ADVERTISEMENT

‘ഈ കുട്ടിക്ക് ഒരു കാര്യത്തിലും ശ്രദ്ധയില്ല. പഠിക്കാനിരുന്നാല്‍ നൂറുകാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കും. ഒരു പത്തു മിനിറ്റു പോലും പഠിക്കില്ല.’ മാതാപിതാക്കളുടെ സ്ഥിരം പരാതിയാണിത്. കുട്ടികളെയല്ലാതെ വേറെയാരെയും ഈ കാര്യത്തിൽ പഴിചാരാനാകില്ല. എന്നാൽ മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, സ്കൂളിൽ പോകുന്ന ഒരു കുട്ടിക്ക് അവരുടെ വയസ്സിന്റെ നാലിരട്ടി മിനിറ്റുകൾ മാത്രമേ ഒരു കാര്യത്തിലേക്ക് മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാനാകൂ. അതായത്, ആറു വയസ്സുള്ള ഒരു കുട്ടിക്ക് 24 മിനിറ്റ് എന്ന കണക്കിൽ.

ഇതു പറഞ്ഞാൽ പാരന്റ്സിന്റെ മറുചോദ്യം ഉടൻ വരും ‘വിഡിയോ ഗെയിമിനോ ടിവി കാണാനോ മണിക്കൂറുകൾ ഇരിക്കാൻ ഒരു പ്രശ്നവും കുട്ടികൾക്കില്ലല്ലോ’യെന്ന്. കാരണം മറ്റൊന്നുമല്ല, താൽപര്യമുള്ള  കാര്യങ്ങളിൽ കുട്ടികൾ ഏറെ സമയം ചെലവിടും. ‘പഠിക്കുകയെന്നത് ഏതു കുട്ടിക്കാണ് അത്ര താൽപര്യം!’ ഒരു കഥപ്പുസ്തകം വായിക്കുന്നതിനോ വിഡിയോ ഗെയിം കളിക്കുന്നതിനോ ടിവി കാണുന്നതിനോ കുട്ടികൾക്ക് എനർജി ചെലവാക്കേണ്ടി വരുന്നില്ല. അതിനാലാണ് അവർ ഏറെനേരം മടിയില്ലാതെ അതിൽ മുഴുകുന്നത്. എന്നാൽ പുതുതായി എന്തെങ്കിലും ഒരു കാര്യം പഠിക്കാനോ മനസ്സിലാക്കാനോ ധാരാളം ഊർജം ഉപയോഗപ്പെടുത്തേണ്ടി വരുന്നു. അതുകൊണ്ടാണ് പഠനകാര്യങ്ങളിൽ കുട്ടികളുടെ ഏകാഗ്രത കുറയുന്നത്.

ചില പ്രവൃത്തികളില്‍ എന്തുകൊണ്ടാണ് കുട്ടികളുടെ ശ്രദ്ധ കുറയുന്നത്?

ഏകാഗ്രത എങ്ങനെ വർധിപ്പിക്കാം എന്നു പറയുന്നതിനു മുമ്പ്, ഏകാഗ്രത നഷ്ടപ്പെടാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

∙ താൽപര്യമില്ലായ്മ

∙ പഠനസമ്മർദ്ദം

∙ ഉത്കണ്ഠയും മാനസിക സംഘർഷങ്ങളും

∙ ശ്രദ്ധ പതറിപ്പോകൽ

∙ അമിതമായ ചുറുചുറുക്ക്

പാരന്റ്സിന് എങ്ങനെയാണ് കുട്ടികളിലെ ഏകാഗ്രത വർധിപ്പിക്കാനാവുക?‍

ഏകാഗ്രതയും ഓർമശക്തിയും ഒക്കെ ഉണ്ടാക്കിയെടുക്കുന്നത് തലച്ചോറിന്റെ ഉത്തരവാദിത്തമാണല്ലോ. നമ്മൾ ചിന്തിക്കുന്നതും യുക്തിവിചാരങ്ങൾ നടത്തുന്നതും വികാരങ്ങളെ കൈകാര്യം ചെയ്യുന്നതും പ്രശ്നങ്ങൾ പരിഹരിക്കുന്നതും തീരുമാനങ്ങളെടുക്കുന്നതും എല്ലാം തലച്ചോറിന്റെ പ്രവർത്തനഫലമായി സംഭവിക്കുന്ന കാര്യങ്ങളാണ്. ചില കൊഗ്നിറ്റീവ് എക്സർസൈസുകൾ (cognitive exercises) പതിവായി ചെയ്യുന്നതിലൂടെ തലച്ചോറിലെ സെല്ലുകളിൽ ഭേദഗതികൾ വരുത്താനും അതിലൂടെ ഏകാഗ്രത മെച്ചപ്പെടുത്തിയെടുക്കാനും സാധിക്കും. കൊഗ്നിറ്റീവ് എക്സർസൈസിലൂടെ ഒരു കാര്യം നന്നായി പഠിക്കാനും വേണ്ടത് ഓർമിക്കാനും പ്രശ്നപരിഹാരം കണ്ടെത്താനും ശ്രദ്ധയൂന്നുന്നതിനും എല്ലാം സാധിക്കും. ഈ മാർഗ്ഗങ്ങൾ എത്ര നേരത്തേ തുടങ്ങുന്നുവോ അത്രയും നല്ലത്. ചില കൊഗ്നിറ്റീവ് എക്സർസൈസുകൾ വിശദമാക്കാം.

1. മെമ്മറി ഗെയിം

പലതരം മെമ്മറി ഗെയിമുകൾ കുട്ടികളോടൊത്ത് കളിക്കാം.

∙ ഏതെങ്കിലും പത്തു കളിപ്പാട്ടങ്ങളോ, വീട്ടിലെ ഉപകരണങ്ങളോ ഒരു വരിയിൽ നിരയായി വയ്ക്കുക. രണ്ട് മിനിറ്റ് കുട്ടികളോട് അവയെ നിരീക്ഷിക്കാൻ പറയുക. കുട്ടികൾ അവ ഓർത്തുവയ്ക്കട്ടെ. പെട്ടെന്ന് ഓർമിക്കാനായി സൂത്രവാക്കുകളോ മറ്റോ ഉണ്ടാക്കുകയുമാവാം.  ഇനി ആ വസ്തുക്കൾ നിരത്തിയിരുന്ന ക്രമം മാറ്റിമറിക്കുക. അതിനുശേഷം, മുൻപുണ്ടായിരുന്ന അതേ ക്രമത്തിൽ അവ നിരത്തിവയ്ക്കാൻ കുട്ടികളോടു പറയുക.

∙ അൽപം മുതിർന്ന കുട്ടികളാണെങ്കിൽ, അലമാരയിൽ അടുക്കിയ പുസ്തകങ്ങൾ 2 മിനിറ്റ് ശ്രദ്ധിക്കാൻ പറയാം. പിന്നെ അവയുടെ ക്രമം തെറ്റിച്ച ശേഷം പൂർവസ്ഥിതിയിലാക്കാൻ ആവശ്യപ്പെടാം.

 

2. നെയിം ചെയിൻ ഗെയിം

ഇതിൽ നിങ്ങൾക്കിഷ്ടമുള്ളത്ര കളിക്കാരെ ചേർക്കാം. രണ്ടുപേരാണ് ഈ കളിയിൽ പങ്കെടുക്കുന്നതെങ്കിൽ ആദ്യത്തെ കുട്ടി ഒരു പേര് പറയണം. (ഉദാ: രാമു) രണ്ടാമത്തെ കുട്ടി മറ്റൊരു പേര് പറയണം. അതിനു മുമ്പിലായി ആദ്യത്തെ കുട്ടി പറഞ്ഞ പേര് ചേർക്കുകയും വേണം. (ഉദാ: രാമു, ശ്യാമു) അടുത്ത റൗണ്ടിൽ ആദ്യത്തെ കുട്ടി പുതിയൊരു പേര് കൂടി ചേർത്ത് പറയണം (ഉദാ: രാമു, ശ്യാമു, ദാമു). ഇങ്ങനെ കളി നീണ്ടു പോകണം. ഓർമ തെറ്റി ഓർഡർ തെറ്റിക്കുന്ന കുട്ടി ഔട്ട്.

3. ലീഡറെ പിന്തുടരുക

ഈ കളിയിൽ വ്യത്യസ്ത കാര്യങ്ങൾ ചെയ്യാനാകും.

∙ കളിയിൽ ഒരാൾ ലീഡറും മറ്റുള്ളവർ ഫോളോവേഴ്സും (പിന്തുടരുന്നവർ) ആകണം. ലീഡർ ചെയ്യുന്ന കാര്യങ്ങൾ ഓരോന്നും അതേ ക്രമത്തിൽ ഫോളോവേഴ്സും ചെയ്യണം.

∙ പലവിധ സാധനങ്ങൾ കൊണ്ട് താളമുണ്ടാക്കി ഒരു കുട്ടിയെ കേൾപ്പിക്കുക. ഇരുമ്പ്, കളിമൺ, ഗ്ലാസ്, ചെമ്പ്, പ്ലാസ്റ്റിക്, തുകൽ തുടങ്ങിയ എന്തും ഉപയോഗിക്കാം. ലീഡർ ഒരു വടിയോ മറ്റോ ഉപയോഗിച്ച് ഇതിൽ കൊട്ടി ശബ്ദം കേൾപ്പിക്കുന്ന അതേ താളത്തിൽ തന്നെ വേണം ഫോളോവേഴ്സും ശബ്ദം ഉണ്ടാക്കാൻ.

∙ ഇതേ കളിതന്നെ ഒരാളുടെ കണ്ണ് കെട്ടി ശബ്ദം കേൾപ്പിച്ച്, ശബ്ദമുണ്ടാക്കിയ വസ്തുവിനെ തിരിച്ചറിയുന്ന വിധത്തിലും ചെയ്യാം. കണ്ണ് കെട്ടുംമുമ്പ് എല്ലാ ശബ്ദങ്ങളും ഏതു വസ്തുവിൽനിന്നു വരുന്നു എന്ന് നിരീക്ഷിക്കാനും അവസരം നൽകണം.

4. ക്രമപ്പെടുത്തൽ

വീട്ടിലെ സാധനങ്ങൾ പതിവായി വച്ചിരിക്കുന്ന രീതിയിൽനിന്നു വ്യത്യസ്തമാക്കുക. ഷെൽഫിലെ ഓരോ തട്ടിലുമുള്ള സാധനങ്ങൾ പലവിധത്തിലാക്കി മിക്സ് ചെയ്യുക. കർട്ടണുകൾ ക്രമം തെറ്റിച്ചിടുക. തൂക്കിയിട്ടിരിക്കുന്ന ഫോട്ടോകൾ ഭിത്തിയിലേക്ക് മറിച്ചിടുക. ഇനി കുട്ടിയോട് പതിവിനു വിപരീതമായി കാണുന്ന വ്യത്യാസങ്ങൾ കണ്ടെത്താൻ പറയുക.

5. നിറങ്ങൾ കണ്ടെത്തുക

നിരവധി നിറങ്ങളുടെ പേരുകൾ ഒരു കടലാസിൽ എഴുതുക. വ്യത്യസ്ത നിറത്തിലുള്ള പേനകൾ ഉപയോഗിച്ചാകണം എഴുതേണ്ടത്. ചുവപ്പ് എന്നെഴുതേണ്ടത് നീല മഷിയിലും പർപ്പിൾ എന്ന് പച്ച മഷിയിലും അങ്ങനെയങ്ങനെ... കുട്ടിയെക്കൊണ്ട് പറയിപ്പിച്ചാൽ, എഴുതിയിരിക്കുന്ന വാക്കല്ല അവർ പെട്ടെന്ന് ഓർക്കുക, ആ നിറമായിരിക്കും. കണ്ണ് കൊണ്ട് നിറം കാണുന്നു, പക്ഷേ വാക്ക് വായിക്കണമെങ്കിൽ അതിനുള്ള നിർദ്ദേശം തലച്ചോറിലേക്ക് പോകണം. ഒരേ സമയം വായിക്കാനും എഴുതിയ അക്ഷരത്തിന്റെ നിറം ഓർമിക്കാനും ശ്രമിക്കുകയെന്നത് നല്ലൊരു കൊഗ്നിറ്റീവ് എക്സർസൈസാണ്.

6. നമ്പർ ഫൺ

ഒരേ അക്കം കുറെ തവണ നിരത്തി എഴുതുക. അതിനിടയിലായി ആ അക്കത്തിനോട് സാമ്യം തോന്നുന്ന മറ്റൊരു അക്കം രണ്ടോ മൂന്നോ തവണ എഴുതണം. (ഉദാ: 888388838888838) ഇതിൽ വ്യത്യസ്തമായി വരുന്ന അക്കം എത്ര പ്രാവശ്യം ആവർത്തിച്ചിട്ടുണ്ടെന്ന് കുട്ടികളോട് കണ്ടെത്താൻ പറയുക.

7. മ്യൂസിക്

മ്യൂസിക് കേൾക്കാൻ താൽപര്യമുള്ള കുട്ടികളോട് അതിലെ ഏതെങ്കിലും ഒരു സംഗീത ഉപകരണത്തിന്റെ ശബ്ദത്തിലേക്ക് മാത്രം ശ്രദ്ധിക്കാൻ പറയുക.

∙ മറ്റൊന്ന്, ഒരു കുട്ടി ഒരു പാട്ട് പാടുമ്പോൾ, മൂന്നാംവരിയുടെ അവസാനത്തിൽ ഇതേപാട്ടിന്റെ ആദ്യവരി മറ്റൊരു കുട്ടിയോട് പാടാൻ പറയുക. ഏതു വരി വേണമെങ്കിലും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. മറ്റൊന്നിലേക്ക് ശ്രദ്ധതിരിക്കാതെ, കൃത്യമായി പാടിത്തുടങ്ങേണ്ട വരിയെത്തുന്നതുവരെ ശ്രദ്ധയോടെ ആ പാട്ട് കേൾക്കാൻ കുട്ടികൾ തയാറായിരിക്കും.

കുട്ടികളുടെ ഏകാഗ്രത വർധിപ്പിക്കാനുള്ള മറ്റു ചില പ്രവർത്തനങ്ങളാണ് യോഗ, ധ്യാനം, സംഗീതം, കായികവിനോദങ്ങൾ എന്നിവ. സ്വയം നിയന്ത്രിക്കാൻ പഠിക്കുന്നതിലൂടെ കുട്ടികൾക്ക് ധാരാളം എനർജി നഷ്ടപ്പെടുന്നുണ്ട്. എന്നാൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ അത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിനും സഹായമാകും.

 English Summary : Tips to improve concentration in studies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com