ADVERTISEMENT

‘ജീവിതത്തില്‍ ബുദ്ധിമുട്ടുകളും കഷ്‌ടപ്പാടുകളും വേണം. എങ്കില്‍ മാത്രമേ വിജയം നേടുമ്പോള്‍ അത് ആസ്വദിക്കാന്‍ പറ്റുകയുള്ളൂ’. ലോകമെമ്പാടുമുള്ള കോടികണക്കിന് ജനങ്ങളെ പ്രചോദിപ്പിച്ച, ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്ന നമ്മുടെ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ വാക്കുകളാണിത്. ഒരു ജനതയുടെ വികാരമായിരുന്നു ആ മനുഷ്യൻ. രാഷ്ട്രത്തിന്റെ ഉന്നമനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു അദ്ദേഹം.

കാലവും തലമുറകളും മാറികൊണ്ടിരിക്കും പക്ഷേ, കലാം അഗ്നി ചിറകുകളുള്ള പക്ഷിയായി പറന്നു കൊണ്ടേയിരിക്കും. രാഷ്ട്രത്തിന്റെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞു വച്ച ആ പോരാളിയെ കുഞ്ഞുങ്ങൾ അറിയണം.  ഇന്ത്യയുടെ കരുത്ത് എന്താണെന്നു ചോദിച്ചാൽ അത് നിങ്ങളാണെന്ന് കുട്ടികളോടും യുവാക്കളോടും പറഞ്ഞ, രാമേശ്വരത്തുനിന്ന് രാഷ്ട്രപതിഭവനിലേക്ക് യാത്രനടത്തിയ അബ്ദുൾ കലാമിന്റെ ജീവിതം അറിയണം.

1931 ഒക്ടോബർ 15 ന് തമിഴ്നാട്ടിലെ രാമേശ്വരമെന്ന തീരദേശത്താണ് അദ്ദേഹം ജനിച്ചത്. ജൈനലാബ്ദീന്റേയും ആയിഷയുടേയും മകന്‍. അഞ്ച് സഹോദരന്മാരും ഒരു സഹോദരിയുമായിരുന്നു കലാമിന്. പിതാവിന് ഒരു ഫെറിയുണ്ടായിരുന്നു, മോസ്ക്കിലെ ഇമാമുമായിരുന്നു അദ്ദേഹം. എങ്കിലും കലാമിന്റെ ബാല്യം ദാരിദ്ര്യപൂർണമായിരുന്നു. കുട്ടിയായിരുന്നപ്പോൾ കുടുംബത്തിനായി പത്രവിതരണം നടത്തിയിരുന്നു കലാം. സ്ക്കൂൾ പഠന കാലത്ത് അദ്ദേഹം അത്ര മികച്ച വിദ്യാർഥിയൊന്നുമായിരുന്നില്ല, പക്ഷേ നല്ല കഠിനാധ്വാനിയും ബുദ്ധിമാനുമായിരുന്നു കുഞ്ഞു കലാം. പഠിക്കണമെന്ന അദമ്യമായ ആഗ്രഹമുണ്ടായിരുന്നു കലാമിന്. മണിക്കൂറുകളാണ് കലാം പഠിക്കാനായി ചിലവഴിച്ചിരുന്നത്.

സ്കൂൾ കോളജ് പഠനശേഷം ഒരു ഫൈറ്റർ പൈലറ്റ് ആകണമെന്ന ആഗ്രഹം അദ്ദേഹത്തിന് സാധിക്കാനായില്ല, എങ്കിലെന്താ, ഇന്ത്യയുടെ 'മിസൈൽ മാൻ' എന്ന എന്ന പേരിനോളം വരില്ല മറ്റൊരു പദവിയും. കലാം പോരാടി കൊണ്ടിരുന്നു, സ്വപ്നങ്ങൾ കണ്ടുകൊണ്ടേയിരുന്നു. അങ്ങനെയാണ് ഫിസിക്സും എയ്റോ സ്പേയ്സ് എൻജിനിയറിങ് പഠിച്ചതും പിന്നീട് ഐഎസ്ആർഒ യുടെ തലപ്പത്തെത്തുന്നതും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും കലാം  വിലപ്പെട്ട സംഭാവനകളാണ് നൽകിയത്. പിന്നീട് ഇന്ത്യയുെട ആണവ പരീക്ഷണങ്ങൾക്കു നേതൃത്വം നൽകി ഈ മഹാപ്രതിഭ. 2002 ജൂലൈ 19ന് ഇന്ത്യയുടെ 11–ാം രാഷ്ട്രപതിയായി അബ്ദുൾ കലാം തെരഞ്ഞെടുക്കപ്പെട്ടു. 2007 ജൂലൈ 27 ന് കാലാവധി കഴിയുമ്പോൾ ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയനായ രാഷ്ട്രപതിയെന്ന ഖ്യാതിയും അബ്ദുൾ കലാം നേടി.

രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു അദ്ദേഹത്തിന്. 2020–തോടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളും ദർശനങ്ങളും തന്റെ പുസ്തകങ്ങളിലൂടെ അവതരിപ്പിച്ചു. രാജ്യത്തിന്റെ കരുത്തിനെക്കുറിച്ച് ഓർമപ്പെടുത്തി കൊണ്ടേയിരുന്നു. കൃത്യമായ ലക്ഷ്യം നിശ്ചയിച്ച് ആ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തി വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടത്തെ വിദ്യാർഥികളുമായി സംവദിക്കുക എന്നത് കലാം ഏറെ ഇഷ്ടപ്പെട്ടിരുന്നു. 2015 ജൂലൈ 27 ന്  ഷില്ലോങിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പ്രസംഗിക്കുന്നതിനടെ കുഴഞ്ഞു വീണ കലാം പിന്നീട് കണ്ണ് തുറന്നില്ല. രാജ്യം കണ്ട ഏറ്റവും വലിയ ധൈഷണികശാലികളിലൊരാൾ തന്റെ അഗ്നിചിറകുകൾ വിടർത്തി പറന്നു പോയി.

‘ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്‌നം; ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്നം’ എന്ന കലാമിന്റെ വാക്കുകൾ മക്കളോടു പറയണം. പത്രം വിറ്റും കക്ക പെറുക്കിയും പഠിക്കാൻ പണം കണ്ടെത്തി ലോകത്തിന്റെ ആദരം നേടിയ ആ മനുഷ്യന്റെ ജീവിതം മക്കളെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കണം. 

English summary: Motivational story of Dr. APJ Abdul Kalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com