സുരക്ഷയുടെ ആദ്യപാഠങ്ങൾ കുട്ടികൾക്ക് എങ്ങനെ പറഞ്ഞുകൊടുക്കണം ?
Mail This Article
കുട്ടികളെ കാണാതാകുന്ന സംഭവങ്ങൾ തുടരെയുണ്ടാകുന്നു എന്നത് അച്ഛനമ്മമാരാരുടെ മനസ്സിൽ ആധി പടർത്തുകയാണ്. അത്രയേറെ ശ്രദ്ധിച്ചിട്ടും കാവലായി കൂടെ ഉണ്ടായിട്ടും കുട്ടികൾ അപകടപ്പെട്ടേക്കുമോ എന്ന ഭീതി അച്ഛനമ്മമാരിൽ നിന്നും മായുന്നില്ല. ഈ അവസ്ഥയിൽ സുരക്ഷാ സ്വയം ഉറപ്പാക്കുന്ന രീതിയിൽ പെരുമാറുന്നതിനായി കുട്ടികളെ പരിശീലിപ്പിക്കാം. മൂന്നു വയസ്സു പ്രായം മുതലേ ഇത്തരത്തിലുള്ള ചിട്ടയായ പരിശീലനം ആരംഭിക്കാം.
∙ സംസാരിച്ചു തുടങ്ങുന്ന കുഞ്ഞുങ്ങളെ അച്ഛനമ്മമാരുടെ പേര്, ഫോൺ നമ്പർ, വീടുള്ള സ്ഥലം എന്നിവ ഉറപ്പായും പഠിപ്പിക്കുക.
∙കുഞ്ഞുങ്ങൾ വീട്ടിൽ തനിച്ചുള്ളപ്പോൾ വാതിൽ ഭദ്രമായി പൂട്ടുക, ഉത്തരവാദിത്വമുള്ളവർ അല്ലാതെ മറ്റാര് വന്നു വിളിച്ചാലും തുറക്കേണ്ടതില്ല എന്ന് ആവർത്തിച്ചു ബോധ്യപ്പെടുത്തുക.
∙കുഞ്ഞുങ്ങൾ വീട്ടിൽ തനിച്ചാകുന്ന സാഹചര്യങ്ങളിൽ അക്കാര്യം അധികം ആരും അറിയാതിരിക്കാൻ ശ്രദ്ധിക്കുക. ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ അമ്മയെയോ അച്ഛനെയോ ഫോണിൽ വിളിക്കാൻ പരിശീലിപ്പിക്കുക.
∙സഹോദരങ്ങളെ വീട്ടിൽ തനിച്ചാക്കി പോകുമ്പോൾ പരസ്പരം വഴക്കിടാനും കൂട്ടത്തിൽ ഒരാൾ ഇറങ്ങി പോകാനുമുള്ള സാഹചര്യം ഒഴിവാക്കുക.
∙മാതാപിതാക്കളുടെ അനുവാദമില്ലാതെ ആരെയും വീട്ടിൽ പ്രവേശിപ്പിക്കരുത്.
∙വീടിനു പുറത്ത് പോകേണ്ട സാഹചര്യത്തിൽ പോകുന്ന സ്ഥലം, കൂടെ ആരൊക്കെയുണ്ട്, തിരിച്ചെത്തേണ്ട സമയം എന്നിവ ഉറപ്പാക്കിയ ശേഷം മാത്രം കുട്ടികളെ വിടുക.
∙മാതാപിതാക്കളുടെ അനുവാദമില്ലാതെ കാറിലോ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സഞ്ചരിക്കരുതെന്ന് പറയുക
∙മാതാപിതാക്കളുടെ അസാന്നിധ്യത്തിൽ മറ്റുള്ളവർ തരുന്ന ചോക്ലേറ്റ്, മധുരപലഹാരങ്ങൾ, പാനീയങ്ങൾ എന്നിവ കഴിക്കരുതെന്നും പറഞ്ഞു കൊടുക്കുക.
∙വിജനമായ ഇടവഴികളിലൂടെയോ പാർക്കിലൂടേയോ ഒറ്റയ്ക്കുള്ള സഞ്ചാരം ഒഴിവാക്കുക.
∙ബാഡ് ടച്ചിനെയും ഗുഡ് ടച്ചിനെയും പറ്റി കുഞ്ഞുങ്ങളെ ബോധവൽക്കരിക്കുക. അനാവശ്യമായ സ്പർശനങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് പരിശീലിപ്പിക്കുക
∙മാതാപിതാക്കളെ സുഹൃത്തുക്കളായി കണ്ട് കാര്യങ്ങൾ തുറന്നു പറയുന്നതിനുള്ള സാഹചര്യം ഒരുക്കുക.
∙എല്ലാത്തിലും ഉപരിയായി കുട്ടികൾക്കെതിരെ നടക്കുന്ന അക്രമങ്ങളെപ്പറ്റിയും അതിനാലാണ് ഇത്തരം നിയന്ത്രണങ്ങൾ എന്നതിനെപ്പറ്റിയും കുട്ടികളോട് പറഞ്ഞു ബോധ്യപ്പെടുത്തുക .
English summary: Important safety rules to teach your children