ADVERTISEMENT

കുട്ടിയെ വളർത്തൽ ഒരു കല തന്നെയാണ്. എല്ലാവർക്കും എളുപ്പം വഴങ്ങുന്നതല്ല ആ കല. ഒരുതരത്തിലും മെരുങ്ങാത്ത ചില വികൃതികളെ നേരേയാക്കണമെങ്കിൽ ഒരൽപം ഭാവന കൂടി വേണം. അത്തരമൊന്നാണ് ഫാമിലി കോയിൻ സിസ്റ്റം. നല്ലത് ചെയ്താൽ അപ്പപ്പോൾ സമ്മാനം, തല്ലുകൊള്ളിത്തരത്തിന് ഉടൻ ശിക്ഷ. ഇതാണ് ഈ സിസ്റ്റത്തിന്റെ അടിസ്ഥാനം. മുതിർന്നവർ ജോലി ചെയ്ത് പണം സമ്പാദിക്കുന്നതുപോലെയോ നിയമം തെറ്റിച്ചാൽ ശിക്ഷയായി പണം നഷ്ടമാകുന്നതു പോലെയോ തന്നെയാണ് ഇതെന്നു കുട്ടികളോട് പറഞ്ഞു മനസ്സിലാക്കുക. കോയിൻ സിസ്റ്റത്തിനായി പല വിലയിലുള്ള പേപ്പർ കറൻസികൾ ഉണ്ടാക്കുക.അല്ലെങ്കിൽ  ഒാൺലൈനിൽ ലഭിക്കുന്ന പ്ലാസ്റ്റിക് ന്യൂമറിക്കൽ കോയിനുകൾ ഉപയോഗിക്കുക. 

ഇനി സമ്മാനം ലഭിക്കാൻ പോകുന്നത് ഏതൊക്കെ പ്രവൃത്തികൾക്കാണെന്ന് ലിസ്റ്റ് ചെയ്യുക. സ്കൂൾ കുട്ടികളിലാണെങ്കിൽ രാവിലെ എഴുന്നേറ്റ് പല്ലു തേക്കുന്നതു മുതൽ ക്ലാസ്സിൽ വഴക്കു കൂടാതിരിക്കുന്നതുവരെ പ്രതിഫലം ലഭിക്കുന്ന കാര്യങ്ങളാക്കാം. കുറച്ചുകൂടി ചെറിയ കുട്ടികളിൽ ഒച്ച വയ്ക്കാതിരിക്കുന്നതും സാധനങ്ങൾ വാരിവലിച്ചിടാതെ വയ്ക്കുന്നതും ഒക്കെ പ്രോത്സാഹിപ്പിക്കാം. 

അലറിക്കൂവുന്നതും ദേഷ്യപ്പെടുന്നതും ഇടികൂടുന്നതും ആവശ്യമില്ലാതെ കരയുന്നതും സാധനങ്ങൾ എടുത്തെറിയുന്നതും സമയത്ത് ഉറങ്ങാത്തതും വാശി പിടിക്കുന്നതുമൊക്കെ കോയിൻ നഷ്ടമാകുന്ന കാര്യങ്ങളാണെന്ന് ബോധ്യപ്പെടുത്തുക. ഒാരോ നല്ല കാര്യത്തിനും അതിന്റെ പ്രാധാന്യമനുസരിച്ച് വിലയിടുക.  തെറ്റുകൾക്ക് അതിന്റെ ഗൗരവമനുസരിച്ച് മൂല്യം നിശ്ചയിക്കുക. ഉദാഹരണത്തിന് വീട്ടിലൂടെ ഒച്ചവച്ച് ഒാടിനടന്നാൽ രണ്ട് കോയിൻ നഷ്ടമാകുമെങ്കിൽ സാധനങ്ങൾ എറിഞ്ഞുപൊട്ടിച്ചാൽ 5 കോയിനാകും നഷ്ടമാകുക.  മാത്രമല്ല ടിവി കാണാനും പുറത്തു കൂട്ടുകാരുടെ കൂടെ പോകാനും ഒക്കെ സമ്പാദിച്ച കോയിനുകൾ നിശ്ചിത എണ്ണം ചെലവഴിക്കേണ്ടി വരും. അത് എത്രയെന്നു നേരത്തേ തീരുമാനിക്കുക.

കുട്ടി നല്ലത് ചെയ്താൽ ചേർത്തുപിടിച്ച് മുഖത്തുനോക്കി പുഞ്ചിരിയോടെ കോയിൻ നൽകുക. ചെയ്ത കാര്യത്തേക്കുറിച്ച് അഭിനന്ദിച്ച് സംസാരിക്കുക. ഇത്തരം റിവാഡ് കോയിൻ പ്രത്യേകം ഒരു കുടുക്കയിൽ ഇട്ടുവയ്ക്കുക. തെറ്റു ചെയ്താൽ ശാന്മായി തന്നെ അക്കാര്യം പറഞ്ഞു ബോധ്യപ്പെടുത്തി കോയിൻ തിരികെ വാങ്ങുക. കുട്ടി കോയിൻ തരാതെ കരഞ്ഞു ബഹളം വച്ചാൽ ശാന്തനാകാനുള്ള സമയം കൊടുക്കുക. ശേഷം കോയിൻ തിരികെ വാങ്ങുക. അത് മറ്റൊരു പാത്രത്തിൽ ഇട്ട് കുഞ്ഞിന് എത്താത്തിടത്ത് വയ്ക്കുക. ഏതാനും ആഴ്ച കഴിഞ്ഞാൽ കുട്ടി കോയിൻ നൽകാതെ തന്നെ നല്ലതു ചെയ്യാനും തെറ്റ് വരുത്താതിരിക്കാനും ശ്രമിച്ചുതുടങ്ങും.  വീണ്ടും പഴയ അവസ്ഥയിലേക്കു പോകുന്നെങ്കിൽ വീണ്ടും കോയിൻ സിസ്റ്റം തുടങ്ങണം. 

 English Summary : Coin tips to handle naughty kids

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com