ഈ അമ്മയെന്താ ഇങ്ങനെ? മക്കളോട് ദേഷ്യപ്പെടും മുമ്പ് അറിയാം‍

HIGHLIGHTS
  • കൂർത്തവാക്കുകൾ കുട്ടിയെ മുറിവേൽപിക്കുകയും ചെയ്യും
  • എല്ലാം പൂർണതയോടെ ചെയ്യണമെന്ന ചിന്ത മാറ്റിവച്ചേക്കൂ
anger-management-tips-for-parents
SHARE

ഒാഫിസിൽ നിന്നു വന്ന് ബാഗ് സോഫയിൽ വച്ചിട്ട് ഒരു കാപ്പിയിടാൻ പോയതാണ്. തിരിച്ചുവന്നപ്പോൾ കുസൃതിക്കുരുന്നിന്റെ മുഖത്തൊരു കള്ളച്ചിരി. ചുരുട്ടിപ്പിടിച്ചിരിക്കുന്ന കൈ നിവർത്തിയപ്പോൾ ഇന്നലെ പുതിയതായി വാങ്ങിച്ച 600 രൂപവരുന്ന ലിപ്സ്റ്റിക് പാതി ഒടിഞ്ഞിരിക്കുന്നു. തറയിൽ ലിപ്സ്റ്റിക് കൊണ്ടു വരച്ചിട്ടിരിക്കുന്ന ഒരു റോസാപ്പൂ... ഇങ്ങനെ ഒരു സാഹചര്യത്തിൽ നിങ്ങളാണെങ്കിൽ എന്തു ചെയ്യും. ഒരു സംശയവുമില്ല, കയ്യിലെ ലിപ്സ്റ്റിക് പിടിച്ചുപറിച്ചെടുത്ത് തുടയിൽ രണ്ടു പൊട്ടിക്കും. ഇല്ലെങ്കിൽ വായിൽ വരുന്ന ചീത്തയെല്ലാം കുഞ്ഞിനെ വിളിച്ച് ഉറഞ്ഞുതുള്ളും. ന്യൂ ജനറേഷൻ മമ്മിമാരെല്ലാം അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ഈ കലിതുള്ളൽ. എത്ര വേണ്ടെന്നു വച്ചാലും ജോലി കഴിഞ്ഞ് മടുത്ത് കയറിവരുമ്പോൾ ഇത്തരം പൊട്ടിത്തെറികളുണ്ടാകുക സ്വാഭാവികമാണ്. ജോലിയും ജീവിതവും കുട്ടിയെ നോക്കലും എല്ലാം കൂടി ബാലൻസ് െചയ്ത് കൊണ്ടുപോകുന്നത് സൃഷ്ടിക്കുന്ന ആശങ്കകൾ, ഈ പിരിമുറുക്കം സൃഷ്ടിക്കുന്ന അസ്വാസ്ഥ്യം...ഇതിനെല്ലാമിടയിൽ താൻ കുട്ടിയോട് നീതി പുലർത്തുന്നില്ല എന്ന കുറ്റബോധം... സ്ത്രീശരീരത്തിന്റേതായ ഹോർമോൺ താളംതെറ്റലുകൾ... ഇതെല്ലാം ചേർന്നാണ് അമ്മമാരെ മുൻകോപക്കാരാക്കുന്നത്. 

അപ്പോൾ എന്താണ് പരിഹാരം? 

ആദ്യം ചെയ്യേണ്ടത് കുട്ടിയോട് പ്രതികരിക്കുന്നതിന് മുൻപ് 10 മിനിറ്റുനേരം ഒരു ബ്രേക്കെടുക്കുക. ഈ സമയം കൊണ്ട് തിളച്ചുമറിയുന്ന കോപം ഒന്നടങ്ങും. ശാന്തമായി പ്രതികരിക്കാനുള്ള മനസാന്നിധ്യമുണ്ടാകും. 

∙ ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കുന്നു എന്നതും പ്രധാനമാണ്. കുട്ടിയെ കുറ്റപ്പെടുത്താനാകും ആദ്യം തോന്നുക. പക്ഷേ നിങ്ങളിലെ നെഗറ്റിവിറ്റി കുട്ടിയിലേക്ക് കൂടി പകരാം എന്നതല്ലാതെ യാതൊരു കാര്യവുമില്ല. കൂർത്തവാക്കുകൾ കുട്ടിയെ മുറിവേൽപിക്കുകയും ചെയ്യും., ‘തറയിൽ ഇങ്ങനെ കുത്തിവരച്ച് വൃത്തികേടാക്കിയത് ശരിയായില്ല, മമ്മിയുടെ ലിപ്സ്റ്റിക് ഒടിച്ചതും തെറ്റായിപ്പോയി ’ എന്നു കുട്ടിയോട് പറയാം. എന്നിട്ട് തറ വൃത്തിയാക്കുന്ന ജോലി കുഞ്ഞിനെ ഏൽപിക്കാം. 

∙ എല്ലാം പൂർണതയോടെ ചെയ്യണമെന്ന ചിന്ത മാറ്റിവച്ചേക്കൂ. ഭിത്തികളിൽ കുറച്ച് കോറിവരയലുകൾ ഉണ്ടായാലോ പുസ്തകങ്ങളും കളിക്കോപ്പുകളും സ്ഥാനം തെറ്റി ഇരുന്നാലോ ലോകം കീഴ്മേൽ മറിയില്ല. കുട്ടികളുള്ള വീട്ടിൽ ഇതൊക്കെ സാധാരണം തന്നെയാണ്. 

∙ ഏതു കാര്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്ന് ചിന്തിച്ചുറപ്പിക്കുക. അതനുസരിച്ച് കാര്യങ്ങൾ ചെയ്യുക. 

∙ പങ്കാളിയേക്കൂടി വീട്ടുചുമതലകളിൽ പങ്കെടുപ്പിക്കുക. ചെറിയ സഹായങ്ങളെ പോലും അംഗീകരിക്കുക, അഭിനന്ദിച്ചു പറയുക. ചെറിയ സഹായം പോലും വലിയ ആശ്വാസമാകുന്നുവെന്ന് അറിയിക്കുക. 

∙ മറ്റ് അമ്മമാരോട് സംസാരിക്കുക. അവർ കാര്യങ്ങൾ എങ്ങനെയാണ് മാനേജ് ചെയ്യുന്നതെന്ന് ചോദിച്ചറിയുക. 

∙ അമ്മമാർ സ്വന്തമായി അൽപസമയം മാറ്റിവയ്ക്കുക. ഒരു 10 മിനിറ്റായാലും മതി. നഖങ്ങളിലെ പഴയ പോളിഷ് മാറ്റി പുതിയതിടാം. എണ്ണ തേച്ചുള്ള കുളിയാകാം. അല്ലെങ്കിൽ പ്രിയപ്പെട്ട പാട്ടു കേട്ടുകൊണ്ട് നല്ലൊരു കാപ്പി കുടിക്കുന്നതാകാം. കുറച്ചുകൂടി സമയം കിട്ടുമെങ്കിൽ ജിം ക്ലാസ്സിനോ യോഗയ്ക്കോ ചേരാം. ചെറിയൊരു കാര്യം പോലും വലിയ സന്തോഷം തരും. 

Summary : Anger management, Parenting Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA