ADVERTISEMENT

കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ പിടിമുറുക്കി കഴിഞ്ഞു. രണ്ടാം തരംഗം കുട്ടികളിൽ മാരകമാകുന്നതായി കണ്ടു വരുന്നു. കോവിഡും കോവിഡിന് ശേഷവുമുള്ള കുട്ടികളുടെ ആരോഗ്യത്തെയും നാം കരുതലോടെ കണ്ടേ മതിയാകൂ. ഈ കോവിഡ് കാലത്ത് കുഞ്ഞിന് ഒരു ചെറിയ ചൂട് കണ്ടാൽ പോലും ഭയമാണ്. കോവിഡ് ആകുമോ? ഡോക്ടറെ കാണണോ? പനി ടെസ്റ്റ് ചെയ്യണോ?

ഒന്ന്: കുട്ടികളിലെ എല്ലാ പനിയും കൊറോണയാകുമോ? എങ്ങനെ തിരിച്ചറിയാം?

സാധാരണ ശരീര ഊഷ്മാവ് 36.5-37.5 C ആണ്. പനി എന്ന് പറയുക 38..4C മുകളിൽ ശരീര ഊഷ്മാവ് ഉയരുമ്പോഴാണ്. പനി രോഗമല്ല, മറിച്ചു രോഗലക്ഷണമാണ്. ഒരു പകർച്ച വ്യാധി പടരുന്ന സമയത്തു പനി കാണുകയാണെങ്കിൽ ടെസ്റ്റ്‌ ചെയ്യുക ആണ് ഉത്തമം. പനിക്കു പാരസെറ്റമോൾ മരുന്ന് ഡോസ് അനുസരിച്ചു നൽകുക. ഡോക്ടറുടെ പരിശോധനയും ടെസ്റ്റും ചെയ്തു രോഗം ഇല്ല എന്ന് ഉറപ്പു വരുത്തുന്നതാണ് ഉചിതം.

 

രണ്ട്: കുട്ടിക്ക് പനി ഗുരുതരം ആകുന്നത് എപ്പോൾ?

 

പനിക്ക് മരുന്ന് നൽകിയിട്ടും കുറയുന്നില്ല. പാരസെറ്റമോൾ മരുന്ന് ആറു മണിക്കൂർ വരെ പ്രവർത്തിക്കും ശരീരത്തിൽ. പക്ഷേ ആറു മണിക്കൂറിനുള്ളിൽ വീണ്ടും പനി വരികയും ചൂടു കൂടി വരിക, കുട്ടി മയങ്ങുക, അസ്വസ്ഥത കൂടുക, കൈകാലുകൾക്ക് തണുപ്പ്, മൂത്രത്തിന് അളവ് കുറയുക, ജെന്നി വരിക, മറ്റ് അനുബന്ധ രോഗലക്ഷണങ്ങൾ എന്നിവ ഗുരുതരം ആകുകയും ചെയ്താല്‍ (ചുമ, ശ്വാസതടസ്സം, വയറിളക്കം, ഛർദിൽ) കുഞ്ഞിനെ ആശുപത്രിയിൽ ഉടനെ കൊണ്ടു പോകണം.

 

മൂന്ന്: ഉടനെ ആന്റിബയോട്ടിക് ആരംഭിച്ചാൽ പനി കുറയുമോ?

 

ആന്റിബയോട്ടിക്കുകൾ അനാവശ്യമായി ഒരിക്കലും നൽകരുത്. വൈറൽ പനികൾക്ക് ആന്റിബയോട്ടിക്കുകൾ അനാവശ്യമായി ആരംഭിക്കേണ്ട കാര്യമില്ല. പനി കാണുമ്പോൾ തന്നെ ആന്റിബയോട്ടിക്കുകൾ ആരംഭിക്കുന്നത് കുഞ്ഞിന് ഒരിക്കലും ഗുണകരമല്ല.

 

നാല്: എപ്പോൾ പനിക്ക് രക്‌തപരിശോധന ചെയ്യണം?

 

കുഞ്ഞിന്റെ പനി ആരംഭിച്ച ദിവസം തന്നെ രക്‌തപരിശോധന ചെയ്യേണ്ട ആവശ്യമില്ല. പനി തുടങ്ങുമ്പോൾ തന്നെ പനിക്കു മരുന്ന് നൽകുക, കുട്ടിക്ക് പനി വിടുമ്പോൾ ആക്റ്റീവ് ആണെങ്കിൽ രണ്ടു ദിവസം കഴിഞ്ഞു മതി രക്‌തപരിശോധന. മറിച്ചു കുട്ടിക്കു ക്ഷീണം, ഗുരുതര രോഗലക്ഷണങ്ങൾ എന്നില കാണുകയും ചെയ്താല്‍ രക്‌തപരിശോധന ചെയ്യണം. കഠിനമായ പനി ഉള്ള കുട്ടികളിൽ മൂത്രം പരിശോധിച്ച്, മൂത്രത്തിൽ പഴുപ്പില്ല എന്ന് തൊട്ടടുത്ത ദിവസം തന്നെ ടെസ്റ്റ്‌ ചെയ്യുന്നത് നല്ലതാണ്.

അഞ്ച്: പനി വന്നാൽ മാതാപിതാക്കൾ കുഞ്ഞിനെ എങ്ങനെ പരിചരിക്കണം?

പനിയുടെ പാരസെറ്റമോൾ മരുന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം പനി മാറും വരെ നൽകുക. കോവിഡ് പരിശോധന ഉത്തമം. പനി വിട്ടുമാറാതെ നിൽക്കുകയാണെങ്കിൽ രക്തപരിശോധന ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്യുക. കുഞ്ഞിനെ നിർജ്ജലീകരണം വരാതെ ഇരിക്കുവാൻ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, ORS, പാൽ മുതലായവ നൽകുക. എളുപ്പത്തിൽ ദഹിക്കുന്ന ആവിയിൽ പുഴുങ്ങിയ ഭക്ഷണം ഉത്തമം. ഒരുപാട് തവണയായി ചെറിയ അളവിൽ ഭക്ഷണം നൽകുക. രോഗം മൂർച്ഛിക്കുന്നതിനു മുൻപ് ഗുരുതര ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ആശുപത്രിയിൽ കൊണ്ട് പോവുക. </p>

ആറ്: കുഞ്ഞുങ്ങൾക്ക് കൊറോണയാണോ? ടെസ്റ്റ് ചെയ്യണോ? വേദനിക്കുമോ?

കൊറോണ ടെസ്റ്റ് ചെയ്യുന്നത് രോഗം ഉണ്ടോ എന്ന് ഉറപ്പിക്കാനാണ്. കുഞ്ഞിന്റെ സുരക്ഷയ്ക്ക് പ്രധാനമാണ്. നവജാത ശിശുക്കൾ മുതൽ ആർക്കും ടെസ്റ്റ് ചെയ്യാവുന്നതാണ്. കൈ കുഞ്ഞുങ്ങൾക്ക് പനി ചുമ എന്നീ എന്നീ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒട്ടും മടി കാണിക്കാതെ ടെസ്റ്റ് ചെയ്യേണ്ടതാണ്. രണ്ടാം തരംഗത്തിൽ ധാരാളം കുട്ടികൾക്ക് രോഗം കണ്ടുവരുന്നുണ്ട്. 

ഏഴ്: പനി ഇല്ലാതെ മറ്റൊരു രോഗലക്ഷണങ്ങൾക്കും ടെസ്റ്റ് ചെയ്യണം?

ടെസ്റ്റ് ചെയ്യണം. ഉദാഹരണത്തിന് മൂക്കൊലിപ്പ്, ചുമ മാത്രം ഉള്ള കുട്ടികൾ, വയറിളക്കം ക്ഷീണം എന്നിവ ഉള്ള കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കാര്യമായി ഉണ്ടെങ്കിൽ ഇപ്പോഴുള്ള സാഹചര്യത്തിൽ ടെസ്റ്റ്‌ ചെയ്യുക തന്നെ ആണ് നല്ലത്.

എട്ട്: കുട്ടികളുടെ രോഗപ്രതിരോധ ശേഷി കൂട്ടുവാൻ എന്ത് ചെയ്യണം?

കുട്ടികൾക്ക് പോഷകാഹാരം നൽകുക. വീട്ടിലുള്ള ഭക്ഷണം മാത്രം നൽകുക. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക. ധാരാളം വെള്ളം നൽകുക. പഴങ്ങൾ പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൃത്യമായ വ്യായാമത്തിന് കുഞ്ഞുങ്ങൾക്ക് അവസരം നൽകുക.

 

ഒന്‍പത്: കുഞ്ഞിന്റെ പനി എങ്ങനെ തടയാം?

 

പനി ഒരു രോഗമല്ല, രോഗലക്ഷണമാണ്. രോഗാണുവിനെ എതിരായ ശരീരത്തിന്റെ പ്രതിപ്രവർത്തനമാണ് പനി. പനി തടയാൻ കുഞ്ഞിനെ അണുബാധ ഉണ്ടാവാനിടയുള്ള സാഹചര്യം ഒഴിവാക്കുക.

 

പത്ത്: കോവിഡ് വന്ന കുട്ടികൾക്ക് ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ?

 

കോവിഡ് വന്നു പോയ ശേഷം കുട്ടികളിൽ 6 മുതൽ 8 ആഴ്ചക്കു ഉള്ളിൽ  വരാൻ സാധ്യത ഉള്ള ഗുരുതര പ്രശ്നമാണ് MISC (Multisystem inflammatory syndrome in children ). കുട്ടികളുടെ പല അവയങ്ങളെയും പ്രത്യേകിച്ച് ഹൃദയത്തെയും ബാധിക്കാവുന്ന പ്രശ്നം. വിട്ടുമാറാതെ നിൽക്കുന്ന പനി, ദേഹത്തും ചുണ്ടിലും കണ്ണിലും ചുവപ്പ്, കൈകാലുകളിൽ നീര്, കഴുത്തിൽ കഴല എന്നിവ ആണ് രോഗലക്ഷണങ്ങൾ. കണ്ടു പിടിക്കാൻ കൃത്യമായ പരിശോധനയും തുടർ ചികിത്സയും വേണം.

English summary : Fever in children at the time of covid a note by Dr Vidya Vimal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com