ADVERTISEMENT

പേരന്റിങ് പലതരത്തിലും പല പേരുകളിലുമുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് ചൈനയിൽ ട്രെൻഡായി മാറിക്കഴിഞ്ഞ ചിക്കൻ ബ്ലഡ് പേരന്റിങ്. ഹെലികോപ്റ്റർ പേരന്റിങ് പോലെ കഠിനമായ ഒന്നാണ് ചിക്കൻ ബ്ലഡ് പേരന്റിങ്.

പൂവൻകോഴിയുടെ രക്തം കുടിക്കുന്നത് കഷണ്ടി, വന്ധ്യത, കാൻസർ തുടങ്ങിയവ ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങളെ അകറ്റുമെന്നത് ചൈനയിൽ പണ്ടേയുള്ള ഒരു വിശ്വാസമാണ്. കാലങ്ങൾ കഴിഞ്ഞപ്പോൾ ഈ ശീലങ്ങൾ മാറിയെങ്കിലും കോഴിയുടെ രക്തം കുത്തിവയ്ക്കുക എന്ന ചൊല്ല് ബാക്കിയായി. കുട്ടികളുടെ വിജയം തീവ്രമായി ആഗ്രഹിക്കുന്ന രക്ഷിതാക്കളെ വിശേഷിപ്പിക്കാനാണ് ചിക്കൻ ബ്ലഡ് പേരന്റിങ് എന്ന് ഇപ്പോൾ ഉപയോഗിക്കുന്നത്. 

ചൈനയിൽ ചില രക്ഷിതാക്കൾ മക്കളുടെ വിജയത്തിനായി എക്‌സ്‌ക്ല്യൂസീവ് ആയി ട്യൂട്ടർമാരെ വയ്ക്കുന്നു. മികച്ച സ്‌പോർട്സ് കോച്ചിനെ നിയമിക്കുന്നു. ചിലരാകട്ടെ മികച്ച പബ്ലിക് സ്‌കൂളുകൾക്ക് സമീപം വീടു വാങ്ങുന്നു. 

ചിക്കൻ ബ്ലഡ് പേരന്റിങ് പിന്തുടരുന്ന രക്ഷിതാക്കൾക്ക് ഒരു സ്‌കൂൾ മതിയാകില്ല, അവർക്ക് മക്കളുടെ നല്ല ഗ്രേഡിൽ തൃപ്‌തി ഉണ്ടാവില്ല. കുട്ടികളിൽ അവർ അമിതമായി പ്രതീക്ഷ വച്ചു പുലർത്തുന്നു. 

ചൈനയിൽ വിദ്യാഭ്യാസ നിയമം അടുത്തിടെ പരിഷ്‌കരിച്ചു. അതനുസരിച്ച് സ്‌കൂൾ പ്രവേശനത്തിന് കുട്ടിയുടെ ശാരീരികക്ഷമത, സാംസ്കാരികവും കലാപരവുമായ കഴിവുകൾ, അന്താരാഷ്ട്ര തലത്തിൽ ഉള്ള അനുഭവങ്ങൾ ഇവയൊക്കെ പരിഗണിക്കും. 

ചൈനയിൽ കുട്ടികളെ ഭാഷയും ഗണിതവും മറ്റ് വിഷയങ്ങളും പഠിക്കാനായി പരിശീലനകേന്ദ്രത്തിലേക്ക് അയയ്ക്കുന്നു. കൂടാതെ സ്പോർട്സ്, സംഗീതം, സംസ്കാരം മറ്റ് പ്രവർത്തനങ്ങൾ ഇവയിലെല്ലാം പങ്കെടുത്ത് സ്‌കൂൾ പ്രവേശന പരീക്ഷയിൽ ബോണസ് പോയിന്റുകൾ നേടുന്നു. ചൈനയിലെ ഒരു ഓൺലൈൻ മാധ്യമത്തിന് ഒരു ഫിഫ്ത്ത് ഗ്രേഡറുടെ ചിക്കൻ പേരന്റ് പങ്കുവച്ച ടൈംടേബിൾ ഇതാ. 

രാവിലെ 8.30 - 9.50 വരെ വായന, പത്തര വരെ ഗെയിമിങ്ങ്. പത്തരയ്ക്ക് നേത്ര വ്യായാമം. 11 മണിക്ക് ഓഡിയോ ബുക്ക്‌സ് കേട്ടുകൊണ്ടു ലഞ്ച്. 

ഉച്ചയ്ക്ക് ഒരു മണി മുതൽ നാലു മണി വരെ മാത്‍സ് ഒളിമ്പ്യാഡ് പരിശീലനം. വൈകിട്ട് നാലു മുതൽ അഞ്ചര വരെ പുറത്ത് ബൈക്കിങ്ങ് അഞ്ചരയ്ക്ക് അത്താഴം അഞ്ചര മുതൽ എട്ടര വരെ ഓൺലൈൻ ആയി ഇംഗ്ലിഷ് പഠനം. എട്ടര മുതൽ ഒൻപതു വരെ ലഘുഭക്ഷണ ഇടവേള. ഒൻപതു മുതൽ പത്തു വരെ ഹോംവർക്ക്. പത്തു മണിക്ക് ഉറങ്ങാൻ കിടക്കുന്നു. 

ദോഷവശങ്ങൾ

ചൈൽഡ്ഹുഡ് മയോപ്പിയ എന്ന നേത്രരോഗം ലോകത്ത് ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത് ചൈനയിലാണ്. മിഡിൽ സ്‌കൂളിലെ 71 ശതമാനം കുട്ടികളും ഹൈസ്‌കൂളിൽ പഠിക്കുന്ന 81 ശതമാനം കുട്ടികളും ഹ്രസ്വദൃഷ്‌ടി ഉള്ളവരാണെന്നു നാഷണൽ ഹെൽത്ത് കമ്മീഷൻ കണ്ടെത്തി. ഇത് ഓർത്തോകെരാറ്റോളജി ലെൻസ് അഥവാ ഒ കെ ലെൻസുകളുടെ ഉപയോഗം കൂട്ടി. താൽക്കാലികമായി പകൽ സമയത്ത് കാഴ്‌ചശക്തി മെച്ചപ്പെടുത്താൻ വേണ്ടി രാത്രി മുഴുവൻ ധരിക്കുന്ന ലെൻസ് ആണിത്.  

 

ചൈനയിലെ കൗമാരക്കാർക്കിടയിൽ വിഷാദവും കൂടുതലാണ്. ചൈനയിലെ 2019–20 നാഷണൽ മെന്റൽ ഹെൽത്ത് ഡെവലപ്മെന്റ് റിപ്പോർട്ട് അനുസരിച്ച് ചൈനയിലെ കുട്ടികളിൽ 25 ശതമാനവും വിഷാദം ബാധിച്ചവരാണെന്ന് കണ്ടു. ഇതിൽ 7.4 ശതമാനം പേർ കഠിനമായ വിഷാദം ബാധിച്ചവരാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.

 

English summary : Chicken blood parenting trend in China  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com