ADVERTISEMENT

എപ്പോഴും കരയുന്ന കുഞ്ഞുങ്ങള്‍ അമ്മമാര്‍ക്കൊരു തലവേദനയാണ്. കുഞ്ഞിന്‍റെ ആദ്യ കരച്ചില്‍ കേള്‍ക്കാന്‍ എല്ലാ അമ്മമാര്‍ക്കും വലിയ കൗതുകമായിരിക്കും. എന്നാല്‍ നിരന്തരവും അകാരണവും ആയ കരച്ചില്‍ ചെറുപ്പക്കാരായ അമ്മമാരെ എപ്പോഴും അലോസരപ്പെടുത്തിക്കൊണ്ടേയിരിക്കും. ചിലപ്പോള്‍ കരച്ചിലിന്‍റെ യഥാര്‍ഥ കാരണം മനസിലായെന്നു വരില്ല. ഇതെങ്ങനെ നിര്‍ത്തും എന്നതിനെ കുറിച്ചാകും ചിന്ത. കരച്ചിലിന്‍റെ പ്രധാന കാരണങ്ങളും അത് നിർത്താനുള്ള ലളിതമായ മാര്‍ഗങ്ങളും ഒന്ന് മനസിലാക്കാന്‍ ശ്രമിക്കൂ.

കുഞ്ഞുങ്ങളെ സംബന്ധിച്ച എല്ലാം പുതുമയുള്ളതാണ്. ഒൻപതുമാസം അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ ചെറുചൂടേറ്റു കഴിഞ്ഞ അവര്‍ക്ക് പുറത്തു വരുമ്പോള്‍ അന്തരീക്ഷത്തിലെ തണുപ്പിനോടും മറ്റു പരിമിത സ്ഥിതികളോടും പെട്ടെന്ന് ഇണങ്ങാന്‍ കഴിയില്ല. ചില കുഞ്ഞുങ്ങള്‍ പുറം ലോകവുമായി പൊരുത്തപ്പെടാന്‍ കുറെ സമയമെടുക്കും. ഇതൊന്നുമല്ലാതെ കുട്ടി കരച്ചിലിനു വേറെയും ചില കാരണങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടത് ...

1. ഗ്യാസ് (വായു സംബന്ധമായത്)

കുഞ്ഞുങ്ങളെ അലട്ടുന്ന സാധാരണ പ്രശ്നമാണ് ഗ്യാസ്. അത് വരുന്നത് മുലപ്പാലിലൂടെ തന്നെയാണ്. ഓരോ തവണ മുലയൂട്ടിയതിനു ശേഷവും കുഞ്ഞിനെ തോളിലേക്ക് കമഴ്ത്തി കിടത്തി, പുറത്തു വേദനിപ്പിക്കാതെ നന്നായി തട്ടികൊടുത്തു ഗ്യാസ് പുറത്തു കളയണം. നെഞ്ചും വയറും തോളില്‍ അമർന്നിരിക്കേണ്ട വിധത്തിലാണ് കിടത്തേണ്ടത്. കുഞ്ഞ് ഏമ്പക്കം വിടുന്ന ശബ്ദം നമുക്ക് കേള്‍ക്കാനാകും. അധോ വായുവായോ ഊർധ വായുവായോ ഗ്യാസ് പുറത്തേക്ക് പോയാല്‍ കുഞ്ഞിനു അസ്വസമാകും. അല്ലെങ്കില്‍ കമിഴ്ത്തി കിടത്തി കുഞ്ഞിന്‍റെ കാലുകള്‍ സൈക്കിള്‍ ചവിട്ടുന്നത് പോലെ ചലിപ്പിച്ചാലും മതിയാകും. ഈ വിദ്യകളിലൂടെയൊന്നും ഗ്യാസ് പുറത്തു പോകുന്നില്ലെങ്കില്‍, നിര്‍ത്താതെ കരയുന്നുണ്ടെങ്കില്‍ ശിശുരോഗ വിദഗ്ദ്ധനെ കാണിച്ചു മരുന്ന് നല്‍കേണ്ടതാണ്.

2. വയറുവേദന

രണ്ട് ആഴ്ച മുതല്‍ നാലു മാസം വരെ പ്രായമായ കുട്ടികളില്‍ അഞ്ചില്‍ ഒരാള്‍ വീതം വയറു വേദന കൊണ്ട് നിരന്തരമായി കരയുന്നുണ്ടെന്നാണ് ഡോക്ടര്‍ മാര്‍ പറയുന്നത്. മൂന്നു മണിക്കൂര്‍ മുതല്‍ ആഴ്ചയില്‍ മിക്കവാറും ദിവസങ്ങളില്‍ നിര്‍ത്താതെ കരഞ്ഞെന്നിരിക്കും. ഗ്യാസിന്റ പ്രശ്നം കൊണ്ടുമാകാം ഇത് സംഭവിക്കുന്നത്. കുഞ്ഞിനെ കയ്യില്‍ കിടത്തി നെഞ്ചോട് ചേര്‍ത്തു പിടിച്ചു ആട്ടുക, മുന്നോട്ടും പിന്നോട്ടുമായി ആട്ടി കൊണ്ടിരിക്കുക. മൂന്നു മാസം വരെ പ്രായമായ കുഞ്ഞുങ്ങള്‍ക്ക് ഇത് ഒരാശ്വാസം നല്‍കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

3.വിശപ്പ്

വേണ്ടത്ര പാല്‍ കിട്ടാതെ വയര്‍ ഒഴിഞ്ഞിരിക്കുമ്പോള്‍ കരയുകയല്ലാതെ കുഞ്ഞുങ്ങള്‍ എന്ത് ചെയ്യും. അമ്മമാര്‍ക്ക് ചിലപ്പോള്‍ കുഞ്ഞിനെ കൂട്ടാതെ പുറത്തുപോകേണ്ടി വരികയോ ദീര്‍ഘനേരത്തേക്ക് മുലയൂട്ടാന്‍ സാധിക്കാതെ വരികയോ ചെയ്യും. അപ്പോള്‍ അമ്മ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് വൃത്തിയുള്ള ചെറിയ സ്റ്റീല്‍ പത്രത്തില്‍ സൂക്ഷിച്ചുവച്ച്, വീട്ടിലുള്ള മറ്റാരെങ്കിലും കുഞ്ഞിനു നല്‍കിയാല്‍ മതിയാകും. അല്ലെങ്കില്‍ ഫോര്‍മുല മില്‍ക്ക് എന്തെങ്കിലും അത്യാവശ്യ ഘട്ടങ്ങളില്‍ കുഞ്ഞിനു നല്‍കാം.

4. ഡയപ്പര്‍ നനയുമ്പോള്‍

കുറേ നേരത്തേക്ക് ഒരേ ഡയപ്പര്‍ ഉപയോഗിച്ചാല്‍ അത് നനഞ്ഞു കുഞ്ഞിനു ഈര്‍പ്പം തട്ടും. മൂത്രത്തിന്റെ നനവ് മലവുമായി ചേരുമ്പോള്‍ അത് ബാക്ടീരിയയുടെ പ്രവര്‍ത്തനത്തിന് കരണമാവുകയും കുഞ്ഞുങ്ങള്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. അപ്പോഴാണ് അവര്‍ കരയുന്നത്. വീട്ടില്‍ കുഞ്ഞുങ്ങള്‍ക്ക് തുണി കെട്ടി കൊടുക്കുന്നതാണ് ഏറ്റവും നല്ലത്. തുണി എളുപ്പത്തില്‍ മാറ്റാനും കഴുകാനും വീണ്ടും ഉപയോഗിക്കാനും സാധിക്കും. അതാണ് കുഞ്ഞുങ്ങള്‍ക്കും സുഖപ്രദം.

5. അമ്മയുടെ സാമീപ്യം

ചില കുഞ്ഞുങ്ങള്‍ പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെയാണ് കരയുന്നത്. അവര്‍ അമ്മയുടെയോ അച്ഛന്റെയോ മറ്റുള്ളവരുടെയോ സാമീപ്യം എപ്പോഴും ആഗ്രഹിക്കുന്നുണ്ടാകും. സ്നേഹത്തോടെ കയ്യിലെടുത്ത് മാറോട് ചേര്‍ത്തു പിടിച്ചാല്‍ അവരുടെ കരച്ചില്‍ നില്‍ക്കും. നല്ലൊരു ബ്ലാന്കെറ്റില്‍ പൊതിഞ്ഞു പിടിച്ചാല്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ചെറുചൂടില്‍ ചുരുണ്ട് കിടക്കുമ്പോഴുള്ള സുഖം അവര്‍ക്ക് അനുഭവപ്പെടുകയും കുഞ്ഞു പതുക്കെ ഉറങ്ങുകയും ചെയ്യും. ഗര്‍ഭാവസ്ഥയിലായിരുന്നപ്പോള്‍ അമ്മയുടെ ഹൃദയമിടിപ്പിന്റെ ശബ്ദം കേട്ട് ഉറങ്ങിയ അവര്‍ക്ക് എന്തെങ്കിലുമൊക്കെ ചെറിയ ശബ്ധങ്ങള്‍ ഇഷ്ടമായിരിക്കും. താരാട്ടു പാട്ടുകള്‍ ചെറിയ ശബ്ദത്തില്‍ വച്ചു കൊടുക്കുന്നതും, തോളില്‍ കിടത്തി നടന്നു ഉറക്കുന്നതും, ദേഹം തടവി കൊടുക്കുന്നതുമൊക്കെ കുഞ്ഞുങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നു. ചില കുഞ്ഞുങ്ങള്‍ക്ക് മയങ്ങാന്‍ ഫാന്‍ കറങ്ങുന്ന ശബ്ദം കേട്ടാലും മതി.

ചില മക്കള്‍ക്ക് ഇതൊക്കെ ചെയ്താലും കരഞ്ഞു ബുദ്ധിമുട്ടിപ്പിക്കുക എന്നതൊരു സ്വഭാവമാണ്. അതിനു കുഞ്ഞുങ്ങളോട് ദേഷ്യം തോന്നിയിട്ട് ഒരു കാര്യവുമില്ല. കുഞ്ഞിനെ നോക്കുക എന്നത് എന്‍റെ കടമയെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു, അമ്മമാരുടെ ക്ഷമയുടെ നെല്ലിപലക കാണിപ്പിക്കുന്ന കുഞ്ഞുങ്ങളെ തികഞ്ഞ സ്നേഹത്തോടെയും ക്ഷമയോടെയും കൈകാര്യം ചെയ്യുക. കുറച്ചു മാസത്തേയ്ക്കേ ഈ ബുദ്ധിമുട്ട്  ഉണ്ടാകൂ എന്നാശ്വസിക്കുക. അവര്‍ വളരുകയല്ലേ, അതോടെ സ്വഭാവവും മാറിക്കൊള്ളും.  

English Summary : Baby crying reasons and remedies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com