്നത് അനുസരിക്കൂ' എന്ന് കുട്ടികളെ ശാസിക്കുമ്പോൾ ഓർക്കുക, നിങ്ങളുടെ വാക്കുകൾ മാത്രമല്ല പ്രവർത്തിയും അവർ ശ്രദ്ധിക്കുന്നുണ്ട്. ആ പ്രവർത്തിയും  വാക്കുകളും തമ്മിൽ വലിയ അന്തരങ്ങൾ ഉണ്ടെങ്കിൽ ആ വ്യത്യാസങ്ങളും കുഞ്ഞുങ്ങൾ ശീലമാക്കാൻ സാധ്യതയുണ്ട്. 

പ്രശസ്ത മനഃശാസ്ത്രജ്ഞനായ ആൽബർട്ട് ബൻഡൂര 1961 ൽ നടത്തിയ ഒരു പ്രശസ്തമായ പഠനമാണ് ബോബോ ഡോൾ. കുട്ടികൾ നിരീക്ഷണങ്ങളിലൂടെ എപ്രകാരമാണ് കാര്യങ്ങൾ ഗ്രഹിക്കുന്നതു എന്നതായിരുന്നു ആ പഠനത്തിന്റെ വിഷയം. അതുപ്രകാരം മുതിർന്ന കുറച്ചാളുകളെ ആ പരീക്ഷണത്തിനായി തെരഞ്ഞെടുക്കുകയും അവരുടെ കൈകളിൽ ഒരു പാവയെ ഏൽപ്പിക്കുകയും ചെയ്തു. ചിലർ ആ പാവയെ  അടിക്കുകയും മറ്റുചിലർ ആ പാവയുമായി വളരെ രസകരമായ കളികളിൽ ഏർപ്പെടുകയും ചെയ്തു, ചിലർ ആ പാവയെ പൂർണമായും അവഗണിച്ചു. ഈ പ്രവർത്തികൾ ശ്രദ്ധിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളിൽ ചിലർ പാവകളെ അക്രമിക്കുന്ന രീതി പിന്തുടർന്നപ്പോൾ ചില കുട്ടികൾ ആ പാവകളുമായി കളിക്കുന്ന രീതി അനുകരിച്ചു. കുറച്ചു കുഞ്ഞുങ്ങൾ പാവകളെ ഒഴിവാക്കുകയും ചെയ്തു. ഈ പറഞ്ഞതിൽ നിന്നു തന്നെ മനസിലാക്കാവുന്നതാണ് കുഞ്ഞുങ്ങൾ എപ്രകാരമാണ് കാര്യങ്ങൾ അനുകരിക്കുന്നതെന്ന്. അതുകൊണ്ടു തന്നെ നല്ല മാതൃകകൾ കാണിച്ചും  കൊടുക്കുന്നതു വഴി കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്താവുന്നതാണ്. മാതാപിതാക്കളേ ഇതാ പതിനെട്ടു വഴികൾ. കുഞ്ഞുങ്ങൾക്ക് മുമ്പിൽ ഇത് ശീലമാക്കൂ അവർക്ക് ഏറ്റവും മികച്ച മാതൃകകളാകൂ.

∙ഏറ്റവും മര്യാദയോടുകൂടി പെരുമാറുക, മറ്റുള്ളവരെ ഉപദ്രവിക്കാത്ത രീതിയിൽ അവരുടെ അനുമതിയോടെ കാര്യങ്ങൾ ചെയ്യുക, സഹായങ്ങൾക്ക് നന്ദി രേഖപ്പെടുത്തുക. കുഞ്ഞുങ്ങളുടെ മുമ്പിൽ വെച്ച് ശാപവാക്കുകൾ ഉപയോഗിക്കാതിരിക്കുക.

 ∙ ആരെയും മർദിക്കുകയോ / ഉപദ്രവിക്കുകയോ ചെയ്യാതിരിക്കുക. അങ്ങനെ ചെയ്യുന്നതുവഴി മറ്റുള്ളവരെ ഉപദ്രവിക്കുന്നത് വലിയ തെറ്റില്ലാത്ത ഒരു പ്രവണതയാണെന്ന ചിന്ത കുട്ടികളിൽ വളരുന്നതിനിടയാക്കുകയാണ് നിങ്ങൾ ചെയ്യുന്നത്.

 ∙ നിയമങ്ങളെ അനുസരിക്കുകയും അത് പാലിക്കുകയും ചെയ്യുക. ഉദാഹരണമായി, സിഗ്നൽ ശ്രദ്ധിച്ച് വാഹനം ഓടിക്കുക, റോഡ് മുറിച്ചുകടക്കുക എന്നിവ ചെയ്യുന്നതുവഴി കുട്ടികളും അത്തരത്തിലുള്ള നല്ല ശീലങ്ങൾ പാലിക്കാൻ തയ്യാറാകും.

∙ സ്മാർട്ട് ഫോണുകളുടെ ഉപയോഗം കുറക്കുക. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം ഉപയോഗിക്കുക. വളരെ കൂടുതൽ നേരം ഫോണിനൊപ്പം  ചെലവിടുന്നത് ശരിയായ പ്രവണതയല്ല. കുഞ്ഞുങ്ങളെയും ഏറ്റവും ആകർഷിക്കുന്ന ഒന്നാണ് സ്മാർട്ഫോണുകൾ. അതിന്റെ ഉപയോഗം ശാരീരികമായ ധാരാളം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നു പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലലോ.

 ∙എപ്പോഴും സത്യസന്ധമായി മാത്രം പെരുമാറുക. തെറ്റുകൾ സംഭവിച്ചാൽ അത് തിരുത്താനും ക്ഷമ ചോദിക്കാനുമുള്ള ആർജവം കാണിക്കുക. അങ്ങനെ ചെയ്യുന്നത് വഴി കുട്ടികൾക്കും നിങ്ങൾ വലിയൊരു മാതൃകയാണ് കാണിച്ചുകൊടുക്കുന്നത്.

∙ വിശ്വാസമർപ്പിക്കുക- അത് കുഞ്ഞുങ്ങൾക്ക് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും അവസരങ്ങൾ തെരഞ്ഞെടുക്കാനും പ്രാപ്തി നൽകും.

 ∙ വിശ്വാസയോഗ്യരാവുക- വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ അത് പാലിക്കാൻ പരമാവധി ശ്രമിക്കുക.

 ∙ സ്വന്തം ശരീരസൗന്ദര്യത്തിൽ കരുതലും ആത്മവിശ്വാസവും പുലർത്തുക. നല്ല ആരോഗ്യശീലങ്ങൾ വളർത്തുകയും സ്വശരീരത്തെ സങ്കോചത്തോടെ വീക്ഷിക്കാതിരിക്കുകയും ചെയ്യുക. 

 ∙ നല്ല ഭക്ഷണശീലങ്ങളും വ്യായാമങ്ങളും പാലിക്കുക. കുഞ്ഞുങ്ങൾക്ക് മുമ്പിൽ വെച്ച് പുകവലി, മദ്യപാനം തുടങ്ങിയ ദുഃശീലങ്ങൾ ഒഴിവാക്കുകയും ചെയ്യുക.

 ∙ വാക്കുകളിലും പ്രവർത്തികളിലും തന്നോടും മറ്റുള്ളവരോടും ബഹുമാനപൂർവ്വം പെരുമാറുക. 

 ∙ ദൈനംദിന കാര്യങ്ങൾ എന്നും ഒരുപോലെ തന്നെ ശീലിക്കുക. എടുത്ത വസ്തുക്കൾ യഥാസ്ഥലങ്ങളിൽ തന്നെ സൂക്ഷിക്കാൻ ശ്രദ്ധിക്കുക. 

 ∙ഒരു കാര്യത്തിൽ തീരുമാനത്തിലെത്തുന്നതിനു മുൻപ് അതിനെക്കുറിച്ചുള്ള എല്ലാവശങ്ങളെ കുറിച്ചും കേട്ടതിനു ശേഷം ന്യായത്തിന്റെ ഭാഗത്തു നിന്നുകൊണ്ട് തീരുമാനം കൈക്കൊള്ളുക.

 ∙ മുൻധാരണകളെ അടിസ്ഥാനമാക്കി   തീരുമാനം കൈകൊള്ളാതിരിക്കുക. 

 ∙ നല്ലൊരു കേൾവിക്കാരനായിരിക്കുക. കുഞ്ഞുങ്ങൾ എന്തെങ്കിലും കാര്യങ്ങൾ പറയുമ്പോൾ അതിനു പൂർണമായും ശ്രദ്ധ കൊടുക്കുക.

 ∙ കഴിയുന്നിടത്തോളം തെറ്റായ രീതിയിലുള്ള മാതൃകകളെ പൂർണമായും ഒഴിവാക്കുക. മറ്റുള്ളവരെ ബഹുമാനിക്കാത്തവരെ കുറിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നത് പോലും ഒഴിവാക്കുന്നതാണ് ഉത്തമം.  

 ∙കാര്യങ്ങൾ അത്  എന്ത് തന്നെയായാലും നല്ല രീതിയിൽ സമീപിക്കുക. പ്രശ്നങ്ങൾക്കു എളുപ്പം പരിഹാരം കാണുകയും അത് പരിഹരിച്ചതിന്റെ വിവിധ വശങ്ങളെ കുറിച്ചും ആ പ്രശ്നപരിഹാര സമയത്തെ നിങ്ങളുടെ ചിന്തകൾ എങ്ങനെയായിരുന്നു എന്നതിനെ കുറിച്ചും വിശദീകരിച്ചു നൽകുക. 

 ∙എപ്പോഴും മുമ്പിൽ നിന്ന് നയിക്കുക. പരിചിതമല്ലാത്ത സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നത് എപ്രകാരമാണെന്നു കാണിച്ചു കൊടുക്കുക.

 ∙നിരുപദ്രവകരമായ കളവുകൾ പറയുമ്പോൾ ശ്രദ്ധിക്കുക. പിന്നീട് അത്തരത്തിലുള്ള ഒരു കളവു പറയേണ്ടിവന്ന സാഹചര്യം കൂടി  കുഞ്ഞുങ്ങളെ  പറഞ്ഞു മനസിലാക്കി കൊടുക്കുക്കേണ്ടതാണ്.

English Summary : Eighteen easy tips to become role model to children

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com