കോവിഡ് കാലത്ത് കുട്ടികളുടെ മാനസികാരോഗ്യം തകരുന്നുണ്ടോ? ഈ മുൻകരുതലുകൾ അനിവാര്യം

HIGHLIGHTS
  • അമിതമായ ദേഷ്യവും ശാരീരിക ആക്രമണ പ്രവണതയും
  • അമിത വികൃതിയും ശ്രദ്ധക്കുറവും വളരെ പ്രകടമായി വരുന്ന സന്ദർഭം
dr-arun-b-nair-writes-on-impact-of-covid19-and-lockdown-on-mental-health-of-children
Representative image. Photo Credits : L Julia/ Shutterstock.com
SHARE

കോവിഡ് 19 മഹാമാരി കാലത്ത് ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്ന ഒരു വിഭാഗം കുട്ടികളാണ്. ഒരു വർഷത്തിലേറെയായി കുട്ടികൾ സ്‌കൂളിൽ പോയിട്ടില്ല. ഒന്നാം ക്ലാസിൽ കഴിഞ്ഞ കൊല്ലം ചേരേണ്ടിയിരുന്ന കുട്ടികൾ സ്‌കൂൾ എന്തെന്ന് അറിയാതെ രണ്ടാം ക്ലാസിലേക്ക് പോകുകയാണ്. മുൻപൊരിക്കലും ഇല്ലാത്തവിധം വീട്ടിനുള്ളിൽ അടച്ചിരിക്കേണ്ടിവന്ന അവരിൽ പലരും വിനോദത്തിനായി മൊബൈൽ, ടിവി, കംപ്യൂട്ടർ എന്നിവയെ മാത്രമാണ് ആശ്രയിക്കുന്നത്. ഇത് അവരുടെ പഠനത്തെയും മനസികാരോഗ്യത്തെയും വളരെ സാരമായി സ്വാധീനിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനും അവരുടെ പഠനവും മറ്റു കഴിവുകളുമൊക്കെ തടസ്സമല്ലാതെ മുന്നോട്ടു പോകാനും എന്തൊക്കെ മുൻകരുതലുകളാണ് മാതാപിതാക്കൾ എടുക്കേണ്ടതെന്നു പരിശോധിക്കാം. 

സംരക്ഷണ സമ്പർക്ക നിയന്ത്രണവും കുട്ടികളും

കോവിഡിന്റെ ആദ്യ തരംഗം മുതൽ ഏറ്റവും അപകടസാധ്യത കണക്കാക്കപ്പെട്ടത് വയോജനങ്ങൾക്കും കുട്ടികൾക്കുമാണ്. ലോക്‌ഡൗൺ ഇളവു പ്രഖ്യാപിച്ചപ്പോഴും ഈ രണ്ടു കൂട്ടരും വീടിനു പുറത്തിറങ്ങുന്നതും സാമൂഹികമായ ഇടപെടലുകൾ നടത്തുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധരും മറ്റും നിർദേശിച്ചിരുന്നു. ഇതാണ് സംരക്ഷണ സമ്പർക്ക നിയന്ത്രണം (Reverse Quarantine). ഇതു മൂലം ഒരു വർഷത്തിലേറെയായി വീടിനു പുറത്തിറങ്ങാനോ സ്വതന്ത്രമായി സഞ്ചരിക്കാനോ കുട്ടികൾക്കു കഴിയാതെയായി. വിദ്യാഭ്യാസം കൊണ്ട് രണ്ടു പ്രധാന ലക്ഷ്യങ്ങളാണ് നിറവേറ്റപ്പെട്ടിരുന്നത്– വിജ്ഞാന വിനിമയവും കുട്ടികളുടെ സാമൂഹികവൽക്കരണവും. മറ്റ് കുട്ടികളോടും അധ്യാപകരോടും ഇടപെടുക വഴി താനൊരു സാമൂഹിക ജീവിയാണെന്ന ബോധ്യം കുട്ടിക്കുണ്ടാവുകയും അനുഭവങ്ങളിൽനിന്ന് പാഠം പഠിക്കുകയും ചെയ്തിരുന്നു. അതു തടസ്സപ്പെട്ടത് കുട്ടികളുടെ സ്വഭാവത്തെ  ബാധിക്കുന്നുണ്ട്. 

മഹാമാരിക്കാലത്ത് കുട്ടികളിൽ കണ്ടു വരുന്ന ഏറ്റവും പ്രധാന പ്രശ്‌നം ഡിജിറ്റൽ അടിമത്തം ആണ്. മൊബൈൽ, കംപ്യൂട്ടർ, ടാബ്‌ലെറ്റ് തുടങ്ങിയവ മാത്രമായി അവരുടെ ലോകം ചുരുങ്ങി. ഓൺലൈൻ ക്ലാസ്സുകളിൽ ലോഗിൻ ചെയ്യുന്ന കുട്ടികളിൽ പലരും വിഡിയോയും ഓഡിയോയും അണച്ചിട്ട് മറ്റൊരു വിൻഡോ തുറന്ന് ഓൺലൈൻ ഗെയിമുകൾ കളിക്കുകയോ ചാറ്റ് ചെയ്യുകയോ പതിവാണ്. അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നു ശീലമാക്കിയ കുട്ടികളുമുണ്ട്. ക്ലാസിനു ശേഷവും ഹോംവർക്ക്, അസൈൻമെന്റ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് രാത്രി വളരെ വൈകിയും അതിൽ സമയം ചെലവിടുന്നവരുമുണ്ട്. വളരെ വൈകി ഉറങ്ങുകയും വൈകി ഉണരുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കുട്ടികളുടെ ദിനചര്യയുടെ താളം തെറ്റുന്നുവെന്നതാണ് ഇതിന്റെ ഫലം.

dr-arun-b-nair-writes-on-impact-of-covid19-and-lockdown-on-mental-health-of-children
Representative image. Photo Credits : Hananeko_Studio/ Shutterstock.com

ഏതാനും വർഷം മുൻപു വരെ, ഐടി ജീവനക്കാരിലും മറ്റും മാത്രം കണ്ടിരുന്ന, Delayed Sleep Wake Phase Onset Disorder എന്ന ഉറക്കപ്രശ്നമാണിത്. വളറെ വൈകി ഉറങ്ങിയാലും പിറ്റേന്ന് ഓൺലൈൻ ക്ലാസിൽ ലോഗിൻ ചെയ്യേണ്ടതിനാൽ രാവിലെ ഉണരാൻ കുട്ടികൾ നിർബന്ധിതരാകുന്നുണ്ട്. തലച്ചോറിന് ആവശ്യത്തിനു വിശ്രമം കിട്ടാൻ വേണ്ടത്ര ഉറക്കം ഇവർക്ക് ഇതുമൂലം ലഭിക്കുന്നുമില്ല. ഉറക്കം കുറയുന്നതു മൂലം രണ്ടു പ്രധാനപ്പെട്ട തകരാറുകൾ സംഭവിക്കുന്നു. ഒന്ന്, പകൽ പഠിക്കുന്ന കാര്യങ്ങൾ തലച്ചോറിൽ വ്യക്തമായി ഉറയ്ക്കുന്നില്ല. രണ്ട്, പകൽ  തലച്ചോറിലെ കോശങ്ങളിലെ ചയാപചയ പ്രവർത്തനങ്ങളുടെ ഫലമായി ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങൾ പുറന്തള്ളപ്പെടാത്തതു മൂലം തലച്ചോറിൽ ആ മാലിന്യങ്ങൾ അടിഞ്ഞുകൂടി മന്ദതയും ശ്രദ്ധക്കുറവും ക്ഷീണവും ഉണ്ടാവുന്നു. ഗെയിമുകളിൽ കൂടുതൽ മുഴുകുന്ന കുട്ടികളിൽ അമിത വികൃതിയും പിരുപിരിപ്പും ശ്രദ്ധക്കുറവും എടുത്തുചാട്ടവും പ്രകടമാകുന്നു. 

ദീർഘനേരം ഗെയിം കളിക്കുന്ന കുട്ടികളുടെ തലച്ചോറിലെ ഡോപ്പമിൻ എന്ന രാസവസ്‌തുവിന്റെ അളവിൽ വ്യത്യാസങ്ങളുണ്ടാകുന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. തലച്ചോറിന്റെ രണ്ട് അർധഗോളങ്ങളും തമ്മിലുള്ള ഏകോപനക്കുറവിനും ശ്രദ്ധക്കുറവിനും ഇതു കാരണമാകുന്നു. ഇതാണ് എടുത്തുചാട്ട സ്വഭാവവും പിരുപിരുപ്പും ഉണ്ടാകാൻ കാരണമാകുന്നത്. കൗമാരക്കാരായ ചില കുട്ടികളെങ്കിലും സമൂഹമാധ്യമങ്ങൾക്കും അശ്ലീല സൈറ്റുകൾക്കും അടിമയാകുന്ന സാഹചര്യവും കണ്ടു വരുന്നു. കൗമാരക്കാരിൽ സമീപകാലത്തു വളർന്നു വരുന്ന മറ്റൊരു ശീലമാണ് ഡേറ്റിങ് ആപ്പുകളുടെ അമിതമായ ഉപയോഗം. ദൂരെയുള്ള, ഇതുവരെ നേരിട്ടു കണ്ടിട്ടില്ലാത്ത ആളുകളുമായി ചാറ്റ് ചെയ്യാനും അടുപ്പമുണ്ടാക്കാനും ഇതു കാരണമാകുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിൽപോലും ചില കുട്ടികൾ അത്തരം പരിചയക്കാർക്കൊപ്പം വീടുവിട്ടു പോയ സംഭവങ്ങളുമുണ്ടായി.

ദീർഘകാല മൊബൈൽ അടിമത്തം ചില കുട്ടികളിലെങ്കിലും വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന സങ്കടം, ഒന്നും ആസ്വദിക്കാൻ കഴിയാത്ത മാനസികാവസ്ഥ, കാരണമില്ലാത്ത ക്ഷീണം, ഉറക്കക്കുറവ്, വിശപ്പില്ലായ്‌മ, ശ്രദ്ധക്കുറവ്, ചിന്തകളുടെയും പ്രവൃത്തികളുടെയും വേഗം കുറയുന്ന അവസ്ഥ, നിരാശയും പ്രതീക്ഷ ഇല്ലായ്‌മയും, ആത്മഹത്യാ പ്രവണത എന്നിവയാണ് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ.  ഈ ഒൻപതു ലക്ഷണങ്ങളിൽ അഞ്ചെണ്ണമെങ്കിലും രണ്ടാഴ്‌ച തുടർച്ചയായി നീണ്ടു നിന്നാൽ ആ കുട്ടിക്ക് വിഷാദ രോഗം ഉണ്ടോ എന്ന് സംശയിക്കണം. ചികിത്സിക്കാതെ പോകുന്ന വിഷാദ രോഗം ആത്മഹത്യകൾക്ക് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ കഴിഞ്ഞ വർഷം സ്‌കൂളുകൾ അടഞ്ഞു കിടന്ന കാലത്തു പോലും കുട്ടികളുടെ ആത്മഹത്യാനിരക്കിൽ വലിയ കുറവ് വന്നില്ല എന്നത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ്. അക്കാദമികമായോ വീടിനു പുറത്തോ ഉണ്ടാകുന്ന സമ്മർദങ്ങൾക്കു പകരം മൊബൈൽ അടിമത്തവും അനുബന്ധ പ്രശ്‌നങ്ങളും വിഷാദത്തിന് വഴിതെളിക്കുന്നുവെന്നു വേണം ഇതിൽനിന്ന് അനുമാനിക്കാൻ. ചില കുട്ടികളിലെങ്കിലും അമിതമായ ദേഷ്യവും അമിത ഉത്കണ്ഠാ ലക്ഷണങ്ങളും ഈ  മൊബൈൽ അടിമത്തം മൂലം ഉണ്ടാകാറുമുണ്ട് ഒരു ദിവസം മൊബൈൽ ഉപയോഗിക്കാൻ കഴിഞ്ഞില്ല എങ്കിൽ തലവേദന, അമിതമായ നെഞ്ചിടിപ്പ്, കൈകാലുകൾക്ക് വിറയൽ, തലയ്ക്ക് പെരുപ്പ്  എന്നിവ തൊട്ട് അക്രമ സ്വഭാവവും സ്വയം മുറിവേൽപിക്കുന്ന പ്രവണതയും വരെ കുട്ടികളിൽ കാണപ്പെടാറുണ്ട്. 

∙ എങ്ങനെ കുട്ടികളെ സംരക്ഷിക്കാം 

ലോക്ഡൗണിന്റെയും മഹാമാരിയുടെയും ദിനങ്ങളിൽ കുട്ടികളെ വളർത്തുന്നത് വളരെ ശ്രദ്ധാപൂർവം ചെയ്യേണ്ട ഒരു ജോലിയാണ്. ഇതിൽ മാതാപിതാക്കൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങൾ ഇവയൊക്കെയാണ് –ഒന്ന്, കുട്ടികളുടെ ദിനചര്യ കൃത്യമായി നിലനിർത്താൻ സഹായിക്കുക. ഉറങ്ങുന്ന സമയവും ഉണരുന്ന സമയവും നിജപ്പെടുത്തി അത് കൃത്യമായി പാലിക്കാൻ കുട്ടികളെ നിഷ്കർഷിക്കുക. രാത്രിയിൽ ഉറങ്ങുന്ന സമയം 12 മണി കഴിയാൻ പാടില്ല എന്നുള്ളത് കൗമാരപ്രായക്കാർക്ക് പോലും നിർബന്ധം ഉള്ളൊരു കാര്യമാണ്. നമ്മളെ ഉറക്കത്തിലേക്കു നയിക്കുന്ന മെലാറ്റോണിൻ (Melatonin ) എന്നൊരു രാസവസ്‌തു തലച്ചോറിലെ പീനിയൽ ഗ്രന്ഥി (Pineal Gland ) പുറപ്പെടുവിക്കുന്നുണ്ട്. സമ്പൂർണമായ അന്ധകാരം ഉണ്ടാകുമ്പോൾ ആണ് മെലാറ്റോണിൻ ഉൽപാദനം ഉണ്ടാകുന്നത്. രാത്രി പതിനൊന്നിനും പന്ത്രണ്ടിനും ഇടയ്ക്ക് മെലാറ്റോണിൻ ഉൽപാദനം പാരമ്യച്ചിലേക്ക് എത്തുകയും രാവിലെ ഏകദേശം ആറുമണി വരെ ഇത് അതേ അളവിൽ നിൽക്കുകയും ചെയ്യും. ആറുമണിക്ക് സൂര്യപ്രകാശം വീഴുന്നതോടെ മെലാറ്റോണിന്റെ ഉൽപാദനം കുറഞ്ഞു വരുന്നതായിട്ടാണ് കണ്ടു വരുന്നത്. 

dr-arun-b-nair-writes-on-impact-of-covid19-and-lockdown-on-mental-health-of-children
Representative image. Photo Credits : Photographielove/ Shutterstock.com

മെലാറ്റോണിൻ ഉൽപാദനം പാരമ്യത്തിൽ നിൽക്കുന്ന സമയമാണ് തടസ്സമില്ലാത്ത തുടർച്ചയായ സുഖനിദ്ര കിട്ടാൻ ഏറ്റവും നല്ല സമയം. ഇക്കാരണം കൊണ്ട് ഈ സമയത്ത് കുട്ടികളെ ഉറങ്ങാൻ ശീലിപ്പിക്കുന്നതായിരിക്കും അഭികാമ്യം. പലപ്പോഴും കൗമാരപ്രായക്കാരായ കുട്ടികൾ പോലും നല്ല ഉറക്കം കിട്ടുന്നില്ല എന്ന പരാതി അടുത്ത കാലത്ത് ഉന്നയിക്കുന്നുണ്ട്. അവർക്ക് സുഖകരമായ ഉറക്കം കിട്ടാൻ അവരെ ശീലിപ്പിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഇവയാണ് നിദ്രാ ശുചിത്വ വ്യായാമങ്ങൾ (Sleep Hygiene Exercise). പ്രധാനപ്പെട്ട നിദ്രാ ശുചിത്വ വ്യായാമങ്ങൾ ഇവയൊക്കെയാണ്. 

∙ എല്ലാ ദിവസവും ഉറങ്ങാൻ കിടക്കുന്ന സമയവും ഉണരുന്ന സമയവും കൃത്യമായി നില നിർത്തുക.

∙ ഉറങ്ങാൻ കിടക്കുന്നതിന് തൊട്ടു മുൻപ് ഉള്ള ഒരു മണിക്കൂർ നേരമെങ്കിലും മൊബൈൽ ഫോൺ അടക്കമുള്ള എല്ലാ ദൃശ്യ മാധ്യമങ്ങളും മാറ്റി വയ്ക്കുക. അതായത് പതിനൊന്നു മണിക്ക് ഉറങ്ങാൻ ഉദ്ദേശിക്കുന്നു എങ്കിൽ പത്തു മണിക്ക് ശേഷം ദൃശ്യ മാധ്യമങ്ങൾ ഒന്നും ഉപയോഗിക്കാൻ പാടില്ല. 

∙ചെറിയ കുട്ടികൾക്ക് എട്ടു മണിക്കൂർ എങ്കിലും ഉറക്കം ഉറപ്പു വരുത്തേണ്ടതാണ്. മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന കൗമാരപ്രായക്കാർ ആണെങ്കിൽ പോലും ചുരുങ്ങിയത് ആറു മണിക്കൂർ ഉറക്കം അവർ ഉറപ്പു വരുത്തേണ്ടതാണ്. 

∙ ഉച്ചയ്ക്കു ശേഷം ചായ, കാപ്പി, കോള തുടങ്ങി തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന കഫീൻ അടങ്ങിയിട്ടുള്ള പദാർഥങ്ങൾ ഒഴിവാക്കുക. 

∙ ഉറങ്ങുന്നതിന് ഏകദേശം അഞ്ചാറു മണിക്കൂർ മുൻപ് ദിവസേന ഒരു മണിക്കൂർ നേരമെങ്കിലും സൂര്യപ്രകാശം കൊണ്ടുള്ള വ്യായാമം ഉറപ്പു വരുത്തുക. വീടിന്റെ മുറ്റത്തു തന്നെ വേഗത്തിൽ നടക്കുക, ഓടുക, സൈക്കിൾ ചവിട്ടുക തുടങ്ങിയ വ്യായാമങ്ങൾ ഒക്കെ ഈ കാലഘട്ടത്തിലും ചെയ്യാൻ പറ്റും. സൂര്യപ്രകാശം കൊള്ളുന്നതു വഴി ശരീരത്തിൽ ആവശ്യമായ വൈറ്റമിൻ ഡി യുടെ ഉൽപാദനം നടക്കുന്നു. എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും കായികക്ഷമതയ്ക്കും തലച്ചോറിന്റ വിജ്ഞാനവിശകലന ശേഷിയ്ക്കും രോഗപ്രതിരോധ ശക്തിക്കും വരെ വൈറ്റമിൻ ഡി പ്രധാനമാണ്. കോവിഡ് രോഗബാധയുടെ സാധ്യതയിൽ തീവ്രതയും വരെ വൈറ്റമിൻ ഡി കുറയ്ക്കുന്നതായി ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വൈറ്റമിൻ ഡി യുടെ ഉൽപാദനം നടക്കാൻ സൂര്യപ്രകശം കൊള്ളേണ്ടത് അത്യാവശ്യമായ കാര്യമാണ്. 

∙ ഇത്തരത്തിൽ വ്യായാമം ചെയ്‌ത ശേഷം തണുത്ത വെള്ളത്തിൽ കുളിക്കുന്നത് വളരെ ആരോഗ്യകരമായ ശീലമാണ്. 

dr-arun-b-nair-writes-on-impact-of-covid19-and-lockdown-on-mental-health-of-children
Representative image. Photo Credits : Halfpoint/ Shutterstock.com

∙ ഉറങ്ങാൻ കിടക്കുന്നതിന് തൊട്ടു മുൻപായി കണ്ണടച്ചു കിടന്ന് ഏതെങ്കിലുമൊരു റിലാക്സേഷൻ വ്യായാമം ശീലിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായകമാണ്. ദീർഘശ്വസന വ്യായാമങ്ങൾ, പ്രോഗ്രസീവ് മസിൽ റിലാക്സേഷൻ, ധ്യാനം, യോഗ തുടങ്ങിയവ ഏതു വേണമെങ്കിലും കിടക്കുന്നതിന് തൊട്ടു മുൻപ് ചെയ്യാവുന്നതാണ്. 

ഉണർന്നതിനു ശേഷം പകൽ സമയത്ത് കുട്ടികൾ ചെയ്യുന്നത് എന്താണ് എന്നതും ക്രമീകരിക്കാൻ മാതാപിതാക്കൾ മുൻകൈ എടുക്കണം. കാരണം അലസമായി ഇരിക്കുന്ന സമയത്താണ് മൊബൈൽ അടിമത്തം അടക്കമുള്ള പ്രശ്‌നങ്ങളിലേക്ക് കുട്ടികൾ നീങ്ങുന്നത്. രാവിലെ ഉണർന്നെഴുന്നേറ്റ ഉടൻ തന്നെ പ്രഭാത കൃത്യങ്ങൾ നിർവഹിച്ച ശേഷം ഇളം വെയിൽ കൊണ്ട് ഒരു അരമണിക്കൂർ നേരം വ്യായാമം ചെയ്യുന്നത് നല്ലതാണ്. വ്യായാമം വഴി വൈറ്റമിൻ ഡിയുടെ ഉൽപാദനം പോലെ മറ്റു ചില ഗുണഗണങ്ങളും ഉണ്ട്. തലച്ചോറിലെ ഡോപ്പമിൻ എന്ന രാസവസ്‌തുവിന്റെ അളവ് വർധിക്കാൻ വ്യായാമം സഹായിക്കുന്നു. ഈ ഡോപ്പമിൻ ആണ് ഏകാഗ്രതയുടെ ഏറ്റവും പ്രധാന നിയന്ത്രണ ശക്തി. 

കൃത്യമായി വ്യായാമം ചെയ്യുന്ന കുട്ടികളിൽ ഡോപ്പമിന്റെ അളവ് കൂടുന്നതു മൂലം ഏകാഗ്രതയോടെ പഠിക്കാൻ അവർക്ക് സാധിക്കാറുണ്ട്. തലച്ചോറിലെ എൻഡോർഫിൻസ് (Endorphins ) എന്ന രാസവസ്തുക്കളും വ്യായാമത്തിന്റെ ഫലമായി കൂടുന്നു. എൻഡോർഫിനുകളുടെ അളവ് കൂടുന്നത് സന്തോഷവും ഉന്മേഷവും ലഭിക്കാൻ കുട്ടികൾക്ക് സഹായകമാകുന്നു. ഇത്തരം കുട്ടികൾക്ക് വിഷാദം പോലെയുള്ള പ്രയാസങ്ങൾ വരാൻ സാധ്യത കുറവാണ്. തലച്ചോറടക്കമുള്ള എല്ലാ ശാരീരിക അവയവങ്ങളിലേക്കും ഉള്ള രക്തയോട്ടം കൂടാനും വ്യായാമം സഹായകമാണ്.

കുട്ടികൾ ഓൺലൈനിൽ ക്ലാസ്സുകൾ തന്നെയാണോ കാണുന്നത് എന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണം. ക്ലാസില്ലാത്ത ദിവസങ്ങളിൽ പാചകമടക്കമുള്ള സകല വീട്ടു കാര്യങ്ങളിലും ആൺപെൺ ഭേദമന്യേ കുട്ടികളെ പങ്കെടുപ്പിക്കുക.

വീട് വൃത്തിയാക്കുന്നത് അടക്കമുള്ള എല്ലാ ജോലികളിലും അച്ഛനും അമ്മയും കുട്ടികളും പാട്ടുപാടിയും ചിരിച്ചും പരസ്‌പരം കളിയാക്കിയും പങ്കെടുക്കുന്നത് പരസ്പരമുള്ള മാനസിക അടുപ്പം വർധിക്കാനും സഹായകമാകും. വീട്ടാവശ്യത്തിനുള്ള പഴങ്ങളോ പച്ചക്കറികളോ വീട്ടു മുറ്റത്തു തന്നെ നട്ടുവളർത്താൻ ശ്രമിക്കാം. ഈ കാര്യത്തിൽ കുട്ടികളെക്കൂടി പങ്കെടുപ്പിക്കാം. ഒരു ചെടി നട്ടു വളർത്തി വലുതാക്കുന്നത് ഒരു കൊച്ചു കുട്ടിയെ വളർത്തുന്നതിന് തുല്യമായ പ്രക്രിയ ആണ്. ഇതു വഴി ഒരു വ്യക്തിയുടെ മനസ്സിലെ അനുതാപം (Empathy) എന്ന ഗുണം വികസിക്കുന്നു. 

മറ്റൊരു വ്യക്തിയുടെ വൈകാരിക അവസ്ഥ മനസ്സിലാക്കി അതിനെ പൂർണമായി ഉൾക്കൊണ്ട് അതിനനുസരിച്ച് പ്രതികരിക്കാനുള്ള ഒരു മനുഷ്യന്റെ കഴിവാണ് അനുതാപം. മനുഷ്യന് ആവശ്യമുള്ള ജീവിത നിപുണതകളിൽ ഏറ്റവും പ്രധാനപ്പെട്ട ഇത് വികസിപ്പിക്കാൻ കാർഷിക പ്രവർത്തനങ്ങൾ സഹായകമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ കുട്ടികളെ പ്രേരിപ്പിക്കണം. അതായത്, അവർക്ക് കലാപരമായോ കായികപരമായോ കഴിവുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് വിഡിയോയിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ അടുപ്പക്കാരുമായി പങ്കുവയ്ക്കാം. അവരുടെ പ്രതികരണം കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കും. ഗൗരവമുള്ള വായനയിലേക്ക് കുട്ടികളെ തിരിച്ചു വിടാൻ കൂടി ഈ കാലം വിനിയോഗിക്കാം. കുട്ടികൾ പത്രം വായിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. അതോടൊപ്പം മറ്റ് പാഠ്യേതര വിഷയങ്ങൾ ഉൾപ്പെടുന്ന പുസ്‌തകങ്ങൾ വായിക്കാൻ പ്രേരിപ്പിക്കാം. വീട്ടിലുള്ള എല്ലാവരും ഒരു പുസ്‌തകം വായിച്ചിട്ട് അതിനെക്കുറിച്ച് ഒരു ചർച്ച ചെയ്യുന്നത് പ്രയോജനകരമായിരിക്കും. 

∙കുട്ടികൾക്കായി സമയം മാറ്റിവയ്ക്കണം

വൈകുന്നേരങ്ങളിൽ അര മണിക്കൂർ എങ്കിലും കുട്ടികൾക്കു വേണ്ടി മാറ്റി വയ്ക്കാൻ മാതാപിതാക്കൾ തയാറാകണം. ലോക്ഡൗണും സാമ്പത്തിക ബുദ്ധിമുട്ടുകളും ഒക്കെ മാതാപിതാക്കളുടെ മാനസിക ആരോഗ്യത്തെയും ഒക്കെ ബാധിച്ചിട്ടുണ്ടാകും പക്ഷേ കുട്ടികളുടെ മാനസികാരോഗ്യം മോശമാകാതിരിക്കാൻ അവർക്ക് അര മണിക്കൂർ കൊടുക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്തെ ക്വാളിറ്റി ടൈം എന്ന് വിശേഷിപ്പിക്കാറുണ്ട്. ഈ അരമണിക്കൂർ കുട്ടികളെ ശാസിക്കാനോ ശിക്ഷിക്കാനോ ഉള്ള സമയമല്ല, അവർക്കു പറയാനുള്ളത് കേൾക്കാനുള്ള സമയമാണ്. അവരുടെ സംശയങ്ങൾ തീർക്കാനുള്ള സമയമായിട്ട് കരുതുക. അവരുടെ ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ സമയം കൊടുക്കുക. ഇതു വഴി കുട്ടികളുടെ ആശയവിനിമയ ശേഷി മെച്ചപ്പെടുന്നതിനോടൊപ്പം അവരുമായി ആഴത്തിലുള്ള ഒരു സൗഹൃദം സ്ഥാപിക്കാനും മാതാപിതാക്കൾക്ക് അവസരം കിട്ടും. 

dr-arun-b-nair-writes-on-impact-of-covid19-and-lockdown-on-mental-health-of-children
Representative image. Photo Credits : Dragana Gordic/ Shutterstock.com

കൗമാരത്തിലേക്ക് കാലൂന്നുന്ന കുട്ടികൾക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യങ്ങളെക്കുറിച്ച് പല സംശയങ്ങൾ ഉണ്ടായേക്കാം. സൗഹൃദങ്ങളെക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ ഉള്ള സംശയങ്ങൾ മനസ്സിൽ മൊട്ടിടുന്ന പ്രായമാണിത്. ഇത്തരം സംശയങ്ങൾ അടക്കം വീട്ടിൽ തുറന്നു ചർച്ച ചെയ്യാനുള്ള സമയം ഉണ്ടാകണം. അതിനുത്തരം പറയാൻ കഴിയാത്ത പക്ഷം അധ്യാപകരുടെയോ കുടുംബഡോക്ടറുടെയോ സഹായം തേടാം. പല വീടുകളിലും ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുന്നു. അതുകൊണ്ടു തന്നെ ഇന്റർനെറ്റിൽ പരതി ഇതിന്റെ ഉത്തരങ്ങൾ കണ്ടുപിടിക്കാൻ കുട്ടികൾ ശ്രമിക്കുകയും അത് ചിലപ്പോഴെങ്കിലും അബദ്ധ ധാരണകൾക്ക് വഴിവയ്ക്കുകയും ചെയ്യും. 

∙ വഴക്കുകൾ അവരുടെ മുന്നിൽ വേണ്ട

ലോക്ഡൗൺ മുതിർന്ന വ്യക്തികളുടെയും മാനസികാരോഗ്യത്തെ ബാധിച്ചിരിക്കുന്നതു കൊണ്ട് അവർ തമ്മിലുള്ള ആശയവിനിമയത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതൊന്നും കുട്ടികളെ ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ മുൻപിൽ വച്ച് വഴക്കടിക്കുന്നതും ചീത്ത വാക്കുകൾ ഉപയോഗിക്കുന്നതും കയ്യാങ്കളി നടത്തുന്നതും ഒഴിവാക്കേണ്ടതാണ്. അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ പരസ്‌പര ബഹുമാനത്തോടെ ഒരു സംവാദത്തിന്റെ രീതിയിൽ മാത്രമേ കുട്ടികളുടെ സാന്നിധ്യത്തിൽ അവതരിപ്പിക്കാവൂ. മറിച്ച് പരസ്‌പരം ഭർത്സിക്കുകയും പുലഭ്യം പറയുകയും ചെയ്യുന്ന രീതിയിൽ ഉള്ള തർക്കങ്ങൾ മാതാപിതാക്കളോടുള്ള ഉള്ള ബഹുമാനം കുട്ടികളുടെ മനസ്സിൽ ഇല്ലാതാകാൻ കാരണമാകും. ഇത്തരത്തിൽ വളരുന്ന കുട്ടികളെ ഭാവിയിൽ അച്ചടക്കം പരിശീലിപ്പിക്കാൻ വളരെയധികം പ്രയാസപ്പെടേണ്ടി വരും. കുട്ടികളുടെ സാന്നിധ്യത്തിൽ മദ്യപിക്കുന്നതും പുകവലിക്കുന്നതും പൂർണമായും ഒഴിവാക്കണം. 

∙ ഡിജിറ്റൽ അടിമത്തം തടയാം

പല മാതാപിതാക്കൾക്കും ഏറ്റവും സംശയം ഉള്ള മേഖല കുട്ടികളുടെ ഡിജിറ്റൽ അടിമത്തം എങ്ങനെ കൈകാര്യം ചെയ്യാം എന്നത് തന്നെയാണ്.  ലാപ് ടോപ് അല്ലെങ്കിൽ ഡെസ്‌ക് ടോപ് കംപ്യൂട്ടർ ആണ് കുട്ടികൾ സാധാരണ ഉപയോഗിക്കുന്നത് എങ്കിൽ അതിൽ കീ ലോഗർ എന്ന വിഭാഗത്തിൽപെടുന്ന ചില പേരന്റൽ കൺട്രോൾ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാം. ഉദാഹരണത്തിന് ആർഡമാക്‌സ് (Ardamax key logger ) കീ ലോഗർ. ഇത് ഉപയോഗിച്ച് കുട്ടികളുടെ ലാപ് ടോപ് /ഡെസ്‌ക് ടോപ് ഉപയോഗ സമയം നിയന്ത്രിക്കാം. അതിൽ കുട്ടികൾ ആശാസ്യമല്ലാത്ത കാര്യങ്ങൾ  തിരയുന്നത് നിയന്ത്രിക്കാനും സാധിക്കും. കുട്ടികൾ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ എംസ്പൈ (Mspy ) പോലെയുള്ള ആപ്പുകൾ ഉപയോഗിച്ച് മാതാപിതാക്കൾക്ക് നിയന്ത്രിക്കാൻ സാധിക്കും. ഈ ആപ് കുട്ടികൾ ഉപയോഗിക്കുന്ന മൊബൈലിൽ ഇൻസ്റ്റാൾ ചെയ്താൽ  അവർ മൊബൈൽ എന്തൊക്കെ കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നു എന്ന കാര്യങ്ങളെല്ലാം വളരെ കൃത്യമായ രീതിയിൽ സ്‌ക്രീൻ ഷോട്ട് രൂപത്തിൽ മാതാപിതാക്കൾക്ക് ലഭിക്കും. 

പക്ഷേ കീലോഗറും എംസ്പൈയുമൊക്കെ പണച്ചെലവുള്ള സംഗതികളാണ് അവ ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ പണം കൊടുക്കേണ്ടി വരും. കുട്ടികളുടെ മൊബൈൽ ഉപയോഗം നിയന്ത്രിക്കാനുള്ള സൗജന്യമാർഗങ്ങളും നിലവിൽ ഉണ്ട്. അതിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത് Google family link എന്ന ആപ് ആണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന ഈ ആപ് ആദ്യം മാതാപിതാക്കൾ സ്വന്തം മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യണം. Google family link for parents എന്ന ആപ്പാണ് മാതാപിതാക്കൾ ഇൻസ്റ്റാൾ ചെയ്യേണ്ടത്. അതിനു ശേഷം കുട്ടികളുടെ മൊബൈലിൽ Google family link for children and teams എന്ന ആപ് ഇൻസ്റ്റാൾ ചെയ്യണം. കുട്ടികൾക്ക് ഒരു ജിമെയിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്തിട്ട് വേണം ഇത് ഇൻസ്റ്റാൾ ചെയ്യാൻ. ഇതിനു ശേഷം ഈ രണ്ട് മൊബൈലുകൾ തമ്മിൽ ലിങ്ക് ചെയ്‌താൽ കുട്ടികളുടെ മൊബൈൽ ഉപയോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാം. ഈ ഗൂഗിൾ ഫാമിലി ലിങ്ക് വഴി, കുട്ടികൾ എത്ര മണിക്കൂർ ഒരു ദിവസം മൊബൈൽ ഉപയോഗിക്കണം, എത്ര പ്രാവശ്യം മൊബൈൽ അൺലോക് ചെയ്യണം തുടങ്ങിയവ തീരുമാനിക്കാം. ഏതെങ്കിലും സൈറ്റുകൾ കാണാതിരിക്കേണ്ടതുണ്ടെങ്കിൽ അതിനെ ബ്ലോക്ക് ചെയ്യാം. ഇത്തരം നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പിലാക്കിയാൽ കുട്ടികൾ ഡിജിറ്റൽ അടിമത്തത്തിലേക്ക് പോകുന്നത് തടയാം. തീവ്രമായ മൊബൈൽ അടിമത്തത്തിലേക്ക് പോയ കുട്ടികളെ മോചിപ്പിക്കാൻ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ ചികിത്സ ആവശ്യമായി വന്നേക്കാം. മൊബൈൽ ഉപയോഗിക്കാതിരിക്കുമ്പോൾ തീവ്രമായ പിൻവാങ്ങൽ ലക്ഷണങ്ങളും കഠിനമായ ദേഷ്യവും അസ്വസ്ഥതകളും പ്രകടിപ്പിക്കുന്ന കുട്ടികളെ ചികിത്സയിലൂടെ മോചിപ്പിച്ചെടുക്കാൻ സാധിക്കും. 

dr-arun-b-nair-writes-on-impact-of-covid19-and-lockdown-on-mental-health-of-children
Representative image. Photo Credits : Halfpoint/ Shutterstock.com

∙ മാനസികാരോഗ്യം തകരുന്നുണ്ടോ?

കുട്ടികളുടെ മാനസികാരോഗ്യം തകരുന്നു, വിദഗ്‌ധ ചികിത്സ വേണം എന്ന് നാം മനസ്സിലാക്കേണ്ടത് താഴെ പറയുന്ന ലക്ഷങ്ങൾ കാണുമ്പോഴാണ്. 

1. കുട്ടി ഒട്ടും ഉറക്കമില്ലാതെയോ ഭക്ഷണം കഴിക്കാതെയോ ഇരിക്കുക. 

2. ആത്മഹത്യാ പ്രവണത കാട്ടുക. 

3. തെല്ലും പഠിക്കാൻ കഴിയാത്ത ബുദ്ധിമുട്ട് പ്രകടമാകുമ്പോൾ 

4.  മണിക്കൂറുകളോളം മൊബൈലിന് അടിമപ്പെട്ട് ഉപയോഗിക്കുന്ന സ്ഥിതിവിശേഷം. 

5. അമിതമായ ദേഷ്യവും ശാരീരിക ആക്രമണ പ്രവണതയും. 

6. അമിത വികൃതിയും ശ്രദ്ധക്കുറവും വളരെ പ്രകടമായി വരുന്ന സന്ദർഭം. 

മേൽ സൂചിപ്പിച്ച സന്ദർഭങ്ങളെല്ലാം കൃത്യമായ ചികിത്സയിലൂടെ നമുക്ക് നിയന്ത്രിക്കാവുന്നതാണ്. എങ്കിലും കുട്ടികൾ ചികിത്സ എടുക്കേണ്ട സാഹചര്യത്തിലേക്ക് എത്താതിരിക്കുക എന്നു തന്നെയാണ് പ്രാധാന്യം. അതിന് ഈ  ലേഖനത്തിൽ പറഞ്ഞ മറ്റു കാര്യങ്ങൾ കൃത്യമായി പാലിക്കുക. 

dr-arun-b-nair-writes-on-impact-of-covid19-and-lockdown-on-mental-health-of-children
Representative image. Photo Credits : Shutterstock.com

ആവർത്തിച്ച് കൈ കഴുകുക, അല്ലെങ്കിൽ കൈയിൽ കൊറോണ വൈറസിന്റെ സാന്നിധ്യം ഉണ്ടെന്ന്  കരുതി പിന്നെയും പിന്നെയും കുളിക്കാനും മറ്റും കൂടുതൽ സമയം എടുക്കുക. ഇത്തരം ചില ലക്ഷണങ്ങളും കുട്ടികളിൽ ഈ  കാലഘട്ടത്തിൽ കാണുന്നുണ്ട്. ഇത് പലപ്പോഴും കേവലമുള്ള വൃത്തിയിൽ അപ്പുറത്തേക്ക് അമിതമായി സമയം എടുക്കുന്ന ഒരവസ്ഥയിലേക്ക് പോകാറുണ്ട്.  അത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന രീതിയിലേക്ക് പോയാൽ ഒബ്‌സസ്സീവ് കംപൾസറി ഡിസോർഡർ (OCD) എന്ന ഒരു മാനസികാരോഗ്യ പ്രശ്‌നത്തിന്റെ ലക്ഷണങ്ങൾ ആകാം. മനസ്സിന്റെ ഉള്ളിലേക്ക് കടന്നു വരുന്ന അസ്വസ്ഥത ഉളവാക്കുന്ന ആവർത്തന സ്വഭാവമുള്ള ചിന്തകളോ തോന്നലുകളോ ദൃശ്യങ്ങളോ ആണ് ഒബ്‌സഷൻസ് എന്നു പറയുന്നത്. ഈ ഒബ്‌സഷൻസ് യഥാർഥമല്ല എന്നത് അനുഭവിക്കുന്ന ആളിന് അറിയാം. പക്ഷേ അതിനെ പൂർണമായി ഇല്ലാതാക്കാൻ അവരെക്കൊണ്ട് പറ്റുന്നില്ല. ഈ ഒബ്‌സഷൻസ് മനസ്സിലേക്ക് കടന്നു വരുമ്പോൾ ഇവർക്ക് വലിയ ഉത്കണ്ഠ ഉണ്ടാവുകയും ഈ ഉത്കണ്ഠ വളരെ തീവ്രമാകുമ്പോൾ അത് മറികടക്കാൻ ഇവർ ആവർത്തിച്ച് ചില പ്രവർത്തികൾ ചെയ്യുകയും ചെയ്യും. കയ്യിൽ കൊറോണ വൈറസ് ഇരുപ്പുണ്ട് എന്ന ആവർത്തിച്ചുള്ള തോന്നൽ ഒരു ഒബ്സെഷൻ ആണ്. അതിനെ തുടർന്ന് ടെൻഷൻ അല്ലെങ്കിൽ ഉത്കണ്ഠ വരുന്നു. അത് മറികടക്കാൻ അവർത്തിച്ച് ആവർത്തിച്ച്  കൈ കഴുകുന്ന കംപൽഷൻ  എന്ന അവസ്ഥയാണ്. തലച്ചോറിലെ സിറട്ടോണിൻ എന്ന കെമിക്കലിന്റെ അളവ് കുറയുന്നതാണ് ഈ അവസ്ഥയുടെ ഒരു കാരണം. ഇത്തരം കുട്ടികളിൽ ഈ  സിറട്ടോണിന്റെ അളവ് ക്രമീകരിക്കുന്ന മരുന്നുകൾ കൊണ്ട് ഇത് നിയന്ത്രിക്കാൻ പറ്റും. ലഘുവായ തോതിലുള്ള പ്രശ്‍നങ്ങൾ ആണെങ്കിൽ മരുന്നുകളില്ലാതെ മനഃശാസ്ത്ര ചികിത്സകൾ കൊണ്ടു തന്നെ ഇത് ഭേദപ്പെടുത്താനും സാധിക്കും.

ഡോ. അരുൺ ബി നായർ (സൈക്യാട്രിസ്റ്റ്, തിരുവനന്തപുരം മെഡിക്കൽ കോളജ്)

English summary : Dr Arun B Nair writes about the impact of Covid19 on children

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA