സ്നേഹം മനസ്സിലുണ്ടായാൽ പോരാ തുറന്നു പ്രകടിപ്പിക്കണം; മക്കളെ ഉള്ളു തുറന്നു സ്നേഹിക്കാം

HIGHLIGHTS
  • ആ ശിക്ഷയും ശാസനയും സ്നേഹമില്ലായ്മ എന്നാണ് ആ കുട്ടികൾ വ്യാഖ്യാനിക്കുന്നത്.
  • കുട്ടികളുടെ ഭാഗത്തുനിന്ന് ആരോപണങ്ങൾ ഉയരുമ്പോൾ ഒരിക്കലും അവഗണിക്കരുത്.
Parents Love Towards Kids
പ്രതീകാത്മക ചിത്രം : Photo Credit : ESB Professional/ Shutterstock
SHARE

ചില മാതാപിതാക്കൾക്ക് മക്കളോട് മനസ്സു നിറയെ സ്നേഹമായിരിക്കും. പക്ഷേ തുറന്നു പ്രകടിപ്പിക്കില്ല. അത്തരക്കാരുടെ കുട്ടികൾ തെറ്റു ചെയ്യുമ്പോൾപ്പോലും അവരെ ശിക്ഷിക്കാനും ശാസിക്കാനും മാതാപിതാക്കൾ ചിലപ്പോൾ ശങ്കിക്കാറുണ്ട്. കാരണം ആ ശിക്ഷയും ശാസനയും സ്നേഹമില്ലായ്മ എന്നാണ് ആ കുട്ടികൾ വ്യാഖ്യാനിക്കുന്നത്.

കുട്ടികളുടെ ഭാഗത്തുനിന്ന് ഇത്തരം ആരോപണങ്ങൾ ഉയരുമ്പോൾ ഒരിക്കലും നിസ്സാരമെന്ന് അവഗണിക്കരുത്. കാരണം മാതാപിതാക്കളുടെ ഉള്ളിലുള്ള സ്നേഹം എത്രത്തോളമാണെന്നു മനസ്സിലാക്കാതെയാണ് അവർ പ്രതികരിക്കുന്നത്. അമ്മയ്ക്കും അച്ഛനും ഞങ്ങളോട് സ്നേഹമില്ല എന്ന് എപ്പോഴെങ്കിലും കുഞ്ഞുങ്ങൾ പറഞ്ഞാൽ ഒരു ആത്മപരിശോധനയ്ക്ക് വിധേയരാകണം. സ്നേഹം പ്രകടിപ്പിക്കുന്ന കാര്യത്തിൽ എന്തെങ്കിലും വീഴ്ച പറ്റിയോ എന്നും പരിശോധിക്കണം.

ചേർത്തു നിർത്താം, കെട്ടിപ്പിടിച്ചൊരുമ്മ നൽകാം

കുട്ടികൾ അൽപം മുതിർന്നാൽ അവരെ പിന്നെ ഒന്നു തൊടാൻ പോലും പല മാതാപിതാക്കൾക്കും മടിയാണ്. ഒന്നു കെട്ടിപ്പിടിക്കാനോ ഉമ്മ വയ്ക്കാനോ പലരും തയാറല്ല. മക്കൾ മുതിർന്നോട്ടെ, പക്ഷേ അവർ വൈകാരികമായി തളർന്നിരിക്കുമ്പോൾ തീർച്ചയായും നിങ്ങളുടെ സാമീപ്യവും ലാളനയും ആഗ്രഹിക്കുന്നുണ്ട്. മക്കളുടെ വളർച്ചയെ മനസ്സുകൊണ്ട് അംഗീകരിക്കുമ്പോഴും സന്തോഷവും സങ്കടങ്ങളും സ്പർശനത്തിലൂടെ അവരുമായി പങ്കുവയ്ക്കാം. അതിൽ മടിയോ നാണക്കേടോ വിചാരിക്കേണ്ടതില്ല. 

സ്നേഹിക്കാൻ സമയം കണ്ടെത്താം

ഓഫിസ്ജോലി, വീട്ടിലെ തിരക്കുകൾ അങ്ങനെ നൂറുനൂറു കാര്യങ്ങൾക്കിടയിൽ പലർക്കും മക്കളുടെ ഒപ്പം ചെലവഴിക്കാൻ സമയം കിട്ടാറില്ല. സമൂഹമാധ്യമങ്ങൾ കൂടി വന്നതോടെ കുടുംബാംഗങ്ങൾ ഒരുമിച്ചു ചെലവിടുന്ന സമയം വല്ലാതെ കുറഞ്ഞു. എത്ര തിരക്കിലും മക്കൾക്കൊപ്പം കഴിയാൻ ക്വാളിറ്റി ടൈം കണ്ടെത്തണം. അവരുടെ പ്രശ്നങ്ങളെ അടുത്തറിയാനും അവർക്ക് പിന്തുണ നൽകാനും അത് മാതാപിതാക്കളെ സഹായിക്കും.

കുഞ്ഞുങ്ങൾക്കും ആഗ്രഹമുണ്ട്, അംഗീകരിക്കപ്പെടാൻ

കുഞ്ഞുങ്ങൾ പറയുന്ന ചെറുതും വലുതുമായ കാര്യങ്ങൾ കേൾക്കാൻ തയാറാകുന്നതിനൊപ്പം അവരുടെ അഭിപ്രായങ്ങളെ മുഖവിലയ്ക്കെടുക്കുകയും ചെയ്യണം. വീട്ടിൽ എന്തെങ്കിലും പ്രധാന തീരുമാനങ്ങളെടുക്കുമ്പോൾ സ്വന്തം താൽപര്യങ്ങളെക്കുറിച്ച് തുറന്നു പറയാൻ അവർക്കവസരം നൽകണം. തങ്ങൾ അംഗീകരിക്കപ്പെടുന്നുണ്ടെന്ന തോന്നൽ അവരെ സന്തോഷിപ്പിക്കും.

കുഞ്ഞുങ്ങളോട് വിശ്വസ്തത പുലർത്തുക, അവരോട് മാന്യമായി പെരുമാറുക

കുഞ്ഞുങ്ങൾ പറയുന്ന പല കാര്യങ്ങളും മുഖവിലയ്ക്കെടു ക്കാനോ അവരെ വിശ്വസിക്കാനോ പലപ്പോഴും പല മാതാപിതാക്കളും തയാറാകാറില്ല. അത് കുഞ്ഞുങ്ങളെ മാനസികമായി തളർത്തും. മറ്റുള്ളവരുടെ മുന്നിൽ വച്ച് മക്കളുടെ കുറവുകൾ വിളിച്ചു പറഞ്ഞ് അവരെ താഴ്ത്തിക്കെട്ടാൻ ചില മാതാപിതാക്കൾ ശ്രമിക്കാറുണ്ട്. അത്തരം മാന്യതയില്ലാത്ത പെരുമാറ്റം കുഞ്ഞുങ്ങളുടെ മനസ്സിനെ വല്ലാതെ മുറിപ്പെടുത്തും. മൂന്നു വയസ്സു കഴിഞ്ഞാൽ കുഞ്ഞുങ്ങളെ ഒരു വ്യക്തിയായി അംഗീകരിക്കാനും അവരെ വിശ്വസിക്കാനും അവരോട് മാന്യമായി പെരുമാറാനും മുതിർന്നവർ ശ്രദ്ധിക്കണം.

English Summary : How To Express Love Towards Kids

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA