ADVERTISEMENT

ഈയിടെയായി വാർത്തകളിൽ നിറയുന്ന കുഞ്ഞുങ്ങളുടെ ആത്മഹത്യകൾ ആരേയും അസ്വസ്ഥരാക്കും. ഈ ലോക്ഡൗൺ കാലത്ത് കുട്ടികളിൽ ഈ പ്രവണത കൂടിവരുന്നതായാണ് കാണുന്നത്.  എന്തുകൊണ്ടാണ് കുഞ്ഞുങ്ങളുടെ മനസിൽ ഇത്തരം ചിന്തകൾ കടന്നുകൂടുന്നത്?  ഇത് തടയാൻ രക്ഷിതാക്കൾക്ക് എന്തൊക്കെ ചെയ്യാനാകും? ഇതിന് കാരണങ്ങൾ എന്തൊക്കയാണ്?  ഇങ്ങനെ നിരവധി ചോദ്യങ്ങളും ഉത്തരങ്ങളുമായി ഡോ. ഷിമ്ന അസീസിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. 

ഡോ. ഷിമ്ന അസീസിന്റെ കുറിപ്പ് വായിക്കാം.

മനസ്സ്‌ വല്ലാതെ അസ്വസ്‌ഥമാക്കി കൊണ്ടിരുന്ന ഒരു സുപ്രധാന വിഷയമാണ്‌ ഈയിടെയായി ആവർത്തിച്ച്‌ കേട്ട്‌ കൊണ്ടിരിക്കുന്ന കുട്ടികളുടെ ആത്മഹത്യകൾ. പത്തും പന്ത്രണ്ടും വയസ്സൊക്കെയുള്ള മക്കളാണ്‌ പലപ്പോഴും ഇങ്ങനെ ഇല്ലാതാകുന്നതെന്നത്‌ വല്ലാത്ത ഞെട്ടലുളവാക്കുന്ന വാർത്ത തന്നെയാണ്‌.

'കുട്ടിക്ക്‌ മൊബൈൽ ഫോൺ നിഷേധിക്കുന്നത്‌' പോലെ മുതിർന്നവർക്ക്‌ പലപ്പോഴും നിസ്സാരമെന്ന്‌ തോന്നാവുന്ന കാരണങ്ങളും, വീട്ടിൽ വഴക്ക്‌ കേട്ടതിന്റെ വാശി തീർക്കലും, ലൈംഗികാതിക്രമങ്ങളും മയക്കുമരുന്നും വിഷാദരോഗവും തുടങ്ങി കുഞ്ഞുങ്ങൾ സ്വയം ഇല്ലാതാവുന്നതിന്‌ കാരണങ്ങൾ ഏറെയാണ്‌. ഒരു കുഞ്ഞിനെ ഇങ്ങനെ നഷ്‌ടപ്പെട്ട്‌ കഴിഞ്ഞാൽ മാതാപിതാക്കൾ, പ്രത്യേകിച്ച്‌ മാതാവ്‌ കേൾക്കുന്ന പഴികൾക്ക്‌ അറ്റമുണ്ടാകില്ലെന്നതും ഇതോടൊപ്പം ചേർത്ത്‌ വായിക്കണം.

 

ലോക്ക്‌ഡൗൺ തുടങ്ങിയ ശേഷം നൂറ്റെഴുപതിലേറെ കുഞ്ഞുങ്ങൾ കേരളത്തിൽ മാത്രം ആത്മഹത്യ ചെയ്‌തിരിക്കുന്നു! ഒരു കാലഘട്ടം കിട്ടാൻ വേണ്ടി ലോക്ക്‌ഡൗൺ എന്ന ടൈം റഫറൻസ്‌ പറഞ്ഞെന്നേയുള്ളൂ. ഒരെണ്ണം ആയാൽ പോലും കുഞ്ഞുങ്ങളുടെ ആത്മഹത്യകൾ സഹിക്കാവുന്നതിലപ്പുറം തന്നെയാണ്‌. കുട്ടികൾ ആത്മഹത്യ ചെയ്യുന്നതിന്‌ പ്രധാനകാരണങ്ങളായി കണക്കാക്കപ്പെടുന്നത്‌ അവരുടെ സ്വഭാവത്തിലുള്ള എടുത്തുചാട്ടം, അടുത്തിടെയുണ്ടായ വലിയ നഷ്‌ടങ്ങൾ, മാനസികപ്രശ്‌നങ്ങൾ, ജീവിതത്തിൽ പ്രതീക്ഷയില്ലായ്‌മ, മദ്യം, മയക്കുമരുന്ന്‌ തുടങ്ങി പലതുമാണ്‌. ഇതോടൊപ്പം കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും നേരിടുന്ന പീഡനങ്ങളും അവഗണനയും, പരിഹാസങ്ങൾ, ആത്മഹത്യക്ക്‌ സഹായിക്കുന്ന ഉപകരണങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യത തുടങ്ങിയവയും സമാന സാഹചര്യമുണ്ടാക്കാം.

