സംശയങ്ങൾ ചോദിക്കുന്നതിന് കുട്ടിയെ വഴക്ക് പറയാറുണ്ടോ ?

HIGHLIGHTS
  • സംശയങ്ങൾ ഉണ്ടാകുക എന്നത് ഒരു ഗുണമാണ്
  • അറിവും വിദ്യാഭ്യാസവും നേടേണ്ടതിന്റെ പ്രാധാന്യം കുട്ടിയെ ഓർമിപ്പിക്കാം
do-you-scolding-child-over-their-doubts
Image Credits : didesign021 / Shutterstock.com
SHARE

അമ്മേ അതെന്താ ?, അച്ഛാ ഇതെന്താ ഇങ്ങനെ ?, അതെങ്ങനെ ഇങ്ങനെയായി ?........ ചില കുട്ടികളുടെ സംശയങ്ങൾക്ക് അവസാനമുണ്ടാകില്ല. ചില സംശയങ്ങൾക്ക് മാതാപിതാക്കളുടെ കയ്യിൽ മറുപടികളുമുണ്ടാകില്ല. തിരക്കിനിടയിൽ, യാത്രകൾക്കിടയിൽ, ജോലി ചെയ്യുന്നതിനിടിയൽ ഇത്തരം സംശയങ്ങൾ വന്നു കൊണ്ടേയിരിക്കും. ചില മാതാപിതാക്കള്‍ വഴക്ക് പറഞ്ഞും അടി കൊടുത്തുമൊക്കെയാണ് ഈ സംശയങ്ങളെ നേരിടുക. ചെറിയ വായില്‍ ഇത്ര വലിയ ചോദ്യങ്ങളൊന്നും വേണ്ട എന്നതാണ് അവരുടെ നിലപാട്. അങ്ങനെ സംശയങ്ങൾ ഇല്ലാത്തവരായി, സംശയങ്ങൾ ചോദിക്കാൻ ധൈര്യമില്ലാത്തവരായി മക്കൾ മാറും.

പ്രപഞ്ചം അദ്ഭുതങ്ങളുടെ ഒരു കേന്ദ്രമാണ്. ഈ അദ്ഭുതങ്ങളുടെ രഹസ്യം തേടി അലയുകയാണ് ശാസ്ത്ര ലോകം. കണ്ടെത്തിയത് ഒരു തുള്ളിയാണെങ്കിൽ കണ്ടെത്താനുള്ളത് സമുദ്രമാണ്. മുതിർന്നവർ പോലും ഈ പ്രപഞ്ചത്തിന്റെ അദ്ഭുതങ്ങളിൽ വിസ്മയിച്ചു നിൽക്കുമ്പോൾ ഒരു കുട്ടിയുടെ കാര്യം ആലോചിച്ചു നോക്കൂ. അവൻ എത്ര മാത്രം കൗതുകത്തോടു കൂടിയായിരിക്കും ഈ ലോകത്തെ കാണുന്നത്. നമുക്ക് വളരെ നിസ്സാരമായ പലതും അവന്റെ കണ്ണിൽ വലിയ അദ്ഭുതങ്ങളായിരിക്കും. ആ സംശയങ്ങൾ അവൻ മാതാപിതാക്കളോടല്ലാതെ ആരോടാണ് ചോദിക്കുക ?

കൗതുകങ്ങളാണ് മനുഷ്യനെ അന്വേഷണങ്ങളിലേക്ക് നയിക്കുക. അത് പിന്നീട് വലിയ കണ്ടെത്തലുകൾക്ക് കാരണമാകുന്നു. എന്നും അങ്ങനെയായിരുന്നു. ഇനിയും അങ്ങനെയായിരിക്കും. ആ കണ്ടെത്തലുകളുടെ ഭാഗമാകേണ്ട, അവയ്ക്ക് നേതൃത്വം കൊടുക്കേണ്ട വരുംതലമുറയിലെ ഒരംഗമാണ് ഒരോ കുഞ്ഞും. വളരും തോറും അവരുടെ അറിവും സംശയങ്ങളും വർധിക്കും. ചിലപ്പോള്‍ മറ്റുള്ളവർക്ക് നിസ്സാരമെന്നു തോന്നുന്ന ഒന്നായിരിക്കാം പിന്നീട് മനുഷ്യവംശത്തിന്റെ ഭാവി തന്നെ നിശ്ചയിക്കുക.

സംശയങ്ങൾ ഉണ്ടാകുക എന്നത് ഒരു ഗുണമാണ്. അത് മറ്റുള്ളവരോട് ചോദിക്കുക എന്നത് അറിയാനും മുന്നേറാനുമുള്ള ത്വരയുടെ പ്രതീകവും. വളർന്നു വരുന്ന കുഞ്ഞിനെ അതിന് പ്രാപ്തനാക്കുക എന്നത് മാതാപിതാക്കളുടെ കടമയാണ്. സംശയങ്ങൾ നിസ്സാരമോ, നിങ്ങൾക്ക് മറുപടി നൽകാനാവാത്തതോ ആകട്ടെ. അതിന്റെ പേരിൽ വഴക്കു പറയുകയോ തല്ലുകയോ ചെയ്യുന്നത് ആ കുഞ്ഞിന്റെ വ്യക്തിത്വത്തോട് ചെയ്യുന്ന ക്രൂരതയാണ്. 

അറിയാവുന്ന ഉത്തരങ്ങൾ സംയമനത്തോടെ പറഞ്ഞു കൊടുത്തും അറിയാത്ത ഉത്തരങ്ങൾ കണ്ടെത്തി പങ്കുവച്ചും അറിവിന്റെ ലോകത്തേക്ക് മക്കളെ നയിക്കുക എന്നത് അവർക്ക് ഭക്ഷണം നൽകുന്നതു പോലെ തന്നെ പ്രധാനപ്പെട്ടതാണ്. അറിവും വിദ്യാഭ്യാസവും നേടേണ്ടതിന്റെ പ്രാധാന്യം കുട്ടിയെ ഓർമിപ്പിക്കാനും ഈ അവസരങ്ങള്‍ ഉപയോഗിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA