ADVERTISEMENT

വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന മട്ടില്‍ നന്മ ഉദ്ദേശിച്ചു നമ്മള്‍ ചെയ്യുന്ന പലതും വിപരീതഫലം ഉണ്ടാക്കാറുണ്ട്. ഇതുപോലെതന്നെയാണ് കുഞ്ഞുങ്ങളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ നടത്തുന്ന ചില ഇടപെടലുകളും. കുഞ്ഞുങ്ങളുടെ ആത്മവിശ്വാസം തന്നെ തകർക്കുന്ന ആറ് കാര്യങ്ങൾ ഇതാ...

1. പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കാന്‍ അവസരം നല്‍കാതിരിക്കല്‍

ഉടുപ്പ് ധരിപ്പിക്കല്‍, ഭക്ഷണം വാരിക്കൊടുക്കല്‍ തുടങ്ങി കുട്ടിയുടെ ഹോംവര്‍ക്കും പ്രോജക്റ്റും വരെ ചെയ്തു കൊടുക്കുന്ന മാതാപിതാക്കള്‍ ഉണ്ട്. ‘അത് പിന്നെ കുഞ്ഞല്ലേ’ എന്ന് വിചാരിച്ചു വാത്സല്യം ചൊരിയാനുള്ള ഉപാധിയായിട്ടാവും പലപ്പോഴും ഇതൊക്കെ ചെയ്തുകൊടുക്കുന്നത്.

ഇതുകാരണം കുട്ടികളില്‍ ഉണ്ടാവുന്ന ദോഷഫലങ്ങള്‍:-

കുട്ടികള്‍ സ്വയംപര്യാപ്തത കൈവരിക്കില്ല. മറ്റുള്ളവരെ അമിതമായി ആശ്രയിക്കുന്ന മനോഭാവം അവരില്‍ വളര്‍ന്നു വരാം. ഒറ്റയ്ക്ക് കാര്യങ്ങള്‍ ചെയ്യേണ്ടിവരികയോ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടി വരികയോ ചെയ്യുമ്പോള്‍ അവര്‍ നിസ്സഹായരായി പോകും.

മാതാപിതാക്കള്‍ ചെയ്യേണ്ടത്:-

പ്രായത്തിനു അനുസരിച്ചുള്ള കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ അനുവദിക്കുക. അവശ്യഘട്ടങ്ങളില്‍ നിങ്ങള്‍ സഹായിക്കാന്‍ ഇറങ്ങുന്നതിനു മുന്നേ സ്വയം പ്രയത്നിക്കാന്‍ ഉള്ള അവസരം കൊടുക്കുക. പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള വൈദഗ്ദ്ധ്യം കുഞ്ഞുങ്ങളില്‍ വളര്‍ത്താന്‍ ശ്രമിക്കുക. 

2. അമിതപ്രതീക്ഷകള്‍ വച്ച് പുലര്‍ത്തുക

കുഞ്ഞിനു ഒന്നാം റാങ്ക് തന്നെ വേണം, മാത്രമല്ല എല്ലാ പരീക്ഷകളിലും മുഴുവന്‍ മാര്‍ക്കും വേണം, എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം ഇതാണ്. ഇതുപോലെയുള്ള അമിതപ്രതീക്ഷകളുടെ ഭാരം കുഞ്ഞിനു ഗുണത്തെക്കാളേറെ ദോഷമേ ചെയ്യു.

ഇതുകാരണം കുട്ടികളില്‍ ഉണ്ടാവുന്ന ദോഷഫലങ്ങള്‍:-

മാതാപിതാക്കളുടെ അമിതപ്രതീക്ഷ കുഞ്ഞുമനസ്സില്‍ ഏല്‍പ്പിക്കുന്ന ആഘാതം വലുതാണ്‌. ‘എന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല’ എന്ന അപകര്‍ഷതാ ബോധം കുഞ്ഞുമനസ്സില്‍ ഉണ്ടാകും.

മാതാപിതാക്കള്‍ ചെയ്യേണ്ടത്:-

കുഞ്ഞുങ്ങളുടെ പ്രായത്തിനും കഴിവിനും അനുസരിച്ചുള്ള പ്രതീക്ഷകള്‍ വച്ച് പുലര്‍ത്തുക. നിങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്തു ഉയര്‍ന്നില്ല എന്നുള്ളത് കൊണ്ട് അവരുടെ നേട്ടങ്ങള്‍ അംഗീകരിക്കാതെ ഇരിക്കരുത്. നിങ്ങളുടെ പ്രതീക്ഷകളുടെ മൂക്കുകയറില്‍ കുഞ്ഞിന്‍റെ ഭാവിതീരുമാനങ്ങള്‍ പരിമിതപ്പെടുത്താതെ ഇരിക്കുക. കുഞ്ഞിന്‍റെ നേട്ടങ്ങള്‍ മനസ്സ് തുറന്നു അഭിനന്ദിക്കുക. ഒപ്പം കൂടുതല്‍ നേട്ടം കൈവരിക്കാന്‍ കുഞ്ഞിനു കഴിയുമെന്ന നിങ്ങളുടെ വിശ്വാസം പങ്കുവയ്ക്കുക. ആ വിശ്വാസത്തിന്‍റെ ചിറകിലേറി നിങ്ങള്‍ പ്രതീക്ഷിച്ചതിലും വിശാലമായി അവരുടെ ലോകം വളരട്ടെ.

3. താരതമ്യപ്പെടുത്തലുകള്‍

കുട്ടികളെ അങ്ങ് പ്രോത്സാഹിപ്പിച്ചു കളയാം എന്ന ഭാവത്തിലാണ് പലവീട്ടുകാരും മറ്റു കുട്ടികളുമായി കുഞ്ഞുങ്ങളെ താരതമ്യം ചെയ്യുന്നത്.  ചിലര്‍ സഹോദരങ്ങളെ വച്ചാവും താരതമ്യം ചെയ്യുക. മാര്‍ക്ക്‌, സല്‍സ്വഭാവം, കഴിവ്, അച്ചടക്കം തുടങ്ങി പലതും ഈ താരതമ്യപഠനത്തില്‍ വിഷയങ്ങളാകും.. 

ഇതുകാരണം കുട്ടികളില്‍ ഉണ്ടാവുന്ന ദോഷഫലങ്ങള്‍:-

കുട്ടികളില്‍ അപകര്‍ഷതാബോധം നിറയ്ക്കും. മാതാപിതാക്കളോട് ദേഷ്യവും താരതമ്യം ചെയ്യപ്പെടുന്ന കുട്ടികളോട് അസൂയയും ഉണ്ടാവും. താരതമ്യം സഹോദരങ്ങളോടാണെങ്കില്‍ ഈ അസൂയ സ്പര്‍ധയ്ക്കും വെറുപ്പിനും വഴിവയ്ക്കും.

മാതാപിതാക്കള്‍ ചെയ്യേണ്ടത്:-

മറ്റൊരാളെ ചൂണ്ടിക്കാട്ടി താരതമ്യം ചെയ്യുന്നതിന് പകരം, കുഞ്ഞില്‍ നിങ്ങള്‍ ഉണ്ടാവാന്‍ ആഗ്രഹിക്കുന്ന നന്മകളുടെ ഗുണങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കാം. നിങ്ങളുടെ കുഞ്ഞുങ്ങളില്‍ ഉള്ള നല്ല ശീലങ്ങളെ ചൂണ്ടികാണിച്ചു കൊണ്ട് തന്നെ ഇതു പറയുന്നത് അവരില്‍ ആത്മവിശ്വാസം കൂട്ടും. അവര്‍ നടത്തുന്ന പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും അവരെ പ്രചോദിപ്പിക്കും. 

