കുട്ടികളിലെ ഡിപ്രഷൻ വർധിക്കുന്നു; കാരണങ്ങൾ അറിയാം

HIGHLIGHTS
  • ഡിപ്രഷൻ അഥവാ വിഷാദം കുട്ടികളെയും പിടികൂടാം.
  • കുട്ടികളിലെ ഡിപ്രഷൻ കണ്ടെത്താം
depression-in-children-symptoms-causes-remedy
SHARE

ഡിപ്രഷൻ എന്നത് അടുത്ത കാലം വരെ മുതിർന്ന ആളുകൾക്കിടയിൽ മാത്രമുണ്ടാകുന്ന ഒരു മാനസിക പ്രശ്നമായിരുന്നു. എന്നാൽ പഠനങ്ങൾ വ്യക്തമാക്കുന്നത് ഡിപ്രഷൻ എന്നത് മുതിർന്ന ആളുകളിൽ മാത്രമായി ഒതുങ്ങി നിൽക്കുന്ന ഒന്നല്ല എന്നാണ്. ഡിപ്രഷൻ അഥവാ വിഷാദം കുട്ടികളെയും പിടികൂടാം. രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് നേരത്തെ കണ്ടെത്തി പരിഹാരം തേടിയില്ലെങ്കില്‍ അവരുടെ പഠനത്തെയും ഭാവിജീവിതത്തെയും പ്രതികൂലമായി ബാധിക്കും.

സ്‌കൂളില്‍ പോകുന്നതിനു മുമ്പുള്ള പ്രായത്തില്‍ 0.3 ശതമാനവും സ്‌കൂളില്‍ പോകുന്ന കുട്ടികളില്‍ 1 ശതമാനവും വിഷാദരോഗം കണ്ടുവരുന്നുണ്ട്. പ്രായം കൂടുന്തോറും  ഇത് വർധിക്കുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കൗമാരക്കാരിൽ  1 ശതമാനം മുതല്‍ 6 ശതമാനം വരെ വിഷാദം കണ്ടുവരുന്നു. കൗമാരക്കാരായ പെണ്‍കുട്ടികളില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് രോഗം വരാനുള്ള സാധ്യത രണ്ടിരട്ടിയാണ്.

കുടുംബത്തിലെ അസ്വാരസ്യങ്ങൾ, ജന്മനായുള്ള പ്രശ്നനങ്ങൾ, മാതാപിതാക്കളിൽ നിന്നുള്ള മാനസിക സമ്മർദ്ദം തുടങ്ങിയവയെല്ലാം തന്നെ കുട്ടികളിലെ ഡിപ്രഷനുള്ള കാരണമാണ്. ഇവയ്ക്ക് പുറമെ,  ജീവിത രീതിയില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, തലച്ചോറിലെ സെറടോണിന്‍ തുടങ്ങിയ രാസവസ്തുക്കളുടെ അളവ് കൂടന്നതോ കുറയുന്നതോ,  തൈറോയിഡ് ഗ്രന്ഥിയിലെ പ്രശ്‌നങ്ങള്‍, പാരമ്പര്യമായി വിഷാദരോഗമുള്ള കുടുംബം തുടങ്ങിയ പശ്‌ചാത്തലങ്ങൾ എല്ലാം തന്നെ ഒരു കുട്ടിയുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കും. 

കുട്ടികളിലെ ഡിപ്രഷൻ കണ്ടെത്താം 

ഒരു വയസ് മുതൽ 16  വയസ് വരെ പ്രായം വരുന്ന കുട്ടികളിലെ ഡിപ്രഷൻ വീട്ടുകാർ തന്നെ മുൻകൈ എടുത്ത് കണ്ടെത്തണം. അതിനായി ഡിപ്രഷന്റെ ചില ലക്ഷണങ്ങളെ വിശകലനം ചെയ്യാം. 

∙മുന്‍മ്പ് താല്‍പര്യവും സന്തോഷവും നല്‍കിയിരുന്ന കാര്യങ്ങളില്‍ ഇപ്പോള്‍ സന്തോഷക്കുറവ് അനുഭവപ്പെടുക

∙മുറി അടച്ചിരിക്കുക, കരച്ചില്‍

∙വീട്ടില്‍ വരുന്നവരെ കാണാന്‍ വിസമ്മതിക്കുക

∙ഉറക്ക കൂടുതലോ കുറവോ

∙അമിത വിശപ്പ് അല്ലെങ്കില്‍ വിശപ്പില്ലായ്മ

∙കുറ്റപ്പെടുത്തുമ്പോള്‍ അമിത ദേഷ്യം

ഇവയെല്ലാം തന്നെ കുട്ടികളിലെ ഡിപ്രഷന്റെ ലക്ഷണങ്ങളാണ്. ശരിയായ സമയത്ത് മനസിലാക്കി ആവശ്യമായ ചികിത്സ നൽകിയില്ലെങ്കിൽ ആത്മഹത്യക്ക് വരെ കുട്ടികൾ ശ്രമിച്ചേക്കാം. 

കുട്ടികളിലെ ഡിപ്രഷൻ ബോധ്യപ്പെട്ടു കഴിഞ്ഞാൽ പിന്നെ ആവശ്യം ചികിത്സയാണ്.കുട്ടികളെയും മാതാപിതാക്കളെയും അധ്യാപകരേയും ഉള്‍പ്പെടുത്തി ഒരു ബയോ–സൈക്കോ സോഷ്യല്‍ രീതിയാണ് ചികിത്സയില്‍ ഫലപ്രദം. എന്താണ് ഡിപ്രഷനുള്ള യഥാർത്ഥ കാരണം എന്ന് കണ്ടെത്തി അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം. രണ്ടാം ഘട്ടത്തിൽ മാത്രം മരുന്നുകളുടെ സഹായം തേടുക. ആവശ്യമെങ്കിൽ സൈക്കോ തെറാപ്പി ഫലപ്രദമാണ്. ഇതിലൂടെ 80 മുതല്‍ 90 ശതമാനം വരെ രോഗശമനം ലഭിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

എന്നാൽ ഇതിനേക്കാൾ എല്ലാം ഫലപ്രദമാണ് മാതാപിതാക്കളുടെ സ്നേഹം. ഒറ്റപ്പെടുത്താതെ കൂടെ നിർത്തുക, സ്നേഹം പങ്കുവയ്ക്കുക,  അവരുടെ പ്രശ്‌നങ്ങള്‍  കേള്‍ക്കാനും പരിഹരിക്കാനും ശ്രദ്ധിക്കുക.

Summary : Depression in Children, Symptoms, Causes and remedy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA