കുഞ്ഞുങ്ങൾ പറയുന്ന കള്ളങ്ങളും അതിനു പിന്നിലുള്ള കാരണങ്ങളും !

HIGHLIGHTS
  • നുണ പറയുന്നതിന് കുട്ടികൾക്ക് അവരുടേതായ ന്യായീകരണങ്ങളും കാണും
  • . ചില വൈകാരിക നിമിഷങ്ങളില്‍ സ്വയരക്ഷയ്ക്ക് വേണ്ടിയും നുണകൾ പറയും
tips-to-help-child-stop-lying-and-tell-the-truth
Photo Credits : Shutterstock.com
SHARE

നുണ പറയുമ്പോൾ അത് മാതാപിതാക്കൾക്ക് മനസിലാകില്ലെന്നാണ് കു‍ഞ്ഞുമക്കളുടെ വിചാരം. എന്നാൽ നൂറുകണക്കിന് നുണകൾ പറഞ്ഞ് വളർന്നു വന്ന മാതാപിതാക്കളുടെ അടുത്താണ് ഈ വേലയിറക്കുന്നതെന്ന് പാവം മക്കൾക്കറിയില്ലല്ലോ. എങ്കിലും സ്വന്തം മക്കൾ നുണ പറയുന്നതും നമ്മളെ പറ്റിക്കുന്നതൊന്നും മാതാപിതാക്കള്‍ക്കിഷ്ടമല്ല. ഓരോ നുണ പറയുന്നതിന് പിന്നിലും കുട്ടികൾക്ക് അവരുടേതായ ന്യായീകരണങ്ങളും കാണും. ചില വികൃതിക്കുട്ടികൾക്ക് ഭാവനാത്മകമായി ചിന്തിക്കാനും, അനുഭവങ്ങൾ സ്വയം മെനഞ്ഞ് നുണ പറയാനും സാധിക്കും. അത് അവർക്കൊരു രസമാണ്. ചില വൈകാരിക നിമിഷങ്ങളില്‍ സ്വയരക്ഷയ്ക്ക് വേണ്ടിയും നുണകൾ പറയും. കള്ളത്തരം ചെയ്തെന്ന തോന്നലും ഭയവും ഒരുമിച്ച് വരുമ്പോഴും നുണകൾ പറഞ്ഞ് രക്ഷപ്പെടും. ഈ സന്ദർഭങ്ങളിലൊക്കെ പാരന്റ്സ് നുണകളെ തിരിച്ചറിഞ്ഞ് ശകാരിച്ചാൽ പിന്നെ അലറിക്കരച്ചിലും തേങ്ങിക്കരച്ചിലും മിണ്ടാതിരിക്കലും... ഒന്നും പറയണ്ട.

നുണ പറഞ്ഞ് ഉയർത്തി വച്ചിരിക്കുന്ന അവരുടെ സ്വാഭിമാനത്തെ ധ്രുതഗതിയിൽ നിങ്ങൾ തകർക്കാൻ നോക്കണ്ട. നുണയാണെന്ന് മനസ്സിലായാൽ കൂടുതൽ ചോദ്യം ചെയ്യാതിരിക്കുക, അത് അവഗണിക്കുക. എന്നാൽ പാരന്റ്സിന്റെ മുഖഭാവങ്ങളിലൂടെ മക്കൾ മനസ്സിലാക്കുകയും വേണം ‘ഇത് ഏറ്റില്ല’ എന്ന്. “സ്വന്തം താൽപര്യങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കുട്ടികൾ നുണകൾ പറയുന്നത്. അതേസമയം മറ്റുള്ളവർക്ക് എന്തെങ്കിലും നേട്ടമുണ്ടാക്കി കൊടുക്കാനുമാകാം. പ്രായം കൂടുന്തോറും നമ്മുടെ സാമൂഹിക ചട്ടങ്ങളെക്കുറിച്ച് അവർ മനസ്സിലാക്കുകയും സത്യസന്ധതയാണ് ഉയർത്തിപ്പിടിക്കേണ്ടതെന്ന് ബോദ്ധ്യപ്പെടുകയും ചെയ്യും. അനവസരങ്ങളിലെ നുണ പറച്ചിൽ ഒഴിവാക്കി, യഥാർത്ഥ കാരണം പറയാനുള്ള പക്വതയും അവർക്ക് കൈവരും” എന്നാണ് കുട്ടികളുടെ മനഃശാസ്ത്രജ്ഞയും ഗവേഷകയുമായ അരുന്ധതി സ്വാമി പറയുന്നത്. ചെറുപ്പത്തിൽ നിരുപദ്രവകരമായ കള്ളങ്ങൾ പറയുന്നത് കുട്ടികളെ ഭാവിയിൽ ദോഷകരമായി ബാധിക്കുമോ, മറ്റുള്ളവരെ വഞ്ചിക്കാന്‍ ഈ സ്വഭാവം ഇടവരുത്തുമോ എന്ന വിഷയത്തിൽ നടത്തിയ പഠന റിപ്പോർട്ട് ‘അഡ്വാൻസസ് ഇൻ ചൈൽഡ് ഡെവലപ്പ്മെന്റ് ആന്റ് ബിഹേവിയര്‍ ഇൻ 2011’ എന്ന ജേർണലിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

നമ്മുടെ കുഞ്ഞുമക്കൾ പറയുന്ന കള്ളങ്ങളും അതിനു പിന്നിലുള്ള കാരണങ്ങളും ഈ പറയുന്നതൊക്കെത്തന്നെയല്ലേ?

∙ ഞാനത് ചെയ്തിട്ടില്ല

മുതിർന്നവർ ഉൾപ്പെടെ സാധാരണയായി പറയുന്ന കള്ളമാണ് ‘ഞാനത് ചെയ്തിട്ടില്ല’ എന്ന്. ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കുകയും, അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകാതെയും വരുമ്പോൾ പറയുന്ന സ്ഥിരം കള്ളം.

∙ എനിക്ക് നല്ല സുഖമില്ല ഇന്ന് സ്കൂളിൽ പോകില്ല

ചെറിയ കുട്ടികൾക്ക് വീട്ടിലിരുന്ന് കളിക്കാനാണ് ഏറെയിഷ്ടം. അതുകൊണ്ട് സ്കൂളിൽ പോകേണ്ട സമയമടുക്കുമ്പോൾ പലവിധ വേദനകളും വിഷമങ്ങളും സുഖമില്ലായ്മയും ഒക്കെ സാധാരണം. ഈ നുണ ഏറ്റാൽ ഇന്നൊരു ‘ഓഫ്’ അല്ലെങ്കിൽ ‘പോകാം’ എന്ന മട്ടിൽ മക്കൾ പറയുന്ന ഈ അസുഖങ്ങളൊക്കെ പതിനൊന്നു മണിക്കു ശേഷം പമ്പ കടക്കുകയും ചെയ്യും.

∙ഭക്ഷണം മുഴുവനും കഴിച്ചു

സ്കൂളിൽ പോകുംമുമ്പ് നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുക, കഴിക്കാത്തതിന് ചീത്ത പറയുക ഇതൊക്കെ അമ്മമാരുടെ ശീലമാണ്. അമ്മയെ പേടിച്ച് അവരുടെ സന്തോഷത്തിന് വേണ്ടി മക്കൾ പറയുന്ന കള്ളമാണ് ‘തന്നുവിട്ട ഭക്ഷണം മുഴുവൻ ഞാൻ കഴിച്ചു’ എന്നത്.

∙ വെള്ളം ദാഹിക്കുന്നു

ഹോം വർക്ക് ചെയ്യാനിരുത്തിയാൽ നിങ്ങളുടെ മക്കള്‍ എത്ര പ്രാവശ്യം വെള്ളം കുടിക്കാൻ പോകും? അത്രമാത്രം ദാഹമുണ്ടായിട്ടൊന്നുമല്ല. പഠിക്കാനുള്ള മടി തന്നെ കാരണം. വെള്ളം കുടിക്കാൻ പോകുന്ന വഴിക്ക് ടിവിയൊന്ന് കാണാം. മറ്റുള്ളവർ എന്തൊക്കെ ചെയ്യുന്നു എന്ന് നോക്കാം. പിന്നെ ആമവേഗത്തിൽ ആയിരിക്കുമല്ലോ വെള്ളം കുടിക്കാൻ പോകുന്നതും തിരികെ വരുന്നതും. സ്റ്റഡി ടൈമിൽ ഒരു ബോട്ടിൽ വെള്ളം നിറച്ച് അടുത്ത് വച്ചു കൊടുത്താൽ തൽക്കാല ശമനമാകും. ഹോം വർക്കിൽ നിന്നും രക്ഷപ്പെടാൻ ദാഹം അല്ലെങ്കിൽ മറ്റൊരു കാരണം മക്കൾ കണ്ടുപിടിച്ചിരിക്കും.

∙ നല്ല ക്ഷീണം എനിക്കുറങ്ങണം

പഠിപ്പിക്കാനിരുത്തിയാൽ ക്ഷീണമായി.. കോട്ടുവായിടൽ, കണ്ണുകൾ കൂമ്പിയിരിക്കൽ, ദൈന്യത.. ഇനി ഒരക്ഷരം വായിക്കാൻ പറ്റാത്തവിധം സ്കൂളിൽ പോയി ക്ഷീണിച്ചു വന്നിരിക്കയാണല്ലോ മക്കൾ എന്ന് പാരന്റ്സിന് തോന്നുകയും ചെയ്യും. നാളെ നേരത്തേ ഉണർന്നോളാം എന്നു പറഞ്ഞു പോകുന്ന മക്കൾ, പതിവിലും നേരത്തേ ഉണരാറില്ല എന്നതാണ് സത്യം. പിന്നെ ബുക്സ് ബാഗിലാക്കി വച്ച് ബെഡ്റൂമിൽ എത്തിയാൽ അവർക്ക് ഉന്മേഷം കൂടിയിട്ടുമുണ്ടാകും.

∙ എന്റെ നോട്ട്ബുക്ക് ഫ്രണ്ടിന്റെയടുത്തായിരുന്നു

പരീക്ഷയിൽ മാർക്ക് കുറവായതിന് ചോദ്യം ചെയ്താൽ, മക്കൾ ഉടനെ പറയുന്ന മറുപടി ‘എന്റെ ബുക്ക് ഇന്നലെ ഫ്രണ്ടിന് കൊടുത്തേക്കായിരുന്നു. ആബ്സന്റ് ആയ ദിവസത്തെ നോട്ട്സ് എഴുതാൻ വേണ്ടി’ എന്തൊരു പാവം, നല്ല കുട്ടി എന്ന തോന്നൽ പാരന്റ്സിന് ഉണ്ടായിക്കോട്ടേയെന്നാകും മക്കളുടെ വിചാരം.

∙ ഇനി ചെയ്യില്ല

എന്ത് കുറ്റം ചെയ്താലും ‘ഇനി ചെയ്യില്ല’ എന്നത് വീണ്ടും അതേ കുറ്റം ആവര്‍ത്തിക്കാനുള്ള ഒരു എക്സ്ക്യൂസ് മാത്രമാണ്. തൽക്കാലത്തേക്ക് ഒരു സോറി പറഞ്ഞാല്‍ രക്ഷപ്പെടലുമായി.

ബാല്യകാലത്ത് പറയുന്ന നിർദോഷകരമായ ഇത്തരം നുണ പറച്ചിലുകൾ കുറെയൊക്കെ പാരന്റ്സിന് കണ്ടില്ലെന്ന് നടിക്കാം. എങ്കിലും അവർ പറയുന്ന നുണകൾ നമ്മൾ വിശ്വസിച്ചു എന്ന് തോന്നിയാൽ അത് നുണ ആവര്‍ത്തിക്കാനുള്ള പ്രോത്സാഹനമാകും. അവർ പറഞ്ഞ നുണകൾ പാരന്റ്സ് മുഴുവനായും വിശ്വസിച്ചിട്ടില്ലെന്ന് നമ്മുടെ ബോഡി ലാംഗ്വേജിലൂടെ കുട്ടികൾ മനസ്സിലാക്കുന്നതാണ് ഏറ്റവും നല്ലത്. അത് അവരിൽ കുറ്റബോധം തോന്നിപ്പിച്ചോളും.

കൗമാരപ്രായത്തിൽ അറിവ് കൂടുതലായിരിക്കുമല്ലോ, അതുകൊണ്ട് വളരെ കൗശലപരമായിട്ടായിരിക്കും നുണകൾ പറയുന്നത്.

∙ ഗ്രൂപ്പ് സ്റ്റഡിക്ക് വേണ്ടി എന്റെ ഫ്രണ്ടിന്റെ വീട്ടിൽ പോകുന്നു

ഗ്രൂപ്പ് സ്റ്റഡിക്ക് വേണ്ടി പോകുന്ന ഫ്രണ്ടിന്റെ വീട്ടിൽ ആ കുട്ടിയുടെ പാരന്റ്സ് ഉണ്ടോയെന്ന് ഉറപ്പു വരുത്തുകയാണ് നിങ്ങൾ ചെയ്യേണ്ടത്. പാരന്റ്സിന്റെ അഭാവത്തിൽ വീടുകളിൽ നടക്കുന്നത് ഗ്രൂപ്പ് സ്റ്റഡിയാകില്ല. സദാചാര വിരുദ്ധമായ ഏതൊരു പ്രവർത്തനത്തിനും അവിടെ അവസരമുണ്ടാകും.

∙ സ്റ്റഡി മെറ്റീരിയൽ കിട്ടുന്നതിന് വേണ്ടിയാണ് ബ്രൗസ് ചെയ്യുന്നത്

പാരന്റ്സ് ഉറങ്ങാനായി റൂമിലേക്ക് പോകുന്ന തക്കം നോക്കി സോഷ്യൽ മീഡിയയിലൂടെ ചാറ്റ് ചെയ്യാനും, അവർക്കിഷ്ടമുള്ള വീഡിയോകൾ കാണാനുമാണ് കൗമാരപ്രായക്കാരായ മക്കൾ നോക്കിയിരിക്കുന്നത്. സ്റ്റഡി മെറ്റീരിയലിനു വേണ്ടിയുള്ള ബ്രൗസിങ് നിങ്ങളുടെ സാന്നിദ്ധ്യത്തിലാക്കണം. ടാബ്, കമ്പ്യൂട്ടർ എന്നിവ പാരന്റ്സിന്റെ റൂമിൽ വയ്ക്കുന്നതാണ് നല്ലത്.

∙ ഞാൻ പറയുന്നത് സത്യമാണ്

അസത്യം പറയുന്നതിന്റെ ഭാവഭേദങ്ങളൊന്നും വരുത്താതെ, ആത്മാർത്ഥമായി പറയുന്നുവെന്ന തോന്നലുളവാക്കും വിധമായിരിക്കും ഞാൻ പറയുന്നത് സത്യമാണ് എന്ന് മക്കൾ പറയുന്നത്. എന്നാൽ ഞാൻ പറഞ്ഞത് നുണയാണ് എന്ന് പാരന്റ്സ് സംശയിക്കുന്നതായി മനസ്സിലാക്കിയാൽ കുട്ടികൾ കുറ്റബോധം കൊണ്ട് തണുത്ത് മരവിച്ചോളും.

∙ ഞാന്‍ പഠിക്കുകയാണ്

പരീക്ഷയ്ക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പാരന്റ്സിന് പലവിധ ചടങ്ങുകളിൽ പങ്കെടുക്കാനായി പുറത്തു പോകേണ്ടി വരും. പഠിക്കണമെന്ന് പറഞ്ഞേൽപിച്ച് പോയാൽ, പഠിക്കാത്തവരാണേറെയും. ഇടയ്ക്ക് ഫോൺ വിളിച്ച് നീ എന്താ ചെയ്യുന്നത് എന്ന് ചോദിച്ചാൽ ഉടൻ വരും മറുപടി ‘ഞാൻ പഠിക്കായിരുന്നു’

∙ എനിക്ക് സ്പെഷ്യല്‍ ക്ലാസ്സുണ്ട് വരാൻ വൈകും

സ്പെഷ്യല്‍ ക്ലാസ്സുണ്ട് എന്ന നുണ പറച്ചിൽ കുട്ടികൾക്ക് പലതരം കള്ളത്തരങ്ങൾ ചെയ്യാനുള്ള മറയാണ്. ഇന്ന് മിക്ക പ്രൈവറ്റ് സ്കൂളുകാരും സ്പെഷ്യല്‍ ക്ലാസ്സുള്ള വിവരം പാരന്റ്സിന് ഗ്രൂപ്പ് മെസ്സേജ് ചെയ്യുന്നുണ്ട്. ആധികാരികമായി ലഭിക്കുന്ന ഈ മെസ്സേജിങ് സിസ്റ്റം എല്ലാ സ്കൂൾ അധികൃതരും പിന്തുടരേണ്ടതാണ്. അതിനുള്ള ചിലവ് പിടിഎ വഹിച്ചാലും കുഴപ്പമില്ല എന്ന് കരുതണം.

∙ എനിക്ക് കോൾ കിട്ടിയില്ലല്ലോ

മക്കൾ വീട്ടിലെത്താൻ നേരം വൈകിയാൽ ‘എന്ത് സംഭവിച്ചു’ എന്നറിയാനുള്ള വ്യഗ്രതയിൽ അവരുടെ ഫോണിലേക്ക് കുറെ വിളിച്ചുനോക്കും പാരന്റ്സ്. ചില സമർത്ഥർ ഫോൺ എടുക്കുകയേയില്ല. സ്വിച്ച് ഓഫ് ആക്കുകയോ, കട്ടാക്കുകയോ മറ്റോ ചെയ്യും. വീട്ടിലെത്തി കാര്യം തിരക്കിയാൽ നമ്മളെ ഞെട്ടിച്ചു കൊണ്ട് അവർ പറയുന്ന മറുപടി ‘ഞാനിങ്ങോട്ട് വിളിച്ചിട്ട് കിട്ടുന്നുണ്ടായില്ലല്ലോ’ എന്നായിരിക്കും.

കൊച്ചുകുട്ടികൾ കള്ളം പറയുന്നത് ക്ഷമിക്കാൻ പാരന്റ്സിന് കഴിയും. എന്നാൽ കൗമാരപ്രായക്കാരായ മക്കള്‍ നുണ പറഞ്ഞു തുടങ്ങുമ്പോൾ അവരെക്കുറിച്ചുള്ള ആവലാതി ഏറുകയാണ് ചെയ്യുന്നത്. നുണ പറയുന്നത് തെറ്റിന്റ വഴിയേയുള്ള പോകലാണ്. അതിന്റെ പരിണത ഫലങ്ങൾ വേദനാജനകമായിരിക്കും. മക്കളോടുള്ള വിശ്വാസം തങ്ങൾക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന കാര്യം മക്കൾ അറിയണം. പാരന്റ്സ് തുറന്നു പറയുകയും വേണം. മക്കൾ കള്ളത്തരങ്ങൾ കാണിക്കുമ്പോൾ പാരന്റ്സ് പുലർത്തുന്ന നിശബ്ദത അവരെ നാശത്തിലേക്കേ നയിക്കൂ.

English Summary : Tips to help child stop lying and tell the truth

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA