പുസ്തകം നോക്കി കുട്ടികളെ വളർത്താൻ പറ്റില്ല; മക്കളാണ് എന്റെ പാഠപുസ്തകം: സാന്ദ്ര തോമസ്

HIGHLIGHTS
  • എന്റെ കുട്ടികൾ പൊസിറ്റീവ് ആയിട്ടാണ് മറ്റുള്ളവരെ സ്വാധീനിക്കുന്നത്
  • കുട്ടികളുടെ ഐഡന്റിറ്റി അവർ സ്വയം കണ്ടെത്തണം
SHARE

കലൂരിലെ റൂബി ഫിലിംസിന്റെ ഓഫിസിൽ എത്തുമ്പോൾ, ചുവപ്പിൽ കറുത്ത വരകളുള്ള ഫ്രോക്കിട്ട് ഓഫിസ് മുറിയിലെ കസേരകളിലെ ബബിൾ ഷീറ്റ് പൊട്ടിക്കുന്ന തിരക്കിലായിരുന്നു സാന്ദ്ര തോമസിന്റെ കൺമണികളായ തങ്കക്കൊലുസുമാർ. ഗേറ്റിനപ്പുറം അതിവേഗം പായുന്ന വാഹനങ്ങളും മനുഷ്യരും. ഇപ്പുറത്ത് വേറൊരു ലോകമാണ്. കല്ലു പാകിയ മുറ്റത്തിന്റെ വശങ്ങളിലുള്ള ചെടികളോട് വർത്തമാനം പറഞ്ഞും കയ്യിൽക്കിട്ടിയ ലൊട്ടുലൊടുക്ക് സാധനങ്ങൾ കൊണ്ട് കളിവീട് ഉണ്ടാക്കിയും അവർ ഈ നഗരത്തിരക്കിലും ഒരു കുഞ്ഞുലോകം സൃഷ്ടിക്കുകയാണ്. അവിടെ സ്നേഹത്തിനു മാത്രമേ സ്ഥാനമുള്ളൂ. അവരുടെ ഈ കുഞ്ഞുലോകത്തിലെ വലിയ കാഴ്ചകൾ ഏതൊരു അമ്മയുടെയും പോലെ ഒരു കൗതുകത്തിനാണ് സാന്ദ്ര തോമസ് പകർത്തിത്തുടങ്ങിയത്. എന്നാൽ, ഇന്ന് ആ കാഴ്ചകൾക്കായി ഒരുപാടു പേർ കാത്തിരിക്കുന്നു. 

ഉമ്മിണിതങ്കത്തിന്റെയും ഉമ്മുകൊലുസുവിന്റെയും രസികൻ തിയറികളും കണ്ടെത്തലുകളും പരീക്ഷണങ്ങളും യാത്രകളും പകരുന്ന ഉൾക്കാഴ്ചകൾ പാരന്റിങ്ങിന്റെ വ്യവസ്ഥാപിത ചട്ടക്കൂടുകളെ പൊളിച്ചെഴുതുന്നുണ്ട്. ഒരു കുഞ്ഞിനെ കയ്യിലെടുക്കാൻ പോലും ചെറിയൊരു പേടി മനസിൽ കൊണ്ടു നടന്നിരുന്ന സാന്ദ്ര തോമസിന്റെ ജീവിതം മാറി മറിഞ്ഞത് കുഞ്ഞുങ്ങളുടെ വരവോടെയാണ്. 'ഇവരാണ് എന്റെ പാഠപുസ്തകം. ഞാനും ഇവർക്കൊപ്പം വളരുകയാണ്. ഇപ്പോൾ പാഠം നാലോ അഞ്ചോ ഒക്കെ ആയിക്കാണും,' പൊട്ടിച്ചിരിയോടെ സാന്ദ്ര പറയുമ്പോൾ കൊച്ചുവിശേഷങ്ങളുടെ ഭാണ്ഡക്കെട്ട് പൊട്ടിച്ച് തങ്കവും കൊലുസുമ്പിയും പശ്ചാത്തലത്തിൽ അരങ്ങു തകർക്കുന്നു. മക്കളുടെ വിശേഷങ്ങളുമായി സാന്ദ്ര തോമസ് മനോരമ ഓൺലൈനിൽ.   

ഞാൻ അവരെ ഫ്രീ ആക്കി

ഞാൻ ഒരുപാട് ആഗ്രഹിച്ചുണ്ടായ രണ്ടു കുട്ടികളാണ് ഇവർ. എങ്ങനെ നല്ല പാരന്റ് ആകാം എന്നതിനെക്കുറിച്ച് ഞാനൊരു പുസ്തകവും വായിച്ചിട്ടില്ല... ഒരു വിഡിയോയും കണ്ടിട്ടില്ല... ഒട്ടും തയ്യാറെടുത്തതുമില്ല. എന്നെ ഏറെ inspire ചെയ്ത കാര്യം ഗോപിനാഥ് മുതുകാട് സർ കുട്ടികൾക്ക് ക്ലാസ് എടുക്കുന്നതിൽ പറയുന്നുണ്ട്, പാരന്റ്സ് ഏറ്റവും കൂടുതൽ കുട്ടികളോട് പറയുന്നത് 'നോ' ആണെന്ന്. അതു പരാമാവധി കുറയ്ക്കണം എന്ന്. ആ ഒരൊറ്റ അഡ്വൈസ് ആണ് ഞാനെടുത്തത്. അവർക്ക് സ്വാതന്ത്ര്യം കൊടുക്കുന്നതിലൂടെ എനിക്കും കൂടിയാണ് സ്വാതന്ത്ര്യം കിട്ടുന്നത്. 

parenting-tips-by-sandra-thomas
സാന്ദ്ര തോമസും തങ്കക്കൊലുസും

കുട്ടികളുടെ പുറകെ നടന്ന് ഓരോന്നു ചെയ്യിപ്പിക്കുമ്പോൾ അവർ കൂടുതൽ നമ്മളിൽ dependent ആകും. അതു നമുക്ക് അധികം പണി തരുകയും ചെയ്യും. നമുക്ക് strain ആണ്, അവർക്കും ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഞാൻ ഇവരെ ഫ്രീ ആയിട്ട് വിട്ടത്. പിന്നെ, നമ്മളും വീണും എഴുന്നേറ്റുമല്ലേ പഠിച്ചത്? അവരും അങ്ങനെയൊക്കെ പഠിക്കട്ടെ! കുട്ടികളെ നമ്മുടെ തന്നെ ഈച്ചകോപ്പിയാക്കി വളർത്തുന്നതിൽ ഒരു രസമില്ല. കുട്ടികളുടെ ഐഡന്റിറ്റി അവർ സ്വയം കണ്ടെത്തണം. അവർക്ക് അങ്ങനെയൊരു സ്പേസ് കൊടുക്കണം. എങ്കിലേ അവരും കൂടുതൽ പ്രൊ‍ഡട്ക്ടീവ് ആകൂ. നമ്മുടെ സമൂഹത്തിനും ഗുണം ആകൂ. നമ്മുടെ വിശ്വാസങ്ങൾ അവരിൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. 

മക്കളാണ് എന്റെ പാഠപുസ്തകം

എന്നെ ഇവർ നല്ലോണം ക്ഷമ പഠിപ്പിച്ചു. പണ്ടൊക്കെ എനിക്ക് ഞാൻ ചെയ്ത കാര്യങ്ങളെക്കുറിച്ചോർത്ത് വിഷമമോ വീണ്ടുവിചാരമോ ഉണ്ടായിരുന്നില്ല. പക്ഷേ, കുട്ടികളുടെ കാര്യത്തിൽ അങ്ങനെയല്ല. ഉദാഹരണത്തിന് കുട്ടികൾ വാശി പിടിക്കുമ്പോൾ ചിലപ്പോഴൊക്കെ ദേഷ്യപ്പെടും. അതു കഴിഞ്ഞ്, കുറച്ചു കഴിയുമ്പോൾ ഇവർ വന്ന് അമ്മാാ... എന്നു പറഞ്ഞു കെട്ടിപ്പിടിക്കും. അപ്പോൾ, ഞാൻ ചെയ്തത് തെറ്റായിപ്പോയല്ലോ എന്നോർത്ത് സങ്കടം തോന്നും. അങ്ങനെയൊരു സംഭവം എന്നിൽ ഉണ്ടായിരുന്നില്ല. പിന്നെ, കുറച്ച് സഹാനുഭൂതി! അതൊക്കെ തിരിച്ചറിഞ്ഞു തുടങ്ങിയത് ഇപ്പോഴാണ്. 

നേരത്തെ എനിക്ക് കുട്ടികളെ എങ്ങനെ മാനേജ് ചെയ്യണമെന്ന് അറിയില്ലായിരുന്നു. കുട്ടികളുമായി ഇടപെഴകിയിട്ടുമില്ല. കല്ല്യാണം കഴിഞ്ഞ് ഹസ്ബന്റിന്റെ വീട്ടിൽ ചെന്ന സമയത്ത് അവിടത്തെ അമ്മ എന്നോട് ചോദിച്ചിട്ടുണ്ട്, കുട്ടികളെ ഒന്നും അങ്ങനെ ഇഷ്ടമല്ലല്ലേ എന്ന്! സത്യത്തിൽ എനിക്ക് കുട്ടികളെ വലിയ ഇഷ്ടമാണ്. പക്ഷേ, എടുത്തുകൊണ്ട് നടക്കാൻ പേടിയായിരുന്നു. കാരണം, എന്റെ വളരെ ചെറുപ്പത്തിൽ എപ്പോഴോ ഞാനൊരു കൊച്ചിനെ എടുത്തപ്പോൾ പപ്പ ദേഷ്യപ്പെട്ടു. കൊച്ചിനെ താഴെ വയ്ക്ക് എന്നൊക്കെ പറഞ്ഞു. കാര്യം ഞാനും ചെറുതാാ...കൊച്ച് താഴെ വീണാലോ എന്നു കരുതീട്ടാണ് പപ്പ അങ്ങനെ പറഞ്ഞത്. അതുകൊണ്ട് എനിക്ക് കുഞ്ഞുങ്ങളെ എടുക്കാൻ പേടിയായത്. പിന്നെ, എനിക്ക് കുഞ്ഞുങ്ങളെ കൊഞ്ചിക്കാൻ ഒന്നും അറിയില്ലായിരുന്നു. സത്യത്തിൽ മക്കളാണ് എന്റെ പാഠപുസ്തകം. ഇപ്പോൾ എനിക്ക് തോന്നുന്നു പാഠം നാലോ അഞ്ചോ ആയിക്കാണുമെന്ന്! ഞാൻ ഇവരിൽ നിന്നാണ് എല്ലാം പഠിക്കുന്നത്. 

parenting-tips-by-sandra-thomas1

രണ്ട് അടി കൊടുക്കന്നതിലെന്താ കുഴപ്പം?

ഞാൻ കുട്ടികളെ അത്യാവശ്യം വഴക്കു പറയുകയും ആവശ്യമെങ്കിൽ രണ്ട് അടി വച്ചുകൊടുക്കാറുമുണ്ട്. അത് കുരുത്തക്കേട് കാണിക്കുമ്പോള്‍! എല്ലാ കാര്യങ്ങളും സ്നേഹത്തോടെ പറഞ്ഞാൽ അവർക്ക് മനസിലാകണമെന്നില്ല. പിന്നെ, നല്ല അടികൊണ്ട് വളർന്ന പിള്ളേരുടെ ഗുണം അതു വേറെ തന്നെയാ! എനിക്കൊക്കെ നല്ലോണം അടി കിട്ടിയിട്ടുണ്ട്. പിന്നെ, അടിയുടെ വേദനയേക്കാൾ മനസിന്റെ വേദനയാണ് കൂടുതൽ. അതുകൊണ്ട്, അടി കൊടുത്താലും ഒന്നു കെട്ടിപ്പിടിച്ച് സ്നേഹത്തോടെ കാര്യം പറഞ്ഞു മനസിലാക്കണം. എന്റെ അഭിപ്രായത്തിൽ കുറച്ചു അടി കൊടുക്കുന്നതൊന്നും വലിയ കുഴപ്പമില്ലാത്ത കാര്യമാണ്. 

നമ്മൾ പഠിച്ചു വന്ന സിസ്റ്റത്തിൽ എന്തോ പ്രശ്നമുണ്ടെന്ന് എല്ലാവർക്കും അറിയാം. പക്ഷേ, വീണ്ടും നമ്മൾ അതിലേക്കു തന്നെയാണ് നമ്മുടെ കുട്ടികളെ പറഞ്ഞു വിടുന്നത്. എന്നോടു പലരും ചോദിക്കാറുണ്ട്, കുട്ടികളെ സ്കൂളിൽ പറഞ്ഞയയ്ക്കാതെ എങ്ങനെയാ, എന്നൊക്കെ. ഒരു രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയേയും എന്റെ മക്കളെയും ഇരുത്തി ഓറൽ ടെസ്റ്റ് എടുത്താൽ എന്റെ കുഞ്ഞുങ്ങൾ ജയിക്കും. കാരണം, അവർ ട്രാവൽ ചെയ്യുമ്പോൾ പല കാര്യങ്ങൾ പഠിക്കും. കുട്ടികൾക്ക് ഈ പ്രായത്തിൽ ഏറ്റവും കൂടുതലുള്ളത് ക്യൂരിയോസിറ്റിയാണ്. എല്ലാം അറിയാനുള്ള ആഗ്രഹം കൂടുതലാകും. ഇതു പറഞ്ഞു കൊടുക്കാനുള്ള ക്ഷമ ചില പാരന്റ്സിനു ഉണ്ടാകാറില്ല. എന്തൊരു പൊട്ടചോദ്യമാണെന്നൊക്കെ തോന്നും. പക്ഷേ, അതിലൂടെ അവരുടേതായ ഉത്തരം കണ്ടെത്താനാണ് അവർ ശ്രമിക്കുന്നത്. കുട്ടികൾ സത്യത്തിൽ ഈ പ്രപഞ്ചവുമായി ഏറ്റവും അടുത്തു നിൽക്കുന്നവരാണ്. അവർ ചോദിക്കുമ്പോൾ അറിയാവുന്നതാണെങ്കിൽ പറഞ്ഞുകൊടുക്കുക. 

അവർ അവരുടെ ശരികൾ കണ്ടെത്തട്ടെ

സ്വതന്ത്രമായ ചിന്തയാണ് കുട്ടികളിൽ വേണ്ടത്. ഇതാണ് ശരിയെന്നു പറഞ്ഞു നമ്മൾ അടിച്ചേൽപിക്കേണ്ടതില്ല. ഓരോന്നും ഓരോ വീക്ഷണമാണ്. എന്റെ ശരി ആയിരിക്കില്ല, മറ്റേയാളുടെ ശരി! അവർക്കു തോന്നുന്ന ശരികൾ അവർ കണ്ടെത്തട്ടെ! നമ്മള്‍ ഒന്നും അടിച്ചേൽപ്പിക്കാൻ നിൽക്കണ്ട. കുഴപ്പമില്ലെന്നു കരുതി നമ്മൾ പറയുന്ന ചില നുണകളുണ്ട്. അത് ഒരിക്കലും പ്രോത്സാഹപ്പിച്ചു കൊടുക്കാൻ പാടില്ല. ചെറിയ കള്ളമല്ലേ, എന്തു ഡാമേജ് ആണ് അതു വരുത്തുക എന്നാകും നമ്മൾ ആലോചിക്കുക. പക്ഷേ, ഈ ചെറിയ കള്ളങ്ങളാണ് പിന്നീട് വലുതാകുക. സത്യസന്ധമായി കുട്ടികളോട് പെരുമാറിയാൽ മതി. അവർക്ക് അതു മനസിലാകും. 

parenting-tips-by-sandra-thomas2

ഭയക്കേണ്ട, സ്നേഹിച്ചാൽ മതി

​ഞങ്ങൾ രണ്ടുപേരും ഓർത്തഡോക്സ് ക്രിസ്ത്യൻ ഫാമിലിയിൽ നിന്നാണ്. പക്ഷേ, അതൊന്നും കുട്ടികളിൽ അടിച്ചേൽപ്പിച്ചിട്ടില്ല. വലുതാകുമ്പോൾ അവർക്ക് ഇഷ്ടമുള്ളത് അവർ തിരഞ്ഞെടുക്കട്ടെ. തിരഞ്ഞെടുക്കാനുള്ള കഴിവ് ഉണ്ടാക്കിക്കൊടുക്കുക മാത്രമേ നമ്മൾ ചെയ്യേണ്ടൂ. പിള്ളേര് എന്റെ മാതാപിതാക്കൾക്കൊപ്പം പ്രാർത്ഥിക്കാൻ ഇരിക്കുകയാണെങ്കിൽ ഞങ്ങൾ ആരും അതു വേണ്ടെന്ന് പറഞ്ഞിട്ടില്ല. ഞാൻ വിശ്വസിക്കുന്നത് നമ്മുടെ ഉള്ളിൽ തന്നെയാണ് ഈശ്വരൻ എന്നാണ്. ജാതിക്കും മതത്തിനും അപ്പുറം കുട്ടികൾ മാനുഷികതയിൽ വിശ്വസിക്കണം. പ്രകൃതിയോടും ജീവജാലങ്ങളോടും സ്നേഹവും കരുതലും വേണം. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് പേടിക്കാൻ അല്ലേ? ദൈവത്തെപ്പോലും പേടിക്കണം എന്നല്ലേ? ആ അഭിപ്രായക്കാരിയല്ല ഞാൻ. കുട്ടികൾ സ്നേഹിച്ച് വളരട്ടെ! ഭയം ശരിക്കും സെല്ലിങ് പോയിന്റാ! അതിനു പകരം എല്ലാവരേയും സ്നേഹിച്ച് സ്വതന്ത്രമായി ജീവിക്കുക.

അവരെ കണ്ടു വളരുന്നതിൽ സന്തോഷം!

ഒരുപാട് ക്യാമറ അറ്റൻഷൻ കുഞ്ഞുങ്ങൾക്കു കിട്ടുന്നതിൽ ചെറിയൊരു ആശങ്കയുണ്ട്. എങ്കിലും, എന്നെ ഇതിലേക്ക് വീണ്ടും മോട്ടിവേറ്റ് ചെയ്യിപ്പിക്കുന്നത് ആളുകളുടെ പ്രതികരണമാണ്. എന്റെ മക്കളെ കണ്ട് ഒരുപാടു കുട്ടികളാണ് മാറിയത്. അതും നല്ല രീതിയിൽ! ചില പാരന്റ്സ് അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ എന്റെ കണ്ണു നിറയാറുണ്ട്. ശരിക്കും എന്റെ ജീവിതത്തിന്റെ ലക്ഷ്യം തന്നെ ഇതായിരുന്നോ എന്ന് എനിക്ക് ചിലപ്പോൾ തോന്നാറുണ്ട്. കാരണം, എത്രയോ കുട്ടികളെയാണ് എന്റെ മക്കൾ സ്വാധീനിക്കുന്നത്. ഈ ക്യാമറയും മറ്റും എന്റെ കുട്ടികളെ ബാധിക്കുമെന്ന് എനിക്ക് അറിയാം. പക്ഷേ, ഒരുപാട് കുട്ടികളുടെ കണ്ണു തുറപ്പിക്കാൻ എന്റെ കുഞ്ഞുങ്ങൾക്ക് സാധിക്കുന്നുണ്ടെങ്കിൽ പിന്നെ മറ്റെന്തെങ്കിലും ഓർത്ത് വിഷമിക്കേണ്ട കാര്യമില്ലല്ലോ! എന്റെ കുട്ടികൾ പൊസിറ്റീവ് ആയിട്ടാണ് മറ്റുള്ളവരെ സ്വാധീനിക്കുന്നത്. അതിൽ ഞാൻ ഹാപ്പിയാ!

English Summary : Parenting tips of Sandra Thomas-video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA