ADVERTISEMENT

സാങ്കേതികവിദ്യകൾ വളരുന്നതനുസരിച്ച് മുതിർന്നവരുടെ മാത്രമല്ല കുട്ടികളുടെ ജീവിതരീതിയും ഏറെ മാറിക്കഴിഞ്ഞു. അണുകുടുംബങ്ങൾ കൂടുതലായി രൂപപ്പെട്ടതോടെ സ്മാർട്ട്ഫോൺ പലപ്പോഴും ഒരു ബേബിസിറ്ററിന്റെ ചുമതല കൂടി നിർവഹിക്കുന്നുവെന്ന് പറയാം. ഔദ്യോഗിക ജോലിയിലും വീട്ടുകാര്യങ്ങളിലും കൂടുതൽ ശ്രദ്ധിക്കുന്നതിനുവേണ്ടി കുട്ടികൾ അല്പസമയം സ്മാർട്ട്ഫോണിന് മുന്നിൽ ചിലവഴിക്കട്ടെ എന്ന് കരുതുന്ന മാതാപിതാക്കളാണ് ഏറെയും.  ഇപ്പോഴാണെങ്കിൽ ഓൺലൈൻ ക്ലാസിന്റെ കാലമാണുതാനും.

എന്നാൽ ഏറെനേരം സ്മാർട്ട് ഫോണിലോ കമ്പ്യൂട്ടറിലോ നോക്കിയിരിക്കുന്നത് കണ്ണുകളുടെ പ്രവർത്തനത്തിന്റെ ഏകീകരണത്തെ ചിലപ്പോൾ ദോഷകരമായി ബാധിച്ചേക്കാം. വസ്തുക്കൾ തമ്മിലുള്ള അകലമോ ആഴമോ കൃത്യമായി മനസ്സിലാക്കാനാവാതെ വരിക, ഒരു വസ്തു പോകുന്ന ദിശയിൽ ദൃഷ്ടി ചലിപ്പിക്കാനാവാതിരിക്കുക തുടങ്ങിയവയാണ്  ഏറെനേരം സ്മാർട്ഫോൺ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നത് പതിവാക്കിയാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ. അധികസമയം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന  കുട്ടികളുടെ കണ്ണുകളുടെ പ്രവർത്തനം ശരിയായി നടക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ  ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

അകലം തന്നെ പ്രധാനം

കണ്ണിനോട് ഏറെ അടുത്ത് ഫോൺ ചേർത്തുപിടിച്ച് വിഡിയോകൾ കാണുന്നത് നന്നല്ല. 'ഹാർമൺ ഡിസ്റ്റൻസി'ൽ ഫോൺ വെച്ച് കാണുന്നതാണ് ഉചിതം. മുഷ്ടി ചുരുട്ടി പിടിച്ച നിലയിൽ കണ്ണിനോട് ചേർത്തു വച്ചാൽ കണ്ണും കൈമുട്ടും തമ്മിലുള്ള അകലമാണ് ഹാർമൺ ഡിസ്റ്റൻസ് എന്ന് പറയപ്പെടുന്നത്. സ്മാർട്ട് ഫോണോ പുസ്തകമോ എന്തുതന്നെയായാലും കണ്ണുകളുടെ ഏകീകൃതമായ പ്രവർത്തനത്തിന് ഈ അകലത്തിൽ പിടിച്ചു വായിക്കുകയോ കാണുകയോ ചെയ്യണം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

പന്തുകളി ശീലമാക്കാം

ഏറെനേരം സ്മാർട്ട്ഫോണുകൾക്ക് മുന്നിൽ ചിലവിടുന്ന കുട്ടികൾ  ഇടനേരങ്ങളിൽ വിനോദങ്ങളിൽ  ഏർപ്പെടുന്നതിനൊപ്പം കണ്ണുകളുടെ സമ്മർദ്ദം കുറയാനുള്ള വ്യായാമങ്ങൾ കൂടി ചെയ്യേണ്ടതുണ്ട്. പന്ത് കളിക്കുന്നതാണ് ഇതിന് ഏറ്റവും  നല്ല മാർഗ്ഗം. പന്തു നീങ്ങുന്നതിനൊപ്പം ദൃഷ്ടി ചലിക്കുന്നത്  ഏറെ ഗുണം ചെയ്യും. അതിനാൽ ഫുട്ബോൾ, ബേസ്ബോൾ തുടങ്ങിയ  കളികൾ  ശീലമാക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.

പുസ്തകം മറുമരുന്നല്ല

ഫോണിൽ നിന്നും കമ്പ്യൂട്ടറിൽ നിന്നും കുട്ടികളുടെ ശ്രദ്ധതിരിക്കാനുള്ള മാർഗമായി വായനയെ കാണുന്നവരുണ്ട്. വായിക്കുന്നത് തീർച്ചയായും അറിവ് വർദ്ധിപ്പിക്കാൻ ഏറെ സഹായകരമാണ് എങ്കിലും അധിക നേരത്തേക്കുള്ള  പുസ്തകവായനയും കണ്ണിനു നൽകുന്നത് അതേ സമ്മർദ്ദം തന്നെയാണ്. സ്മാർട്ട്ഫോൺ ഉപയോഗിക്കാത്ത കുട്ടികളാണെങ്കിലും അവർ അധികനേരം പുസ്തകത്തിൽ മാത്രം നോക്കി ചിലവിടുന്നുണ്ടെങ്കിൽ  കണ്ണുകൾക്ക് വിശ്രമവും വ്യായാമവും ആവശ്യമാണ്.

English Summary : Does smartphone usage affect child's eyesight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com