ADVERTISEMENT

കൂട്ടുകാർ ഏത്തമിടൽ എന്ന് കേട്ടിട്ടുണ്ടോ? ആരെങ്കിലും ഏത്തമിട്ടിട്ടുണ്ടോ? എന്താണ് ഈ ഏത്തമിടൽ? പണ്ടൊക്കെ സ്കൂളുകളിലും മറ്റു കുട്ടികൾക്ക് നൽകിയിരുന്ന ഒരു ശിക്ഷ രീതിയായിരുന്നു ഇത്. രണ്ട് കൈകളും കൊണ്ട് ചെവിയുടെ അറ്റത്ത് പിടിച്ചുകൊണ്ട് എഴുന്നേല്ക്കുകയും ഇരിക്കുകയും ചെയ്യുക എന്നതാണ് ഏത്തമിടൽ. വലത് കൈ ഇടത് ചെവിയിലും ഇടത് കൈ വലത് ചെവിയിലുമാണ് പിടിക്കേണ്ടത്.  ഇങ്ങനെ അൻപതും നൂറും തവണയൊക്കെ ചെയ്യിപ്പിക്കുക എന്നത് പണ്ടത്തെ ഗുരുക്കൻമാരുടെ ഒരു ശിക്ഷ നടപടിയായിരുന്നു.  ഇങ്ങനെ ഏത്തമിടിക്കുന്നത് ആകെ നാണക്കേടുണ്ടാക്കുന്ന ഒരു പരിപാടിതന്നെയായിരുന്നു കുട്ടികൾക്ക്. ക്ലാസിലെ എല്ലാ കുട്ടികളുടേയും മുൻപിൽ വച്ച് ഇങ്ങനെ ഏത്തമിടേണ്ടി വരുന്നതിനെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഈ ശിക്ഷ കിട്ടിയിരുന്നു.

 

എന്നാൽ നമ്മുടെ ഈ ഏത്തമിടൽ ശിക്ഷ അത്രയ്ക്ക്  മോശം പരിപാടിയല്ലെന്നാണ് അങ്ങ് അമേരിക്കയിൽ നിന്ന് വരുന്ന വാർത്തകള്‍. കാലിഫോർണിയ സർകലാശാലയിലെ ഡോ ജോയ് പി ജോൺസ് നടത്തിയ പഠനത്തിലാണ് ഏത്തമിടലിന്റെ നല്ല വശങ്ങളെക്കുറിച്ച് കൂടുതൽ അറിയാനായത്. നമ്മുടെ നാട്ടിൽ ഇപ്പോൾ ഈ ഏത്തമിടൽ അപ്രത്യക്ഷമായെങ്കിലും അവിടെ ഇതിന് വൻ പ്രചാരമാണിപ്പോൾ. പക്ഷേ അത് ശിക്ഷയായിട്ടല്ലെന്നു മാത്രം.  അത് തലച്ചോറിനുള്ള സൂപ്പർ വ്യായാമമുറയായാണ് ചെയ്യുന്നത്. 'സൂപ്പർ ബ്രെയിൻ യോഗ' എന്ന സൂപ്പർ പേരിലാണത് അറിയപ്പെടുന്നത് തന്നെ. 

 

നൂറ് ബില്ല്യണിലധികം ബ്രെയിൽ സെൽസ് അഥവാ ന്യൂറോണുകളുമായാണ് ഒരു കുഞ്ഞ് ജനിച്ച് വീഴുന്നത്. പൂർണ വളർച്ചയെത്തിയ മനുഷ്യരിൽ മുന്നൂറ് മില്ല്യൺ  ന്യൂറോണുകൾ തലച്ചോറിന്റെ വലതും ഇടതും വശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിലെ മറ്റ് അവയവങ്ങളെപ്പോലെ തലച്ചോറിനും  വ്യായാമം ആവശ്യമാണ്. 

ഇതിന് പറ്റിയ വ്യായാമമാണത്രേ നമ്മുടെ ഏത്തമിടൽ അഥവാ സൂപ്പർ ബ്രെയിൻ യോഗ.

 

ചെറിയ കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും അത് ഏറെ പ്രയോജനകരമാണെന്നാണ് കണ്ടുപിടുത്തം. കുട്ടികകിൽ ഉണ്ടാവുന്ന ശ്രദ്ധയില്ലായ്മ (Attention Deficit Disorder (ADD), കണക്കിലേറെ പ്രസരിപ്പ് Attention Deficit Hyperactivity Disorder (ADHD), Down Syndrome, മറവി രോഗം മുതലായ പെരുമാറ്റ വൈകല്യങ്ങൾക്ക് വളരെയേറെ പ്രയോജനകരമാണീ വ്യായാമം. മനസിനെ ഏകാഗ്രമാക്കാനും ബുദ്ധിവികാസത്തിലും, ഓർമശക്തി കൂട്ടാനും ശരീരത്തിലെ എനർജി ലെവൽ ഉയർത്താനും ഏത്തമിടൽ കൊണ്ട് സാധിക്കുമത്രേ. ബ്രെയിനിലെ ന്യൂറോപ്പാത്ത് വഴികളെ സ്റ്റുമുലേറ്റ് ചെയ്യുകയും  ചെവിയുടെ മാംസളമായ കീഴ്ഭാഗത്തെ അക്യുപങ്ചർ പോയിന്റുകളെ ശക്തമാക്കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിലെ താഴെയുള്ള എനർജിയെ ശരീരത്തിലാകമാനം എത്തിക്കാനും ഇതിനാകുന്നു. 

അപ്പോൾ ഒരു നാണക്കേടും വിചാരിക്കണ്ട ഇന്നു മുതൽ തന്നെ നമ്മുടെ ഏത്തമിടലിലെ തിരികെ കൊണ്ടുവരാം. നമ്മുടെ പഴയ ഗുരുവര്യൻമാരൊക്കെ കിടുവാ അല്ലേ...

 

English Summary: Super brain yoga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com