മറക്കാതിരിക്കാൻ എന്തുവേണം? ഓർത്തിരിക്കുന്നത് എങ്ങനെയെന്നു പഠിക്കാം

HIGHLIGHTS
  • ഓർമയുടെ ആദ്യഘട്ടം പരാവർത്തനമാണ്.
  • ഓർമയുടെ രണ്ടാം ഘട്ടം സ്റ്റോറേജാണ്
how-to-improve-memory-power
Representative image. Photo Credits/ Shutterstock.com
SHARE

ഓര്‍മകള്‍ പലതരം. നൈമിഷികം (short term) ഉദാ– ഡയൽ ചെയ്യാൻ വേണ്ടത്ര നേരത്തേക്കു മാത്രം ഒരു ഫോൺ നമ്പർ ഓർത്തുവയ്ക്കുന്നു

ദീർഘകാലം (ചിരകാലീനം– long term)– ഏറെ നാൾ നിലനിൽക്കുന്നത്

വാക്കുകൾ (semantic) ഉദാ– ഈഫൽ ടവർ എവിടെയാണെന്നതുപോലെയുള്ള പൊതുവിജ്ഞാനം

സ്പഷ്ടം(explicit)- ബോധമനസ്സിലേക്കു കൊണ്ടുവരാവുന്നവ

അന്തർലീനം(implicit)- ഡ്രൈവിങ് പോലുള്ള പ്രവൃത്തികൾ ചെയ്യുന്നതെങ്ങനെ എന്ന ഓർമ

സംഭവങ്ങൾ(episodic) ഉദാ– മൈക്കിനു മുന്നിൽ ആദ്യമായി നിന്നത് പോലുള്ളവ

ഓർമിക്കുന്നതെങ്ങനെ?

കാര്യങ്ങള്‍ ഓര്‍മയില്‍ പതിയുകയും പിന്നീട് ആവശ്യാനുസരണം സ്മൃതിപഥത്തിലേക്കു വരികയും ചെയ്യുന്ന പ്രക്രിയയ്ക്കു മൂന്നു ഘട്ടങ്ങളുണ്ട്:

1.പരാവർത്തനം (encoding) –പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളെ ഓർമയിലേക്കു മാറ്റുന്നത്

ഓരോ നിമിഷവും നമുക്കു ചുറ്റും ഒട്ടേറെ കാര്യങ്ങൾ നടക്കും. പക്ഷേ, അതിൽ നാം സവിശേഷ ശ്രദ്ധ കൊടുക്കുന്ന കുറച്ചെണ്ണത്തിനേ എന്‍കോഡിങ് സംഭവിക്കൂ. 

ഒരേ സംഭവത്തിന്‍റെ വിവിധ ഘടകഭാഗങ്ങളുടെ എന്‍കോഡിങ്  നടക്കുക തലച്ചോറില്‍ വ്യത്യസ്ത സ്ഥലങ്ങളിലായാണ്. ഉദാഹരണത്തിന്, ഒരു ആപ്പിള്‍ കഴിക്കുമ്പോള്‍  അതിന്‍റെ നിറം, സ്വാദ്, അതു കടിച്ചപ്പോഴുണ്ടായ ശബ്ദം എന്നിവയുടെ എന്‍കോഡിങ്  സംഭവിക്കുക യഥാക്രമം കാഴ്ച, രുചി, ശബ്ദം എന്നിവയ്ക്കുള്ള മസ്തിഷ്ക

കേന്ദ്രങ്ങളിലാണ്. എന്‍കോഡിങ് നടത്തപ്പെടുന്ന വിവരങ്ങള്‍ ഭൂരിഭാഗവും അൽപനേരം ഷോർട്  ടേം മെമ്മറിയില്‍ നിര്‍ത്തിയ ശേഷം നാം എന്നത്തേക്കുമായി മറന്നുപോവുകയാണു ചെയ്യുക.

2 വീണ്ടെടുക്കൽ (retrieval) ഓർമയിൽ സൂക്ഷിച്ചിട്ടുള്ള ഒരു വിവരം പുറത്തെടുക്കുന്നത്

എന്‍കോഡിങ് ചെയ്യപ്പെട്ടതില്‍ ചില വിവരങ്ങള്‍ സ്റ്റോറേജ് വഴി ലോങ്  ടേം മെമ്മറിയില്‍ ദീര്‍ഘനാള്‍ സൂക്ഷിക്കും. എന്‍കോഡിങ് വേളയില്‍ ഒരോര്‍മയുടെ വിവിധ ഭാഗങ്ങള്‍ 

തലച്ചോറിലെ പല സ്ഥലങ്ങളില്‍ ചെന്നെത്തുമല്ലോ. ആ സ്ഥലങ്ങള്‍ക്കിടയില്‍ മസ്തിഷ്കകോശങ്ങള്‍ തമ്മില്‍ പുതിയ ബന്ധങ്ങള്‍  രൂപപ്പെടുകയും ശക്തമാവുകയും പുതിയൊരു 

സര്‍ക്യൂട്ട് സൃഷ്ടിക്കപ്പെടുകയും  വഴിയാണു സ്റ്റോറേജ് സാധ്യമാകുന്നത്. പിന്നീട് ആ ഓര്‍മ നാം ഓരോ തവണ പുറത്തെടുക്കുമ്പോഴും പ്രസ്തുത സര്‍ക്യൂട്ട് കൂടുതല്‍ 

ബലവത്താകും.

3. വീണ്ടെടുക്കൽ (retrieval) ഓർമയിൽ സൂക്ഷിച്ചിട്ടുള്ള ഒരു വിവരം പുറത്തെടുക്കുന്നത്

ഒരു നിശ്ചിത ഓര്‍മ രേഖപ്പെടുത്തിയ ബ്രെയിന്‍ സര്‍ക്യൂട്ട് സന്ദര്‍ഭാനുസരണം പ്രവർത്തനക്ഷമമാവുകയാണ് റിട്രീവൽ നേരത്തു നടക്കുന്നത്.

റിട്രീവല്‍ രണ്ടു തരത്തിലുണ്ട്: 

1. ഓര്‍ത്തെടുക്കല്‍ ( Recall): ഒരു വിവരം ഓര്‍മയില്‍നിന്നു പരതിയെടുക്കുന്നത്. ‘റഷ്യയിലെ നാണയമേതാണ്?’ എന്നതിന്‍റെ ഉത്തരം ആലോചിക്കുമ്പോള്‍ 

റികോള്‍ ആണു സംഭവിക്കുന്നത്.

2. തിരിച്ചറിയല്‍ (Recognition): മള്‍ട്ടിപ്പിള്‍ ചോയ്സ് 

ചോദ്യങ്ങളിലേതു പോലെ, കുറച്ച് ഓപ്ഷനുകളില്‍നിന്നു ശരിയുത്തരം തിരഞ്ഞെടുക്കുന്നത്. തിരിച്ചറിയിൽ ആണ് ഓർത്തെടുക്കലിനേക്കാൾ എളുപ്പം.

ഓർമയെ സഹായിക്കുന്ന മസ്തിഷ്കഭാഗങ്ങൾ

ഫ്രോണ്ടൽ ലോബ് –സ്പഷ്ടമായ ഓർമ(explicit)

പരൈറ്റൽ ലോബ്– ഏകാഗ്രത,  ഹ്രസ്വകാല ഓർമ

ബേസൽ ഗാംഗ്ലിയ –അന്തർലീനമായ ഓർമ (implicit memory)

സെറിബെല്ലം –വിവിധ പ്രവൃത്തികൾ നിർവഹിക്കുന്നത് എങ്ങനെ എന്ന ഓർമ

സെറിബ്രൽ കോർട്ടക്സ്– ദീർഘകാല ഓർമകൾ സംഭരിക്കുന്നു.

ഹിപ്പോകാംപസ് ––എൻകോഡിങ്ങിന് അനിവാര്യം. വഴികളുടെയും മാപ്പുകളുടെയും  ഓർമ.

മാമിലറി ബോഡി – എക്സ്പ്ലിസിറ്റ് മെമ്മറി

ടെംപൊറൽ ലോബ് –ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട ഓർമകൾ

അമിഗ്ഡല – ഭീതിയും മറ്റു വികാരങ്ങളുമായി ബന്ധപ്പെട്ട ഓർമകൾ

തലാമസ്– ഭാഷയുമായി ബന്ധപ്പെട്ട  ഓർമകൾ

മറക്കാതിരിക്കാൻ എന്തുവേണം?

സ്റ്റോറേജ് മെച്ചപ്പെടുത്താൻ

∙ പാഠഭാഗങ്ങൾ നന്നായി മനസ്സിലായ ശേഷവും പലയാവർത്തി വായിക്കുക.

∙ ഉറക്കത്തിനിടയ്ക്കാണ് ദീർഘകാല ഓർമ നിർമിക്കപ്പെടുന്നത്. അതിനാൽ ആവശ്യത്തിന് ഉറങ്ങുക.

∙ ഇടയ്ക്കിടെ റിവിഷൻ ചെയ്യുക.

∙ പഴയ ചോദ്യക്കടലാസുകളും മറ്റും ഉപയോഗിച്ച് പല തവണ മോക്ക് ടെസ്റ്റുകൾ എഴുതുക — ഉത്തരങ്ങൾ എഴുതാനായി അപ്പോൾ ഓർത്തെടുക്കുന്ന വിവരങ്ങൾ ദീർഘകാല ഓർമയിൽ കൂടുതൽ ദൃഢമാകും.

റിട്രീവൽ മെച്ചപ്പെടുത്താൻ

∙ ലാബ് എക്സ്പെരിമെന്റുകളും കംപ്യൂട്ടറിൽ ചെയ്തു കാണിക്കേണ്ട കാര്യങ്ങളും പോലുള്ള പല സ്റ്റെപ്പുകളുള്ള വിവരങ്ങൾ, അതേ ക്രമത്തിൽ ഓരോ സ്റ്റെപ്പായി ഓർത്തെടുക്കാൻ ശ്രമിക്കുന്നതു ഫലപ്രദമാകും.

∙ പട്ടികകളിൽ, തുടക്കത്തിലും ഒടുക്കവും വരുന്ന ഐറ്റങ്ങൾ ഓർത്തെടുക്കുക താരതമ്യേന എളുപ്പമായിരിക്കും. അതിനാൽ നടുക്കുള്ളവ കൂടുതൽ മനസ്സിരുത്തി പഠിക്കുക.

∙ പരീക്ഷാസമയത്ത് ടെൻഷനടിക്കാതിരിക്കുക.ടെൻഷൻ റിട്രീവലിനെ തടസ്സപ്പെടുത്തും.

സച്ചു കളർ പെൻസിൽ മറന്നതെന്തുകൊണ്ട്?

സ്കൂൾ ബസ് വന്ന് ഹോണടിക്കുന്നു. സച്ചുവിന്റെ കളർ പെൻസിൽ കാണാനില്ല. സച്ചുവും അമ്മയും തിരച്ചിലോടു തിരച്ചിൽ. കളർ പെൻസിൽ സൂക്ഷിക്കാത്ത സച്ചുവിനോട് അമ്മ ദേഷ്യപ്പെട്ടു.‘ശ്രദ്ധയില്ലാതെ എവിടെയെങ്കിലും വച്ചു കാണും’

1. പരാവർത്തനത്തിന്റെ അഭാവം (Absent-mindedness)

ഓർമയുടെ ആദ്യഘട്ടം പരാവർത്തനമാണ്. കാഴ്ചയിലൂടെയും കേൾവിയിലൂടെയും മറ്റും ലഭിക്കുന്ന വിവരങ്ങളെ പരാവർത്തനം (encoding) ചെയ്താണ് ഓർയിൽ സൂക്ഷിക്കുന്നത്. മറ്റെന്തെങ്കിലും ചിന്തയിലാണ്ടു കൊണ്ടോ ആ സ്ഥലം ഓർത്തുവയ്ക്കണമെന്നു തീരെ ഉദ്ദേശിക്കാതെയോ കളർ പെൻസിൽ എവിടെയെങ്കിലും വച്ചാൽ ഓർത്തെടുക്കാനാകില്ല. അതായത്, ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ ഒരു വിവരത്തിന് ഓർമയിൽ പതിയാനുള്ള അവസരം കിട്ടില്ല. ഇതു പറഞ്ഞാണ് സച്ചുവിനെ അമ്മ കുറ്റപ്പെടുത്തുന്നത്.

സച്ചുവിന് സങ്കടം തോന്നി. അവൻ ശ്രദ്ധയോടെ തന്നെയാണു വച്ചത്. പക്ഷേ, സ്കൂൾ ഡ്രോയിങ് ക്ലാസ് നടന്ന കഴിഞ്ഞയാഴ്ചയാണ് അവൻ അതെവിടെയോ സുക്ഷിച്ചത്.

‘ഒരാഴ്ച മുൻപല്ലേ, അതുകൊണ്ടാണു മറന്നത്’

2. സ്റ്റോറേജിൽ നിന്നുള്ള നഷ്ടം (Transience)

സച്ചു പറഞ്ഞതു ശരിയാണ്. ഓർമയുടെ രണ്ടാം ഘട്ടം സ്റ്റോറേജാണ്. പരാവർത്തനം ചെയ്തെടുക്കുന്ന വിവരങ്ങൾ നമ്മുടെ മസ്തിഷ്കം സ്റ്റോർ ചെയ്യുമെങ്കിലും കാലം നീങ്ങുന്നതിനനുസരിച്ചു കാര്യങ്ങൾ മറന്നുപോകും. ദീർഘകാല ഓർമയ്ക്ക് അടിസ്ഥാനമായ മസ്തിഷ്കകോശബന്ധങ്ങൾ ദുർബലമായിപ്പോകുമ്പോഴാണ് ഇതു സംഭവിക്കുന്നത്. തീരെ പുറത്തെടുക്കാതെ വിടുന്ന ഓർമകളാണ് ഇങ്ങനെ നശിക്കുക. എന്നാൽ, ഇടയ്ക്കിടെ ഓർത്തു നോക്കുമെങ്കിൽ ഇതു സംഭവിക്കില്ല.

അമ്മ അപ്പോഴും കളർ പെൻസിൽ തിരയുകയായിരുന്നു. നെറ്റി ചുളിച്ചുകൊണ്ട് അമ്മ പറഞ്ഞു:‘ഇവിടെ എവിടെയോ ഞാനത് കണ്ടതാ...’

3. റിട്രീവലിൽ തടസ്സം (Blocking)

നമ്മൾ സ്റ്റോർ ചെയ്തിരിക്കുന്ന കാര്യം ഓർത്തെടുക്കുന്നതാണ് റിട്രീവൽ. അമ്മ കളർപെൻസിൽ എവിടെയോ ഇരിക്കുന്നതു കണ്ടിട്ടുണ്ട്. പക്ഷേ, ഓർത്തെടുക്കാനാകുന്നില്ല. ഓർമയെ സംഭരണിയിൽ നിന്നു വീണ്ടെടുക്കുന്നതിനു തടസ്സം നേരിടുമ്പോഴാണിതു സംഭവിക്കുക. നന്നായി പഠിച്ച ഒരു ഭാഗം പരീക്ഷയ്ക്കിടെ മറന്നു പോകുന്നത് ഉദാഹരണം. ‘നാക്കിന്റെ തുമ്പത്തുണ്ട്’ എന്ന തോന്നൽ വരുന്നത് റിട്രീവലിൽ തടസ്സം നേരിടുമ്പോഴാണ്.

 English Summary : How to improve memory power

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA