ADVERTISEMENT

ചോദ്യം: മകൾ അച്ഛനെ മിസ് ചെയ്യുന്നില്ലേ ?

ഉത്തരം : ഇല്ല; ഒരിക്കലും അറിയാത്ത ഒന്നിനെ എങ്ങനെ മിസ് ചെയ്യും.

ചോദ്യം: അച്ഛനും അമ്മയുമായാണോ നിങ്ങൾ മകളെ വളർത്തുന്നത് ?

ഉത്തരം : അല്ല; അമ്മയായി മാത്രം. കാരണം, അച്ഛൻ അവളെ എങ്ങനെ വളർത്തുമായിരുന്നു എന്ന് എനിക്കറിയില്ല.

ചോദ്യം: മറ്റു കുടുംബങ്ങളെ (അച്ഛൻ + അമ്മ + മക്കൾ) കാണുമ്പോൾ നിങ്ങളുടേത് അപൂർണമാണല്ലോ എന്നു തോന്നാറില്ലേ ?

ഉത്തരം :  ഇല്ല; ഞാനും എന്റെ മകളും ചേർന്ന ഞങ്ങളുടെ കുടുംബം പൂർണമാണ്.

ചോദ്യം: അവൾ വിവാഹിതയാകുമ്പോൾ അച്ഛന്റെ സ്ഥാനത്തു നിന്നു ചെയ്യേണ്ട കർമങ്ങൾ ആരു ചെയ്യും ? ബന്ധുക്കളെ ആരെയെങ്കിലും ചുമതലപ്പെടുത്തേണ്ടി വരില്ലേ ?

ഉത്തരം : ഞാൻ ചെയ്യും. മതം അതിനെ എതിർക്കുകയാണെങ്കിൽ അവൾക്കു രജിസ്റ്റർ വിവാഹം (court marriage) ആകാം. അങ്ങനെ പോരാ എന്നാണു മകളുടെ തീരുമാനമെങ്കിൽ, അവൾ തന്നെ അതിനുള്ള വഴി കണ്ടെത്തട്ടെ.

 

കഴിഞ്ഞു പോയ ‘അച്ഛൻ ദിന’ത്തിൽ (father's day) സമൂഹ മാധ്യമങ്ങളിൽ ചർച്ചയായ ഒരു കുറിപ്പാണിത്. എഴുത്തുകാരിയും സൈക്കോളജിസ്റ്റും കൗൺസലറുമായ ജസീന ബക്കർ ഇതു കുറിച്ചതു തനിക്കു വേണ്ടി മാത്രമല്ല. ജസീനയെപ്പോലെ ഏകയായി മകളെ/മകനെ വളർത്തുന്ന ഓരോ ‘സിംഗിൾ പേരന്റി’നും വേണ്ടിയാണ്. ആ ‘പേരന്റിങ്ങിനു’ കീഴിൽ ഒരു സമ്പൂർണ കുടുംബത്തിന്റെ സ്നേഹസുരക്ഷ അനുഭവിച്ചു വളരുന്ന ഓരോ കുട്ടിക്കും വേണ്ടിയാണ്. ‘അച്ഛൻ ദിന’ത്തിലോ ‘അമ്മ ദിന’ത്തിലോ നിങ്ങളാരും ഒറ്റപ്പെട്ടു പോകുന്നില്ലെന്നും നിങ്ങളാരും അപൂർണരല്ലെന്നും വീണ്ടും വീണ്ടും ഓർമിപ്പിക്കാൻ.

ജസീന തുടക്കമിടുന്നത് ഇന്നത്തെ കാലം ആവശ്യപ്പെടുന്ന ഒരു ചർച്ചയ്ക്കാണ്. അതിൽ പല വിഷയങ്ങളുണ്ട്.

 

1. എന്താണ് കുടുംബം ?

ഇന്നും പാഠപുസ്തകങ്ങളിൽ കുടുംബത്തെ ചിത്രീകരിക്കുന്നതു മാതാപിതാക്കൾ, മക്കൾ (ചിലപ്പോൾ ഗ്രാൻഡ് പേരന്റ്സും കൂടി) എന്ന യൂണിറ്റായാണ്. അച്ഛനോ, അമ്മയോ മരിച്ചു പോകുകയോ, വിവാഹ ബന്ധം വേർപെടുത്തുകയോ, ഒരാൾ ഉപേക്ഷിച്ചു പോവുകയോ മറ്റോ ചെയ്തതു മൂലം സിംഗിൾ പേരന്റായി എത്രയോ കുടുംബങ്ങൾ നമുക്കു ചുറ്റുമുണ്ട്. വിവാഹം വേണ്ടെന്നു വച്ച് കുട്ടിയുമായി (ചിലപ്പോൾ ദത്തെടുത്ത കുട്ടി) ജീവിക്കുന്നവർ, അവിവാഹിതരായ അമ്മമാർ, ട്രാൻസ്ജെൻഡർ പേരന്റ്സ് എന്നിങ്ങനെ എത്രയോ പേർ. അതെല്ലാം കുടുംബങ്ങൾ തന്നെയല്ലേ. വ്യവസ്ഥാപിത കുടുംബങ്ങളിൽ നിന്ന് അവർക്കെന്താണു കുറവ്.  

 

പക്ഷേ പാഠപുസ്തകങ്ങൾ ഇവരെയൊന്നും അഡ്രസ് ചെയ്യുന്നില്ല. ഓരോ കുട്ടിയുടെയും വളർച്ചയിലും സ്വഭാവ രൂപീകരണത്തിലും പ്രാഥമിക ആധാര ശിലകളാകുന്നത് പാഠപുസ്തകങ്ങളാണ് എന്നിരിക്കെ മാറുന്ന കാലവും ചിന്തകളും ഉൾക്കൊണ്ടും അംഗീകരിച്ചും ബഹുമാനിച്ചും ഇനിയെന്നാണ് അവ സമഗ്രമായി ഉടച്ചു വാർക്കുക? കുടുംബത്തിനു കാലോചിതമായ, ലിംഗനീതിയോടു കൂടിയ പുനർ നിർവചനം നൽകുക.

 

2. അച്ഛൻ / അമ്മ ഇല്ലാത്തത് കുറവാണോ ?

സൈക്കോളജിസ്റ്റായ ജസീനയുടെ അഭിപ്രായത്തിൽ ഇക്കാര്യം ആപേക്ഷികം മാത്രമാണ്. എന്നാൽ, സമൂഹം അതൊരു സത്യമോ ശൈലിയോ ആയി അടിച്ചേൽപിക്കുന്നു എന്നതാണു പ്രശ്നം. അച്ഛന്റെ / അമ്മയുടെ സ്നേഹവാത്സല്യങ്ങളും കരുതലും ആവോളം അനുഭവിച്ചു വളർന്ന ഒരു കുട്ടിക്കു പെട്ടെന്നൊരു ദിവസം അതു നഷ്ടമാകുമ്പോൾ തുടർന്നുള്ള ജീവിതത്തിൽ അതൊരു കുറവു തന്നെയാണ്. ആർക്കും നികത്താനാകാത്ത നഷ്ടം. ചില സ്ത്രീകൾ/പുരുഷന്മാർ പറയാറുണ്ട് അച്ഛൻ/അമ്മ ഇല്ലാത്ത കുറവ് അറിയിക്കാതെയാണു ഞാൻ കുട്ടിയെ വളർത്തിയതെന്ന്. അത് അവരുടെ തെറ്റിദ്ധാരണ മാത്രമാണെന്നു മനഃശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയൊരു കുറവ് ഉണ്ടെങ്കിൽ, അത് ആർക്കും നികത്താൻ പറ്റില്ല. അതു നികത്താൻ നോക്കുകയും വേണ്ട. പ്രത്യേകിച്ച്, സ്ത്രീകൾ. നിങ്ങൾ അച്ഛനാകാൻ ശ്രമിച്ച് ആ ഭാരം കൂടി തലയിലെടുത്തു വയ്ക്കേണ്ട. അമ്മ എന്ന റോൾ ഭംഗിയായി ചെയ്യുക. അതു മതി.

 

ചില കുടുംബങ്ങളിലാകട്ടെ, കുട്ടി അച്ഛന്റെ (അമ്മയുടെ) സ്നേഹം, കരുതൽ അറിഞ്ഞിട്ടേ ഉണ്ടാകില്ല. അറിയാത്ത കാര്യങ്ങൾ എങ്ങനെ അവർ ‘മിസ്’ ചെയ്യും. അവരെകൊണ്ട് ‘മിസ്’ ചെയ്യിപ്പിക്കുകയും വേണ്ട. അച്ഛൻ (അമ്മ) ഉണ്ടായിരുന്നെങ്കിൽ എന്ന പ്രയോഗം സിംഗിൾ പേരന്റ് തങ്ങളുടെ ജീവിത നിഘണ്ടുവിൽ നിന്നു നീക്കം ചെയ്യുക. കാരണം ഇടയ്ക്കിടെ ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നാൽ കുട്ടി സംശയാലുവാകും. ഒപ്പമുള്ള പേരന്റിന് തനിച്ച് തന്നോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ പറ്റുന്നില്ല, എന്തോ പോരായ്മയുണ്ട് എന്നു കുട്ടി സംശയിക്കാം. ഉറച്ച തീരുമാനങ്ങളെടുക്കേണ്ട സമയത്ത് കുട്ടിക്കു നിങ്ങളിൽ വിശ്വാസം കാണില്ല. നിങ്ങൾ എന്തെങ്കിലും പിഴവു വരുത്തുമോയെന്ന് കുട്ടി ആശങ്കപ്പെടും. തന്റെ കുടുംബം പൂർണമല്ലെന്നും കരുതും.

അതിനാൽ, ഞാൻ നിന്റെ രക്ഷിതാവ്, ഇതു നമ്മുടെ കുടുംബം, നമ്മൾ സന്തോഷമായി ജീവിക്കും, ഒരു പ്രശ്നവുമില്ല എന്ന സ്റ്റേറ്റ്മെന്റ് ആകേണ്ടതുണ്ട് ഓരോ സിംഗിൾ പേരന്റും.

 

3. അച്ഛൻ/അമ്മ ആര്, എന്ന് എന്നറിയാതെ വളർത്തണോ ?

അതിന്റെ ആവശ്യമില്ലെന്നാണു മനഃശാസ്ത്രജ്ഞർ കരുതുന്നത്. ഒരു പേരന്റ് വിട്ടുപോയ കുടുംബങ്ങളുണ്ട്. വിട്ടു പോയ ആൾ ആരാണ്, എവിടെ, എന്തു ചെയ്യുന്നു എന്നു കുട്ടി അറിയണം. എന്തുകൊണ്ട് നമ്മുടേതു സിംഗിൾ പേരന്റ് കുടുംബമായി എന്നു കുട്ടിക്കു മനസ്സിലാകണം.  അങ്ങനെ ജീവിക്കുന്നത് പോരായ്മയോ, തെറ്റോ അല്ലെന്നും തങ്ങളുടേതും ‘പൂർണമായ കുടുംബം’ തന്നെയാണെന്നുമുള്ള ആരോഗ്യകരമായ കാഴ്ചപ്പാട് കുട്ടിയിൽ വളർത്തുക. അത്തരം മറ്റു കുടുംബങ്ങളെയും കുട്ടി അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യട്ടെ.

 

4. അച്ഛാ ദിൻ, അമ്മാ ദിൻ

പണ്ട് ഇങ്ങനെയൊന്നും ഒരു ആഘോഷവുമില്ലായിരുന്നു. പിന്നെ ‘തൽപരകക്ഷികൾ’ക്കായി ആശംസാ കാർഡുകൾ രൂപമെടുത്തു. ഇപ്പോൾ ആഘോഷങ്ങൾ സമൂഹ മാധ്യമങ്ങളിലാണ്. അന്നേ ദിവസങ്ങളിൽ ചിത്രങ്ങളും ത്യാഗോജ്ജ്വല, സ്നേഹ നിർഭര, കോൾമയിർ പോസ്റ്റുകളും കൊണ്ടു സമൂഹ മാധ്യമങ്ങൾ നിറയും. മക്കൾ ഈ എഴുതി വിട്ടിരിക്കുന്നത് എന്നെപ്പറ്റിത്തന്നെയാണോ എന്നു ചില മാതാപിതാക്കളെങ്കിലും അന്തം വിടും. എന്നെ/നിന്നെ തിരിച്ചറിയാൻ വൈകിയല്ലോ എന്നു ചിലർ ആനന്ദാശ്രു പൊഴിക്കും. എല്ലാം കൊള്ളാം. 

 

പക്ഷേ ഇതിനൊരു മറുവശമുണ്ട്. സമൂഹ മാധ്യമങ്ങളിൽ അന്നേ ദിവസം ഒരു ‘മത്സരം’ നടക്കുന്നുണ്ട്. ഏതു പോസ്റ്റിന് ഏറ്റവുമധികം ലൈക്ക് എന്ന സ്ഥിരം മത്സരം. അതിനായി ചിലപ്പോഴെങ്കിലും പോസ്റ്റുകൾ യാഥാർഥ്യത്തിനുമപ്പുറത്തേക്ക് ഉയർന്നങ്ങു പോയേക്കാം. ഇതെല്ലാം വായിച്ചും കണ്ടും സിംഗിൾ പേരന്റ് ഫാമിലിയിലെ കുട്ടി കളത്തിനു പുറത്തിരിക്കേണ്ടി വരുന്നു. ചിലപ്പോൾ നുണ പറയേണ്ടി വരുന്നു. പിതാവിന്റെ ക്രൂരത മൂലം ചില പ്രയാസങ്ങൾ നേരിട്ട, താൻ കൗൺസലിങ് നൽകി വരുന്ന വിദ്യാർഥി ഫാദേഴ്സ് ഡേക്ക് ഇട്ടത് അച്ഛന്റെ ത്യാഗോജ്ജ്വല ജീവിത മാതൃകയായിരുന്നു – ജസീന ബക്കർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടാണു സിംഗിൾ പേരന്റ് ആയ ജസീന അന്നു തന്നെ ആ പോസ്റ്റ് ഇട്ടത്. ‘ഞാനും എന്റെ മകളും. ഞങ്ങൾ ഒന്നും മിസ് ചെയ്യുന്നില്ല. ഞങ്ങളുടേതു പൂർണമായ ഫാമിലി’.

 

English summary: Write up on the social media post of Jaseena bucker on single parenting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com