ബാർബിയും പെപ്പാ പിഗ്ഗും അടക്കമുള്ള കാർട്ടൂണുകൾ അപകടകാരികളെന്ന് ചൈനയിലെ കൺസ്യൂമർ കൗൺസിൽ

HIGHLIGHTS
  • 21 കാർട്ടൂണുകൾ അപകടകാരികളാണ് എന്നാണ് വിലയിരുത്തൽ
  • കഥാപാത്രങ്ങളുടെ പെരുമാറ്റവും സംസാരഭാഷയും കുട്ടികൾക്ക് യോജിച്ചതല്ല
chinese-consumer-group-claims-barbie-peppa-pig-my-little-pony-children-s-cartoons-dangerous-and-violent
Representative image. Photo Credits : NiP STUDIO/ Shutterstock.com
SHARE

കുട്ടികളുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങളായ ബാർബിയും പെപ്പാ പിഗ്ഗും ഒന്നും അത്ര നിഷ്കളങ്കരല്ല എന്ന വിലയിരുത്തൽ നടത്തിയിരിക്കുകയാണ് ചൈനയിലെ കൺസ്യൂമർ കൗൺസിൽ. ബാർബി ഡ്രീംഹൗസ് അഡ്വഞ്ചേഴ്സ്, പെപ്പാ പിഗ്ഗ്, മൈ ലിറ്റിൽ പോണി, ഡിറ്റക്ടീവ് കൊനാൻ എന്നിവയടക്കം 21 കാർട്ടൂണുകൾ അപകടകാരികളാണ് എന്നാണ് വിലയിരുത്തൽ.

കാർട്ടൂണിലെ കഥാപാത്രങ്ങളുടെ പെരുമാറ്റവും സംസാരഭാഷയും കുട്ടികൾക്ക് യോജിച്ചതല്ല എന്നാണ് കണ്ടെത്തൽ. മാതാപിതാക്കൾ ഇതേക്കുറിച്ച് കൗൺസിലിന് പരാതി നൽകിയതിനെ തുടർന്ന് വിശദമായ പഠനം നടത്തിയ ശേഷമാണ് നിഗമനത്തിൽ എത്തിച്ചേർന്നത്. ഈ കാർട്ടൂണുകളിലെ ചില സീരീസുകളും രംഗങ്ങളും തെറ്റായ സന്ദേശം നൽകുന്നവയാണെന്നും കൗൺസിൽ പറയുന്നു. 

ഉദാഹരണത്തിന് പെപ്പാ പിഗ്ഗ് എന്ന കാർട്ടൂണിലെ ഡാഡി പിഗ്ഗ് എന്ന കഥാപാത്രം യാത്രക്കിടെ വിമാനത്തിന്റെ വാതിൽ തുറന്ന് താഴേക്ക് ചാടുന്ന രംഗമുണ്ട്. മൈ ലിറ്റിൽ പോണിയിലെ ഒരു കഥാപാത്രം ലാവയിൽ മുങ്ങുന്നതായി കാണിക്കുന്ന രംഗമാണ് മറ്റൊരുദാഹരണം. ബാർബി അഡ്വഞ്ചേഴ്സിലാവട്ടെ കഥാപാത്രങ്ങൾ ഹെലികോപ്റ്ററിൽ തൂങ്ങി നിൽക്കുന്നതും മറ്റു വ്യക്തികളുടെ മുകളിൽ കയറി നിൽക്കുന്നതുമായി ചിത്രീകരിക്കുന്ന ഒട്ടേറെ രംഗങ്ങൾ ഉണ്ട് എന്നും കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. ബൂണി ബിയേഴ്സ് എന്ന ചൈനീസ് അനിമേഷൻ കാർട്ടൂണിനെ കുറിച്ചാണ് ഏറ്റവും അധികം പരാതികൾ ലഭിച്ചത്.

അതിലെ ഒരു കഥാപാത്രം സ്ഥിരമായി ഇലക്ട്രിക് വാൾ ഉപയോഗിക്കുന്നത് കണ്ട് കുട്ടികൾ അതേപടി അനുകരിച്ച് മറ്റുള്ളവർക്ക് മുറിവേൽപ്പിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. മൂന്നുമാസം സമയമെടുത്ത് കാർട്ടൂണുകൾ വിശദമായി വിശകലനം ചെയ്തശേഷമാണ് കൗൺസിൽ അംഗങ്ങൾ നിഗമനത്തിൽ എത്തിച്ചേർന്നത്. സർവേയിൽ പങ്കെടുത്ത മാതാപിതാക്കളിൽ 80 ശതമാനവും കാർട്ടൂണുകളുടെ സെൻസർഷിപ്പ് കൂടുതൽ ശക്തമാക്കണമെന്ന് അഭിപ്രായപ്പെട്ടതായി കൗൺസിൽ വെളിപ്പെടുത്തി. 

കൗൺസിലിന്റെ റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഇതേക്കുറിച്ച് വാദപ്രതിവാദങ്ങളും ശക്തമാണ്. കാർട്ടൂൺ രംഗങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ ടോം ആൻഡ് ജെറി അടക്കമുള്ള ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ട പല കാർട്ടൂണുകളിലും കഥാപാത്രങ്ങൾ പരസ്പരം ആക്രമിക്കുന്ന രംഗങ്ങൾ പെരുപ്പിച്ചു കാണിക്കാറുണ്ട് എന്നും എന്നാൽ അവയൊന്നും ഇതുവരെ കുട്ടികളെ വഴിതെറ്റിച്ചിട്ടില്ല എന്നും മറ്റൊരുകൂട്ടർ പ്രതികരിക്കുന്നു. 

English Summary: Chinese consumer group claims Barbie, Peppa Pig and My Little Pony children’s cartoons are dangerous and violent

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA