കൊറോണക്കാലത്ത് കുഞ്ഞു മനസ്സുകളെ ഡിപ്രഷൻ ബാധിക്കാതെ നോക്കാം

HIGHLIGHTS
  • സമ്മർദ്ദം മനസിലാക്കുക
  • മുഴുവൻ സമയം ടിവി വേണ്ട
corona-vacation-depression-in-children-solution
Photo Credit : shutterstock.com
SHARE

കൊറോണ വ്യാപനത്തെ തുടർന്ന് സ്‌കൂളുകൾക്ക് ഏകദേശം ഒരു മാസം മുൻപേ അവധി പ്രഖ്യാപിച്ചതോടെ മൂന്നു മാസത്തോളം നീണ്ടു നിൽക്കുന്ന അവധിക്കാലം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു കുട്ടിക്കൂട്ടം. എന്നാൽ അപ്രതീക്ഷിതമായെത്തിയ ലോക്ക് ഡൗൺ കാലം കുട്ടികളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. അച്ഛൻ വീട്ടിലും ‌അമ്മ വീട്ടിലുമായുള്ള അവധിക്കാലം, ട്രിപ്പുകൾ, ഫാമിലി ഔട്ടിങ്, സിനിമ അങ്ങനെ മനസ്സിലുണ്ടായിരുന്ന പല ആഗ്രഹങ്ങൾക്കും ഫുൾസ്റ്റോപ്പ് വീണത് കുട്ടികളെ മാനസിക സമ്മർദ്ദത്തിലാക്കി.

ഈ ഘട്ടത്തിൽ കുട്ടികളെ പേടിപ്പിച്ച് വീട്ടിലിരുത്താതെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊറോണ വൈറസ് വ്യാപനത്തിനെതിരെ വീട്ടിലിരുന്നു പ്രവർത്തിക്കാൻ സജ്ജരാക്കുകയാണു വേണ്ടത്. അതോടൊപ്പം കുട്ടികൾക്ക് മടുപ്പുണ്ടാക്കാതെ നോക്കുകയും വേണം. പഠനവും കളികളും ചേർന്നു രസകരമാക്കി മാറ്റാം കുട്ടികളുടെ ഈ അവധിക്കാലം.

കൊറോണ ബോധവത്‌കരണം

‘കൊറോണക്കാലമാണ് വീട്ടിലിരിക്ക് പിള്ളേരെ’ എന്നു ശകാരിച്ചുകൊണ്ട് കുട്ടികളെ അടക്കി ഇരുത്തുന്നതിൽ കാര്യമില്ല. കാര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത കിട്ടിയില്ലെങ്കിൽ കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടിരിക്കും. അതിനാൽ എന്താണ് കൊറോണ എന്നും വൈറസ് വ്യാപനം മൂലമുണ്ടാകുന്ന ദുരന്തങ്ങൾ എന്തെല്ലാമെന്നും അവരെ പഠിപ്പിക്കുക. ലോകത്തെ രക്ഷിക്കാനായാണ് വീട്ടിൽ ഇരിക്കുന്നതെന്നും ഇതിലൂടെ സൂപ്പർ ഹീറോസ് ആകുമെന്നും പറയുക.

പോസ്റ്ററുകൾ നിർമിക്കാം, വിഡിയോകൾ ചെയ്യാം

കൊറോണ വൈറസ് ബോധവത്‌കരണത്തിന്റെ ഭാഗമായി കുട്ടികളെക്കൊണ്ട് പോസ്റ്ററുകൾ നിർമിക്കുക, വിഡിയോകൾ ചെയ്യുക. ഇന്റെർനെറ്റിലൂടെ പ്രിയപ്പെട്ടവർക്ക് കുട്ടികളുടെ ഈ ക്രിയേറ്റിവിറ്റികൾ അയച്ചു നൽകുക. ലഭിക്കുന്ന അഭിപ്രായം അവരുമായി പങ്കുവയ്ക്കുക.

മുഴുവൻ സമയം ടിവി വേണ്ട

അവധിക്കാലത്ത് കുട്ടികളെ പിടിച്ചിരുത്താൻ മറ്റു വഴികൾ ഇല്ലെന്നു കരുതി ടിവിയുടെ മുന്നിലേക്ക് പറഞ്ഞു വിടുന്നത് സൂക്ഷിച്ചു വേണം. 21 ദിവസം തുടർച്ചയായി ഒരു കാര്യം ചെയ്‌താൽ അതു ജീവിതശൈലിയുടെ ഭാഗമാകും. അപ്പോൾ കൊറോണക്കാലം കഴിഞ്ഞാലും സ്‌കൂൾ തുറന്നാലും കുട്ടികൾ ടിവിക്ക് മുന്നിൽ തന്നെ ചടഞ്ഞിരിക്കുന്നവരായി മാറും. അതിനാൽ ടിവി കാണുന്നതിന് നിശ്ചിത സമയം ഏർപ്പെടുത്തി മുന്‍കരുതൽ സ്വീകരിക്കുക.

സമ്മർദ്ദം മനസിലാക്കുക 

വീട്ടിലെ നാല് ചുവരുകൾക്കുള്ളിൽ പുറത്ത് പോകാനാവാതെ ഒറ്റപ്പെട്ടു പോകുന്ന കുട്ടികളുടെ വിഷമം മാതാപിതാക്കളും മനസ്സിലാക്കണം. പ്രത്യേകിച്ച് ഒറ്റക്കുട്ടിയുടെ അവസ്ഥ ഭീകരമായിരിക്കും. ഈ അവസ്ഥയിൽ മാതാപിതാക്കൾ കുട്ടികളുടെ ഉറ്റമിത്രമാകണം. അവർക്കൊപ്പം കളിക്കാനും ചിരിക്കാനും വർത്തമാനം പറയാനും സമയം കണ്ടെത്തണം. ഇപ്പോൾ ഇല്ലെങ്കിൽ പിന്നെ എപ്പോഴാണ് അതിനു സമയം ലഭിക്കുക. 

കെയർ ചെയ്യാൻ പഠിപ്പിക്കാം 

കൊറോണക്കാലം പുതിയ നല്ല ശീലങ്ങൾ പഠിക്കുന്നതിനുള്ള കാലം കൂടിയാണ്. അതിന്റെ ആദ്യ പടിയായി മറ്റുള്ളവരെ കെയർ ചെയ്യാൻ കുട്ടികളെ ശീലിപ്പിക്കാം. ലോകം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തിൽ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിവരങ്ങൾ ഫോണിലൂടെയും മറ്റും ചോദിച്ചറിയാൻ കുട്ടികളെ ചുമതലപ്പെടുത്താം.

ഹോബിയും പഠനവും വേണം

ഏതെങ്കിലും ഒരു വിനോദം വികസിപ്പിക്കുന്നതിനും വിനോദത്തിലൂടെ പഠിക്കുന്നതിനും അവസരം കണ്ടെത്തുക. ഈ കാലവും കടന്നു പോകും നല്ല നാളുകൾ വീണ്ടും വരും എന്ന ശുഭാപ്തി വിശ്വാസം കുട്ടികളിൽ നിറയ്ക്കുക.

 English Summary : Corona vacation and depression in children

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA