ADVERTISEMENT

‘മാതാപിതാക്കളുടെ കീശ ചോർത്തി കുട്ടികളുടെ മരണക്കളി; വീട്ടമ്മയ്ക്ക് നഷ്ടമായത് 3 ലക്ഷം’

‘വില്ലന്‍ ഫ്രീ ഫയര്‍; ചെന്നൈയില്‍ കളി തോറ്റ് ജീവനൊടുക്കിയത് ഇരുപത്തൊന്നുകാരന്‍’

‘മകൻ ഗെയിം അടിമ, ലക്ഷങ്ങൾ നഷ്ടപ്പെട്ടു; ആത്മഹത്യയുടെ വക്കിൽ ഒരു കുടുംബം’

‘മകന് പഠനത്തിന് ഫോൺ നൽകി അമ്മ ജോലിക്കുപോയി; തിരിച്ചെത്തുമ്പോൾ കണ്ടത് ചേതനയറ്റ ശരീരം; ഓൺലൈൻ ഗെയിം എന്ന ചതിക്കുഴി’

ലോക്‌ഡൗൺ കാലത്ത് ഇത്തരം വാര്‍ത്ത‍ാ തലക്കെട്ടുകള്‍ നമ്മളുടെ ശ്രദ്ധയാകർഷിച്ചിരുന്നു. ഓൺലൈൻ ഗെയിംസ് രംഗത്തെത്തിയിട്ട് കുറച്ചു നാളായെങ്കിലും അവയ്ക്കു വില്ലൻ പരിവേഷം ലഭിച്ചത് അടുത്ത കാലത്താണ്. കഴിഞ്ഞ ഒന്നരക്കൊല്ലമായുള്ള ഓൺലൈൻ അധ്യയനത്തിന്റെ ഒരു പാർശ്വഫലമായി നമുക്കിതിനെ കാണാം. മക്കളെപ്രതി വ്യാകുലരായി മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കുന്ന മാതാപിതാക്കളുടെ എണ്ണവും വർധിച്ചിരിക്കുന്നു. കഴിഞ്ഞദിവസം ഒപി യിൽ കണ്ട ഒരു കേസ് വിവരിക്കാം.

പതിനേഴു വയസ്സുള്ള ഒറ്റമകനുവേണ്ടിയാണ് അമ്മ വന്നത്. അവരുടെ ഭർത്താവ് ഗൾഫിലാണ്. ഒന്നിനും ഒരു കുറവുമില്ലാതെ താലോലിച്ചാണ് മകനെ വളർത്തിയത്. പത്തിൽ 85% മാർക്കുണ്ടായിരുന്നു. പ്രശ്നം, കഴിഞ്ഞ ഒരു വർഷമായി ടിയാൻ മുറി അടച്ചിട്ടിരുന്ന് ഓൺലൈൻ ഗെയിംസ് കളിക്കുകയാണ്. രാത്രിയിലാണ് സജീവമാകുന്നത്. വെളുക്കുവോളം ലാപ്ടോപ്പിന് മുൻപിലായിരിക്കും. സമയം തെറ്റിയാണ് ഭക്ഷണവും ദിനചര്യകളും. പഠനത്തിൽ താല്പര്യമില്ല. പഠിക്കാൻ ഇരുന്നാലും ശ്രദ്ധ കിട്ടുന്നില്ല എന്ന് പറയും. കൊറോണ കാരണം എല്ലാവരെയും ജയിപ്പിച്ചുവിട്ടേക്കാമെന്നുള്ള പൊതുതീരുമാനം കൊണ്ടു മാത്രം പ്ലസ്‌ ടു പാസായി. വീട്ടുകാരോടോ ബന്ധുക്കളോടോ ഒരു സഹകരണവുമില്ല. ഓൺലൈൻ സുഹൃത്തുക്കൾ മാത്രമേ ഉള്ളൂ. ചോദിക്കാൻ ചെല്ലുന്ന അമ്മയോട് ‘എന്നെ എന്റെ വഴിക്ക് വിടൂ’ മട്ടിലുള്ള ഉത്തരങ്ങളാണ്. കൂടുതൽ ഉപദേശിക്കാൻ ചെന്നാൽ വിരട്ടി ഓടിക്കും. ചിലപ്പോൾ ഉപദ്രവിക്കും. എന്നാൽ കൂടെക്കൂടെ രണ്ടായിരവും മൂവായിരവും രൂപ അമ്മയിൽനിന്ന് ഓൺലൈൻ ഗാഡ്‌ജറ്റ്സ് അപ്ഗ്രേഡ് ചെയ്യാൻ നിർബന്ധപൂർവം വാങ്ങിക്കും. ഇതിനകം ഒരു ലക്ഷമെങ്കിലും ഈ വകയിൽ ചെലവാക്കിയിട്ടുണ്ട്. കാശ് കൊടുക്കാതിരുന്നാൽ വീട്ടിലുള്ള വിലപിടിപ്പുള്ള സാധനങ്ങൾ എറിഞ്ഞുപൊട്ടിക്കും. അവധിക്കാലം കഴിഞ്ഞ് കോളജിൽ പോയിത്തുടങ്ങിയാലെങ്കിലും ഈ സ്വഭാവം മാറും എന്ന് പ്രതീക്ഷിച്ചു മാതാപിതാക്കൾ ഒരു പ്രൈവറ്റ് എൻജിനീയറിങ് കോളജിൽ സീറ്റ് എടുത്തുകൊടുത്തു. പക്ഷേ സ്വന്തമായി ഒരു ഫ്ലാറ്റും 200 Mbps കണക്‌ഷൻ സ്പീഡ് ഉള്ള ഇന്റർനെറ്റും ഇല്ലാതെ കോളജിൽ ചേരില്ല എന്ന് മകൻ നിലപാട് വ്യക്തമാക്കിയതോടെ മാതാപിതാക്കൾക്ക് കാര്യങ്ങളുടെ കിടപ്പ് ശരിക്കും മനസ്സിലായി. ഇനി എന്തു ചെയ്യും എന്നു ചിന്തിച്ചപ്പോഴാണ് ഒരു മാനസികാരോഗ്യവിദഗ്ധനെ കാണാമെന്നു തീരുമാനിച്ചത്.

ലോകാരോഗ്യ സംഘടന ഗെയ്മിങ് ഡിസോർഡർ (Gaming disorder) എന്ന് വിളിക്കുന്ന ഒരു തരം അഡിക്‌ഷൻ (addiction) ആണ് പയ്യന്. മദ്യമോ പുകയിലയോ മറ്റ് ലഹരിവസ്തുക്കളോ പോലെ പുറമേ നിന്ന് ഒരു സാധനവും വലിക്കുകയോ കുടിക്കുകയോ കുത്തിവയ്ക്കുകയോ ചെയ്തില്ലല്ലോ, പിന്നെ ഓൺലൈൻ ഗെയ്മിങ് എങ്ങനെയാണ് ഒരു അഡിക്‌ഷൻ ആയി മാറുന്നത്? ലഹരിദായകമായ ഒരു രാസവസ്തു ശരീരത്തിനുള്ളിൽ ചെന്ന് ജാലവിദ്യ കാണിച്ചാലല്ലേ നമ്മൾ അതിനോടു അടിമപ്പെടൂ? എന്നിങ്ങനെയുള്ള സംശയങ്ങൾ ന്യായമായും തോന്നാം. അഡിക്‌ഷനെകുറിച്ചുള്ള അപൂർണമായ ധാരണകൾ മൂലമാണത്. ശരിയാണ്, ചില രാസവസ്തുക്കൾക്ക് അടിമപ്പെടുത്താനുള്ള കെല്പുണ്ട്. പക്ഷേ നമ്മൾ അതിന് അടിമപ്പെടുമോ ഇല്ലയോ എന്ന് നിശ്ചയിക്കുന്നത് അവയല്ല, മറിച്ച് നമ്മുടെ തലച്ചോറിലെ ഡോപമിൻ (Dopamine) എന്ന ഹോർമോണിന്റെ റിസെപ്റ്റേഴ്സിന്റെയും (receptors) സർക്യൂട്ട്സിന്റെയും (circuits) പ്രത്യേകതകളാണ്.

 

ഫീൽ ഗുഡ് (feel-good) ഹോർമോണായിട്ടാണ് ഡോപമിൻ അറിയപ്പെടുന്നത്. നമ്മൾ ആനന്ദവും ഉന്മാദവും അനുഭവിക്കുന്നത് ഡോപമിൻ മൂലമാണ്. ആനന്ദദായകവും പുതുമകൾ നിറഞ്ഞതുമായ അനുഭവങ്ങളോ പ്രവൃത്തികളോ (അത് ഒരു രാസവസ്തു മൂലമോ ഓൺലൈൻ ഗെയ്മിങ് മൂലമോ ആയിക്കോട്ടെ)

തലച്ചോറിലെ ചില ഭാഗങ്ങളിൽ ഡോപമിന്റെ ഒരു നീര്‍ച്ചാല്‍ ഒഴുക്കു സൃഷ്ടിക്കും. എന്നാൽ ഡോപമിന്റെ റിസെപ്റ്റേഴ്സിനും സർക്യൂട്ട്സിനും ചില വ്യതിയാനങ്ങൾ ഉള്ളവരുടെ തലച്ചോറിൽ, ഡോപമിന്റെ ഒഴുക്കിനു പകരം ഒരു കുത്തൊഴുക്കാണ്‌ നടക്കുന്നത്. അത്തരം ആളുകൾ ആ ആനന്ദം നിലനിർത്താൻ വേണ്ടി അത്തരം പ്രവൃത്തികളോ അനുഭവങ്ങളോ (അത് മദ്യപാനമോ ഗെയ്മിങ്ങോ ആവാം) ആവർത്തിക്കുന്നു, അങ്ങനെ അതിന് അടിമപ്പെടുന്നു. മേല്പറഞ്ഞ വ്യതിയാനങ്ങൾ ഉള്ള ആളുകൾ ഒരു ന്യൂനപക്ഷമാണ്. കൂടിയാൽ ഒരു പത്തോ പതിനഞ്ചോ ശതമാനം ആളുകൾ. മദ്യപിക്കുന്നവരുടെ കാര്യം എടുക്കൂ. ലോകത്ത് എത്രയോ പേർ മദ്യപിക്കുന്നുണ്ട്. പക്ഷേ മദ്യത്തിന് അടിമപ്പെട്ടു ജീവിതം നശിപ്പിക്കുന്നവർ കൂടിയാൽ ഒരു ഇരുപത് ശതമാനം. ബാക്കി എൺപത് ശതമാനം ആളുകൾക്കും ഒന്നുകിൽ മദ്യം സുഖാനുഭൂതി നൽകില്ല അല്ലെങ്കിൽ അത്യാവശ്യം ഒരു സുഖമൊക്കെ തരും. പക്ഷേ വീണ്ടും  തേടിപ്പോകാൻ മാത്രം തരില്ല. ഓൺലൈൻ ഗെയ്മിങ്ങിന്റെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. പറഞ്ഞു വരുന്നത്, അഡിക്‌ഷന്റെ കാര്യത്തിൽ ‘മാടമ്പള്ളിയിലെ യഥാർഥ മനോരോഗി’ നമ്മൾ വിചാരിച്ചതു പോലെ ലഹരിവസ്തുക്കളോ ഗെയ്മിങ്ങോ ഗാംബ്ലിങ്ങോ ഒന്നുമല്ല, ഡോപമിൻ ആണ്. 

