കളിപ്പാട്ടം തിരഞ്ഞെടുക്കുമ്പോൾ ഇത്തരം അബദ്ധങ്ങൾ പറ്റാറുണ്ടോ?

HIGHLIGHTS
  • ബിൽഡിങ് ബ്ലോക്കുകൾ രണ്ടു വയസ്സു കഴിഞ്ഞ കുട്ടികൾക്ക് അനുയോജ്യമായ കളിപ്പാട്ടമാണ്
  • അവർ പോലുമറിയാതെ പ്രശ്നപരിഹാര ശേഷികളും യുക്തിചിന്തയും ബലപ്പെടുന്നു
things-consider-when-buy-toys-for-kids
Representative image. Photo Credits : Sergiy / Shutterstock.com
SHARE

ഏറെനേരമെടുത്ത് തിരഞ്ഞ് വാങ്ങിച്ച കളിപ്പാട്ടമാണ്. പക്ഷേ, രണ്ടു ദിവസം കഴിഞ്ഞതോടെ കുട്ടി അതിനെ തിരിഞ്ഞുനോക്കാതായി...പലർക്കും ഇങ്ങനെ അനുഭവം കാണും.  കുട്ടിയുടെ വിവിധ വളർച്ചാഘട്ടങ്ങളിൽ ഉപയോഗപ്രദമായ കളിപ്പാട്ടം തിരഞ്ഞെടുത്താൻ ഈ പ്രശ്നം പരിഹരിക്കാം. ഉദാഹരണത്തിന് ട്രെയിനുകളും ട്രക്കുകളും പോലുള്ള വണ്ടികൾ, സ്റ്റഫ് ചെയ്തതരം പാവകൾ. കുട്ടി വലുതായാലും ഈ കളിപ്പാട്ടങ്ങളുടെ ഉപയോഗം അവസാനിക്കില്ല.

ബിൽഡിങ് ബ്ലോക്കുകൾ രണ്ടു വയസ്സു കഴിഞ്ഞ കുട്ടികൾക്ക് അനുയോജ്യമായ കളിപ്പാട്ടമാണ്. ഈ പ്രായത്തിലെ കുട്ടികൾ ഏറ്റവും ആസ്വദിക്കുന്നതും  വയ്ക്കുകയും ഊരിയെടുക്കുകയും വീണ്ടും വയ്ക്കുകയും ഒക്കെ ചെയ്യാവുന്ന തരം കളിപ്പാട്ടങ്ങൾ ആണ്. ഈ പ്രായത്തിൽ നല്ല വലുപ്പമുള്ള ബ്ലോക്കുകൾ നൽകുന്നതാണ് നല്ലത്. ചെറിയ ഫ്ളാറ്റോ കുഞ്ഞി ട്രെയിനോ ഉണ്ടാക്കുമ്പോൾ കുട്ടിയുടെ ഭാവന വികസിക്കുന്നു. അതോടൊപ്പം അവർ പോലുമറിയാതെ പ്രശ്നപരിഹാര ശേഷികളും യുക്തിചിന്തയും ബലപ്പെടുന്നു. ഇത്തരം കളിപ്പാട്ടങ്ങളിലെ നിറങ്ങളും മറ്റും ദോഷകരമായേക്കാം എന്നതിനാൽ ഇത് കുട്ടി വായിൽ വയ്ക്കാതെ ശ്രദ്ധിക്കണം. 

കളിമണ്ണും ക്രയോൺസും ഒക്കെ കുട്ടിക്ക് കളിക്കാൻ കൊടുത്താൽ അപകടമല്ലേ എന്നു പേടിച്ച് പല അച്ഛനമ്മമാരും ഇവ നൽകാറില്ല. പക്ഷേ, ഇത്തരം വസ്തുക്കൾ കുട്ടിയുടെ കൈയും–കണ്ണുമായി യോജിച്ചുള്ള പ്രവർത്തനം മെച്ചപ്പെടുത്തും. കളിമണ്ണു കുഴയ്ക്കുകയും ക്രയോൺസ് മുറുകെപിടിക്കുകയും ചെയ്യുന്നതുവഴി കൈയിലെയും വിരലുകളിലെയും ചെറിയ പേശികൾ കൂടുതൽ ഉപയോഗിക്കുന്നു. ഇത് കുട്ടിയുടെ ഫൈൻ മോട്ടോർ സ്കില്ലുകൾ മെച്ചപ്പെടാൻ സഹായിക്കും. ഇത്തരം വസ്തുക്കൾ നല്ല ബ്രാൻഡ് നോക്കി വാങ്ങുകയും ഉപയോഗശേഷം കൈയും മുഖവും വൃത്തിയാക്കുകയും ചെയ്യണമെന്ന് മറക്കരുത്. 

മൂന്നുവയസ്സ് -പേപ്പർ തൊപ്പി വച്ച് രാജാവാകാനും ഷോൾ ചുറ്റി അമ്മയാകാനും ഒക്കെ കുട്ടികൾ ഈ പ്രായത്തിൽ ശ്രമിച്ചുതുടങ്ങും  ഇത്തരം റോൾ പ്ലേകൾക്ക് പറ്റിയ ടോയ് സെറ്റുകൾ വാങ്ങിക്കൊടുക്കാം. ഡോക്ടേഴ്സ് സെറ്റ്, കിച്ചൺ സെറ്റ് എന്നിങ്ങനെ ഇത്തരം ഒട്ടേറെ കളിപ്പാട്ടങ്ങൾ ലഭ്യമാണ്. ഭാഷാശേഷികൾ മെച്ചപ്പെടുത്താനും പ്രശ്നപരിഹാരശേഷികൾ ബലപ്പെടുത്താനും റോൾ പ്ലേ സഹായിക്കും. 

മാഗ്നറ്റിക് ആൽഫബെറ്റുകൾ, മാർക്കർ, ക്രയോൺ, ഫിംഗർ പെയിന്റ് എന്നിവ വായനയും എഴുത്തും സംബന്ധിച്ച ശേഷികൾ മികച്ചതാക്കും. വലുപ്പമുള്ള പടങ്ങളുള്ള കഥപുസ്തകങ്ങൾ കുട്ടികൾക്കു നൽകാം. കഥ പറഞ്ഞുകൊടുക്കുന്നതിനൊപ്പം കഥാപാത്രങ്ങളുടെ രൂപഭാവങ്ങൾ ചിത്രത്തിലൂടെ പരിചയപ്പെടുത്താം. 

കളിയ്ക്കൊ പ്പം അൽപം ശാരീരികവ്യായാമം കൂടി കുട്ടിക്ക് ലഭിക്കണമെന്നുണ്ടെങ്കിൽ സൈക്കിളുകൾ, പലതരം പന്തുകൾ, ബോളിങ് സെറ്റുകൾ എന്നിവ വാങ്ങിനൽകാം. കൂർത്ത അഗ്രങ്ങൾ ഉള്ളവയും ഭാരക്കൂടുതലുള്ളവയും ഒഴിവാക്കണം. പന്തുകൾ കനംകുറഞ്ഞ സ്പോഞ്ച് പന്തുകളാണെങ്കിൽ ഏറെ നല്ലത്. 

പച്ചയും ചുവപ്പും മഞ്ഞയും വെളിച്ചം തെളിയുന്ന ശബ്ദമുണ്ടാക്കുന്ന കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് ഹരമാണ്. പക്ഷേ, ഇത്തരം കളിപ്പാട്ടങ്ങൾ വിനോദത്തിന് മാത്രമേ പ്രയോജനപ്പെടൂ. കുട്ടിയുടെ ഇടപെടൽ ആവശ്യമില്ലാത്തതിനാൽ മറ്റു ശേഷികൾ വളരണമെന്നില്ല. കുട്ടിക്കു കൂടി എന്തെങ്കിലും ചെയ്യാനുള്ളതരം കളിപ്പാട്ടങ്ങളാണ് ഏറ്റവും ഉപകാരപ്പെടുക. എത്രയധികം ശരീരവും മനസ്സും ബുദ്ധിയും കളിയിൽ പ്രയോഗിക്കുന്നുവോ അത്ര കണ്ട് കുട്ടിയിലെ ശേഷികൾ മെച്ചപ്പെടും. 

English Summary :  Things to consider when buy toys for kids

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA