ADVERTISEMENT

കുട്ടികൾക്ക് പലവിധ പഠന വൈകല്യങ്ങൾ ഉണ്ടാകുക എന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. ഇവ കൃത്യസമയത്ത് കണ്ടെത്തി ശരിയായ പരിചരണം നൽകുക എന്നതാണ് പ്രധാനം. കുട്ടികളെ ബാധിക്കുന്ന പഠനവൈകല്യങ്ങളിൽ പ്രധാനമാണ് ഡിസ്ഗ്രാഫിയ. ഈ വാക്ക് പല മാതാപിതാക്കളും ആദ്യമായിട്ടായിരിക്കും കേൾക്കുന്നത്. കുട്ടികൾ ശരിയായി എഴുതി പഠിക്കുന്നില്ല, എഴുതുമ്പോൾ സ്ഥിരമായി സ്പെല്ലിങ് തെറ്റുന്നതിന് കുട്ടികളോട് ദേഷ്യപ്പെടാറുമുണ്ട്. ഇതെല്ലാം കഴിഞ്ഞശേഷം മണ്ടൻ എന്ന വിളിയിൽ കുട്ടിയെ ഒതുക്കാനാണ് ഉദ്ദേശ്യം എങ്കിൽ മനസിലാക്കുക, അവന്റെ പ്രശ്നം ഒരുപക്ഷേ ഡിസ്ഗ്രാഫിയ ആകാം. 

ഡിസ്ഗ്രാഫിയ ഉള്ള കുട്ടികളുടെ പേടി സ്വപ്‌നമാണ് എഴുത്ത്. അക്ഷരങ്ങൾ വഴങ്ങാത്തതാണ് അവരുടെ പ്രധാന പ്രശ്നം. എന്നു കരുതി അവർക്ക് മറ്റു ശാരീരിക, മാനസിക പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകണം എന്നില്ല. വളരെ സാവധാനം എഴുതുക, മോശം കയ്യക്ഷരം, വിചിത്രമായ രീതിയിൽ പെൻസിൽ പിടിക്കുക, വരികൾക്കിടയിലെ അകലം തെറ്റുക, ചിഹ്നങ്ങൾ ഇടാതിരിക്കുക, വലിയക്ഷരങ്ങൾ, ദീർഘം, വള്ളി തുടങ്ങിയവ വിട്ടുപോകുക എന്നിവയെല്ലാമാണ് ഡിസ്ഗ്രാഫിയയുടെ ലക്ഷണങ്ങൾ. 

ഡിസ്ഗ്രാഫിയ ഉള്ള കുട്ടികൾ ഒരിക്കലും അവരുടെ നോട്ട് പൂർണമായും എഴുതില്ല. കാരണം ടീച്ചർ പറയുന്നത് കേട്ടെഴുതാനും ബോർഡിൽനിന്നു പകർത്തി എഴുതാനും അവർക്ക് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടും. ഇവരുടെ സ്പെല്ലിങ്ങും വാക്യഘടനയും വ്യാകരണവും മോശമായിരിക്കും. പല അക്ഷരങ്ങളും ഇവർക്ക് തിരിച്ചറിയാൻ കഴിയാറില്ല. ചില്ലക്ഷരങ്ങൾ പരസ്പരം മാറിപ്പോകുക എന്നത് സ്വാഭാവികമാണ്. ഉദാഹരണമായി ഇക്കൂട്ടർ Wasന് പകരം saw, badന് പകരം dab എന്നും എഴുതും. 

എഴുതാൻ പിടിച്ചിരുത്തിയാൽ ഉടനടി ക്ഷീണം വരുന്നത് ഡിസ്ഗ്രാഫിയയുടെ ലക്ഷണമാണ്. എഴുത്തിൽനിന്നു കഴിവതും ഒളിച്ചോടാനുള്ള മനോഭാവം ഈ കുട്ടികൾക്ക് ഉണ്ടാകും. അതിനു കാര്യമറിയാതെ അധ്യാപകരും മാതാപിതാക്കളും കണക്കിന് ശകാരിക്കുകയും ചെയ്യും. അക്ഷരങ്ങളോ വാക്കുകളോ വാചകഭാഗങ്ങളോ വിട്ടുപോവുക. ഒരേ വാക്ക് പല നേരത്ത് പല രീതിയിലെഴുതുക എന്നിവയെല്ലാം ഇക്കൂട്ടരിൽ സാധാരണമാണ്. എഴുതിയതില്‍ ഏറെ വെട്ടും തിരുത്തുമുണ്ടാവുക പതിവാണ്. 

ഇംഗ്ലിഷിലെഴുതുമ്പോൾ ക്യാപിറ്റല്‍ അക്ഷരങ്ങളും ചെറിയക്ഷരങ്ങളും കൂട്ടിക്കുഴയ്ക്കുകയാണ് മറ്റൊരു പ്രശ്നം. വാക്കുകളെ അവ ഉച്ചരിക്കപ്പെടുന്ന അതേ രീതിയില്‍ ഇവർ എഴുതിക്കളയും. ഉദാഹരണമായി going എന്നത് goying എന്ന് എഴുതും. താന്‍ ഇടംകയ്യനോ വലംകയ്യനോ എന്നതില്‍ കുട്ടിക്കു സംശയമുണ്ടാകുക എന്നതും ഡിസ്ഗ്രാഫിയയുടെ ലക്ഷണമാണ്. 

Summary : Dysgraphia in children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com