 

ജനിതക കാരണങ്ങളാൽ ഡോപമിൻ സർക്യൂട്ട്സിൽ (Dopamine reward circuitry) വ്യതിയാനങ്ങൾ ഉള്ളവരാണ് അഡിക്‌ഷനിലേക്കു വഴുതിവീഴാൻ സാധ്യത ഉള്ളവരെന്ന് നമ്മൾ മനസ്സിലാക്കിയല്ലോ. ഇങ്ങനെയുള്ളവരെ നേരത്തേ കണ്ടുപിടിക്കാൻ മാർഗ്ഗമുണ്ടെങ്കിൽ ഓരോരോ അഡിക്‌ഷനുകളെ ചികിത്സിക്കാൻ പാടുപെടുന്നതിന് പകരം അഡിക്‌ഷനേ അങ്ങ് തടയാൻ പറ്റില്ലേ? അതല്ലേ ഹീറോയിസം? 

 

അതാണ് ഹീറോയിസം. പക്ഷേ നിലവിൽ അതിനുള്ള മാർഗ്ഗങ്ങൾ (pharmacogenetic testing) മുഖ്യധാരയിലോട്ട് വന്നിട്ടില്ല. പക്ഷേ വരും. ഓരോ മനുഷ്യന്റെയും ജനിതക പ്രത്യേകതകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് അയാൾക്ക് ഏതൊക്കെ രോഗങ്ങൾ വരാം, എന്തൊക്കെ കാര്യങ്ങൾ ഭാവിയിൽ സൂക്ഷിക്കണം എന്ന് വ്യക്തമായി രേഖാമൂലം ഏതൊരു മനുഷ്യനും കിട്ടാവുന്ന കാലം അത്ര വിദൂരതയിലൊന്നും അല്ല. കല്യാണങ്ങളൊക്കെ ഉറപ്പിക്കുന്നതിനു മുൻപ്‌ ഇരുകൂട്ടരും ഈ ജനിതക 'ജാതകം' നോക്കി പൊരുത്തം നിശ്ചയിക്കുന്ന കാലവും വരും.

 

ശരി, ഓൺലൈൻ ഗെയ്മിങ്ങിൽ ഏർപ്പെടുന്ന പത്തോ പതിനഞ്ചോ ശതമാനം കുട്ടികൾക്കേ അതൊരു അഡിക്‌ഷൻ ആയി പരിണമിക്കുകയുള്ളൂ. പക്ഷേ എപ്പോഴാണ് അഡിക്‌ഷൻ ആയി എന്ന് സംശയിച്ചു തുടങ്ങുക?

1. ഉണർന്നിരിക്കുന്ന സമയത്തിന്റെ ഭൂരിഭാഗവും ഗെയ്മിലും ഗെയ്മിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളിലും വ്യാപൃതരായിരിക്കുക. തന്മൂലം വീട്ടുകാരിൽനിന്ന് ഒഴിഞ്ഞുമാറുക. 

2. ഗെയ്മിങ് തുടങ്ങിക്കഴിഞ്ഞാൽ സ്വയം വേണമെന്ന് വച്ചാൽ പോലും നിർത്താനാവാതിരിക്കുക.

3. ഗെയ്മിങ് മൂലം ഊണും ഉറക്കവും ഇല്ലാതെ ആരോഗ്യം ക്ഷയിച്ചാലും, പഠനത്തിൽ ശ്രദ്ധിക്കാൻ പറ്റാതെ പരീക്ഷകളിൽ തോറ്റാലും ഇതര തിക്താനുഭവങ്ങൾ എത്ര ഉണ്ടായാലും ഗെയ്മിങ് തുടരുക.

ഈ മൂന്ന് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉറപ്പിക്കാം: കളി കാര്യമായി, ഗെയ്മിങ് അഡിക്‌ഷൻ ആയി. അല്ലാതെ ആത്മഹത്യയുടെ വക്കിലൊക്കെ എത്തിയാലേ അതിനെ അഡിക്‌ഷൻ എന്നു വിളിക്കാൻ പറ്റൂ എന്നൊന്നും ഇല്ല.

 

ഉറക്കക്കുറവ്, അമിതമായ ദേഷ്യവും വാശിയും, ഉപദ്രവിക്കുക, വീട്ടുസാധനങ്ങൾ എറിഞ്ഞുടയ്ക്കുക തുടങ്ങിയ ലക്ഷണങ്ങൾ ബൈപോളാർ ഡിസോർഡർ പോലുള്ള മാനസിക രോഗങ്ങളിൽ കാണുന്നതാണ്. വേറെയും സമാനമായ ചില രോഗങ്ങളുണ്ട് - Disruptive mood dysregulation disorder, Oppositional defiant disorder, Obsessive compulsive disorder. ഈ അവസ്ഥകളിലൂടെയൊക്കെ കടന്നുപോകുന്ന കുട്ടികളും അല്പം ഓൺലൈൻ ഗെയിംസ് കളിച്ചെന്നു വരാം. അതുകൊണ്ട് എല്ലാം ഗെയ്മിങ് അഡിക്‌ഷൻ കൊണ്ടാണ് എന്ന് പറയാനും പറ്റില്ല. സമയം അധികം കളയാതെ ഒരു മാനസികാരോഗ്യവിദഗ്ധനെ കാണുന്നതാവും ബുദ്ധി. 

 

അടുത്ത കാലത്ത് പത്രത്തിൽ മറ്റൊരു വാർത്ത വന്നിരുന്നു. കുട്ടികളിലെ അമിത ഗെയിം ഉപയോഗം നിയന്ത്രിക്കാന്‍ ചൈന കര്‍ശന നിയമം കൊണ്ടുവരുന്നു എന്ന്. 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് അവധി ദിനങ്ങളിലും മാത്രമേ ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ അനുമതിയുണ്ടാകൂ. അതും ദിവസം ഒരു മണിക്കൂര്‍ മാത്രം. രാത്രി എട്ടു മുതല്‍ ഒമ്പതു വരെ. നൂറ് കുട്ടികൾ ഗെയ്മിൽ സ്ഥിരമായി ഏർപ്പെട്ടാലും അതിൽ കൂടിയാൽ ഒരു ഇരുപത് കുട്ടികളേ അഡിക്‌ഷന്റെ ലക്ഷണങ്ങൾ കാണിക്കൂ. ബാക്കി എൺപത് പേർക്കും ഇതൊരു നിരുപദ്രവകാരിയായ ഒരു ഉല്ലാസമാണ്. പ്രത്യേകിച്ചും വീടിനുപുറത്തു അധികമൊന്നും പോകാൻ പാടില്ലാത്ത ഈ മഹാമാരിക്കാലത്ത്. ഈ കർശന നിയമം നല്ലതാണോ? ഇത് കാടടച്ച് വെടി വയ്ക്കലല്ലേ? ഇരുപത് ശതമാനത്തിന്റെ ജീവിതം തകിടം മറിയുന്നത് തടയാൻ വേണ്ടി നൂറ് ശതമാനം പേർക്കും ചില സൗകര്യങ്ങൾ നിഷേധിക്കപ്പെടുന്നു? ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌ എന്ന് കേട്ടിട്ടില്ലേ? സമാനമായ യുക്തിയാണ്. ചൈനയുടേത് പോലുള്ള ഒരു നിയമം ഇന്ത്യയിൽ വരാൻ നമ്മൾ സമ്മതിക്കുമോ?

 

(തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രിയിലെ സൈക്യാട്രിസ്റ്റാണ് ലേഖകൻ) 

 

English summay : Dr Chris Abraham writes about the Aopamine and online game addiction 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com