ADVERTISEMENT

അച്ഛനമ്മമാർ അറിഞ്ഞോ അറിയാതെയോ തങ്ങളുടെ കുട്ടിയോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ഏതാണ് എന്ന് ചോദിച്ചാൽ താരതമ്യമാണ് എന്നാണ് അതിനുള്ള ഉത്തരം. സ്വന്തം കുഞ്ഞുങ്ങളെ, അവരുടെ കഴിവിനെ, കഴിവുകേടിനെ, മിടുക്കിനെ അങ്ങനെ ജീവിതത്തിലെ ഓരോ കാര്യത്തെയും കുട്ടികളുടെ സുഹൃത്തുക്കളുമായോ, അയൽവാസിയുടെ മക്കളുമായോ ഒക്കെ താരതമ്യം ചെയ്യുന്ന രീതി ഗുണകരമാണെന്ന് കരുതണ്ട. 

 

നിങ്ങൾ ഉദ്ദേശിക്കുന്നത് പ്രോത്സാഹനമാണെങ്കിൽ അത് അക്ഷരാർത്ഥത്തിൽ നിങ്ങളുടെ കുഞ്ഞിനെ പരാജയപ്പെടുത്തുകയാണ് ചെയ്യുന്നത്.  നീ അവനെ കണ്ട് പഠിക്ക്! ഒട്ടുമിക്ക അമ്മമാരും അനുകരിക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു ദു:ശ്ശീലമാണിത്. നിങ്ങളുടെ കുട്ടിക്ക് അവൻ അല്ലെങ്കിൽ അവൾ ആകാൻ മാത്രമേ സാധിക്കൂ. 

 

നമ്മുടെ കുഞ്ഞുങ്ങളുടെ കഴിവും കഴിവുകേടുകളും അച്ഛനമ്മമാർ മനസിലാക്കണം. എന്നിട്ട് അത് അനുസരിച്ച് വേണം മുന്നോട്ടുള്ള ജീവിതത്തിലേക്ക് അവനെ പാകപ്പെടുത്താൻ. ഒരു പക്ഷെ 'അമ്മ അല്ലെങ്കിൽ അച്ഛൻ എന്ന നിലക്ക് നിങ്ങൾക്ക് തിരുത്താൻ സാധിക്കുന്ന പല കുറവുകളും നിങ്ങളുടെ കുഞ്ഞിന് ഉണ്ടായേക്കാം. അനാവശ്യമായി അവനെ മറ്റു കുഞ്ഞുങ്ങളുമായി താരതമ്യം ചെയ്യുന്നതോടെ കുഞ്ഞു നിങ്ങളിൽനിന്നും അകലുമെന്നതാണ് വാസ്തവം. 

 

ഒരു കുഞ്ഞു ജനിച്ചാൽ അന്ന് തുടങ്ങും ഈ താരതമ്യ പഠനം. കുഞ്ഞിന്റെ ഭാരം, നിറം, തലമുടി തുടങ്ങിയ കാര്യങ്ങളിൽ നിന്നും ആരംഭിക്കുന്ന ഈ താരതമ്യം അവന്റെ പഠനം, മാർക്ക്, തെരഞ്ഞെടുക്കുന്ന കോഴ്സ്, കളിക്കളത്തിലെ മികവ്, മറ്റു ടാലന്റുകൾ എന്നിങ്ങനെ ജീവിതത്തിന്റെ പല മേഖലകളിലും തുടരുന്നു. മാർക്കിന്റെ കാര്യത്തിലാണ് ഈ തരംതിരിവ് പ്രധാനമായും കാണുന്നത്. 

 

ഒരിക്കലും മറ്റൊരു കുട്ടിയുമായല്ല, നിങ്ങളുടെ കുഞ്ഞിന്റെ കഴിവുകളും കഴിവുകേടുകളും താരതമ്യം ചെയ്യേണ്ടത്. അങ്ങനെ ആവശ്യമായി വരുന്ന പക്ഷം അവന്റെ കഴിവുകളോട് തന്നെ അവനെ താരതമ്യം ചെയ്യുക. ഒരു ടേമിലെ മാർക്ക് മുൻ ടേമിൽ കിട്ടിയ മാർക്കുമായി താരതമ്യം ചെയ്യുക. ഇത്തരത്തിൽ അവനെ പ്രോത്സാഹിപ്പിക്കുക. മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം മറ്റു വിധത്തിലുള്ള താരതമ്യങ്ങൾ ഒഴിവാക്കുക എന്നതു തന്നെയാണ്. 

 

English summary : Stop comparing your child with others

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com