ADVERTISEMENT

മൂന്ന് വയസ്സ് മുതലുള്ള കുട്ടികള്‍ കള്ളം പറയുന്നത് പതിവാണ്. എന്നാല്‍ തുടക്കകാലത്ത് കുട്ടികളുടെ കള്ളങ്ങള്‍ മുതിര്‍ന്നവര്‍ ആസ്വദിക്കുകയാണ് പതിവ്.  അതു തിരുത്താനോ ശിക്ഷിക്കാനോ ശ്രമിച്ചിട്ട് കാര്യവുമില്ല. എന്നാല്‍ വളര്‍ന്ന് വരും തോറും ഇങ്ങനെ കള്ളം പറയുന്ന സ്വഭാവം കുട്ടികളുടെ ജീവിതത്തിലും മാതാപിതാക്കളുടെ ജീവിതത്തിലും ഒരു പോലെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. എല്ലാ കാലത്തും അവരെ കള്ളം പറയുന്നതില്‍ നിന്ന് വിലക്കാന്‍ കഴിയില്ലെങ്കിലും വിനാശകാരികളായ കള്ളങ്ങള്‍ പറയുന്നത് ഒഴിവാക്കാന്‍ കഴിയണം. ഇതിന് അവര്‍ കള്ളം പറയുന്നതിന്റെ കാരണം അറിയേണ്ടത് ആവശ്യവുമാണ്. ഓരോ പ്രായത്തിലും ഉള്ള കുട്ടികള്‍ പൊതുവെ കള്ളം പറയുന്നത് വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടാണ്.

രണ്ട് വയസ്സിനും നാല് വയസ്സിനും ഇടയിലുള്ള കുട്ടികള്‍

ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് അവര്‍ പറയുന്നത് കള്ളമാണെന്ന് പോലും പലപ്പോഴും തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് വരില്ല. പലതും അവരുടെ ഭാവനയുടെ ഭാഗമായിരിക്കും. അതിനാല്‍ തന്നെ ഇത്തരം കള്ളത്തരങ്ങള്‍ക്ക് പരിഹാരം ഒന്നുമില്ല. അവരെ ശാസിച്ചിട്ടോ പേടിപ്പിച്ചിട്ടോ പ്രത്യേകിച്ച് ഫലവുമില്ല. പകരം അവര്‍ പറയുന്ന കള്ളങ്ങള്‍ അവരുടെ ഭാവനയെ അളക്കാനായി ഉപയോഗിക്കുന്നത് നല്ലതായിരിക്കാം. ഇത് അവരുടെ മനസ്സിന്റെ ചിന്തകളും താല്‍പ്പര്യങ്ങളും മനസ്സിലാക്കാനും സഹായിക്കും.

കുട്ടികള്‍ക്ക് കള്ളം പറയാനുള്ള അവസരം ഒഴിവാക്കുകയാണ് ചെയ്യാവുന്ന മറ്റൊരു കാര്യം. ഉദാഹരണത്തിന് കുട്ടി എന്തെങ്കിലും വസ്തു പൊട്ടിച്ചാല്‍ മിക്കവാറും അത് സമ്മതിക്കാനുള്ള സാദ്ധ്യത കുറവാണ്. അവരോടത് പൊട്ടിച്ചത് ആരാണെന്ന് ചോദിച്ചാലോ കുറ്റപ്പെടുത്തിയാലോ അതവരെ കള്ളം പറയാന്‍ പ്രേരിപ്പിച്ചേക്കും. പകരം പൊട്ടിയ കാര്യം അറിഞ്ഞുവെന്ന് അവരെ അറിയിക്കുക. അതിനെക്കുറിച്ചുള്ള അന്വേഷണം കൊണ്ടോ കണ്ടെത്തലുകള്‍ കൊണ്ടോ പ്രത്യേകിച്ച ഫലമില്ലാത്തിനാല്‍ അത് വിട്ടേക്കുക. പൊട്ടിയ കാര്യം അച്ഛനോ അമ്മയോ അറിഞ്ഞു എന്ന് ബോദ്ധ്യമായാല്‍ കുട്ടി തനിയെ വീണ്ടും അത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും വീണ്ടും തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യും

നാല് വയസ്സിനും ആറ് വയസ്സിനും ഇടയിലുള്ളവര്‍

കുട്ടികള്‍ ചെറിയ വായില്‍ വലിയ കാര്യങ്ങളും കള്ളങ്ങളും പറയുന്ന കാലമാണിത്. പറയുന്ന കള്ളങ്ങളില്‍ പലതും അവരുടെ ആഗ്രഹങ്ങളായിരിക്കും. തങ്ങള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന പല കാര്യങ്ങളും അവര്‍ സഹപാഠികളോടും മറ്റും ഉണ്ടെന്ന് പറയാന്‍ മടിക്കില്ല. അത് പോലെ തന്നെ സ്കൂളില്‍ തങ്ങള്‍ ചെയ്യാത്ത പല കാര്യങ്ങളിലും വീട്ടിലെത്തി കള്ളം പറഞ്ഞെന്നിരിക്കും.

