ADVERTISEMENT

കുട്ടികളെ അടക്കിയിരുത്താൻ ഏറ്റവും മികച്ച വഴിയായി പല മാതാപിതാക്കളും കാണുന്നത് മൊബൈലിനെയാണ്. നെറ്റ് ഒാണാക്കി, യൂ ട്യൂബിൽ കാർട്ടൂൺ വച്ചു കൊടുത്താൽ എത്രനേരം വേണമെങ്കിലും കുട്ടി അതിൽ മുഴുകിയിരിക്കും. എന്നാൽ കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂണുകളെ പോലും കണ്ണുംപൂട്ടി വിശ്വസിക്കരുതെന്നാണ് സൈബർ ലോകത്തുനിന്നുള്ള വാർത്തകൾ പറയുന്നത്. പെപ്പാ പിഗ്, മിന്നി മൗസ്, ഡിസ്നി പ്രിൻസസ്, ഡോറ എന്നിങ്ങനെ ഒാരോ കാർട്ടൂൺ കഥാപാത്രത്തിന്റെയും വ്യാജന്മാരെ സൃഷ്ടിച്ച്, അതിൽ ലൈംഗികചുവയുള്ളതോ പേടിപ്പെടുത്തുന്നതോ അക്രമം ഉള്ളതോ ആയ കഥ തിരുകി കിഡ്സ് കാർട്ടൂൺ എന്ന പേരിൽ യൂ ട്യൂബിൽ പ്രചരിപ്പിക്കുന്നവരുണ്ട്. 

ഉദാഹരണത്തിന് പെപ്പ പിഗ്ഗ് എന്ന കാർട്ടൂൺ കഥാപാത്രത്തിന്റെ പല്ല് പറിക്കുന്നതായി കാണിച്ചിരുന്ന വിഡിയോ. ഒരു ദന്തിസ്റ്റ് അതിക്രൂരമായി പെപ്പയുടെ പല്ല് വലിച്ചുപറിക്കുന്നതും പെപ്പ വാവിട്ട് കരയുന്നതുമാണ് വിഡിയോയുടെ ഉള്ളടക്കം. ഇത് കാണുന്ന കൊച്ചുകുട്ടികൾക്ക് ദന്തൽ ക്ലിനിക്കുകൾ പേടിസ്വപ്നമായി മാറാം. 

ഡോറയുടെ പേരിലുമുണ്ട് ഇത്തരം വ്യാജന്മാർ. ലൈംഗികചുവയുള്ളതരം ഉള്ളടക്കമാണ് ഇതിൽ. ചിലതിന്റെ തലക്കെട്ടുകൾ ഇങ്ങനെ പോകുന്നു.... ഡോറ ദ എക്സ്പ്ലോറർ ഡാൻസസ് നേക്കഡ്, ഡോറ ടേൺസ് എവരിവൺ നേക്കഡ് അറ്റ് സ്കൂൾ. ചില കാർട്ടൂൺ വിഡിയോകളിൽ തീവ്രമായ വയലൻസും അക്രമവുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിലതിൽ കഥാപാത്രങ്ങൾ ആത്മഹത്യ ചെയ്യുന്നു. സൂപ്പർമാനും സ്പൈഡർ മാനും പോലുള്ള സൂപ്പർ ഹീറോകൾ അക്രമവും മോഷണവും നടത്തുന്നതായി അവതരിപ്പിക്കുന്നത് കുട്ടികളെ എത്രയധികം മോശമായി സ്വാധീനിച്ചുകൂടാ. 

കുട്ടികളുടെ പ്രിയ കാർട്ടൂൺ കഥാപാത്രങ്ങളുടെ വ്യാജപതിപ്പുകളാണ് വിഡിയോയിൽ എങ്കിലും രൂപസാദൃശ്യം അത്രയധികമായതുകൊണ്ട് മാതാപിതാക്കൾക്കു പോലും ഇത് മനസ്സിലാകില്ല. കുട്ടികൾക്ക് ദോഷകരമായ ഇത്തരം വിഡിയോകളെക്കുറിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ഇത്തരത്തിലുള്ള ചില വിഡിയോകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. 

ഇത്തരം മോശം വിഡിയോകളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ എന്തു ചെയ്യണമെന്നു നോക്കാം. 

∙ യു ട്യൂബ് 13 വയസ്സിനു മുകളിലുള്ള കുട്ടികളെ ഉദ്ദേശിച്ചുള്ളതാണ്. അതുകൊണ്ട് കൊച്ചുകുട്ടികൾക്ക് യൂ ട്യൂബ് കിഡ് ആപിൽ വിഡിയോ എടുത്തു നൽകുന്നതാണ് നല്ലത്. 

∙ യൂ ട്യൂബിലെ റെസ്ട്രിക്റ്റഡ് മോഡ് ഓണാക്കിയിട്ടാൽ മോശം ഉള്ളടക്കമുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ട വിഡിയോകൾ കിട്ടുകയില്ല. 

∙ നെറ്റ് ഓണാക്കി, യൂ ട്യൂബിൽ വിഡിയോ കാണാൻ നൽകുന്നതിനു പകരം നല്ല നാലോ അഞ്ചോ വിഡിയോകൾ ഡൗൺലോഡ് ചെയ്ത് ഓഫ്‌ലൈനാക്കി ഇട്ടു നൽകുക. 

∙ എത്ര പരിചിതമായ കാർട്ടൂൺ കഥാപാത്രമാണെന്നു പറഞ്ഞാലും കുട്ടി കണ്ട വിഡിയോകൾ പരിശോധിച്ച് അനുചിതമായ ഒന്നും അതിലില്ലയെന്ന് ഉറപ്പുവരുത്തുക. 

∙ മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കഴിവതും മൊബൈൽ കാണാൻ നൽകാതിരിക്കുക.

 English Summary : Parents-warned-of-fake-explicit-cartoon-videos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com