ADVERTISEMENT

നമ്മുടെ മോന്റെ അതേ പ്രായത്തിലുള്ള കുഞ്ഞാണത്, ഒരു വയസ്സാകും മുൻപേ നടന്നു തുടങ്ങി. മറ്റേ കുട്ടി രണ്ടര വയസ്സാകും മുൻപേ നന്നായി വർത്തമാനം പറയുന്നുണ്ട്. കുഞ്ഞ് എന്താണാവോ എപ്പോഴുമെപ്പോഴും വീഴുന്നത്?  തുടങ്ങിയ പരിഭവങ്ങൾ മിക്ക അമ്മമാരും പറയുന്നത് കേൾക്കാം. കുഞ്ഞിന്റെ വളർച്ചാ ഘട്ടങ്ങളായ കമിഴ്ന്നു കിടക്കൽ, നീന്തൽ, മുട്ടുകുത്തൽ,  ഇരിക്കൽ, നടക്കൽ, സംസാരിക്കൽ തുടങ്ങി ഓരോ നാഴികക്കല്ലുകളും അതാത് സമയത്ത് നഷ്ടപ്പെടുകയാണെങ്കിൽ അതിനർത്ഥം കുഞ്ഞ് വികസന കാലതാമസം നേരിടുന്നു എന്നാണ്.

ഏതെങ്കിലും ഒരു ഘട്ടം വൈകുന്നത് തന്നെ മിക്കപ്പോഴും മറ്റു പല കാര്യങ്ങളിലുമുള്ള വികസന കാലതാമസങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഉദാഹരണത്തിന്, നിങ്ങളുടെ കുട്ടിക്ക് സംസാരിക്കുന്നതിലോ സ്ഫുടതയില്ലാതെ പറയുന്നതിലോ ആണ് പ്രശ്നമെങ്കിൽ, കുട്ടി സാമൂഹികവും വൈജ്ഞാനികവുമായ കാലതാമസത്തിലൂടെ കടന്നു പോകാൻ സാധ്യതയുണ്ടെന്നാണു ആരോഗ്യ വിദഗ്ധർ പറയുന്നത്.

കുഞ്ഞുങ്ങളുടെ വികസനത്തിൽ ഈ കാലതാമസം സംഭവിക്കുന്നത് വിവിധ കാരണങ്ങൾ കൊണ്ടാണ്. വളരെ നേരത്തെയുള്ള ഗർഭധാരണം, ജനനത്തിനു മുൻപുള്ള അണുബാധകൾ, ജനന സമയത്ത് സംഭവിക്കുന്ന പരിക്കുകൾ, ജനന സമയത്തെ തൂക്കക്കുറവ് തുടങ്ങിയ പല ഘടകങ്ങളും കുഞ്ഞിന്റെ വികാസക്കുറവിനു കാരണമാകുന്നു. എങ്കിലും  ശിശുരോഗ വിദഗ്ധർ ഈ കാരണങ്ങളെ നാലു പ്രധാന വിഭാഗങ്ങളിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് വിശദീകരിക്കുന്നത്.

1. ജനിതക ഘടകങ്ങൾ 

കുഞ്ഞിന്റെ ജനിതക ഘടകങ്ങളിലാണ് പ്രശ്നമെങ്കിൽ അത്‌ കുഞ്ഞിന്റെ ബുദ്ധിപരവും ശാരീരികവുമായ വൈകല്യങ്ങൾ (Down Syndrome ), ബുദ്ധിപരമായ വളർച്ചക്കുറവ് ( Fragile X Syndrome ), സംസാരിക്കാനും ചലിക്കാനുമുള്ള ബുദ്ധിമുട്ടും തലയുടെ വലുപ്പക്കുറവും ( Rett Syndrome), മസിലുകളുടെയും അസ്‌ഥികളുടെയും ബലക്ഷയം (Muscular dystrophy) എന്നിവയ്ക്ക് കാരണമായേക്കാം. ഇവ കുട്ടികളിൽ ശാരീരികവും സാമൂഹികവുമായ വികസനം, ആശയവിനിമയത്തിലെ വികസനങ്ങൾ തുടങ്ങി ഒന്നിലധികം കാലതാമസത്തിനു കാരണമാകുന്നു.

2. ജീവശാസ്ത്രപരമായ ഘടകങ്ങൾ 

ജീവശാസ്ത്ര പരമായ ഘടകങ്ങളിലെ പ്രശ്നങ്ങൾ കുട്ടികളിൽ കേൾവിശേഷിക്കുറവ്, കാഴ്ചശക്തിക്കുറവ്, മാനസികമായ വളർച്ചക്കുറവ്, പെരുമാറ്റത്തിലെ വൈകല്യങ്ങൾ, തലച്ചോറിലെ ക്ഷതം എന്നിവയ്ക്ക് വരെ കാരണമാകുന്നു.

3. ഗർഭധാരണ ഘടകങ്ങൾ 

ഗർഭകാലത്ത് തന്നെ ഭ്രൂണത്തെ ബാധിക്കുന്ന ചില പ്രശ്നങ്ങളുമുണ്ട്. മാതാപിതാക്കളുടെ രക്തഗ്രൂപ്പുകൾ തമ്മിലുള്ള പൊരുത്തമില്ലായ്മ, ഗർഭിണിയായിരിക്കെ മദ്യവും ലഹരിവസ്തുക്കളും കൂടുതലായി ഉപയോഗിക്കുന്നത്, പകർച്ചവ്യാധികളിലൂടെയുള്ള അണുബാധ, രക്തത്തിലൂടെ ഭ്രൂണത്തിലേക്ക് പടർന്ന വിഷ പദാർഥങ്ങൾ തുടങ്ങിയവയെല്ലാം കുഞ്ഞിന്റെ വികാസത്തിന് തടസ്സങ്ങളാകുന്നു. മാസം തികയുന്നതിനു മുൻപുള്ള പ്രസവവും കുഞ്ഞിന്റെ തൂക്കക്കുറവുമെല്ലാം കുഞ്ഞിന്റെ വികസനത്തിന് വിഘാതമാകുന്ന ഘടകങ്ങളാണ്.

4. പാരിസ്‌ഥിതികമായ ഘടകങ്ങൾ 

കുഞ്ഞുങ്ങളെ ദുരുപയോഗം ചെയ്യുന്നതും അവരെ അവഗണിക്കുന്നതും പാരിസ്‌ഥിതികമായ ഘടകങ്ങളിൽപെടുന്നു. ജോലിത്തിരക്ക് മൂലമോ ക്ഷമയില്ലായ്മ കൊണ്ടോ ഒക്കെ കുട്ടികൾക്ക് വേണ്ടതായ ശ്രദ്ധയും പരിചരണവും മാതാപിതാക്കൾ ചെറുപ്പത്തിലേ കൊടുക്കാതിരിക്കുന്നതും കുട്ടികളിലെ ഭാഷാപരവും സാമൂഹ്യപരവും ബുദ്ധിപരവും വൈദഗ്ദ്യപരവുമായ വികസനങ്ങൾക്കൊക്കെ കാലതാമസം സൃഷ്ടിക്കുന്നുണ്ട്. 

കുട്ടികളിലെ ധിഷണാപരമായ വൈകല്യങ്ങളുടെ പ്രധാന കാരണമായി മിക്ക കേസുകളിലും കാണുന്ന ഘടകം ജനിതക ഘടകങ്ങളിലെ തകരാറുകൾ തന്നെയാണ്. ചില കുട്ടികളിൽ ഈ വൈകല്യങ്ങൾ ഏതെങ്കിലും ഒരു കാര്യത്തിലോ ചിലരിൽ ഒന്നിലധികം കാര്യങ്ങളിലോ കാണാറുണ്ട്. 

ഗർഭാവസ്‌ഥയുടെ 34 മുതൽ 36 ആഴ്ചകൾക്ക് മുൻപായി പ്രസവിക്കപ്പെടുന്ന ശിശുക്കൾക്ക് 7 വയസ്സുവരെ മിതമായ വികസനവും അക്കാദമിക് പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഗ്രാമീണ മേഖലയിലെ ഗർഭിണികൾക്ക് സമയാസമയങ്ങളിൽ വേണ്ടത്ര വൈദ്യസഹായവും പരിചരണവും കിട്ടാത്തതും പോഷകാഹാരങ്ങളുടെ ദൗർലഭ്യവുമെല്ലാം ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നാണ് ഇന്ത്യയിലെ ശിശുരോഗ വിദഗ്ധന്മാരും ഗവേഷകരും സമർത്ഥിക്കുന്നത്. 

ഓരോ കുട്ടിയും സ്വന്തം വേഗതയിലാണ് വളരുകയും പഠിക്കുകയും ചെയ്യുന്നത്. എന്നാലും നിങ്ങളുടെ കുട്ടികളുടെ സമപ്രായക്കാരെ അപേക്ഷിച്ചു, കുട്ടി വികാസഘട്ടങ്ങൾ പതുക്കെയാണോ പൂർത്തിയാക്കുന്നതെന്ന കാര്യം രണ്ടു വയസ്സിനുള്ളിൽ തന്നെ തിരിച്ചറിയാൻ കഴിയും. കൃത്യ സമയത്ത് തന്നെ ബന്ധപ്പെട്ട ഡോക്ടർമാരുടെ സഹായം തേടുകയും, മാതാപിതാക്കൾ എന്ന നിലയിൽ അത്തരം കുറവുകളെ മെച്ചപ്പെടുത്തിയെടുക്കാൻ കുഞ്ഞുങ്ങളെ സഹായിക്കുകയും,  ഗർഭകാലത്ത് പൂർണ്ണമായ ആരോഗ്യത്തോടെയിരിക്കാൻ അമ്മമാർ ശ്രദ്ധിക്കുക കൂടി ചെയ്താൽ ഇത്തരം വികസന ഘട്ടത്തിലെ കാലതാമസത്തെ ഏറെക്കുറെ പരിഹരിക്കാൻ കഴിഞ്ഞേക്കും. 

 English Summary : Developmental delay in kids - Symptoms and causes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com