കുട്ടികള്‍ ഒരു പരിധി വരെ ഇത്തരം കാര്യങ്ങള്‍ സങ്കല്‍പ്പിക്കുന്നതും സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും തടയാനാകില്ല. അതേസമയം തന്നെ അവരെ യഥാർത്ഥ ജീവിതത്തിലും സന്തോഷം നല്‍കുന്ന കാര്യങ്ങളുണ്ടെന്ന് ബോദ്ധ്യപ്പെടുത്തണം. ഇത് പതിയെ കുട്ടികളെ സങ്കല്‍പ്പലോകത്തിലും കള്ളങ്ങളിലും സന്തോഷം കണ്ടെത്തുന്ന ശീലത്തില്‍ നിന്ന് പിന്‍മാറാന്‍ സഹായിക്കും. നിത്യജീവിതത്തിലുള്ള സംഭവങ്ങളിലും ബന്ധങ്ങളിലും എല്ലാം സന്തോഷം കണ്ടെത്താന്‍ കുട്ടികളെ സഹായിക്കുകയാണ് ഇത്തരം കള്ളങ്ങള്‍ അവസാനിപ്പിക്കാനുള്ള ഉചിതമായ മാര്‍ഗ്ഗം

ഏഴ് വയസ്സിനും പത്ത് വയസ്സിനും ഇടയിലുള്ളവര്‍

സ്വന്തം സന്തോഷത്തിനല്ലാതെ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താന്‍ കുട്ടികള്‍ കള്ളം പറഞ്ഞ് തുടങ്ങുന്ന സമയമാണിത്. അതായത് സമൂഹത്തില്‍ നിന്ന് കള്ളം പറയേണ്ട സാഹചര്യങ്ങളിലും രീതിയും പഠിച്ച് അതനുസരിച്ച് പെരുമാറുന്ന സമയം. മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാനും നിരാശരാക്കാതിരിക്കാനുമാണ് ഈ പ്രായത്തിൽ കുട്ടികള്‍ കള്ളം പറയുക. കുട്ടികളുടെ സാമൂഹിക ബോദ്ധ്യവും വികാരങ്ങള്‍ മനസ്സിലാക്കാനുള്ള ശേഷിയും എല്ലാമാണ് ഇത്തരം കള്ളങ്ങളിലൂടെ പുറത്ത് വരുന്നത്.

ഇത്തരം കള്ളങ്ങള്‍ തിരിച്ചറിഞ്ഞാല്‍ അവരെ ശാസിക്കുന്നതിന് പകരം അവര്‍ കള്ളം പറയാനിടയായ സാഹചര്യം മനസ്സിലാക്കാനാണ് ആദ്യം ശ്രമിക്കേണ്ട്. അതിന് ശേഷം ആ സാഹചര്യം വിലയിരുത്തി കള്ളം പറയാതെ അപ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കാമെന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കൂ. ഇതിലൂടെ കുട്ടികളുടെ ഈ ശീലം വേഗത്തില്‍ മാറ്റാന്‍ കഴിയും.

പത്ത് വയസ്സിന് മുകളിലുള്ളവര്‍

താന്‍ പറയുന്നത് കള്ളം കൊണ്ട് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനും അത് തനിക്ക് അനൂകൂലമായി ഉപയോഗിക്കാനും കുട്ടികള്‍ ശ്രമിക്കുന്ന പ്രായമാണ് ഇത്. അതായത് മുതിര്‍ന്നവരില്‍ കാണുന്ന കളളം പറയുന്ന ശീലത്തിന്റെ തുടക്കം ഈ പ്രായത്തിലാണെന്ന് സാരം. മാതാപിതാക്കള്‍ക്കൊപ്പം കൂട്ടുകാരും സമൂഹവും എല്ലാം കുട്ടികളില്‍ സ്വാധീനം ചെലുത്തി തുടങ്ങുന്ന പ്രായം കൂടിയാണിത്. കുട്ടികള്‍ കൂടുതല്‍ സ്വാതന്ത്ര്യം ശീലിക്കുന്ന സമയവും. ഈ സമയത്ത് കുട്ടികളെ നിയന്ത്രിക്കുന്നത് അത്ര എളുപ്പമാകില്ല.

ഈ ഘട്ടത്തില്‍ കുട്ടിക്ക് കള്ളം പറയുന്ന ശീലം ഉണ്ടെങ്കില്‍ അത് തിരുത്താന്‍ എളുപ്പ വഴി മാതാപിതാക്കള്‍ സ്വയം മാതൃക ആവുക എന്നതാണ്. ഒപ്പം കള്ളങ്ങള്‍ വിശ്വാസ്യതയേയും ബന്ധങ്ങളെയും എങ്ങനെ തകര്‍ക്കുമെന്ന് കുട്ടിയെ പറഞ്ഞ് മനസ്സിലാക്കുക.

English Summary : How to deal with lying in children and tell truth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com