ടാൻഡ്രം മാറ്റാൻ തന്ത്രം തന്നെ പരീക്ഷിക്കണം; കുട്ടികളിലെ പിടിവാശികൾ മാറ്റാൻ ചില പൊടിക്കൈകൾ

HIGHLIGHTS
  • തീർത്തും നിർബന്ധബുദ്ധിയോടെ ധാർഷ്ട്യം കാട്ടരുത്
social-media-post-of-aarsha-abhilash-about-tantrum-in-chilrden
Representative image. Photo Credits; ChameleonsEye/ Shutterstock.com
SHARE

ദേഷ്യം വന്നാൽ  ചില കുട്ടികളുടെ പെരുമാറ്റങ്ങൾ വളരെ വിചിത്രമായ രീതിയിൽ ആയിരിക്കും. മുതിർന്നവരേക്കാളും അരിശവും വൈകാരികപ്രതികരണങ്ങളും കാണിക്കുന്നവരാണ് ചില കുട്ടികൾ. അവരാഗ്രഹിക്കുന്നത് കിട്ടിയില്ലെങ്കിൽ കയ്യിൽ കിട്ടുന്നത് എറിഞ്ഞുടയ്ക്കുക, അമ്മയെയോ അച്ഛനെയോ കടിക്കുക, നിലത്ത് കിടന്നുരുളുക എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ. എങ്ങനെയാണ് കുട്ടികളുടെ ഇത്തരം വൈകാരികപ്രതികരണങ്ങളെ നിയന്ത്രിക്കേണ്ടത്? സ്വയം നിയന്ത്രിക്കാൻ അവരെ എങ്ങനെ പഠിപ്പിക്കാം?  തുടങ്ങിയവയെക്കുറിച്ച് ആർഷ അഭിലാഷ് എന്ന യുവതി പങ്കുവച്ചിരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്ന

ആർഷ അഭിലാഷിന്റെ കുറിപ്പ്

നാലാം വയസില്‍ നട്ടപ്പിരാന്ത് എന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടിൽ. പക്ഷേ ഇവിടെ കേൾക്കാറുള്ളത് ടെറിബിൾ ടു എന്നാണ് - രണ്ടുവയസിൽ തന്നെ അച്ഛന്റെയും അമ്മയുടെയും ക്ഷമ പരീക്ഷിക്കുമെന്ന് സാരം. എനിക്കും പലപ്പോഴും പല കുട്ടികളേയും വീട്ടിലുള്ള രണ്ടിനേയും കണ്ട് തോന്നിയിട്ടുള്ളത് ആ ഒരു toddler പ്രായമാണ് ശരിക്കും കുട്ടികൾ അവരുടെ ഐഡന്റിറ്റി കാണിച്ചുതുടങ്ങുന്ന പ്രായമെന്നാണ്. നാലുവയസു മുതൽ ആറു വയസുവരെ വലുതായിയെന്ന് കാണിക്കാനുള്ള ഒരു ശ്രമം ആണ് കുട്ടികൾക്ക്, എന്നാലോ ലോകം അതങ്ങട് സമ്മതിച്ചു കൊടുക്കുകയും ഇല്ല ! പണ്ടൊരിക്കൽ എഴുതിയ ‘കരയുന്ന കുഞ്ഞുങ്ങൾ’ എന്ന ലേഖനം വായിച്ച, ഒരു മൂന്നുവയസുകാരിയുടെ അമ്മയ്ക്ക് വേണ്ടിയാണ് ഇന്നത്തെ എഴുത്ത്. കടകളിലൊക്കെ പോയാൽ കുഞ്ഞിപ്പെണ്ണിന് ചെറിയ വാശിയുണ്ടത്രേ, അത്തരം പിടിവാശികൾ - tantrums  - എങ്ങനെ ഒഴിവാക്കാം എന്നുള്ളതിന്റെ പഠനം ആയിക്കോട്ടെ ഇന്നത്തേത്. 

