മാതാപിതാക്കള്‍ മക്കളില്‍ ഉണ്ടാക്കുന്ന 10 ആരോഗ്യ പ്രശ്നങ്ങള്‍

HIGHLIGHTS
  • ഭക്ഷണം കഴിക്കാത്ത കുട്ടികളെ നിര്‍ബന്ധിപ്പിച്ചു തീറ്റിക്കലാണ് മാതാപിതാക്കളുടെ രീതി
  • അവരെ അകത്തു തളച്ചിടാതെ നിങ്ങള്‍ക്ക് ആകും വിധം അവർക്കൊപ്പം കളിക്കുക
extracurricular-activities-in-children
SHARE

മക്കളുടെ ഭക്ഷണകാര്യത്തിൽ നിങ്ങള്‍ എത്രമാത്രം ശ്രദ്ധിക്കാറുണ്ട്.  മക്കൾ പ്രാതൽ കഴിക്കാൻ മടികാണിക്കുന്നത് നിങ്ങൾ കാര്യമാെയടുക്കാറില്ലേ? കുട്ടികളുടെ പല്ലിനുണ്ടാകുന്ന കേടുകളോ ചെറിയ പനിയോ ഒന്നും നിങ്ങള്‍ ഗൗനിക്കാറില്ലേ? പോഷകാംശം കൂടിയതോ കുറഞ്ഞതോ സന്തുലിതമല്ലാത്തതോ ആയ ഭക്ഷണങ്ങള്‍ തുടര്‍ച്ചയായി കഴിക്കേണ്ടി വരുന്ന കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അസോചം – ഇവൈ (Assocham- EY)  ഇന്ത്യയില്‍ പഠനങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യയിലെ പത്തു നഗരങ്ങളിലെ 2.4 ശതമാനം കുട്ടികളില്‍ അമിതവണ്ണം അഥവാ പൊണ്ണത്തടി ഉള്ളതായി നന്ദി ഫൗണ്ടേഷന്റെ പഠനത്തിലും കണ്ടെത്തി. മാതാപിതാക്കള്‍ ശീലിപ്പിക്കുന്ന തെറ്റായ ചില സംഗതികളാണ് കുട്ടികളിൽ പൊതുവായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് എന്നാണ് ഈ പഠനങ്ങളെല്ലാം വ്യക്തമാക്കുന്നത്. തെറ്റായ ആ ശീലങ്ങള്‍ എന്തൊക്കെയാണെന്നും അതെങ്ങനെ തരണം ചെയ്യാമെന്നും നോക്കാം.

∙നല്ല സമയം തിരിച്ചറിയുക 

പാചകം ചെയ്യുമ്പോൾ മക്കള്‍ അടുക്കളയില്‍ വന്നാല്‍ നിങ്ങള്‍ അവരെ കളിക്കാനോ ടിവി കാണാനോ പഠിക്കാനോ പറഞ്ഞയക്കും. ഇവിടെ മക്കളുടെ ആവശ്യം ഇല്ലല്ലോ എന്ന തോന്നലാണിതിന് പിന്നിൽ. അവര്‍ പഠിക്കുന്ന സമയത്ത് നിങ്ങള്‍ കൂടെയിരുന്നാല്‍ മക്കള്‍ നന്നായി പഠിക്കുമെന്നും നിങ്ങള്‍ക്ക് അറിയാം. പാചക സമയത്ത് എന്തെങ്കിലുമൊക്കെ എടുത്തു കൊണ്ടു വരാനോ കഴുകാനോ മക്കളെയും കൂട്ടുക. അവർക്കു കൂടി താൽപര്യമുണ്ടാക്കുന്ന രീതിയിൽ പാചകം 

കാണിച്ചു കൊടുക്കുകയും വിശദീകരിക്കുകയും ചെയ്യുുക. അപ്പോള്‍, അവർക്ക് ഇഷ്ടമില്ലാത്ത പച്ചക്കറികൊണ്ടുള്ള വിഭവങ്ങൾ പോലും കുട്ടികളെ കൊണ്ട് കഴിപ്പിക്കാന്‍ സാധിക്കും. അവരുടെ കൂടി സഹായത്തിലാണല്ലോ അമ്മ ഇതുണ്ടാക്കിയത് എന്ന തോന്നല്‍ അവര്‍ ഭക്ഷണം കഴിക്കുന്നതിലും കാണിക്കും.

∙ആഹാര ശീലങ്ങള്‍

ഭക്ഷണം കഴിക്കാത്ത കുട്ടികളെ നിര്‍ബന്ധിപ്പിച്ചു തീറ്റിക്കലാണ് മാതാപിതാക്കളുടെ രീതി. കഴിച്ചില്ലെങ്കില്‍ ചെറിയ ശിക്ഷകളും കൊടുക്കും. എന്നാല്‍ ഇതേ കുട്ടികള്‍ ജങ്ക് ഫുഡ്‌ കിട്ടിയാല്‍ താൽപര്യത്തോടെ കഴിക്കുകയും ടിവി കണ്ടു കൊണ്ടു ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ മാറ്റം വരുത്തേണ്ടത് അവരുടെ ശീലങ്ങളില്‍ തന്നെ. ഹോട്ടല്‍ ഫൂഡ്‌ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ധാരാളം പച്ചക്കറി വിഭവങ്ങൾ നൽകുക . ഡൈനിങ് ടേബിളില്‍ മാത്രം ഭക്ഷണം കഴിക്കാന്‍ അനുവദിക്കുക. അപ്പോള്‍ കുട്ടികളുടെ ആഹാരശീലത്തിലും മാറ്റങ്ങള്‍ വന്നോളും. മാതാപിതാക്കള്‍ ചെയ്യുന്നതാണ് മക്കള്‍ക്ക് അനുകരിക്കാന്‍ താൽപര്യം, അതുകൊണ്ട് നല്ല ആഹാരശീലങ്ങള്‍ നിങ്ങളിലും ഉണ്ടാകണം.

∙വീടിനു പുറത്തുള്ള  കളി 

കളിക്കാന്‍ കുട്ടികളെ അനുവദിക്കണം. എന്നും വ്യായാമം ചെയ്യുന്നവരാണ് മാതാപിതാക്കളെങ്കില്‍ അത് അനുകരിക്കാന്‍ കുട്ടികള്‍ക്കും താൽപര്യം കാണും. പ്രഭാത സവാരിക്ക് മക്കളെയും കൂട്ടുക. അടുത്തുള്ള കടയില്‍നിന്ന് എന്തെങ്കിലും വാങ്ങാന്‍ പോകുമ്പോള്‍ കുട്ടികളെ കൂട്ടി നടന്നു പോവുക. പൂന്തോട്ടം പരിപാലിക്കാന്‍ അവരെ ഒപ്പം ചേര്‍ക്കുക. ഒഴിവു സമയം നീന്തല്‍ പഠിപ്പിക്കുക. വിഡിയോ വച്ച് കുട്ടികളെയും കൂട്ടി എയറോബിക് വ്യായാമങ്ങൾ ചെയ്യുക. പുറത്തു പോയി കളിക്കാന്‍ കുട്ടികള്‍ക്കു കൂട്ടുകാര്‍ ഇല്ലെങ്കില്‍ അവരെ അകത്തു തളച്ചിടാതെ നിങ്ങള്‍ക്ക് ആകും വിധം അവർക്കൊപ്പം കളിക്കുക.

∙ദന്താരോഗ്യം ശ്രദ്ധിക്കാതിരിക്കുന്നത്

ഭക്ഷണത്തിനു മുൻപ് കൈ കഴുകുന്ന കാര്യം നിങ്ങള്‍ മക്കളെ എപ്പോഴും ഒാർപ്പിക്കുന്നുണ്ടാകാം. എന്നാല്‍ ഒരു മിഠായി കഴിച്ചാല്‍ പോലും വായ കഴുകണം എന്ന കാര്യം പലപ്പോഴും ഓർമിപ്പിക്കാറില്ല, കുട്ടികള്‍ ചെയ്യാറുമില്ല. ഉറങ്ങും മുൻപ് ബ്രഷ് ചെയ്യല്‍ ശീലമാക്കണം. അവര്‍ നന്നായി ബ്രഷ് ചെയ്യുന്നുണ്ടോ എന്നും ശ്രദ്ധിക്കണം. ഉറങ്ങും മുൻപ് പാലു കുടിച്ചാല്‍ പോലും വായ കഴുകിയ ശേഷമേ ഉറങ്ങാന്‍ അനുവദിക്കാവൂ.

∙ശീതള പാനീയങ്ങള്‍ നല്‍കുന്നത്

കുട്ടികള്‍ക്ക് ദാഹിച്ചാല്‍ കൊടുക്കേണ്ടത് സാധാരണ കുടിവെള്ളമാണ്, അതിനു പകരം വെയ്ക്കാന്‍ മറ്റൊരു വെള്ളവും ഇല്ല. 

∙ചെറിയ പനിയുണ്ട്, എങ്കിലും കുട്ടി ഉഷാറാണ്

നെറ്റിയില്‍ കൈ വച്ചു ചൂട് നോക്കി പനി തീര്‍ച്ചപ്പെടുത്തുന്നത് ശാസ്ത്രീയമല്ല. പനി എപ്പോള്‍ വേണമെങ്കിലും വരാം. പല അസുഖങ്ങള്‍ക്കും ലക്ഷണമായും മുന്നോടിയായും പനി വരാറുണ്ട്. റെക്ടര്‍ തെര്‍മോ മീറ്ററും മറ്റും മെഡിക്കല്‍ ഷോപ്പുകളില്‍ ലഭ്യമാണ്. അവ കൊണ്ടു വേണം പനി തിട്ടപ്പെടുത്താന്‍. കുട്ടി ഉഷാറാണെന്നു കരുതി ചെറിയ പനികളെ അവഗണിക്കരുത്. ഡോക്ടറെ കാണിക്കാന്‍ സൗകര്യപ്പെടും വരെ വീട്ടുമരുന്നുകളെങ്കിലും നല്‍കണം.

∙ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കൽ

അതിരാവിലെ ഉണർന്ന് ഒരുങ്ങി സ്കൂള്‍ ബസ്സിലേക്ക് ഓടുന്ന മക്കള്‍ വേണ്ടെന്നു വയ്ക്കുന്ന ഒരേയൊരു കാര്യം ബ്രേക്ഫാസ്റ്റ് ആയിരിക്കുമല്ലോ? ഒരു ദിവസത്തേക്ക് വേണ്ട ഊര്‍ജ്ജം പ്രദാനം ചെയ്യുന്നത് പ്രാതലാണ്. അത് ഒഴിവാക്കുമ്പോള്‍ ഉച്ച വരെ അവര്‍ വിശന്നിരിക്കേണ്ടി വരും. അതുകൊണ്ട് ബ്രേക്ഫാസ്റ്റ് കഴിച്ചിട്ട് സ്കൂളിലേക്കു പറഞ്ഞു വിടാവുന്ന വിധത്തിലായിരിക്കണം കുട്ടികളുടെ വീട്ടിലെ ടൈം ടേബിൾ ക്രമീകരിക്കേണ്ടത്. ബസ്സില്‍ ഇരുന്നു കഴിക്കാവുന്ന തരത്തിൽ‌ പഴമോ മറ്റോ കുട്ടികള്‍ക്കു നൽകാം.

∙ സ്കൂളില്‍ നിന്നു കിട്ടുന്ന അസുഖങ്ങള്‍

സ്കൂളില്‍ പോയാല്‍ കുട്ടികള്‍ക്ക് എപ്പോഴും ജലദോഷവും ചുമയും പനിയും ഒക്കെയാണ്. വീട്ടിലിരിക്കുന്ന ദിവസങ്ങളില്‍ അവര്‍ക്ക് ഒരു പ്രശ്നവുമില്ല എന്ന് പരാതി പറയുന്ന മാതാപിതാക്കളുടെ എണ്ണം ചെറുതല്ല. എന്നും ഇങ്ങനെയാണ് എന്നു പറഞ്ഞു ഈ അവസ്ഥകളെ ലാഘവത്തോടെ കാണരുത്. അസുഖം വരുമെന്നു പറഞ്ഞു സ്കൂളില്‍ വിടാതിരിക്കാനും പറ്റില്ലല്ലോ. പ്രതിരോധ ശേഷി കുറവായ കുട്ടികളില്‍ ആണ് അസുഖങ്ങള്‍ എപ്പോഴും ഉണ്ടാവുക. വൈദ്യസഹായം തേടുന്നതാണ് അഭികാമ്യം.

∙ മറ്റു കുട്ടികളുമായുള്ള താരതമ്യം

മാര്‍ക്ക്, കലാപരമായ കഴിവ്, സ്വഭാവം, ശരീര പ്രകൃതി അങ്ങനെ എല്ലാത്തിലും കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ മക്കളുമായി കുട്ടികളെ താരതമ്യം ചെയ്യുന്നത് മിക്ക മാതാപിതാക്കളുടെയും സ്വഭാവമാണ്. കുറ്റപ്പെടുത്തുന്ന ഓരോ വാക്കുകളും കുട്ടികളുടെ ആത്മാഭിമാനം വ്രണപ്പെടുത്തുന്നുണ്ട്. നല്ലതു ചെയ്യുമ്പോള്‍ അവരെ പുകഴ്ത്താന്‍ മറക്കരുത്. അഭിനന്ദനങ്ങൾ കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. അത് അവരുടെ മാനസികാരോഗ്യം വർധിപ്പിക്കുകയും കൂടുതല്‍ മികവു കാട്ടാൻ പ്രേരണയാകുകയും ചെയ്യും.

∙കുട്ടികളോടുള്ള വഴക്ക് ഒഴിവാക്കുക

കുട്ടികളുമായി വഴക്കുണ്ടാക്കാനുള്ള അവസരങ്ങള്‍ പരമാവധി ഒഴിവാക്കുക. നിസ്സാര കാര്യങ്ങള്‍ക്കുപോലും അവർ പെട്ടെന്നു വികാരാധീനരാകും. കുട്ടികള്‍ക്ക് എന്തെങ്കിലും നിരാശ അനുഭവപ്പെട്ടാല്‍ അവരോട് അനുകമ്പ കാണിക്കുകയും അവരുടെ ഭാഗത്തുനിന്നു ചിന്തിക്കുകയും വേണം. ഒപ്പം, ആ അവസ്ഥയെ എങ്ങനെ തരണം ചെയ്യാമെന്നു പറഞ്ഞു കൊടുക്കണം. കുട്ടികളോട് അനുകമ്പ മാത്രം പ്രകടിപ്പിച്ചാല്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍  കഴിവില്ലാത്തവരായി അവര്‍ മാറുകയേയുള്ളൂ. കുട്ടികള്‍ പിടിവാശി കാണിച്ചു വഴക്കുണ്ടാക്കിയാല്‍ നിങ്ങളുംഅതേ രീതിയില്‍ വഴക്കുണ്ടാക്കരുത്. അപ്പോള്‍ അവർ കൂടുതല്‍ വൈകാരിക സമ്മർദത്തിലാവും. ആ അവസ്ഥ അവരുടെ സ്വഭാവത്തെയും മറ്റുള്ളവരോടുള്ള പെരുമാറ്റത്തെയും പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് വളരെ സംയമനത്തോടെ വേണം കുട്ടികള്‍ക്കു കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ.

English Summary :ten-health-issues-created-by-parents-in-children

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA