അച്ഛൻ നന്നായാൽ മക്കൾ മിടുക്കരാകുമോ?

HIGHLIGHTS
  • ആത്മഹത്യ പോലുള്ളവയിൽനിന്ന് ഒഴിഞ്ഞുനിൽക്കും
  • അക്കാദമിക വിഷയങ്ങളിലും ഇക്കൂട്ടർ മികവു പുലർത്തുന്നുണ്ടത്രേ
the-fathering-project-and-significance-of-father-s-influence
Photo Credit : StockImageFactory.com
SHARE

കുഞ്ഞുങ്ങളുടെ ജീവിതത്തിലെ ആദ്യത്തെ ഹീറോ അവരുടെ അച്ഛനാണെന്നു പറയാറുണ്ട്. എന്നാൽ അതു വെറുംപറച്ചിൽ മാത്രമല്ലെന്നും നല്ല അച്ഛന്മാർക്ക് മക്കളുടെ ജീവിതത്തിൽ അദ്ഭുതം പ്രവർത്തിക്കാൻ കഴിയുമെന്നും അവകാശപ്പെടുന്നു ഓസ്ട്രേലിയയിലെ ദ് ഫാദറിങ് പ്രോജക്ട് എന്ന സംഘടന. നല്ല അച്ഛന്മാർക്ക് കുട്ടികളുടെ വിദ്യാഭ്യാസത്തിലും സാമൂഹിക, വൈകാരിക ജീവിതത്തിലും സ്വാധീനം ചെലുത്താൻ കഴിയുമെന്നും അവർ മുതിർന്നാലും അച്ഛന്മാരുടെ സ്വാധീനമുണ്ടാകുമെന്നും ദ് ഫാദറിങ് പ്രോജക്ട് പറയുന്നു. 

വെസ്റ്റേൺ ഓസ്ട്രേലിയയിൽ തുടക്കമിട്ട ദ് ഫാദറിങ് പ്രോജക്ട് ഇപ്പോൾ ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, ക്വീൻസ്‌ലൻഡ് തുടങ്ങിയ നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. അച്ഛന്മാരെ കുട്ടികൾക്കുള്ള നല്ല മാതൃകയാക്കി മാറ്റുക എന്നതു ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സംഘടനയാണിത്. അച്ഛന്മാർക്കു കുട്ടികളിലുള്ള സ്വാധീനത്തെപ്പറ്റി വിശദമായ പഠനങ്ങൾ സംഘടനയുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.

മദ്യപാനം, ആത്മഹത്യ? നോ!

മക്കളെ നന്നായി സ്വാധീനിക്കാൻ അച്ഛന്മാർക്കു കഴിഞ്ഞാൽ കുട്ടികൾ മദ്യപാനം, പുകവലി, മയക്കുമരുന്ന് തുടങ്ങിയവയോടു മുഖം തിരിക്കുമെന്ന് ഫാദറിങ് പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പഠനങ്ങൾ പറയുന്നു. മാത്രമല്ല, കുട്ടികൾ കൂടുതൽ ആത്മധൈര്യമുള്ളവരാകും. അതുകൊണ്ടുതന്നെ ആത്മഹത്യ പോലുള്ളവയിൽനിന്ന് ഒഴിഞ്ഞുനിൽക്കും. അവർ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുമെന്നും പഠനം പറയുന്നു. സാമൂഹിക ഇടപെടലുകൾക്ക് അത്തരം കുട്ടികൾക്കു മടിയുണ്ടാവില്ല. മാത്രമല്ല, മോശം സാഹചര്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നതിലും അവർ ശ്രദ്ധാലുക്കളായിരിക്കും.

അമ്മമാരുടെ സ്നേഹത്തെയും അധ്വാനത്തെയും വിലകുറച്ചു കാണിക്കാനല്ല തങ്ങളുടെ ശ്രമമെന്ന് ഫാദറിങ് പ്രോജക്ട് വിശദീകരിക്കുന്നു. അമ്മമാർ വളർത്തുന്ന കുട്ടികളും ബുദ്ധിയുള്ളവരും കാര്യപ്രാപ്തിയുള്ളവരുമാണ്. അമ്മമാരിൽ പലരും കുട്ടികളോടൊത്ത് കളിക്കുന്നതിനേക്കാൾ പ്രാധാന്യം നൽകുന്നത് കുട്ടികൾക്ക് കെയർ നൽകുന്നതിലാണ്. അച്ഛന്മാർ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുമ്പോൾ അവർ കൂടുതൽ സമയവും കുട്ടികളോടൊപ്പം കളിക്കുന്നതിൽ ശ്രദ്ധിക്കുന്നു. ശാരീരിക ആയാസം നൽകുന്ന കളികൾ പൊണ്ണത്തടി പോലെയുള്ള ആരോഗ്യപ്രശ്നങ്ങളിൽനിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും അവരുടെ തലച്ചോറിന്റെ വികാസത്തിന് സഹായിക്കുകയും ചെയ്യുന്നു. 

കുട്ടികൾ അച്ഛന്മാർക്കൊപ്പം സമയം ചെലവിടുന്നതിന്റെ മെച്ചങ്ങളെപ്പറ്റി ധാരാളം പഠനങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം കുട്ടികൾ പല കാര്യങ്ങളിലും മുന്നിലാണെന്നും അത്തരം പഠനങ്ങൾ ഉദാഹരണസഹിതം വ്യക്തമാക്കുന്നു. ഗണിത ശാസ്ത്രം, വായന തുടങ്ങിയ അക്കാദമിക വിഷയങ്ങളിലും ഇക്കൂട്ടർ മികവു പുലർത്തുന്നുണ്ടത്രേ. രണ്ടു വയസ്സിനും നാലുവയസ്സിനുമിടയിൽ അച്ഛന്റെ ശ്രദ്ധ കൂടുതലായി ലഭിക്കുന്ന കുട്ടികൾ പത്തു വയസ്സാകുന്നതോടെ ഗണിതശാസ്ത്രത്തിലും സാഹിത്യപ്രവർത്തനത്തിലും സാങ്കേതിക കാര്യങ്ങളിലും കൂടുതൽ മികവു പുലർത്തുന്നതായി പഠനങ്ങൾ പറയുന്നു.

നമ്മുടെ സാഹചര്യത്തിലും ഇതൊരു ശ്രദ്ധേയമായ നിരീക്ഷണമാണ്. കുട്ടികൾ എപ്പോഴും മാതൃകയാക്കുന്നയാളെന്ന നിലയിൽ അച്ഛന്മാർ കൂടുതൽ ഉത്തരവാദിത്തമുള്ളവരാകണമെന്ന് പഠനങ്ങൾ പറയുന്നു. കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയും കളിക്കുകയും ചെയ്യുന്നത് കുഞ്ഞുങ്ങളുടെ ശാരീരികവും ബുദ്ധിപരവുമായ കഴിവുകവ്‍ മെച്ചപ്പെടുത്തും. അച്ഛൻ അമ്മയോടും മറ്റു കുടുംബാംഗങ്ങളോടും പെരുമാറുന്നത് കുഞ്ഞുങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിയും. അത്തരം പെരുമാറ്റങ്ങളിൽനിന്നാണ് അവർ പരസ്പര ബഹുമാനം പഠിക്കേണ്ടത്. അത്തരം പാഠങ്ങൾ കുട്ടികൾ മുതിരുമ്പോഴും അവരുടെ പെരുമാറ്റത്തിലും രീതികളിലും പ്രതിഫലിക്കുമെന്നും മനഃശാസ്ത്രജ്ഞരും ശിശുവിദഗ്ധരും പറയുന്നു. 

English Summary : The fathering project says significance of father's influence

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA