ADVERTISEMENT

ജനിച്ചു വീഴുന്ന നിമിഷം മുതല്‍ കുഞ്ഞിന്റെ ഓരോ മാറ്റവും സാകൂതം വീക്ഷിക്കുന്നവരാണ് മാതാപിതാക്കള്‍. കമിഴ്ന്നു വീണും മുട്ടിലിഴഞ്ഞും പിടിച്ചു നിന്നും പിച്ചവെച്ചും ഓടിയുമെല്ലാം അവര്‍ വളരാന്‍ തുടങ്ങും..ഒരു വയസും ഒന്നര വയസും കഴിഞ്ഞു രണ്ടു വയസിലേക്കെത്തുമ്പോള്‍ പെട്ടെന്നൊരു മാറ്റമാണ്. കുസൃതിയും കുറുമ്പും നിറഞ്ഞ രണ്ടുവയസ്...ടെറിബിള്‍ ടു എന്ന് വാത്സല്യത്തോടെ പറയുമെങ്കിലും മാതാപിതാക്കള്‍ക്ക് പേടിയുടെ കാലമാണത്. എന്തുകൊണ്ടായിരിക്കും കുഞ്ഞുങ്ങള്‍ രണ്ടു വയസില്‍ ഇത്രയും കുറുമ്പു കാണിക്കുന്നത്? അതിനുള്ള ഉത്തരമാണ് 'ഡയറി ഓഫ് എ ടു ഇയര്‍ ഓള്‍ഡ്' എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരമ്മയുടെ പോസ്റ്റ്. കടന്നു പോകുന്ന ഓരോ വരികളിലും കുഞ്ഞുങ്ങളുടെ  നിരാശയുടെ ആഴങ്ങള്‍ വരച്ചിടുന്നുണ്ട് ആ പോസ്റ്റ്. എന്തുകൊണ്ട് ഒരു രണ്ടു വയസുകാരന്‍ /വയസുകാരി ഇത്ര ഭീകരമായി പ്രതികരിക്കുന്നു എന്നതിന്റെ നേര്‍ചിത്രമാണ് ഈ വരികൾ‍. ഒരു രണ്ടുവയസുകാരന്റെ മനസ്സോടെ ഈ പോസ്റ്റ് തുടർന്ന് വായിക്കുക... 

 

രണ്ടു വയസ്സുകാരിയുടെ ഡയറി

 

സ്വന്തമായി വസ്ത്രം ധരിക്കണം എന്ന ആഗ്രഹത്തോടെയാണ് ഞാന്‍ ഇന്ന് രാവിലെ ഉറക്കമുണര്‍ന്നത്്, ''ഞങ്ങള്‍ക്ക് സമയമില്ല, ഞാന്‍ ചെയ്തു തരാം'' എന്നതാണ് പക്ഷേ ഞാന്‍ കേട്ടത്.  ഇതെന്നെ സങ്കടപ്പെടുത്തി. പിന്നീട് എന്റെ പ്രഭാതഭക്ഷണം തനിയെ കഴിക്കാന്‍ ആഗ്രഹിച്ചു, എന്നാല്‍ അപ്പോഴും ''അവിടെ മുഴുവന്‍ വൃത്തികേടാക്കും, ഞാന്‍ ഭക്ഷണം നല്‍കാം'' എന്നാണ് കേള്‍ക്കേണ്ടിവന്നത്. ഇത് എന്നെ വളരെ അധികം നിരാശപ്പെടുത്തി. 

 

എനിക്ക് കാറിനടുത്തേക്ക് നടന്ന് അതില്‍ തനിയെ കയറണമെന്നുണ്ടായിരുന്നു, പക്ഷേ അവിടേയും നിരാശ സമ്മാനിച്ചുകൊണ്ട് കേള്‍ക്കേണ്ടി വന്നത് ''വേണ്ട ഞങ്ങള്‍ക്കു വേഗം പോകണം, സമയമില്ല ഞാന്‍ കയറ്റാം'' എന്നായിരുന്നു. ഇതെന്നില്‍ കരച്ചിലിന് വഴിവെച്ചു. പിന്നീട് കാറില്‍ നിന്ന് തനിയെ ഇറങ്ങാന്‍ ശ്രമിച്ചപ്പോഴും "വേണ്ട ഞങ്ങള്‍ക്കു വേഗം പോകണം, സമയമില്ല ഞാന്‍ ഇറക്കാം'' എന്നതായിരുന്നു പ്രതികരണം, എനിക്ക് എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്ന് തോന്നി. 

 

പിന്നീട് ഞാന്‍ എന്റെ ബ്ലോക്കുകളുമായി കളിക്കാന്‍ ആഗ്രഹിച്ചു, ''അല്ല.. അതുപോലെയല്ല ഇങ്ങനെ..''ഞാന്‍ തീരുമാനിച്ചു, ഇനി ആ ബ്ലോക്കുകള്‍ കൊണ്ടുള്ള കളി വേണ്ട. പാവ കൊണ്ട്  കളിക്കണമെന്ന് എനിക്ക് തോന്നി, പക്ഷേ ഞാന്‍ ആഗ്രഹിച്ച പാവ അത് മറ്റൊരാളുടെ കൈവശമായിരുന്നു. ഞാന്‍ അത് എടുത്തു.''വേണ്ട അങ്ങനെ ചെയ്യരുത്. അത് പങ്കുവെക്കണം.'' എനിക്ക് അറിയില്ല ഞാന്‍ എന്താണ് തെറ്റായി ചെയ്തതെന്ന്..പക്ഷേ അതെന്നെ വിഷമിപ്പിച്ചു. ഞാന്‍ കരഞ്ഞു. സ്‌നേഹത്തോടെ ഒന്ന് ചേര്‍ത്തുപിടിക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. പക്ഷേ..''സാരമില്ല, പോയി കളിച്ചോ'' എന്നാണ് എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്.

 

ആദ്യ സമയങ്ങളില്‍, ചെറിയ കാര്യങ്ങളിലുണ്ടായ മുറിവുകള്‍ വളരെ എളുപ്പത്തില്‍ മറക്കാന്‍ കഴിയുമായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഒരു ഉറപ്പുമില്ല. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ആരെങ്കിലും കാണിച്ചു തരുന്നുണ്ടോ? എങ്ങനെയാണ് തുടങ്ങേണ്ടത്?എങ്ങനെയാണ് ഈ കാര്യങ്ങള്‍ നീങ്ങുന്നത്? ഞാന്‍ ഒരുപാടു വാക്കുകള്‍ കേള്‍ക്കുന്നുണ്ട്, പക്ഷേ എന്തായിരിക്കും എന്നോട് ചോദിക്കുന്നതെന്നു എനിക്ക് മനസിലാകുന്നില്ല. ഭയം എന്നെ മുന്നോട്ടു നീങ്ങാന്‍ അനുവദിക്കുന്നില്ല. ഞാന്‍ തറയിലിരുന്നു കരഞ്ഞു.

 

ഭക്ഷണത്തിന്റെ നേരം എല്ലാവര്‍ക്കും ഭീകരമാണ്. നമുക്കുള്ള ഭക്ഷണമായിരിക്കും, സ്വയം കഴിക്കണമെന്നു ആഗ്രഹവുമുണ്ട്.''നീ തീരെ ചെറുതാണ്..ഞാന്‍ ഭക്ഷണം നല്‍കാം''എന്നുള്ളതായിരിക്കും കേള്‍ക്കേണ്ടി വരുക. ഞാന്‍ അപ്പോള്‍ തീരെ ചെറുതായി പോകും. ഞാന്‍ എന്റെ മുമ്പിലിരിക്കുന്ന ഭക്ഷണം കഴിക്കാനായി ശ്രമിക്കും.''ഇങ്ങനെ ചെയ്യൂ..ഇങ്ങനെ കഴിക്കൂ''എന്നുള്ള നിര്‍ദ്ദേശങ്ങളുമായി മുഖത്ത് മുഴുവന്‍ ഭക്ഷണമാക്കും. എനിക്ക് കൂടുതല്‍ കഴിക്കാന്‍ താല്പര്യമുണ്ടാകില്ല. ഭക്ഷണ സാധനങ്ങള്‍ വലിച്ചെറിഞ്ഞു ഞാന്‍ കരയും.

 

എനിക്ക് ആ ഭക്ഷണ മേശയ്ക്ക് മുകളില്‍ നിന്ന് താഴേക്ക് ഇറങ്ങാന്‍ കഴിയില്ല. എന്തുകൊണ്ടെന്നാല്‍ അതിനാരും അനുവദിക്കാറില്ല. ഞാന്‍ തീരെ ചെറുതാണ്..എനിക്കതിനു സാധിക്കുകയില്ലെന്ന സ്ഥിരം പറച്ചിലുകള്‍ സഹിക്കാന്‍ കഴിയാതെ ഞാന്‍ കരയും. എനിക്കിപ്പോള്‍ നല്ലതുപോലെ വിശക്കുന്നുണ്ട്, സങ്കടവും നിരാശയുമുണ്ട്.തീര്‍ത്തും ക്ഷീണിതയാണ്. ആരെങ്കിലും എന്നെയൊന്നു ചേര്‍ത്ത് പിടിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സുരക്ഷിതയാണെന്ന ഒരു തോന്നല്‍ എനിക്കുണ്ടാകുന്നേയില്ല. ഇതെന്നെ ഭയപ്പെടുത്തുന്നു. ഞാന്‍ കൂടുതല്‍ കൂടുതല്‍ കരയുന്നു.

 

അവര്‍ അവര്‍ക്കു വേണ്ടി തന്നെയാണ് കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എനിക്ക് രണ്ടു വയസായി. സ്വന്തമായി വസ്ത്രം ധരിക്കാന്‍ എന്നെയാരും അനുവദിക്കാറില്ല. ഞാന്‍ ആഗ്രഹിക്കുന്നിടത്തേക്കു പോകാന്‍ എന്നെ അനുവദിക്കാറില്ല. എന്റെ ആവശ്യങ്ങള്‍ അറിഞ്ഞു എന്നെ പരിചരിക്കുന്നുമില്ല. എനിക്ക് അറിയാവുന്ന എന്റെ കഴിവുകളുണ്ട്. നടക്കുക, തള്ളുക, വലിക്കുക, ബട്ടണിടുക, ഓടുക, ചാടുക, മേല്‌പോട്ടു കയറുക, എറിയുക. ഇങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് അറിയാം. എനിക്ക് താല്പര്യമുള്ളതും കൗതുകം പകരുന്നതുമായ കാര്യങ്ങളാണിതൊക്കെ..ഈ കാര്യങ്ങള്‍ ചെയ്യുന്നതിനാണ് എന്നെ അനുവദിക്കാത്തതും.

 

ഞാന്‍ രണ്ടു വയസ്സുകാരിയാണ്. ഞാന്‍ ഭീതിജനിപ്പിക്കുന്ന ഒന്നല്ല. ഞാന്‍ നിരാശയിലാണ്. ഭീതിയിലാണ്, സങ്കടത്തിലാണ്, സംഭ്രമത്തിലാണ്, ആശയകുഴപ്പത്തിലുമാണ്. എന്നെയൊന്നു മുറുകെ പുണര്‍ന്നിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.''

 

ഡയറിയിലെ വരികളിങ്ങനെ അവസാനിക്കുമ്പോള്‍..ചെറുതായെങ്കിലും നെഞ്ചൊന്നു പിടയുന്നുണ്ട്. 'ടെറിബിള്‍ ടു' എന്ന് പറഞ്ഞു ചങ്ങലകളിടുമ്പോള്‍, ഒരു രണ്ടു വയസ്സിന്റെ ആത്മഗതം എവിടെയോ ഇരുന്നു കൊളുത്തി വലിക്കുന്നുണ്ട്. അമിതശ്രദ്ധക്കുപരിയായി സ്‌നേഹവും കരുതലും സ്വാതന്ത്ര്യവുമാണ് വേണ്ടതെന്നു പറയാതെ പറയുന്നുണ്ട് ഓരോ കുഞ്ഞുങ്ങളും. ഇതിലെ ഓരോ വരികളും ഓർമിപ്പിക്കുന്നതുപോലെ കുഞ്ഞുമനസുകള്‍ ഒരിക്കലും വേദനിക്കാതിരിക്കട്ടെ...വേദനിപ്പിക്കാതെയും....

 

English Summary : Why are two year olds called terrible twos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com