4. അമിതലാളന

കുഞ്ഞു പറയുന്നതെല്ലാം നിരുപാധികം അംഗീകരിക്കുക, അവര്‍ക്ക് ആവശ്യമുള്ളതിലും കൂടുതല്‍ അവര്‍ക്ക് നല്‍കുക, അവരുടെ എല്ലാ വാശിയും അംഗീകരിച്ചു കൊടുക്കുക എന്നിവ അമിതലാളനയുടെ വകുപ്പില്‍ വരുന്നു. മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളിലും മാനസ്സികപ്രശ്നങ്ങള്‍ അമിതലാളനയാല്‍ ഉണ്ടാകുമെന്നാണ് ചില മാനസ്സികവിദഗ്ദര്‍ പറയുന്നത്.

ഇതുകാരണം കുട്ടികളില്‍ ഉണ്ടാവുന്ന ദോഷഫലങ്ങള്‍:-

പറ്റില്ല അല്ലെങ്കില്‍ അരുത് എന്ന് പറഞ്ഞു വിലക്കിയാല്‍ അത് കുഞ്ഞിനുഉള്‍കൊള്ളാന്‍ കഴിയാതെ വരും. ആളുകളുടെയും സാധനങ്ങളുടെയും മൂല്യം കല്‍പ്പിക്കാനുള്ള കഴിവ് അവര്‍ക്ക് ഉണ്ടാകുകയില്ല. അവര്‍ എന്ത് ആഗ്രഹിച്ചാലും അത് ഉടനെ കിട്ടണം എന്ന് വാശിപിടിക്കുന്ന കടുംപിടിത്തകാരായി മാറും. 

മാതാപിതാക്കള്‍ ചെയ്യേണ്ടത്:-

കുഞ്ഞിനു ആവശ്യമുള്ളത് , ആവശ്യമുള്ളപ്പോള്‍ മാത്രം നല്‍കുക. വാശിപിടിച്ചത് കൊണ്ട് ഒരു ഗുണവും ഇല്ലെന്നു മാതാപിതാക്കള്‍  ബോധ്യപ്പെടുത്തികൊടുക്കുക. വാശിപിടിക്കുന്ന കാര്യങ്ങള്‍ നടത്തികൊടുത്താല്‍ കുഞ്ഞുങ്ങള്‍ വഷളായിപോകും എന്നുള്ളത് കൊണ്ട് വാശി പിടിക്കുന്ന കാര്യങ്ങള്‍ നടത്തിതരാന്‍ നിര്‍വാഹം ഇല്ലെന്നു ആദ്യം സ്നേഹത്തോടെ പറഞ്ഞു മനസിലാക്കാം. പിന്നീട് വാശി പിടിച്ചു കരയുക , ഭക്ഷണം കഴിക്കാതെ ഇരിക്കുക എന്നി പ്രവര്‍ത്തികള്‍ ചെയ്‌താല്‍ അത് വകവച്ചു കൊടുക്കാതെ ഇരിക്കുക.

5. നിരന്തരം കുറ്റപ്പെടുത്തല്‍

പരാതിപ്പെട്ടി തുറന്നു വായിക്കുന്നത് പോലെ മക്കളെ ഏത് നേരവും കുറ്റപ്പെടുത്തികൊണ്ടിരിക്കുന്ന മാതാപിതാക്കള്‍ ഉണ്ട്.ചിലപ്പോള്‍ ഈ കുറ്റപ്പെടുത്തലുകളില്‍ പരിഹാസച്ചുവയും ഉണ്ടാവും. ഇതെല്ലാം നിങ്ങളുടെ കുട്ടിയുടെ വ്യക്തിത്വവികാസത്തെ പ്രതികൂലമായി ബാധിക്കും.

ഇതുകാരണം കുട്ടികളില്‍ ഉണ്ടാവുന്ന ദോഷഫലങ്ങള്‍:-

കുട്ടികളുടെ വൈകാരിക ആരോഗ്യത്തെ ഇത് തകര്‍ക്കും. അപകര്‍ഷതാബോധം , ആത്മവിശ്വാസമില്ലായ്മ എന്നിവയ്ക്ക് കാരണമാകും. മാതാപിതാക്കളോട് പ്രകടിപ്പിക്കാന്‍ കഴിയാത്ത ദേഷ്യവും ദുഖവും പിന്നീട് തീവ്ര വികാരവിക്ഷോഭങ്ങള്‍ക്കിടയാക്കും. ഭാവിയില്‍ മറ്റുള്ളവരെ രൂക്ഷമായും ക്രൂരമായും വിമര്‍ശിക്കുന്നതില്‍ ഇവര്‍ താല്പര്യം കണ്ടെത്തും.

മാതാപിതാക്കള്‍ ചെയ്യേണ്ടത്:-

വൈകാരികമായി മുറിപ്പെടുത്തുന്ന വിമര്‍ശനങ്ങള്‍ ഒഴിവാക്കുക. പകരം സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ചു ഉപദേശിക്കാം. കുട്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കരുത്. “എത്രപറഞ്ഞാലും നീ നന്നാവില്ല” എന്ന മട്ടിലുള്ള വിധിപ്രസ്താവനകള്‍ ഒഴിവാക്കുക. വെറുതെ കുറ്റപ്പെടുത്തുന്നതിനു പകരം എങ്ങനെയാണ് പെരുമാറ്റം മെച്ചപെടുത്തെണ്ടത് എന്നു പറയാന്‍ ശ്രദ്ധിക്കുക. പ്രശ്നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ സംയമനം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. 

6. അക്ഷമ

ഒരു തവണ പറഞ്ഞാല്‍ ഉടന്‍ തന്നെ കുട്ടി നമ്മളെ അനുസരിക്കണം.” –പല മാതാപിതാക്കളുടെയും വാശിയാണിത്‌. എന്നാല്‍ നമ്മള്‍ പറയുന്ന കാര്യം മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും അത് കൃത്യമായി പാലിക്കാനും കുഞ്ഞു തലച്ചോറിനു പലപ്പോഴും കൂടുതല്‍ സമയം വേണ്ടി വരും എന്നതാണ് യഥാര്‍ത്ഥ്യം. നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്ന കാര്യത്തില്‍ പ്രത്യേകിച്ചും. 

ഇതുകാരണം കുട്ടികളില്‍ ഉണ്ടാവുന്ന ദോഷഫലങ്ങള്‍:-

മാതാപിതാക്കളുടെ പിന്തുണയില്ലായ്മ കുട്ടിയെ നിരുത്സാഹപ്പെടുത്തും. കുഞ്ഞുങ്ങളില്‍ മാനസ്സികസംഘര്‍ഷം ഉണ്ടാക്കും. വെല്ലുവിളികള്‍ നേരിടുന്നഅവസരത്തില്‍ ,അവര്‍ ഒന്ന് ശ്രമിച്ചു നടന്നില്ലെങ്കില്‍ ഉടനെ മനസ്സ് പതറിപോകും.

മാതാപിതാക്കള്‍ ചെയ്യേണ്ടത് :-

ഒരു ഘട്ടത്തിലും കുഞ്ഞുങ്ങളുടെ പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുക. നിങ്ങള്‍ അവരുടെ പ്രയത്നത്തെ പരിഗണിക്കുന്നു എന്ന തിരിച്ചറിവ് അവരില്‍ ഉണ്ടാക്കുക, പടിപടിയായെ പല കാര്യങ്ങളും കുഞ്ഞുങ്ങള്‍ക്ക്‌ മെച്ചപ്പെടുത്താന്‍ കഴിയു എന്ന് തിരിച്ചറിഞ്ഞു അതനുസരിച്ച് പ്ലാന്‍ ചെയ്യുക. 

English Summary : Do's and dont's of parenting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com