ADVERTISEMENT

കുട്ടിയെ സ്‌കൂളിൽ അയയ്ക്കുന്നതിന് പ്രായം നോക്കേണ്ടതുണ്ടോ? ഇല്ലെന്നാകും മിക്ക രക്ഷിതാക്കളുടെയും ഉത്തരം. കുട്ടിയെ നോക്കാൻ വീട്ടിൽ ആളില്ലാത്ത സാഹചര്യത്തിലും, രക്ഷിതാക്കൾ ജോലിക്കാരാകുമ്പോഴും പ്രത്യേകിച്ചും തീരെ ചെറിയ പ്രായത്തിൽ തന്നെ പ്രീ. കെ.ജി യിൽ കുട്ടിയെ വിടുന്നവരുണ്ട്. എന്നാൽ വളരെ നേരത്തെ തന്നെ കുട്ടിയെ സ്‌കൂളിൽ വിടുന്നത് കുട്ടിയുടെ മനസികാരോഗ്യത്തിന് അത്ര നന്നല്ലയെന്ന് വിദഗ്‌ധർ. 

 

നിങ്ങളുടെ കുട്ടി വളരെ പെട്ടെന്നു തന്നെ കാര്യങ്ങൾ പഠിച്ചെടുക്കുന്നതോ പ്രത്യേക കഴിവുകൾ ഉള്ളവരൊ ആകട്ടെ, വളരെ നേരത്തെ സ്‌കൂളിൽ അയയ്ക്കുന്നത് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കും. 

 

കുട്ടിയെ പ്രീ സ്‌കൂളിൽ അയയ്ക്കാൻ തിരക്കു  കൂട്ടുന്നത് മനസിലാക്കാം. എന്നാൽ കുട്ടിയുടെ മാനസികാരോഗ്യത്തെ കരുതി അല്പമൊന്നു കാത്തിരിക്കുന്നതാകും നല്ലതെന്ന്  ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് എക്‌സിറ്റർ മെഡിക്കൽ സ്‌കൂളിലെ ഗവേഷകർ നടത്തിയ പഠനം പറയുന്നു. 

 

ഗവേഷകർ, 5 മുതൽ 9 വയസ്സു വരെ പ്രായമുള്ള 2075 കുട്ടികളിലാണ് പഠനം നടത്തിയത്. ഇംഗ്ലണ്ടിലെ ഡെവണിലെ 80 വ്യത്യസ്‌ത സ്‌കൂളുകളിലെ കുട്ടികളെയാണ് പഠനത്തിന് തെരഞ്ഞെടുത്തത്. കുട്ടികൾക്കുണ്ടായ വിഷമങ്ങൾ, ഭയം കൂടെ പഠിക്കുന്നവരോട്  അടുപ്പം ഇല്ലായ്‌മ, പെരുമാറ്റപ്രശ്നങ്ങൾ തുടങ്ങിയവയെ സംബന്ധിച്ച ചോദ്യാവലികൾ രക്ഷിതാക്കൾക്കും അധ്യാപകർക്കും നൽകി. 

 

ചെറിയ കുട്ടികൾക്ക് തങ്ങളുടെ സഹപാഠികളേക്കാൾ മാനസികാരോഗ്യം കുറവാണെന്നു കണ്ടു. വളരെ ചെറിയ പ്രായത്തിൽ, അല്പം മുതിർന്ന സഹപാഠികളുടെയൊപ്പം കഴിയുന്നത് കുഞ്ഞുങ്ങളിൽ സമ്മർദം ഉണ്ടാക്കുന്നു. പഠന വൈകല്യങ്ങൾ നേരിടുന്ന കുട്ടികളിലും മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളിലുമാണ് ഈ പ്രശ്‍നം കൂടുതലായി കണ്ടത്. 

 

ഒരു വിദ്യാഭ്യാസ സംവിധാനത്തിലേക്ക് തന്റെ കുട്ടിയെ എപ്പോൾ ചേർക്കണമെന്ന് രക്ഷിതാക്കളെ ചിന്തിപ്പിക്കുന്ന ഒരു പഠനമാണിത്. കുട്ടികളെ എത്ര നേരത്തെ സ്‌കൂളിൽ വിടാമോ, അത്രയും നല്ലതെന്നാണ് മിക്ക ആളുകളും കരുതുന്നത്.  കുട്ടിയെ സ്‌കൂളിൽ ചേർക്കും മുൻപ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. 

 

കുട്ടിക്ക് ടോയ്‌ലറ്റ് ട്രെയിനിങ്ങ് നൽകിയിരിക്കണം. കുറച്ചു സമയമെങ്കിലും ഒരു സ്ഥലത്ത് അടങ്ങിയിരിക്കാൻ കഴിയണം. രക്ഷിതാക്കൾ അടുത്തില്ലാതെയും കഴിയാൻ കുട്ടിക്ക് പറ്റണം. തങ്ങളുടെ ആവശ്യങ്ങൾ മറ്റുള്ളവരോട് പറയാനും മറ്റുള്ളവർ പറയുന്നത് അനുസരിക്കാനും കുട്ടിക്ക് സാധിക്കണം.

 

English summary: Starting schooling early affect child's development - Study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com