കുഞ്ഞുമനസ്സാണ്, വിഷാദത്തിലേക്ക് വീഴ്ത്തരുത്; ശ്രദ്ധിക്കാം ഓൺലൈൻ ഗെയിമുകൾ

HIGHLIGHTS
  • പുതിയകാലം ഒരുക്കിവച്ച കെണിയാണ് ഓൺലൈൻ ഗെയിം അടിമത്തം
  • അക്സസറീസ് വാങ്ങാൻ പണം ചെലവിടാം എന്ന നിലയിലേക്കു പോകും
video-game-addiction-symptoms-causes-and-effects
Representative image. Photo Credits : sakkmesterke/ Shutterstock.com
SHARE

കോവിഡിന്റെ വരവോടെ താഴു വീണതു ബാല്യത്തിന്റെ ആഘോഷങ്ങൾക്കാണ്. സ്കൂളിൽ ചേർന്നിരുന്നും കൂട്ടുകൂടിയും പിണങ്ങിയും കളിച്ചും ചെലവിട്ടിരുന്ന സൗഹൃദത്തിന്റെ കാലം, ഒന്നു ബെല്ലടിക്കുക പോലും ചെയ്യാതെ ഇറങ്ങിപ്പോയി. ഇനിയെന്നു വരും സ്കൂൾ കാലമെന്നു കാത്തിരിക്കുന്നുണ്ട് കുഞ്ഞിക്കണ്ണുകൾ. വീടും മൊബൈലുമായി അവരുടെ ലോകം. പെട്ടെന്നുണ്ടായ ഒറ്റപ്പെടലിനോട് അവർ പൊരുത്തപ്പെടണമെന്നില്ല. ആ സങ്കടങ്ങളിൽനിന്ന് അവർ നടന്നുകയറുക ഓൺലൈൻ ഗെയിമിന്റെ ബഹളങ്ങളിലേക്കാണ്. ശ്രദ്ധിക്കുക, നമ്മുടെ കുഞ്ഞുങ്ങൾ അവയ്ക്ക് അടിമകളാകുന്നുണ്ടോയെന്ന്. 

ഓൺലൈൻ ഗെയിം അടിമത്തം  

കുഞ്ഞുങ്ങൾക്കായി പുതിയകാലം ഒരുക്കിവച്ച കെണിയാണ് ഓൺലൈൻ ഗെയിം അടിമത്തം. എന്തും അധികമായാൽ വിഷം തന്നെ എന്നത് ഓർക്കാം. ചെറിയ ഇഷ്ടത്തോടെ, പണം ചെലവിടാതെ കുട്ടികൾ തുടങ്ങുന്ന ഗെയിമുകൾ പിന്നീടു പണത്തട്ടിപ്പിലേക്കും മാനസികപ്രശ്നങ്ങളിലേക്കും ആത്മഹത്യാപ്രവണതയിലേക്കും വരെ നീളാം. കുട്ടികളെ ശാസിക്കുകയല്ല, അപകടങ്ങൾ പറഞ്ഞു മനസ്സിലാക്കി ചേർത്തുനിർത്താം. ഈ ദുരിതകാലത്തും നല്ലതിനെയും ചീത്തയെയും തിരിച്ചറിഞ്ഞു മുന്നേറാൻ ആത്മബലം നൽകാം. 

തട്ടിപ്പിലേക്കുള്ള വഴി

തുടരെ ഗെയിം കളിക്കുന്ന കുട്ടികൾ ഇതിന് അടിമകളാകും. ഗെയിം അക്സസറീസ് വാങ്ങാൻ പണം ചെലവിടാം എന്ന നിലയിലേക്കു പോകും. മാതാപിതാക്കളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളോ ഫോൺ വഴിയോ ഒക്കെ പണം ബാങ്കിൽനിന്നു നേരെ ഗെയിം അക്കൗണ്ടിലേക്ക് അയയ്ക്കും. പണം നഷ്ടമായെന്ന മെസേജ്  ചില കുട്ടികൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്യാറുമുണ്ടെന്നു വിദഗ്ധർ പറയുന്നു. വളരെ കുറഞ്ഞ തുകയാവും ആദ്യം നഷ്ടമാകുക. പിന്നീടു വലിയ തുക നഷ്ടമാകുമ്പോഴാകും മാതാപിതാക്കൾ അറിയുക. 25,000 മുതൽ 50,000 രൂപ വരെ നഷ്ടമായ കേസുകളുണ്ട് കേരളത്തിൽ.  

അപ്പുറത്താര്....?

സംഘം ചേർന്ന് ഓൺലൈൻ ഗെയിം കളിക്കുന്ന കുട്ടികളുണ്ട്. മറുവശത്തു മിക്കവാറും ആരാണെന്ന് അറിയുകയുമില്ല. ഇതിനിടെ  സ്വന്തം ഗെയിം അക്കൗണ്ട് മറ്റൊരാൾക്കു വിൽക്കുമ്പോൾ കാത്തിരിക്കുന്നതു വലിയ അപകടമാണ്. ലോഗിൻ പാസ്‌വേഡും മറ്റു വിവരങ്ങളും വാങ്ങിയയാൾക്കു കൈമാറേണ്ടിവരും.  

ഇമെയിൽ ഐഡി, പാസ്‌വേഡ് എന്നിവ ഒരു ഹാക്കർക്കാണു കിട്ടുന്നത് എങ്കിൽ കുഴഞ്ഞതുതന്നെ. ഫോണിന്റെ നിയന്ത്രണം അയാളുടെ കയ്യിലാവും. ചിത്രങ്ങൾ, മറ്റുവിവരങ്ങൾ എന്നിവ ഉൾപ്പെടെ ചോർത്തിയെടുക്കാനാവും.  ഫോണിലെ ഡേറ്റ മുഴുവൻ മായ്ച്ചു കളയാനുമാകും. പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരും. തട്ടിപ്പുകൾ മാതാപിതാക്കൾ അറിയുന്നതോടെ കുട്ടികൾ കുറ്റബോധത്തിലാകും. ശാസനകളും കൂടുന്നതോടെ പ്രശ്നങ്ങളെ നേരിടാനാവാതെ വിഷാദരോഗത്തിലേക്കു നീങ്ങും. 

കുഞ്ഞുമനസ്സാണ്!

ഓൺലൈൻ അടിമത്തം കുട്ടികളുടെ മനസ്സിനെ പലതരത്തിൽ പ്രതികൂലമായി ബാധിക്കുമെന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൈക്യാട്രിസ്റ്റ് ഡോ. അരുൺ‌ ബി. നായർ പറയുന്നു. 

ലഹരിക്കെന്ന പോലെ ഗുരുതരമാണു സ്വഭാവസംബന്ധമായ അടിമത്തവും. ഒരു പ്രവൃത്തി ചെയ്യുമ്പോൾ സന്തോഷം കിട്ടുന്നു, മറ്റെല്ലാം ഉപേക്ഷിച്ച് അതുതന്നെ ചെയ്യുക– ഇതാണു സ്വഭാവസംബന്ധമായ അടിമത്തം. ഇതിൽ പ്രധാനമാണ് ഓൺലൈൻ ഗെയിം അടിമത്തം. 

എന്തുകൊണ്ട്...?

കോവിഡ് കാലമായതോടെ കുട്ടികൾക്കു നിയന്ത്രണങ്ങൾ വന്നു; അവരുടെ സ്വാഭാവികമായ വിനോദമാർഗങ്ങൾ  ഇല്ലാതെയായി. സ്കൂളിൽ പോകുമ്പോൾ കൂട്ടുകാർക്കൊപ്പമുള്ള കളികളുണ്ടായിരുന്നു, ആശയവിനിമയം ഉണ്ടായിരുന്നു.  അതെല്ലാം നിലച്ചു. ഓൺലൈൻ ക്ലാസിന്റെ കാലമായതോടെ അവർ മൊബൈലും ലാപ്ടോപ്പും പോലെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ കൂടുതലായി ഉപയോഗിച്ചു തുടങ്ങി. ഗെയിമിന്റെ നിറങ്ങളിലേക്കും ആകർഷിക്കപ്പെടുന്നു.

അടിമകളാകണോ....?

ഗെയിം അടിമത്തം കുട്ടികളുടെ പഠനത്തെയും സ്വഭാവത്തെയും ബാധിക്കും. തലച്ചോറിലെ ഡോപമിൻ എന്ന രാസവസ്തുവാണു മനുഷ്യനിൽ സന്തോഷത്തിന്റെ നിയന്ത്രണം വഹിക്കുന്നത്. പാട്ടു കേൾക്കുമ്പോഴോ കൂട്ടുകാരോടു സംസാരിക്കുമ്പോഴോ രുചികരമായ ഭക്ഷണം കഴിക്കുമ്പോഴോ ഒക്കെയാണു സാധാരണ ‍ഡോപമിന്റെ അളവു കൂടുക. ഓൺലൈൻ ഗെയിമിന് അടിമകളാകുമ്പോൾ ഇതിന്റെ അളവു വളരെപ്പെട്ടെന്നു കൂടും. വലിയ സന്തോഷം എന്നു തോന്നുകയും ചെയ്യും. പക്ഷേ ഇത് ഉപയോഗിക്കാതെയിരിക്കുമ്പോൾ ഡോപമിന്റെ അളവു വളരെ താഴുകയും മാനസിക അസ്വസ്ഥത , സങ്കടം, വെപ്രാളം എന്നിവ അനുഭവപ്പെടുകയും ചെയ്യും. ഇതോടെ വീണ്ടും ഗെയിമിന് അടിമപ്പെടും. 

താളംതെറ്റുന്ന ഉറക്കം 

ഓൺലൈൻ ഗെയിമിന് അടിമകളായ കുട്ടികൾ രാത്രി വൈകിയും ഗെയിം കളിക്കാനിരിക്കും. അതോടെ അവരുടെ ഉറക്കം തകരാറിലാവും. ഉറക്കം കൊണ്ടു രണ്ടു ഗുണങ്ങളാണു വിദ്യാർഥികൾക്കുള്ളത്. ഒന്ന്, പകൽസമയത്തു വായിക്കുകയും പഠിക്കുകയും ചെയ്യുമ്പോൾ കിട്ടുന്ന അറിവ് തലച്ചോറിൽ അടുക്കിവയ്ക്കുന്ന പ്രക്രിയ നടക്കുന്നതു രാത്രി, ഉറക്കത്തിന്റെ സമയത്താണ്. രണ്ട്, ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ തലച്ചോറിലെ കോശങ്ങളിൽനിന്നു പുറന്തള്ളുന്നതും ഈ സമയത്താണ്. 6 മണിക്കൂറെങ്കിലും തുടർച്ചയായ ഉറക്കം കിട്ടിയാലേ ഇതു സാധിക്കൂ.  ഉറക്കമിളയ്ക്കുന്നതു പതിവായാൽ പകൽസമയത്തു ക്ഷീണവും മന്ദതയും അനുഭവപ്പെടും.  ശ്രദ്ധയും ഏകാഗ്രതയും കുറയും. 

വിഷാദത്തിലേക്ക്..

ധികം ശ്രദ്ധ ആവശ്യമില്ലാത്തവയാണ് ഓൺലൈൻ ഗെയിമുകൾ. ഇതുമായി പൊരുത്തപ്പെട്ട കുട്ടി പുസ്തകം വായിക്കാൻ ശ്രമിക്കുമ്പോൾ ഒട്ടും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റില്ല. ഓൺലൈൻ ഗെയിം അടിമത്തം തുടരുന്നതോടെ പതിയെ ഓർമക്കുറവ്, അമിതദേഷ്യം എന്നിവ കുട്ടിയിലുണ്ടാകും  നിസ്സാര കാര്യങ്ങൾക്കു പൊട്ടിത്തെറിക്കുക, പേരു വിളിച്ചാൽപ്പോലും ദേഷ്യത്തോടെ പ്രതികരിക്കുക, സാധനങ്ങൾ എടുത്തെറിയുക തുടങ്ങിയ സ്വഭാവ വ്യതിയാനങ്ങളുണ്ടാകും. പതിയെ  വിഷാദരോഗത്തിലേക്കു നീങ്ങും.  

തുടർച്ചയായ സങ്കടം, മുൻപു ചെയ്തിരുന്ന പല കാര്യങ്ങളോടും താൽപര്യമില്ലായ്മ, അകാരണമായ ക്ഷീണം, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, ഏകാഗ്രതക്കുറവ്, ചിന്തകളുടെയും പ്രവൃത്തികളുടെയും വേഗതക്കുറവ്, നിരാശ, ആത്മഹത്യാപ്രവണത എന്നിവയാണു വിഷാദത്തിന്റെ ലക്ഷണങ്ങൾ. ഇവയിൽ 5 ലക്ഷണങ്ങളെങ്കിലും രണ്ടാഴ്ച തുടർച്ചയായി നീണ്ടുനിന്നാൽ കുട്ടിക്കു വിഷാദരോഗം ഉണ്ടെന്നു സംശയിക്കാം. ചികിത്സ കിട്ടിയില്ലെങ്കിൽ ആത്മഹത്യാപ്രവണതയും ഉണ്ടാകും. ചില കുട്ടികൾ ലഹരിക്കെന്ന പോലെ തീവ്രമായ ഗെയിം അടിമത്തത്തിനു വിധേയരാകാറുണ്ട്. ഒരു ദിവസം ഗെയിം കളിക്കാനായില്ല എങ്കിൽ അമിത ദേഷ്യം, തലവേദന, വിറയൽ, വെപ്രാളം എന്നിങ്ങനെയുണ്ടെങ്കിൽ കുട്ടികൾക്കു ചികിത്സ അത്യാവശ്യമാണ്. മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടാൻ ഒട്ടും മടിക്കരുത്. 

ഓൺലൈൻ അടിമത്തം ഒഴിവാക്കാൻ

കുട്ടികൾക്കു മൊബൈൽ പോലെയുള്ളവ കാണാനുള്ള സമയം തുടക്കത്തിൽത്തന്നെ നിയന്ത്രിക്കണം. മൂന്നു വയസ്സു മുതൽ എട്ടുവയസ്സു വരെയുള്ള കുട്ടികൾക്ക്  ദിവസം അരമണിക്കൂർ മതി. അതിനു മുകളിൽ കൗമാരപ്രായം വരെയുള്ളവർക്ക് ഒരു മണിക്കൂർ. ഓൺലൈൻ ക്ലാസുകൾ ഉള്ളപ്പോൾ അതിനാവില്ലെങ്കിലും കഴിവതും സമയം കുറയ്ക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ഇന്റർനെറ്റ് നിയന്ത്രണത്തിനു  പേരന്റൽ കൺട്രോൾ‌ ആപ് ഉണ്ട്. അവ ഉപയോഗിക്കാം. 

അസൈൻമെന്റുകളും മറ്റും പകൽസമയത്തു തന്നെ പൂർത്തിയാക്കാൻ കുട്ടികളോടു പറയണം. രാത്രി അവരുടെ ഉറക്കം കൃത്യമാകട്ടെ. എടിഎം കാർഡുകൾ മാതാപിതാക്കൾ തന്നെ ഉപയോഗിക്കാനും പിൻനമ്പരുകൾ കുട്ടികളോടു പറയാതിരിക്കാനും ശ്രദ്ധിക്കണം. തുടക്കത്തിൽത്തന്നെ കുട്ടികളോട് അപകടങ്ങളെക്കുറിച്ചു സൂചന നൽകിയാൽ അവർ രക്ഷിതാക്കൾക്കൊപ്പം നിൽക്കും. ഇനി ഓൺലൈൻ വഴികളിൽ ഇടറിവീണാലും അവരെ കുറ്റപ്പെടുത്താതെ ഒരു മാനസികാരോഗ്യവിദഗ്ധന്റെ സഹായത്തോടെ തിരികെ കൊണ്ടുവരാം. 

English Summary: Video Game Addiction Symptoms, Causes and Effects

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA