സ്വഭാവ രൂപീകരണത്തിൽ മൂന്ന് വയസ്സുവരെയുള്ള പ്രായം നിർണായകം

HIGHLIGHTS
  • പേരന്റിങ്ങിലാണ് പ്രാഥമികമായും മികവ് പ്രകടമാകേണ്ടത്
developing-good-character-in-children-starts-early
Representative image. Photo Credits/ Shutterstock.com
SHARE

കുട്ടികൾ കുസൃതി കാണിക്കുമ്പോൾ, ചില കുസൃതികൾ അതിരുവിട്ടു പോകുമ്പോൾ ചിലർ പറയുന്ന ഒരു കാര്യമുണ്ട്, ‘കുട്ടികൾ അല്ലേ... ബുദ്ധിയുറയ്ക്കാത്ത പ്രായത്തിൽ ചെയ്യുന്നതല്ലേ.വളരുമ്പോൾ അതെല്ലാം മാറിക്കൊള്ളും’. എങ്കിൽ ഒന്നു മനസിലാക്കുക, ബുദ്ധിയുറക്കാത്ത പ്രായം എന്നൊരു പ്രായമില്ല, മൂന്ന് വയസ്സുവരെയുള്ള പ്രായത്തിനുള്ളിൽ കുട്ടികൾ എന്തെല്ലാം കാര്യങ്ങൾ ശീലിക്കുന്നുവോ അതെല്ലാം തന്നെ കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ ബാധിക്കുക തന്നെ ചെയ്യും. 

മൂന്ന് വയസ്സുവരെയുള്ള പ്രായം കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. ഈ കാലയളവിൽ മാതാപിതാക്കളിൽ നിന്നും കുടുംബാന്തരീക്ഷത്തിൽ നിന്നും താൻ കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങളിൽ നിന്നുമാണ് കുട്ടികൾ വാശിക്കാരും ദേഷ്യക്കാരും ശാന്തസ്വരൂപരും അമിത ഭയമുള്ളവരുമൊക്കെയാകുന്നത്. മൂന്നാം വയസിൽ അമിതമായ വാശിയും ദേഷ്യവും കാണിക്കുന്ന ഒരു കുട്ടി സ്‌കൂളിൽ പോയി തുടങ്ങുന്നതോടെ ശാന്തനാകുമെന്ന ധാരണയുണ്ടെങ്കിൽ അത് തെറ്റാണ്. ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണത്തിൽ മൂന്ന് വയസ് വരെയുള്ള പ്രായം മറ്റേത് പ്രായത്തെക്കാളും നിർണായകമാണ്. എന്താണോ ആ പ്രായം വരെ വീട്ടിൽ നിന്നും പഠിക്കുന്നത് അതിന്റെ പ്രതിഫലനമാണ് പിന്നീടങ്ങോട്ടുള്ള ജീവിതം. 

മറ്റൊരു തരത്തിൽ പറയുകയാണെങ്കിൽ മൂന്ന് വയസ് വരെയുള്ള പ്രായത്തിൽ  മാനസികവും ശാരീരികവുമായി ഒരു കുട്ടിക്ക്  ഏൽക്കുന്ന മുറിവ് ആനയെ ചട്ടം പഠിപ്പിക്കുമ്പോൾ ഉണ്ടാക്കുന്ന ചട്ടവ്രണത്തിന് തുല്യമാണ്. ആഴത്തിൽ തോട്ടി കുത്തിയിറക്കി ഉണ്ടാക്കുന്ന മുറിവിൽ പാപ്പാൻ ഒരിക്കൽ കുത്തിയ വേദന പിന്നീടൊരിക്കലും ആന മറക്കില്ല. പിന്നെ ഓരോ തവണ ചട്ടം പഠിപ്പിക്കുമ്പോഴും മനസ്സിൽ ആ വേദന മാറാതെ നിൽക്കും. ആ ഭയപ്പാടിൽ തന്നെയായിരിക്കും മുന്നോട്ടുള്ള ജീവിതം മുന്നോട്ടു പോകുക. ഇത് ആത്മവിശ്വാസത്തെ കാര്യമായി ബാധിക്കും. 

അതിനാൽ പേരന്റിങ്ങിലാണ് പ്രാഥമികമായും മികവ് പ്രകടമാകേണ്ടത്. വീട്ടിൽ നിന്നും പഠിച്ചെടുക്കുന്ന, അനുഭവിച്ചറിയുന്ന കാര്യങ്ങളാണ് കുട്ടികളുടെ മനസ്സിൽ ആദ്യം പതിയുന്നത്. ഈ പ്രായത്തിൽ കുട്ടികളോട് അനുഭാവപൂർണമായി പെരുമാറുക, കുട്ടികൾ കാണിക്കുന്ന കുസൃതികൾ ദേഷ്യത്തോടെ നേരിടാതെ സാവധാനം അവരോടൊപ്പം ഇരുന്ന് ആ കുസൃതിയിലെ ദൂഷ്യവശങ്ങൾ പറഞ്ഞു മനസിലാക്കുക. കുട്ടി ദേഷ്യപ്പെടാനുള്ള സാഹചര്യം ഉണ്ടായാൽ തിരികെ ദേഷ്യപ്പെടാതിരിക്കുക. പുഞ്ചിരിയോടെ കാര്യങ്ങളെ നേരിടാൻ മാതാപിതാക്കളും പഠിക്കണം.

ഒരു കുഞ്ഞിന്റെ സ്വഭാവ രൂപീകരണത്തിൽ മാതാപിതാക്കൾ മാത്രമല്ല കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ഇടപെടലുകൾ നിർണായകമാണ്. അതിനാൽ തന്നെ ഒരു കുഞ്ഞു ജനിക്കുമ്പോൾ മുതൽ വീട്ടിലെ ഓരോ അംഗങ്ങളും പുനർജനിക്കുകയാണ്. കുഞ്ഞിനൊപ്പം വളരുക എന്ന ഉത്തരവാദിത്വം കൂടിയാണ് അവർ ഏറ്റെടുക്കേണ്ടി വരുന്നത്.

അതിനാൽ തന്നെ ദേഷ്യപ്പെടുകയും ഭീതിപ്പെടുത്തുന്ന കഥകൾ പറയുകയും കുട്ടികളെ ഭയപ്പെടുത്തി ഉറക്കാനും ഭക്ഷണം കഴിപ്പിക്കാനും ഉറക്കാനും ഒക്കെ ശ്രമിക്കുമ്പോൾ ഒന്നോർക്കുക, നിങ്ങളുടെ കുഞ്ഞിന്റെ ഭാവി സമ്മർദ്ദത്തിലാക്കുന്നത് നിങ്ങൾ തന്നെയാണ്. ബുദ്ധിയുറയ്ക്കാത്ത പ്രായം എന്നൊന്നില്ലയെന്ന് തിരിച്ചറിയുക.

English summary: Developing Good Character in Children Starts Early

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA