ബേബി ഡയപ്പറുകള്‍ കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കാം !

HIGHLIGHTS
  • ഡയപ്പര്‍ നല്ലൊരു കമ്പോസ്റ്റ് ആക്കി മാറ്റിയിട്ടുണ്ട് പാശ്ചാത്യ രാജ്യക്കാര്‍
recycle-diapers-in–to-compost
Representative image. Photo Credits; Rawpixel.com/ Shutterstock.com
SHARE

കുഞ്ഞുങ്ങളോടൊത്ത് ജീവിക്കേണ്ടി വരുമ്പോള്‍ നമ്മള്‍ മണ്ണിലേക്ക് വലിച്ചെറിയുന്നത് ആയിരക്കണക്കിന് സാനിട്ടറി ഡയപ്പറുകളാണ്. പണ്ടൊക്കെ യാത്രാവേളകളില്‍ മാത്രമായിരുന്നു അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് ഡയപ്പര്‍ ഇട്ടിരുന്നത്. പക്ഷെ, ഇന്ന് സൗകര്യപൂര്‍വ്വം മുഴുവന്‍ സമയം കുഞ്ഞുങ്ങളെ ഡയപ്പര്‍ ബേബികളാക്കി മാറ്റിയ അമ്മമാര്‍ നല്ലൊരു ശതമാനമുണ്ട്. ദിവസം കുറഞ്ഞത് 5 ഡയപ്പര്‍ മാറ്റുന്നുണ്ടെങ്കില്‍ ഒരു മാസം 150 ഉം വര്‍ഷത്തില്‍ 1800 ല്‍ അധികം ഡയപ്പറുകളാണ് ഓരോ അമ്മയും ഭൂമിയിലേക്ക് നിക്ഷേപിക്കുന്നത്. നഗരങ്ങളില്‍ ഡയപ്പറുകളുടെ നിര്‍മാര്‍ജനം മുനിസിപ്പാലിറ്റി ജീവനക്കാര്‍ നോക്കുമെന്ന് ആശ്വസിച്ചു കൊണ്ടാണ് ഫ്ലാറ്റുകളിലും വില്ലകളിലും ഉള്ള അമ്മമാര്‍ എളുപ്പത്തില്‍ ചവറ്റു കുട്ടയിലേക്ക് ഉപയോഗിച്ച ഡയപ്പറുകൾ തള്ളുന്നത്. എന്നാല്‍ ഗ്രാമവാസികള്‍ക്ക് ഇത് സ്വന്തം വീട്ടില്‍ തന്നെ നിര്‍മാര്‍ജനം ചെയ്യേണ്ടതായി വരുമ്പോള്‍ തീയിട്ടോ മണ്ണില്‍ കുഴിച്ചു മൂടിയോ കണ്‍വെട്ടത്തു നിന്നും തല്‍ക്കാലം നീക്കുകയേ രക്ഷയുള്ളൂ. എന്നാല്‍ ഡയപ്പര്‍ നല്ലൊരു കമ്പോസ്റ്റ് ആക്കി മാറ്റിയിട്ടുണ്ട് പാശ്ചാത്യ രാജ്യക്കാര്‍. ‍ഡയപ്പറുകളെ എങ്ങനെ നിര്‍മാര്‍ജനം ചെയ്യണം എന്നതിനെ കുറിച്ചു പറയാം.

റീ സൈക്കിള്‍ ബിന്നിലേക്ക് ഡയപ്പറുകള്‍ ഇടരുത്

വീടുകളിലെ ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വെവ്വേറെയായി തന്നെയാണ് നിര്‍മാര്‍ജനം ചെയ്യേണ്ടത്. നിങ്ങള്‍ ഡയപ്പറുകള്‍ കളയുന്നത് പൊതുവായ മാലിന്യ നിക്ഷേപ ഇടങ്ങളില്‍ ആണെങ്കിലും, പ്ലാസ്റ്റിക്‌ പേപ്പര്‍ തുടങ്ങിയവ ഇടുന്നതിന്റെ കൂട്ടത്തില്‍ ഡയപ്പറുകള്‍ ഇടാതിരിക്കുക. പുനരുപയോഗത്തിനായി എടുക്കുന്ന പ്ലാസ്റിക്, പേപ്പര്‍ മാലിന്യങ്ങളില്‍ നിന്നും മല മൂത്ര വിസര്‍ജ്ജങ്ങള്‍ നിറഞ്ഞ ഡയപ്പറുകളെ തരം തിരിച്ചു എടുക്കുക എന്നത് ശ്രമകരമായ പണിയാണ്. ഡയപ്പറുകളെ റീ സൈക്കിള്‍ ചെയ്തു ഉപയോഗിക്കാനും പറ്റില്ല. അഞ്ഞൂറ് വര്‍ഷത്തോളം നശിച്ചു പോകാതെ അവ മണ്ണില്‍ കിടക്കുകതന്നെ ചെയ്യും. അല്ലെങ്കില്‍ പിന്നെ പ്രകൃതിക്ക് ഇണങ്ങുന്നതോ ജീര്‍ണിക്കുന്നതോ ആയ ഡയപ്പറുകള്‍ ഉപയോഗിക്കേണ്ടതായി വരും. അതും വിപണിയില്‍ ലഭ്യത ഉണ്ടെങ്കില്‍ മാത്രം.

ഉപയോഗിച്ച ഡയപ്പറുകള്‍ നിക്ഷേപിക്കാന്‍ പ്രത്യേക ബക്കറ്റ്

ഡയപ്പറുകള്‍ സ്ഥിരമായി ഉപയോഗിക്കേണ്ടി വരുന്നവര്‍ അത് ഇടാനായി മാത്രം മൂടിയുള്ള ഒരു ബക്കറ്റ് ഉപയോഗിക്കുക. ബാത്റൂമിന്‍റെ മൂലയിലോ കുട്ടികളുടെ കൈ എത്താത്ത മറ്റു സ്ഥലങ്ങളിലോ ആയി ബക്കറ്റ് സ്ഥിരമായി വക്കുക. വിസര്‍ജ്ജങ്ങളെ ക്ലോസറ്റിലെക്കിട്ടതിനു ശേഷം ഡയപ്പറുകള്‍ ബക്കറ്റില്‍ ഇട്ടു വച്ചാല്‍ ദുര്‍ഗന്ധം ഒഴിവാക്കാം. മനുഷ്യ വിസര്‍ജ്ജങ്ങളില്‍ നിന്നാണ് ബാക്ടീരിയ എളുപ്പത്തില്‍ വളരുന്നത്, ഇത് ഡയപ്പറുകളില്‍ നിന്നും വീട്ടിലെ മറ്റു വസ്തുക്കളിലേക്ക് വ്യാപിക്കാതിരിക്കാനും സഹായിക്കും. ഉപയോഗിച്ച ഡയപ്പറുകൾ കടലാസില്‍ പൊതിഞ്ഞോ കവറില്‍ ഇട്ടോ ബക്കറ്റില്‍ നിക്ഷേപിക്കുന്നതാണ് നല്ലത്. ഫൂട്ട് പെഡല്‍ ഉള്ള വേസ്റ്റ് ബിന്‍ ഇതിനായി ഉപയോഗിക്കാം. ദിവസവും ഇത് നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ചിലപ്പോള്‍ കഴിഞ്ഞെന്നു വരില്ലല്ലോ. മാലിന്യ സംസ്കരണത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്നവര്‍ക്ക് ഈ രീതിയാണ്‌ നല്ലത്. അല്ലാത്തവര്‍ വേസ്റ്റ് ബിന്നില്‍ ഡയപ്പര്‍ കുമിഞ്ഞു കൂടും മുന്‍പ് മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് തുറസ്സായ സ്ഥലത്തിട്ട് ഇവ കത്തിച്ചു കളയുക. ഒഴിവായ ബിന്‍ നന്നായി സോപ്പും സുഗന്ധം പരത്തുന്ന ലോഷനുകളും ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രം തുടര്‍ന്നുള്ള ‍‍ഡയപ്പറുകള്‍ ഇടാനായി വീടിനകത്ത് വയ്ക്കുക.

യാത്രാവേളകളില്‍ ഡയപ്പര്‍ ഒഴിവാക്കാന്‍

കുഞ്ഞുങ്ങളുടെ സാധനങ്ങള്‍ വയ്ക്കാനായി അമ്മമാര്‍ കരുതുന്ന ബാഗില്‍ കുറച്ചു പ്ലാസ്റ്റിക്‌ കവറുകള്‍ കൂടി കരുതുക. കാറിലിരുന്നു കൊണ്ട് ഡയപ്പറുകള്‍ പുറത്തേക്ക് വലിച്ചെറിയാതെ അത് ചുരുട്ടി പ്ലാസ്റിക് കവറില്‍ ആക്കി വയ്ക്കുക. മാലിന്യം നിക്ഷേപിക്കാനുള്ള നിര്‍ദ്ധിഷ്ട സ്ഥലങ്ങളിലോ ഹോട്ടലുകളിലെയോ പബ്ലിക് ടോയ്‌ലറ്റുകളിലെയോ വെയ്സ്റ്റ്‌ ബക്കറ്റുകളില്‍ മാത്രം അവ കളയുക. ട്രെയിനില്‍ ആയാലും ക്ലോസറ്റിലൂടെ റെയില്‍വേ ട്രാക്കിലേക്ക് എറിയാതിരിക്കാന്‍ ശ്രദ്ധിക്കുക. വളരെയധികം ഉപയോഗപ്രദമായ ഡയപ്പറുകളെ മറ്റുള്ളവര്‍ക്ക് ഉപദ്രവമാകാതെ സംസ്ക്കരിക്കാന്‍ കൂടി അമ്മമാര്‍ ശ്രദ്ധിക്കണം.

ഡയപ്പര്‍ കമ്പോസ്റ്റ് ഉണ്ടാക്കാം

ഡയപ്പറുകളുടെ ഉള്ളില്‍ ഈര്‍പ്പം തങ്ങി നില്ക്കാന്‍ സഹായിക്കുന്ന പോളിക്രിലെറ്റ് ക്രിസ്റ്റലുകളെയാണ് പാശ്ചാത്യര്‍ കമ്പോസ്റ്റ് നിര്‍മ്മിക്കാനായി ഉപയോഗിക്കുന്നത്. ഈ മാര്‍ഗം നമുക്കും പരീക്ഷിക്കാവുന്നതാണ്. ഭക്ഷണം ഉത്പാദിപ്പിക്കുന്ന വിളകൾക്കോ ഫല വര്‍ഗ്ഗങ്ങള്‍ ഉണ്ടാകുന്ന ചെടികള്‍ക്കോ ഈ കമ്പോസ്റ്റ് ഉപയോഗിക്കരുത്. പൂച്ചെടികള്‍, മരങ്ങള്‍, പുല്‍ത്തകിടികള്‍ എന്നിവക്കുള്ള കമ്പോസ്റ്റ് ആയി മാജിക്ക് വാട്ടര്‍ ഉള്ള പോളിക്രിലെറ്റ് ക്രിസ്റ്റലുകളെ ഉപയോഗപ്പെടുത്താം. ഇത് മണ്ണുമായി ചേരുമ്പോള്‍ നൈട്രജന്‍ ഉത്പാദിപ്പിക്കപ്പെടുന്നു. 

കമ്പോസ്റ്റ് ഉണ്ടാക്കാനായി ഡയപ്പര്‍ മുഴുവനും ആവശ്യമില്ല. ഇലാസ്റ്റിക് വരുന്ന ഭാഗങ്ങളെ കൈ കൊണ്ട് ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ വലിച്ചു കീറിയെടുക്കുക. അതിനുള്ളിലുള്ള ജെല്ലുകളെ മാത്രം പുറത്തെടുക്കുക. മലം അടങ്ങിയ ഡയപ്പറുകള്‍ ഇതിനായി ഉപയോഗിക്കരുത്. ഒരു പഴയ ബക്കറ്റില്‍ അര ഇഞ്ച്‌ പൊക്കത്തില്‍ മണ്ണും കരിയിലകളും ഇട്ടതിനു ശേഷം ഡയപ്പറില്‍ നിന്നെടുത്ത ജെല്ലുകളെ മീതെയിടുക. രണ്ടോ മൂന്നോ ദിവസത്തെ ഡയപ്പറുകൾ ഒരുമിച്ചു ഇതിനായി ഉപയോഗിക്കാം. ഇതിനു മീതെ വീണ്ടും അര ഇഞ്ച്‌ പൊക്കത്തില്‍ മണ്ണിടാം. ഒരു മാസം ഇങ്ങനെ വച്ചതിനു ശേഷം നന്നായി ഇളക്കിയെടുത്ത് ചെടികള്‍ക്കും മരങ്ങള്‍ക്കും കമ്പോസ്റ്റ് ആയി ഉപയോഗിക്കാം. ഇതില്‍ നിന്നും ദുര്‍ഗന്ധം വമിക്കുകയോ ഈച്ചകള്‍ പൊതിയുകയോ ചെയ്യില്ല. ചെടികള്‍ക്ക് ഒഴിക്കുന്ന വെള്ളത്തെ തങ്ങി നിര്‍ത്താന്‍ പോളിക്രിലെറ്റ് ക്രിസ്റ്റലുകള്‍ക്ക് കഴിവില്ലാതുകൊണ്ടാണ് ഇതിനെ കമ്പോസ്റ്റ് ആയി ഉപയോഗപ്പെടുത്തുന്നത്. ഡയപ്പറിന്റെ മറ്റു ഭാഗങ്ങള്‍ മണ്ണില്‍ ദ്രവിച്ചു പോകാത്തതിനാല്‍ അവയെ കത്തിച്ചു കളയുക തന്നെ വേണം. ജെല്‍ ഭാഗങ്ങള്‍ ഒഴിവായതിനാല്‍ ഡയപ്പര്‍ വേഗം കത്തി നശിച്ചോളും. ജെല്‍ കത്തിക്കാന്‍ ശ്രമിക്കുമ്പോഴുള്ള പുക മലിനീകരണവും ഇതിലൂടെ ഒഴിവാക്കാം. സദാസമയം ഈർപ്പവും നൈട്രജനും ലഭിക്കുന്നതിനാല്‍ ചെടികള്‍ നിങ്ങളുടെ കുഞ്ഞുങ്ങളോട് കടപ്പെട്ടവരായിരിക്കും.

English Summay: Recycle diapers in to compost 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA