ADVERTISEMENT

ഞങ്ങളിൽ ആരെയാണ് അച്ഛനുമമ്മയ്ക്കും കൂടുതലിഷ്ടം എന്നു കുഞ്ഞുങ്ങൾ ചോദിച്ചാൽ രണ്ടുപേരെയും ഒരുപോലെ എന്ന ഒഴുക്കൻ മറുപടിയാകും മിക്ക മാതാപിതാക്കളും നൽകുന്നത്. പക്ഷേ അതൊരു നുണയാണെന്നും മക്കളിലൊരാൾക്ക് പലപ്പോഴും മാതാപിതാക്കൾ മുൻഗണന നൽകാറുണ്ടെന്നും അതുപക്ഷേ മക്കൾ വിചാരിക്കുന്നതു പോലെ വിവേചനബുദ്ധിയോടെയല്ലെന്നുമാണ് പഠനങ്ങൾ പറയുന്നത്

കുഞ്ഞുങ്ങളുടെ ആരോഗ്യമാണ് ആ മുൻഗണനയ്ക്ക് അടിസ്ഥാനമെന്നും പറയപ്പെടുന്നു. യുഎസിലെ ഇന്ത്യാനയിലുള്ള ലാഫയറ്റിലെ പർഡ്യൂ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി പ്രഫസർ ജെ. ജിൽ സ്യൂട്ടർ പറയുന്നതിങ്ങനെ: ‘‘ ചില മാതാപിതാക്കളോട് ഇതിനെപ്പറ്റി നേരിട്ടു ചോദിച്ചപ്പോൾ ഭൂരിപക്ഷം പേരും കുട്ടികളിലൊരാളോട് അടുപ്പക്കൂടുതലുണ്ടെന്നു വെളിപ്പെടുത്തി. മക്കളിലൊരാളെ കൂടുതൽ വിശ്വസിക്കുന്നെന്നും ശ്രദ്ധ നൽകുന്നുണ്ടെന്നും അവരുമായി പലപ്പോഴും വഴക്കുകളുണ്ടാകുമെങ്കിലും അവരെക്കുറിച്ചോർത്ത് അഭിമാനിക്കുന്നെന്നും പറഞ്ഞു’’. പക്ഷേ അത്തരം ഇഷ്ടക്കൂടുതലുകളെപ്പറ്റി കുട്ടികൾക്കുള്ള ധാരണകൾ തെറ്റാറുണ്ടെന്നും സ്യൂട്ടർ പറയുന്നു. 

 

കഴിഞ്ഞ രണ്ട് ദശാബ്ദമായി പ്രഫസറും സംഘവും നൂറോളം കുടുംബങ്ങളെ നിരീക്ഷിച്ച് പഠനം നടത്തിയിരുന്നു. ഗവേഷണത്തിന്റെ തുടക്കത്തിൽ നൂറോളം കുടുംബങ്ങളിലുള്ളവരെ അഭിമുഖം ചെയ്തതിൽനിന്ന്, പ്രായപൂർത്തിയായ കുട്ടികളുടെ മാതാപിതാക്കൾ പോലും മക്കളിലൊരാളോട് ഇഷ്ടക്കൂടുതലുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ചില മാതാപിതാക്കൾ ഉള്ളിലുള്ള ഇഷ്ടക്കൂടുതൽ മറച്ചുവച്ച് മക്കളെല്ലാവരും ഒരുപോലെയാണെന്ന മറുപടിയാണ് നൽകിയതെന്ന് പ്രഫസറും സംഘവും ഓർക്കുന്നു.

 

പഠനത്തിലെ എല്ലാ വിവരങ്ങളും പുറത്തുവിട്ട് കുടുംബകലഹമുണ്ടാക്കാൻ തങ്ങൾക്ക് ആഗ്രഹമില്ലെന്നും പ്രായപൂർത്തിയായ കുട്ടികളുള്ള വീട്ടിൽ കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം  സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും അത് അവരെ നല്ല രീതിയിൽ സ്വാധീനിക്കുമെന്നും ഗവേഷക സംഘം പറയുന്നു. ഭർത്താക്കന്മാർ നേരത്തേ മരിച്ച ഭാര്യമാർ മക്കളെ കൂടുതൽ ആശ്രയിക്കുന്നതായും അവരും മക്കളും തമ്മിൽ നല്ല ആത്മബന്ധം ഉണ്ടെന്നും ഗവേഷകർ പറയുന്നു.

 

മാതാപിതാക്കൾക്ക് തങ്ങളിൽ ഒരാളോട് ഇഷ്ടക്കൂടുതലുണ്ടെന്ന് കുട്ടികൾ ചിലപ്പോഴൊക്കെ മനസ്സിലാക്കാറുണ്ടെന്നും പഠനത്തിൽ വെളിപ്പെട്ടതായി സ്യൂട്ടറും സംഘവും പറയുന്നു. ഇത് സഹോദരങ്ങളുമായുള്ള അവരുടെ ബന്ധത്തെ ചിലപ്പോഴൊക്കെ മോശമായി ബാധിക്കാറുണ്ട്. പലപ്പോഴും മനോവിഷമത്തിനും കാരണമാകും. സമൂഹം വിലമതിക്കുന്ന നേട്ടങ്ങൾ സ്വന്തമാക്കുന്ന കുഞ്ഞുങ്ങളോടല്ല, തങ്ങളുടെ മൂല്യങ്ങൾ പിന്തുടരുന്ന കുഞ്ഞുങ്ങളോടാണ് മാതാപിതാക്കൾക്ക് സ്നേഹക്കൂടുതൽ തോന്നാറുള്ളതെന്നും പഠനഫലത്തിൽ വ്യക്തമാക്കുന്നുണ്ട്.

 

പൊതുവേ അമ്മമാർക്കായിരിക്കും കുഞ്ഞുങ്ങളോട് ഇഷ്ടക്കൂടുതലുള്ളത്. അവരെ കേൾക്കുന്ന, കുടുംബത്തെക്കുറിച്ച് കരുതുന്ന, സഹോദരങ്ങളുടെ കാര്യത്തിൽ ശ്രദ്ധയുള്ള കുഞ്ഞുങ്ങളോടായിരിക്കും അവർക്ക് ഇഷ്ടക്കൂടുതൽ. വീടിന് സാമ്പത്തിക ലാഭമുണ്ടാക്കുന്ന മക്കളേക്കാൾ കുടുംബത്തോടൊപ്പമുള്ള കുഞ്ഞുങ്ങളോടാണ് അവർക്കിഷ്ടക്കൂടുതലെന്നും പഠനങ്ങൾ പറയുന്നു. അതുപോലെതന്നെ പഠനത്തിലും ജീവിതത്തിലും ബുദ്ധിമുട്ടുകൾ നേരിടുന്ന കുഞ്ഞുങ്ങളോടും അമ്മമാർക്ക് ലേശം ഇഷ്ടക്കൂടുതലുണ്ട്.

 

പ്രായമുള്ള അമ്മമാരുടെ ആരോഗ്യകാര്യത്തിൽ, അവർക്കിഷ്ടപ്പെട്ട മക്കളുടെ പരിചരണം ലഭിക്കുന്നവർക്ക് ആരോഗ്യസ്ഥിതിയിൽ നല്ല മെച്ചമുണ്ടെന്നും ഗവേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

 

ഡോക്ടർമാരിൽനിന്നും സാമൂഹികപ്രവർത്തകരിൽനിന്നും ഗവേഷകർ ശേഖരിച്ച വിവരങ്ങളിൽനിന്നു വ്യക്തമായതിതാണ്– ചികിൽസയ്ക്കു ശേഷം മക്കളിൽ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് മടങ്ങാനാണ് പല അമ്മമാരും താൽപര്യം കാട്ടിയത്. അത്തരം തീരുമാനമെടുത്ത അമ്മമാർ വളരെ വേഗം രോഗത്തെ തോൽപിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നുവെന്നും അവർ പറയുന്നു.

 

പ്രഫ. സ്യൂട്ടറും അവരുടെ സഹപ്രവർത്തകയും ലോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അസോഷ്യേറ്റ് പ്രഫസറുമായ മേഗൻ ഗില്ലിഗണും ഈ പഠനത്തിന്റെ മൂന്നാം ഘട്ടത്തിലെത്തിനിൽക്കുകയാണ്. വളരെ അടുപ്പമുള്ള മാതാപിതാക്കളുടെ മരണം പ്രായപൂർത്തിയായ കുട്ടികളെ എങ്ങനെയാണു സ്വാധീനിക്കുന്നത് എന്നതിനെക്കുറിച്ചാണത്. അത്തരം ആത്മബന്ധങ്ങൾ മാതാപിതാക്കളുടെ മരണശേഷവും ദീർഘകാലം തുടരുമെന്നാണ് പഠനത്തിന്റെ ഒരു ഘട്ടത്തിൽ അവർ കണ്ടെത്തിയത്. അച്ഛനമ്മമാരുടെ മരണത്തോടെ സഹോദരങ്ങളുമായുള്ള ബന്ധം പലർക്കും വിച്ഛേദിക്കപ്പെടുമെന്നും പലപ്പോഴും സഹോദരങ്ങൾ തമ്മിൽ വലിയ കലഹങ്ങളുണ്ടാകാനിടയുണ്ടെന്നും പഠനത്തിൽ കണ്ടതായി ഗവേഷകസംഘം പറയുന്നു. 

 

English Summary : Do parents have a favourite child

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com