 

ആത്മഹത്യക്ക്‌ ശ്രമിക്കുന്നവരുടെ എണ്ണത്തിൽ കൂടുതൽ പെൺകുട്ടികളാണെങ്കിലും അത്‌ പൂർത്തിയാക്കുന്ന രീതിയിൽ ചെയ്‌ത്‌ തീർക്കുന്നത്‌ കൂടുതലും ആൺകുട്ടികളാണ്‌ എന്ന് കണക്കുകൾ പറയുന്നു. ഇഴയടുപ്പമുള്ള കുടുംബങ്ങളിലെ മക്കൾ ഈ അവസ്‌ഥയിലെത്താനുള്ള സാധ്യത താരതമ്യേന കുറവാണ്. ഇവിടെ ഇഴയടുപ്പവും സ്‌നേഹവും സന്തോഷവുമൊക്കെയുണ്ടെന്ന്‌ കുഞ്ഞിന്‌ കൂടി തോന്നണമെന്ന്‌ മാത്രം.

 

മുതിർന്നവരുടെ മുൻവിധിക്കനുസരിച്ചല്ല കുട്ടികളുടെ ലോകം ചലിക്കുന്നത്‌ എന്ന്‌ കൂടിയോർക്കണം നമ്മൾ. "അവന്‌/അവൾക്ക്‌ ഇവിടെന്താ കുറവ്‌!!" എന്ന്‌ ചിന്തിക്കുന്നത്‌ പലപ്പോഴും തെറ്റിദ്ധാരണയാണ്‌. പ്രകടിപ്പിക്കാത്ത സ്‌നേഹവും അമിതമായി കുത്തിയൊലിക്കുന്ന സ്‌നേഹവും ഒരേ പോലെ ശരികേടാണ്‌. പ്രശ്‌നങ്ങൾ സ്വയം പരിഹരിക്കാൻ കെൽപുള്ള കുഞ്ഞുങ്ങൾ, അവർക്ക്‌ ആവശ്യമെങ്കിൽ പെട്ടെന്ന്‌ മാനസികരോഗവിദഗ്‌ധരെ കാണിക്കാനുള്ള സൗകര്യം, നമ്മൾ കൊടുക്കുന്ന പിന്തുണ, തുറന്ന ആശയവിനിമയം തുടങ്ങിയവയെല്ലാം അവരെ സംരക്ഷിക്കും.

 

കുട്ടി എന്തെങ്കിലും സമ്മർദ്ദത്തിലാണെന്ന്‌ തോന്നിയാൽ നിങ്ങൾക്ക്‌ അവരെത്ര പ്രിയപ്പെട്ടതാണെന്നും നിങ്ങൾ അവരെ എത്ര സ്‌നേഹിക്കുന്നുവെന്നും വാക്കാൽ തന്നെ പറയുക. അതിലൊരു കുറവും വിചാരിക്കേണ്ടതില്ല. അവരുടെ വിഷമം ചോദിച്ചറിഞ്ഞ്‌ കുറ്റപ്പെടുത്താതെ കൂടെ നിൽക്കുക.

പഠനാവശ്യത്തിനും മറ്റുമായി കുട്ടികൾക്ക് മൊബൈൽ ഫോൺ ഒരു അവശ്യവസ്തുവായ കാലഘട്ടമാണിത്. എന്നാൽ അവർ ആ ഉപകരണം വഴി എന്തൊക്കെ ചെയ്യുന്നു എന്ന് സുവ്യക്തമായ ധാരണ മാതാപിതാക്കൾക്കുണ്ടാവണം. ആവശ്യമെങ്കിൽ അവരുടെ മൊബൈൽ ഫോണുകൾ പരിശോധനക്ക് വിധേയമാക്കുക തന്നെ വേണം. ഓൺലൈൻ ക്ലാസിന്‌ വാങ്ങി കൊടുത്ത സ്‌മാർട്ട്‌ ഫോണിനേക്കാൾ സ്‌മാർട്ടാണ്‌ മക്കളെന്ന്‌ അഭിമാനപൂർവ്വം പറയുന്ന നമ്മളോരോരുത്തരും അതിലെ ചതിക്കുഴികൾ സൗകര്യപൂർവ്വം കണ്ടില്ലെന്ന്‌ നടിക്കരുത്‌. അവരുടെ അധ്യാപകരുമായും ഏറ്റവും അടുപ്പമുള്ള കൂട്ടുകാരുമായും ബന്ധം വേണം.

 

ആത്മഹത്യാചിന്തകൾ പങ്ക്‌ വെക്കുന്ന മക്കളെ ചീത്ത പറയുകയോ പരിഹസിക്കുകയോ പുച്‌ഛിക്കുകയോ ചെയ്യരുത്‌. അവരെ കേൾക്കണം, കൂടെ നിൽക്കണം, വേണമെങ്കിൽ സൈക്യാട്രിസ്‌റ്റിന്റെ സഹായം തേടണം. ആത്മഹത്യയെക്കുറിച്ച്‌ മനസ്സിലാക്കുന്ന കുട്ടി അത് കേട്ട പാടെ അതേ പടി പോയി ചെയ്ത്‌ കളയുമെന്ന്‌ കരുതേണ്ടതില്ല. പത്രം വായിക്കുകയും സിനിമ കാണുകയും സ്‌മാർട്ട്‌ ഫോൺ ഉപയോഗിക്കുകയും ചെയ്യുന്ന കുട്ടിക്ക്‌ ആത്മഹത്യയെക്കുറിച്ച്‌ അറിയാൻ നിങ്ങൾ സംസാരിക്കണമെന്നുമില്ല. പക്ഷേ, അതേക്കുറിച്ച്‌ ശരിയായി അറിയാൻ നിങ്ങൾ സംസാരിച്ചേ മതിയാകൂ. അതാണ്‌ ഈ ഘട്ടത്തിൽ രക്ഷിതാവ്‌/ഇതിന്‌ ചുമതലയുള്ള മുതിർന്ന വ്യക്‌തി എന്ന രീതിയിൽ നിങ്ങൾക്കുള്ള പ്രസക്‌തിയും.

 

കുട്ടിയുടെ ഒരു കൂട്ടുകാരൻ/കൂട്ടുകാരി ഇത്തരത്തിൽ മരിക്കുമെന്നോ മരിക്കണമെന്നോ സൂചന തന്നതായി അറിഞ്ഞാൽ അത്‌ രഹസ്യമാക്കി വെക്കാതെ ഉത്തരവാദിത്വപ്പെട്ട മുതിർന്നവരെ അറിയിക്കണമെന്ന്‌ കൂടി കുട്ടികളോട്‌ ഇതേക്കുറിച്ച്‌ സംസാരിക്കുന്ന കൂട്ടത്തിൽ പറയുക.

ഓർക്കുക, കുട്ടികളുടെ ആത്മഹത്യകൾ തടയാനാവും. നമ്മളാദ്യം ചെയ്യേണ്ടത്‌ ഇങ്ങനെയൊരു പ്രശ്‌നസാഹചര്യം ഉണ്ടെന്ന്‌ തിരിച്ചറിയുകയാണ്‌. ഇതൊന്നും എനിക്ക്‌ ബാധകമല്ലെന്ന്‌ ചിന്തിക്കരുത്‌. ആധുനിക കാലത്ത്‌ ആർക്കും നേരിടേണ്ടി വന്നേക്കാവുന്ന ഒരാഘാതം തന്നെയാണിത്‌.

ഏറെ കരുതൽ വേണം.

കുട്ടികളാണ്‌.

നമ്മുടെ പ്രാണൻ കൊരുത്തു വെച്ചിരിക്കുന്ന ചില്ലകളാണ്‌...

Dr. Shimna Azeez

 

English Summary : Social media post by Dr Shimna Azeez on suicide in children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com