ഓരോ കുഞ്ഞും യൂണിക് ആണെന്നതുപോലെ ഓരോ രക്ഷിതാവും കുട്ടികളെ വളർത്തുന്ന രീതിയും യൂണിക് ആണ്. അപ്പുറത്തെ കുട്ടിക്ക് ദോശയും സാമ്പാറും കൊടുത്താൽ വേറൊന്നും വേണ്ട എന്നുകരുതി പുട്ട് ഇഷ്ടമുള്ള കുട്ടിക്ക് ദോശ എന്നും കൊടുക്കുന്നത് പോലെയാണ് മറ്റൊരു രക്ഷിതാവ് വളർത്തുന്ന കുട്ടിയുടെ രീതി നമ്മളുടെ കുട്ടിയുടെ മേൽ കെട്ടിവെക്കാൻ നോക്കുന്നത്. എന്നാലോ എല്ലാ കുട്ടികൾക്കും പിന്തുടരാവുന്ന ചില പാതകൾ ഉണ്ടുതാനും. പാരന്റിങ് എപ്പോഴും കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ തന്നെയാണ്. ഈ ത്രിശങ്കു സ്വർഗത്തിൽ ഓരോ രക്ഷിതാവും നോക്കണം - നമ്മുടെ കുട്ടിയ്ക്ക് പുട്ടാണോ ദോശയാണോ അതോ ബ്രെഡാണോ വേണ്ടത് എന്ന്. മൂന്നും നല്ലതാണ് - മൂന്നും ആവശ്യവും അധികമായാൽ ബുദ്ധിമുട്ടുകയുമാണ്.  അത് തിരിച്ചറിയുന്നിടത്താണ് ഒരു നല്ല രക്ഷിതാവിന്റെ ജയം. കുട്ടികളിലെ പിടിവാശികൾ - അകറ്റാനുള്ള ചില പൊടിക്കൈകൾ ടാൻഡ്രം മാറ്റാൻ തന്ത്രം തന്നെ പരീക്ഷിക്കണം.

1 ) ചെറിയ കുഞ്ഞുങ്ങളോട് കാര്യകാരണം അമിതമായി വിശദീകരിക്കരുത്

പിഞ്ചുകുഞ്ഞുങ്ങളുടെ സ്വഭാവം യുക്തിരഹിതമാണ്. ഒരു രക്ഷകർത്താവ് എന്ന നിലയിൽ നമ്മൾ ആദ്യം അംഗീകരിക്കേണ്ടത്  ഈ വസ്തുതയാണ്. 

പലപ്പോഴും ചെറിയ കുഞ്ഞുങ്ങളോട് പോലും യുക്തിയുക്തം കാരണങ്ങൾ വിശദീകരിച്ചാൽ അവർ അത് മനസിലാക്കി അവസരത്തിനൊത്ത് പെരുമാറും എന്നാണ് പല രക്ഷിതാക്കളുടെയും വിചാരം.  തൽഫലമായി, പല മാതാപിതാക്കളും അവരുടെ പിഞ്ചുകുഞ്ഞിന്റെ വികസന നിലവാരത്തിന് മുകളിലാണ് സംസാരിക്കുന്നത്. ഫലം കുട്ടി കൂടുതൽ അലറുകയും മോശമായി പെരുമാറുകയും ചെയ്യുന്നു. കാരണം കുട്ടിയെ സംബന്ധിച്ച് ഈ രക്ഷിതാക്കൾ ചെയ്യുന്ന പ്രസംഗം അവരെ ശല്യപ്പെടുത്താൻ വേണ്ടി മാത്രം ഉള്ളതാണ്. അപ്പോൾ അവർ കൂടുതൽ കൂടുതൽ ഉച്ചത്തിൽ അവരുടെ ആവശ്യങ്ങൾ പ്രകടിപ്പിക്കാൻ ശ്രമിക്കും , ഫലം മാതാപിതാക്കൾക്ക് കൂടുതൽ സമ്മർദ്ദവും നിരാശയും!

നിങ്ങളുടെ കുട്ടിയുടെ പ്രായത്തിന് ചേർന്ന വാക്കുകൾ ഉപയോഗിക്കാൻ ശ്രമിക്കുക എന്നതാണ് പെരുമാറ്റച്ചട്ടം - രണ്ടു വയസുകാരന് രണ്ടു വാക്കുകളേ ആവശ്യമുള്ളൂ. ഉദാഹരണത്തിന്, നിങ്ങളുടെ രണ്ട് വയസുകാരൻ കടിച്ചാൽ, ‘കടിക്കാൻ പാടില്ല’ എന്ന് മാത്രം പറഞ്ഞ് ആളെ അവിടെനിന്നും നീക്കുക. നിങ്ങളുടെ 5 വയസുകാരന് സ്റ്റോറിന്റെ മധ്യത്തിൽ വെച്ച് കളിപ്പാട്ടത്തിനു വേണ്ടി ഒരു തന്ത്രം തുടങ്ങുകയാണെങ്കിൽ, നിങ്ങൾ പറയുന്നു, ‘കളിപ്പാട്ടം കിട്ടാൻ കരഞ്ഞിട്ട് ഒരു കാര്യവുമില്ല’ എന്നിട്ട് നിങ്ങൾ സ്റ്റോർ വിടുക.

അതേ സമയം അവിടെ നിങ്ങൾ നടത്തുന്ന ഒരു നീണ്ട പ്രസംഗം ഒന്നും പരിഹരിക്കുന്നില്ല എന്നതാണ് കാര്യം. നിങ്ങളുടെ കൊച്ചുകുട്ടി ആ പറയുന്ന കാര്യങ്ങളെയൊക്കെ തലയ്ക്ക് മുകളിലൂടെ പറത്തിവിടുന്ന അവസ്‌ഥയിലാകും നിൽക്കുക. പകരം, ധിക്കാരിയായ ഒരു പിഞ്ചുകുഞ്ഞിനെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം സാധ്യമായ ഏറ്റവും ചെറിയ വാക്കുകൾ ഉൾക്കൊള്ളുന്ന വേഗത്തിലുള്ളതും പെട്ടെന്നുള്ളതുമായ നടപടിയാണ്.

മുതിർന്നവരായ നമ്മൾ മറ്റ് മുതിർന്നവരുമായി യുക്തിസഹവും പക്വതയുമുള്ള രീതിയിൽ ആശയവിനിമയം നടത്തുന്നതിനാൽ,  നമ്മളുടെ കുട്ടികളുമായും ഇത് ചെയ്യാൻ കഴിയുമെന്ന് നമ്മൽ അനുമാനിക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ കുഞ്ഞിന് അവരുടെ വികസനത്തിൽ ഈ ഘട്ടത്തിൽ പക്വത കുറവാണെന്ന കാര്യം ഓർമിക്കുക. അതിനാൽ വാചകങ്ങൾ  ഹ്രസ്വമാക്കുക. ശാന്തത പാലിക്കുക.

2 ) തിരികെ ഉച്ചത്തിൽ സംസാരിക്കരുത് അഥവാ അലറരുത്

രണ്ടിനും  ആറിനും ഇടയിൽ പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങൾക്ക് പലപ്പോഴും നിയന്ത്രണം വിടുകയും ദേഷ്യത്തിൽ അലറുകയും ചെയ്യുന്നത് കാണാറുണ്ട്. . പക്വതയുടെ അഭാവം, വാചികമായി സ്വയം പ്രകടിപ്പിക്കാനുള്ള കഴിവില്ലായ്മ, മറ്റുള്ളവരുടെ മുന്നിൽ സാഹചര്യം പ്രോസസ്സ് ചെയ്യാൻ കഴിയാത്തതിൽ നിരാശ എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ. 

ഈ സമയത്താണ് കുട്ടികൾ പരിഭവിക്കാന്‍ തുടങ്ങുക. സഹോദരങ്ങളുമായി പോലും ഷെയർ ചെയ്യാൻ മടിച്ചേക്കും.  ഉദാഹരണത്തിന് മൂന്ന് വയസുള്ള ഒരു  കുട്ടിക്ക് അവളുടെ 6 വയസുള്ള ചേട്ടന് കിട്ടുന്ന അതേ കളിപ്പാട്ടങ്ങൾ വേണമെന്നു വാശി തോന്നാം. കിട്ടാതെ വരുമ്പോൾ  അതേ കളിപ്പാട്ടം തന്നെ താഴെയെറിഞ്ഞു പൊട്ടിക്കുവാനോ മൂത്തയാളെ ഉപദ്രവിക്കാനോ തുടങ്ങുന്ന കുഞ്ഞുങ്ങളെ നമ്മൾ ദേഷ്യപ്പെട്ടത് കൊണ്ടോ അടിച്ചത് കൊണ്ടോ കാര്യമില്ല. ചെയ്യേണ്ടത് ശാന്തമായി കുഞ്ഞിനെ നമ്മളോട് ചേർത്തുപിടിക്കുക എന്നതാണ്. ദേഷ്യത്തിന്റെ സാഹചര്യത്തിൽ നിന്ന് കുട്ടിയെ മാറ്റിനിർത്തുന്ന ഒരു കൂളിംഗ് ഓഫ് പീരിയഡ് ചെയ്യുന്നത് വളരെ നല്ലതാണ്. നമ്മളുടെ മാതൃക കൊണ്ട് മാത്രമേ മറ്റൊരിക്കൽ ചെയ്യാനൊരുങ്ങുന്ന പൊട്ടിത്തെറികളിൽ നിന്നും കുഞ്ഞുങ്ങളെ പിന്തിരിപ്പിക്കാൻ കഴിയൂ. 

കാര്യങ്ങൾ ശരിയായി നടക്കാതെ വരുമ്പോൾ എങ്ങനെ ശാന്തനായിരിക്കാമെന്ന്  അച്ഛനമ്മമാർ കാണിച്ചുകൊടുക്കുന്നതിലൂടെ മാത്രമേ കുഞ്ഞുങ്ങളും പഠിക്കുകയുള്ളൂ. അച്ഛൻ നടക്കുന്നത് പോലെ നടക്കുകയും 'അമ്മ സാരി ചുറ്റും പോലെ ഷാൾ കൊണ്ട് സാരിയുടുക്കുകയും ചെയുന്ന കുഞ്ഞുങ്ങൾ നമ്മൾ സംഘർഷത്തിൽ ആകുമ്പോൾ എങ്ങനെ പെരുമാറുന്നു എന്നതും നോക്കുകയും സ്പോഞ്ച് പോലെ ഒപ്പിയെടുക്കുകയും ചെയ്യുന്നു.  അതുകൊണ്ട് തന്നെ പ്രതികരിക്കാനുള്ള ശരിയായ മാർഗം നിങ്ങളുടെ കുട്ടിയെ കാണിക്കുക എന്നതാണ് നിങ്ങൾ. ശാന്തവും സ്ഥിരതയുമുള്ളവരായിരിക്കുക എന്നതാണ് അവരെ പഠിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം.

കോപം നിയന്ത്രിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാണെന്ന് കണ്ടെത്തുകയാണെങ്കിൽ, ചങ്ങാതിമാരുടെ രൂപത്തിൽ, ഒരേ പ്രായത്തിലുള്ള കുട്ടികളുള്ള മറ്റ് മാതാപിതാക്കളുടെ രൂപത്തിൽ, സ്വന്തം സഹോദരങ്ങളുടെയോ അച്ഛനമ്മമാരുടെയോ  ഒക്കെ  പിന്തുണ തേടുക.  

ഇനിയുള്ള രണ്ടു പോയിന്റുകൾ പരസ്പര വിരുദ്ധവും പരസ്പര പൂരകങ്ങളും ആണ്. അവിടെയാണ് ഞാൻ ആദ്യം പറഞ്ഞ ആ തിരിച്ചറിവ് വേണ്ടത്. ഇത് നിങ്ങളുടെ കുഞ്ഞിന് ഇഷ്ടമായേക്കാവുന്ന ദോശ ആണോ എന്നത് നിങ്ങൾ തന്നെയാണ് തീരുമാനിക്കേണ്ടത്. 

3 ) തീർത്തും നിർബന്ധബുദ്ധിയോടെ ധാർഷ്ട്യം കാട്ടരുത് 

2 വയസ്സു മുതൽ 4 വരെ ഉള്ള സമയം  ഒരു കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും ധാർഷ്ട്യവും വഴക്കമുള്ളതുമായ സമയമാണ്. മിക്കപ്പോഴും, മാതാപിതാക്കൾ ഇത് അവരുടെ കുട്ടിയുടെ വികസനത്തിന്റെ ഒരു സാധാരണ ഭാഗമായി അംഗീകരിക്കുന്നില്ല. പകരം, അവരുടെ കുട്ടി യുക്തിരഹിതവും നിയന്ത്രണാതീതവുമാണെന്ന് തോന്നുന്നതിനാൽ അവർ നിരാശരും പരിഭ്രാന്തരാകുന്നു.

ചില മാതാപിതാക്കൾ കുട്ടിയെ വല്ലാതെ നിയന്ത്രിക്കുന്ന  പ്രവണത കാണിക്കുന്നു. ശക്തമായ അച്ചടക്കമുള്ള ഒരാളായിരിക്കുന്നതിലൂടെ അവരുടെ കുട്ടിയുടെ വാശി സ്വയം കുറയുമെന്ന്  അവർ പ്രതീക്ഷിക്കുന്നു. നിർഭാഗ്യവശാൽ, നിങ്ങൾ ഇത് ചെയ്യുമ്പോൾ, നിങ്ങൾ ഇച്ഛാശക്തിയുടെ ഒരു യുദ്ധം സൃഷ്ടിക്കുന്നു.  നിങ്ങളും നിങ്ങളുടെ കുട്ടിയും തമ്മിൽ ആരും വിജയിക്കാത്ത ഒരു വടംവലി തുടങ്ങുന്നു.  കൂടുതൽ വഴങ്ങുന്നത് തന്നെയാണ് ഇക്കാര്യത്തിൽ കൂടുതൽ ഫലം നൽകുക. ശക്തമായ ഇച്ഛാശക്തിയുള്ള കുട്ടിക്ക് കൂടുതൽ ചോയ്‌സുകൾ നൽകുക.  ഇത് കുട്ടിയെ കൂടുതൽ വാശിക്കാരനാക്കില്ലേ എന്ന് നിങ്ങൾക്ക് തോന്നിയേക്കാം.   ഒരുദാഹരണം പറയുകയാണെങ്കിൽ സ്ഥിരമായി സ്‌കൂളിൽ പോകുന്നതിനു മുൻപുള്ള രാവിലെകൾ ഇവിടെ എന്ത് ഉടുപ്പിടണം എന്ന വഴക്ക് നടക്കാറുണ്ടായിരുന്നു. എപ്പോഴും ഒന്നോ രണ്ടോ സ്ഥിരം ഉടുപ്പുകളും പാന്റും മാത്രം ഉപയോഗിക്കുകയും ബാക്കിയൊക്കെ തരം തിരിച്ചു മാറ്റുകയും ചെയുന്ന കുട്ടിയാണോ നിങ്ങളുടേത്?  എന്നാൽ നാളെ മുതൽ രണ്ടു ഷർട്ട് എടുത്തിട്ട് അതിലൊരു ഓപ്‌ഷൻ കൊടുത്തു നോക്കൂ. നീല ഉടുപ്പ് വേണോ ചുവപ്പ് ഉടുപ്പ് വേണോ ..കുഞ്ഞു കൃത്യമായി ഒന്ന് തിരഞ്ഞെടുക്കും. കാരണം അവിടെ കുട്ടിയുടെ മനസൽ തോന്നുന്ന ബോധം എന്നത് ആ തീരുമാനം എടുക്കാൻ അവന്റെ വാക്കിനും പ്രാധാന്യം കല്പിച്ചു എന്നതാണ്. 

കൂട്ടുകാരിയുടെ മകൾക്ക് എന്നും രാവിലെ ഉടുപ്പുക്കൾ തിരയൽ ഒരു സ്ഥിരം പണിയായപ്പോൾ ഞായറാഴ്ചകളിൽ വൈകുന്നേരങ്ങൾ അഞ്ചു ജോഡി ഉടുപ്പും , പാന്റും, അല്ലെങ്കിൽ ഫ്രോക്കും കുട്ടിയെകൊണ്ട് സെലക്ട് ചെയ്യിക്കാൻ തുടങ്ങി. ഇതാണ് ആ കുട്ടിയുടെ ഒരാഴ്ചത്തെ വാർഡ്രോബ്. തേച്ചുമടക്കി കുട്ടിയ്ക്ക് കയ്യെത്തുന്ന രീതിയിൽ ഒരിടത്ത് വെയ്ക്കുക, തിരഞ്ഞെടുപ്പ് ഈ അഞ്ചിലൊന്ന് മാത്രം എന്നാകുമ്പോൾ വസ്ത്രത്തോട് അനുബന്ധിച്ചുള്ള പരാതികൾ നിർത്തുകയും സമയത്തിനു പുറപ്പെടാൻ തുടങ്ങുകയും ചെയ്തു എന്ന് ആ കൂട്ടുകാരി സാക്ഷ്യം പറയുന്നു. എനിക്ക് അനുഭവം മറ്റൊന്നാണ് - ഏത് ഉടുപ്പു വാങ്ങിവന്നാലും ചിലവ മാത്രം സ്ഥിരമായി ഇടുകയും  ചിലവയെ നിഷ്കരുണം തള്ളിക്കളയുന്ന രീതിയിലേക്ക് മൂത്ത പുത്രൻ മാറാൻ തുടങ്ങിയപ്പോൾ  ഉടുപ്പുകൾ തിരഞ്ഞെടുക്കുന്ന ചോയ്‌സ് അവനു തന്നെ കൊടുത്തു. സ്വയം വാങ്ങുന്ന ഉടുപ്പുകൾ ഇടാണ്ടിരിക്കാൻ പറ്റില്ലല്ലോ.

ചുരുക്കത്തിൽ, അത്ര പ്രധാനമല്ലാത്ത വിഷയങ്ങളിൽ നിങ്ങളുടെ കുട്ടിക്ക് നിയന്ത്രണബോധം നൽകുക. ദീർഘകാലാടിസ്ഥാനത്തിൽ, ഇത് വളരെ ഘടനാപരവും നിയമാധിഷ്ഠിതവുമായ ഒരു ലോകത്ത് നിങ്ങളുടെ കുട്ടിക്ക് സ്വയംഭരണാവകാശം നൽകുന്നു. ദിവസേനയുള്ള ലളിതമായ ചോയ്‌സുകൾ നിങ്ങളുടെ കുട്ടി വലിയ കാര്യങ്ങളിൽ നിങ്ങളോട് പൊരുതാൻ ആഗ്രഹിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു.

4)വളരെയധികം വഴങ്ങരുത്

ഇതുകണ്ട്  ആശയക്കുഴപ്പത്തിലാണോ? ആകരുത്. വളരെയധികം ചോയ്‌സുകൾ‌ നമ്മൾ കൊടുത്താൽ അത്  പരാജയപ്പെടുമെന്ന് ഓർക്കുക. നിങ്ങളുടെ വഴക്കമുള്ള കുട്ടിക്ക് എന്തുചെയ്യണമെന്ന് അറിയാത്തവിധം വഴക്കമുള്ളവരാകരുത്. ഒരു ഉദാഹരണത്തിന് സ്‌ക്രീനിൽ എന്ത് കാണണം എന്നുള്ളത് നിങ്ങൾ കൊടുക്കുന്ന മൂന്ന് ചോയ്‌സിൽ നിന്ന് കുട്ടിക്ക് തിരഞ്ഞെടുക്കാം. അതേ സമയം എപ്പോഴാണ് ടീവി കാണേണ്ടത് എന്നത് കുട്ടിയല്ല തീരുമാനിക്കേണ്ടത്. ഇഷ്ടമുള്ള ഉടുപ്പ് വാങ്ങിക്കാൻ ചോയ്‌സ് കൊടുക്കാം പക്ഷേ ആ ഉടുപ്പ് ഏത് റേഞ്ചിൽ വരണം എന്നത് രക്ഷിതാവ് തന്നെ തീരുമാനിക്കണം. എപ്പോഴും ഓർക്കുക You are the head of the house, not the child. 

പിഞ്ചുകുഞ്ഞുങ്ങൾക്ക് ചുമതലയുള്ള ആരെയെങ്കിലും വേണം, അത് നിങ്ങളാണ്. നിങ്ങളുടെ കുട്ടിക്ക് ചോയ്‌സുകൾ നൽകുന്നതിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം നേടാനാകുമെങ്കിലും, സ്നേഹപൂർവമായ അതിരുകൾ ക്രമീകരിക്കുന്നതിലൂടെയും നിങ്ങൾക്ക് പ്രയോജനം ലഭിക്കും.  അതുവഴി നിങ്ങളുടെ കുട്ടിക്ക് അവൾ തിരഞ്ഞെടുത്ത തിരഞ്ഞെടുപ്പുകളിൽ സുരക്ഷിതത്വവും സംതൃപ്തിയും അനുഭവപ്പെടും. 

നൂറു ശതമാനവും ഈ പറഞ്ഞ കാര്യങ്ങൾ പ്രവർത്തികമാക്കാനോ ഒരു കുട്ടിയിൽ ഫലവത്തായത് മറ്റൊരു കുട്ടിയിൽ ഫലം കാണണമെന്നോ ഇല്ല. പക്ഷേ പരീക്ഷിക്കുക, നിങ്ങളുടെ കുട്ടിയും നിങ്ങളും തമ്മിലുള്ള ബാലൻസിന്റെ ആ കാണാച്ചരട് എവിടെയാണെന്ന് നിരന്തരമായ ശ്രമത്തിലൂടെ കണ്ടെത്തുക. 

കളിപ്പാട്ടത്തിനായി കടയിൽ കരയുന്ന കുട്ടിയോട് കളിപ്പാട്ടം വാങ്ങിച്ചുതരില്ല എന്നത് പറയുന്നതിനൊപ്പം അതിനുള്ള കാശില്ല എന്നത് കൂടി പറയണം. അത് കുട്ടി തന്ത്രം കാണിക്കുന്ന സമയത്ത് ആകരുത് എന്ന് മാത്രം.

English summary : Social media post of Aarsha Abhilash about tantrum in  chilrden

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA