ADVERTISEMENT

ആദ്യം പഠനം പിന്നെ മതി ആട്ടവും പാട്ടും ഓട്ടവും ചാട്ടവും ഒക്കെ... ഒട്ടുമിക്ക വീടുകളിൽ നിന്നും കേൾക്കുന്ന വാക്കുകളാണിത്. സ്‌കൂളിൽ കലാകായിക മത്സരങ്ങളിൽ പങ്കെടുക്കണം എന്ന് വാശി പിടിക്കുന്ന മക്കളുടെ മുന്നിൽ നിന്നും രക്ഷപ്പെടാനുള്ള മാതാപിതാക്കളുടെ അറ്റകൈ പ്രയോഗം. കുട്ടി പഠനത്തിൽ അൽപം പിന്നിലാണെങ്കിൽ പിന്നെ പറയുകയും വേണ്ട. എന്നാൽ പഠ്യേതര വിഷയങ്ങൾക്ക് പ്രാധാന്യം നൽകാത്ത നിലപാട് നന്നല്ല എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്ന് കരുതി പഠനത്തിന് പ്രാധാന്യം നൽകേണ്ട എന്നല്ല. പഠനത്തിനൊപ്പം തണ്ടിന്റെ കലാകായിക രംഗങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക് അതാത് മേഖലകൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നൽകണം. 

പഠനം എന്നത് പ്രാഥമികമായും വ്യക്തിപരമായി ചെയ്യേണ്ട കാര്യമാണെങ്കിലും ഒരു പരിധിവരെ ഒരു ഗ്രൂപ്പിന്റെ ഭാഗമായി നിന്നാണ് ചെയ്യുന്നത്. അൻപതും അറുപതും കുട്ടികളുള്ള ക്ലാസിൽ ഒരു കുട്ടിയായിരുന്നു പഠിക്കുമ്പോൾ ഒരു പരിധിയിൽ കവിഞ്ഞു വ്യക്തിത്വ വികസനം സാധ്യമാകുന്നില്ല. അതായത് കലയായാലും കായികമായാലും വ്യക്തിഗത ശ്രദ്ധ ലഭിക്കുന്ന ഒരു പ്രവർത്തിയിൽ ഏർപ്പെടുമ്പോൾ കുട്ടികൾ തന്റെ പ്രകടനത്തിൽ കൂടുതൽ ശ്രദ്ധാലുവാകുന്നു. 

മാത്രമല്ല ജന്മനാതന്നെ ചില കുട്ടികൾ പഠനത്തിൽ അൽപം പിന്നിലായിരിക്കും. എന്നാൽ കലാകായിക രംഗങ്ങളിൽ മികവ് പുലർത്താനുള്ള കഴിവും ഉണ്ടായിരിക്കും. ഇത്തരമൊരവസ്ഥയിൽ പഠ്യേതര പ്രവർത്തനങ്ങളിലെ മികവ് കാണാതെ പഠിക്കാൻ അമിതമായി സമ്മർദ്ദം ചെലുത്തുന്നതിൽ കാര്യമില്ല. ഇത്തരത്തിൽ ചെയ്യുമ്പോൾ കുട്ടികൾ മാനസികമായി തളരുകയും അവരുടെ താല്പര്യങ്ങളെ ഗൗനിക്കാത്തവരാണ് മാതാപിതാക്കൾ എന്ന നിഗമനത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. 

കലാകായിക മത്സരങ്ങളുടെയും പ്രവർത്തികളുടെയും ഭാഗമാകുന്നതോടെ നേതൃഗുണം, സദസ്സിനെ നേരിടുന്നതിനുള്ള കഴിവ്, സംഘടനമികവ്, പരാജയങ്ങളെ ഉൾക്കൊള്ളാനുള്ള ധൈര്യം, സ്വന്തം വഴി തെരഞ്ഞെടുക്കാനുള്ള പാഠവം തുടങ്ങിയ കാര്യങ്ങൾ ലഭിക്കുന്നു. ഇത് കുട്ടികളിൽ സ്വമേധയാ ഉണ്ടാകേണ്ട കാര്യങ്ങളാണ്. പ്രോത്സാഹനമാകുക എന്നത് മാത്രമാണ് ഇവിടെ മാതാപിതാക്കളുടെ റോൾ. 

കലാകായിക മത്സരങ്ങളിൽ വിജയിക്കുന്നവർക്കും പങ്കെടുക്കുന്നവർക്കും മാതാപിതാക്കൾ ഒരേ പോലെ തന്നെ പ്രോത്സാഹനം നൽകണം. ഭാവിയിൽ ഇവയിൽ ഏതെങ്കിലും കരിയർ ആയി തെരഞ്ഞെടുക്കാൻ കുട്ടികൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനായുള്ള പിന്തുണയും നൽകണം. എന്ന് കരുതി പഠനത്തിന് പ്രാധാന്യം നൽകേണ്ട കാര്യമില്ല എന്നല്ല. പഠനം എന്തുകൊണ്ട് ജീവിതത്തിൽ പ്രധാനപ്പെട്ടതാകുന്നു എന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കുകയും പഠനത്തിലും ശ്രദ്ധ പതിപ്പിക്കാൻ അവരെ സ്വയം സജ്ജരാക്കുകയുമാണ് വേണ്ടത്. ഒന്ന് വേണ്ടെന്നു വച്ച് മറ്റൊന്ന് തെരെഞ്ഞെടുക്കുന്നതിലല്ല, പഠനവും കലാകായിക പ്രവർത്തനങ്ങളും ഒരേ പോലെ മുന്നോട്ട് കൊണ്ട് പോകുന്നതിലാണ് കാര്യമെന്ന് തിരിച്ചറിയുന്നിടത്താണ് വിജയമെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കണം 

Summary : Extracurricular activities in children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com