ADVERTISEMENT

'ഒന്നേയുള്ളെങ്കിലും ഉലക്കകൊണ്ട് അടിച്ചു വളർത്തണ'മെന്ന പഴമൊഴി അക്ഷരംപ്രതി പാലിക്കുന്ന ചില രക്ഷിതാക്കളുണ്ട്. എന്നാൽ അത് എത്രത്തോളം ദോഷകരമാണെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ? യഥാർത്ഥത്തിൽ കുട്ടികളിലെ അനുസരണക്കേടും വികൃതിയുമൊക്കെ അടികൊടുത്ത് നേരെയാക്കാൻ സാധിക്കുമോ? ഒരു പക്ഷേ അടികൊള്ളുന്ന ആ സമയത്ത് അവർ അനുസരണക്കാർ ആകുമെങ്കിലും ഭാവിയിൽ ഈ അടികൊടുക്കൽ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിവിധ പഠനങ്ങൾ പറയുന്നു. കുട്ടികളെ മര്യാദ പഠിപ്പിക്കാൻ ചുട്ട അടികൊടുക്കുന്ന മാതാപിതാക്കള്‍ അറിയുന്നുണ്ടോ നിങ്ങള്‍ ഒരു സാമൂഹിക വിരുദ്ധനെയോ കുറ്റവാളിയെയോ ഒക്കെയാണ് വാർത്തെടുക്കുന്നതെന്ന്? അമിതമായ അടികൊടുക്കൽ ഭാവിയിൽ ആപത്താണെന്നാണ് പല പഠനങ്ങളും ഒരേപോലെ വ്യക്തമാക്കുന്നത്. 

ടെമ്പിൾ സ്ട്രീറ്റ് ആശുപത്രിയിലെ പ്രൊഫസർ അൽഫ് നിക്കോൾസണിന്റെ പഠനങ്ങൾ പറയുന്നത് അടികൊണ്ട് വളരുന്ന കുട്ടികൾ‌ ഭാവിയിൽ അക്രമണകാരികളും സാമൂഹികവിരുദ്ധന്മാരുമാകാൻ സാധ്യത കൂടുതലാണെന്നാണ്. ഐറിഷ് മെഡിക്കൽ ജേർണലിലാണ് അദ്ധേഹത്തിന്റെ പഠനം പ്രസിദ്ധീകരിച്ചത്. ഇങ്ങനെ അടികൊണ്ടു വളരുന്ന കുട്ടികളിൽ ഭാവിയിൽ ഉണ്ടാകാവുന്ന മറ്റ് ചില പ്രശ്നങ്ങളെപ്പറ്റിയും പഠനത്തിൽ പറയുന്നുണ്ട്. ഇത്തരക്കാൻ മുതിരുമ്പോൾ അമിത മദ്യപാനത്തിനും മയക്കുമരുന്നിനും അടിമയുമാകാം. കൂടാതെ ഇവർക്ക് ആത്മഹത്യാ പ്രവണതയും കൂടുതലായിരിക്കും.

കുട്ടികളുടെ മാനസികാരോഗ്യത്തെ തകർക്കാൻ പോലും ഇത്തരം ശിക്ഷാമുറകൾ കാരണമാകുമെന്ന് മറ്റൊരു പഠവും പറയുന്നു. അടി കുട്ടികളിൽ ദീർഘകാലം നില നില്‍ക്കുന്ന പ്രത്യഘാതങ്ങൾ ഉണ്ടാക്കുമെന്ന് ജേർണൽ ഒാഫ് ഫാമിലി സൈക്കോളജിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ പറയുന്നു. 

ടെക്സാസ് സർവകാലാശാലയിലും മിഷിഗൺ സർവകാലാശാലയിലും നടത്തിയ പഠനങ്ങളും ഇതുതന്നയാണ് പറയുന്നത്. ഒരുലക്ഷത്തി അറുപതിനായിരം കുട്ടികളെയാണ് ഇവർ പഠനവിധേയരാക്കിയത്. ആ പഠനത്തിന്റെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നതാണ്. ചെറുപ്രായത്തിൽ ലഭിക്കുന്ന ഈ ശിക്ഷ കുട്ടികളെ ബാധിക്കുന്നത് താഴെ പറയുന്നത് പോലെയാണ്. 

1. അമിത അക്രമണ സ്വഭാവം 

2. അമിത സാമൂഹികവിരുദ്ധ പ്രവണത 

3. മാനസിക പ്രശ്നങ്ങൾ 

4. തങ്ങളിലേയ്ക്ക് തന്നെ ഉൾവലിയൽ 

5. മാതാപിതാക്കളുമായുള്ള അകൽച്ച 

6. അസാന്മാർഗികമായ പ്രവർത്തികൾ 

7. പെരുമാറ്റ വൈകല്യങ്ങൾ 

8. ആത്മാഭിമാനം ഇല്ലാത്ത അവസ്ഥ 

ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് കുട്ടികളിൽ അമിതമായ അടി എന്ന ശിക്ഷാരീതി കൊണ്ട് ഉണ്ടാകുക എന്ന് ഈ പഠനങ്ങൾ വ്യക്തമാക്കുന്നു. ഒരു നിശ്ചിത കാലത്തേക്കോ സമയത്തേക്കോ കുട്ടികളെ അടിയുടെ പേരിൽ അനുസരണ പഠിപ്പിക്കാമെങ്കിലും കാലാന്തരത്തിൽ ഈ കുട്ടികളിൽ ഉണ്ടാക്കുന്നത് ഫലം വിപരീതമായിരിക്കും. സ്വഭാവവൈകൃതങ്ങളുമായി വരുന്ന കുട്ടികളുടെ കുടുംബാന്തരീക്ഷം വിശകലനം ചെയ്യുമ്പോള്‍ അമിതമായ ശിക്ഷാ മനോഭാവത്തോടെ വീടുകളിൽ വളർത്തിയവരാണെന്ന് മനസിലാകും. 

രക്ഷിതാക്കൾക്ക് കുട്ടികളെ തല്ലാനോ ശിക്ഷിക്കാനോ അവകാശമില്ല എന്നല്ല ഇതിനർത്ഥം. എന്നാൽ ചെയ്യുന്ന ഓരോ തെറ്റിനും തല്ലാതെ, നല്ല ഭാഷയിൽ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക. അവരുടെ തെറ്റെന്താണെന്ന് ബോധ്യപ്പെടുത്തുക. ഇതൊന്നും നടന്നില്ലെങ്കിൽ മാത്രം അടി എന്ന ആയുധം പ്രയോഗിക്കുക.

English Summary : Study warns parents on the negative effects of slapping children

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com