നാലു വയസ്സുകാരിയുടെ സംസാരം ഡോറയെപ്പോലെ, മണിക്കൂറുകളോളം ടിവിക്ക് മുന്നിൽ; മാതാപിതാക്കൾ അറിയേണ്ടത്

HIGHLIGHTS
  • കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കാൻ നേരത്തേ തന്നെ ശ്രമം തുടങ്ങണം
cartoon-addiction-social-media-post-by-dr-sunil-pk
Representative image. Photo Credits; Amam ka/ Shutterstock.com
SHARE

മാതാപിതാക്കളുടെ ജോലിത്തിരക്കുകൾക്കിടയിൽ കുഞ്ഞിനെ അടക്കിയിരുത്താനുള്ള ഒരുപായമായി ടെലിവിഷനുകളും വിഡിയോ ഗെയിമികളും മാറുമ്പോൾ മണിക്കൂറുകളോളമാണ്  ടിവിയ്ക്ക് മുമ്പിൽ ഇവർ ചടഞ്ഞിരിയ്ക്കുന്നത്. കുട്ടികളെ കാർട്ടൂണുകള്‍ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന് തെളിവാണ്  ഇൻഫോ ക്ലിനിക് എന്ന സമൂഹമാധ്യമ പേജിൽ ഡോ.സുനിൽ.പി.കെ എഴുതിയിരിക്കുന്ന കുറിപ്പ്.  വിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനും പോഷണം നൽകുന്ന നിരവധി ടി വി ചാനലുകളും പ്രോഗ്രാമുകളുണ്ടെങ്കിലും കുട്ടികൾ എന്തെല്ലാമാണ് ടിവിയിൽ കാണുന്നത് എന്ന് പലപ്പോഴും മാതാപിതാക്കൾ അറിയാതെ പോകുന്നുവെന്ന് അദ്ദേഹം കുറിക്കുന്നു.

ഡോ.സുനിൽ.പി.കെ എഴുതിയ കുറിപ്പ്

കൊച്ചും ടീവീം

കഴിഞ്ഞ ദിവസം കുഞ്ഞുങ്ങളെ പരിശോധിക്കുന്നതിനിടയിൽ അടുത്തയാൾ കൺസൾട്ടേഷൻ റൂമിലേക്ക് കയറി വരാൻ പതിവിൽക്കവിഞ്ഞ ഒരു ഇടവേള!.

ആരും കയറിവരാത്തതെന്തെന്ന് ഓർത്തിരിക്കുമ്പോൾ കതകിൽ താളത്തിൽ മൂന്ന് മുട്ട് കേട്ടു ..അതിനു പിന്നാലെ കാതരമായ ഒരു കുഞ്ഞാവ ശബ്ദവും ..‘ഓപ്പൺ ...ഓപ്പൺ ..ഓപ്പൺ’

വാതിൽ തുറന്ന് അമ്മയോടൊപ്പം ആ നാലു വയസ്സുകാരി സുന്ദരിക്കുട്ടി കടന്നു വന്നു.ഡോറയെപ്പോലെ മാമാട്ടിക്കുട്ടി സ്റ്റൈലിൽ മുടിയൊക്കെയിട്ടാണ് വരവ്.സംസാരവും ഡോറയെപ്പോലെത്തന്നെ ...."പനി .. പനി ... പനി" എന്ന് മൂന്ന് വട്ടം അസുഖം പറഞ്ഞു.സംസാരം കൊഞ്ചലും  അംഗവിക്ഷേപങ്ങളുമൊക്കെയായി ഏറെ ഹൃദ്യമെങ്കിലും ,പലപ്പോഴും അവ്യക്തമായിത്തീരുന്നുണ്ട്.ശരിയ്ക്ക് സംസാരിച്ചേ വാവേ എന്നാവശ്യപ്പെട്ടപ്പോൾ നേരാം വണ്ണം സംസാരിക്കുന്നുണ്ട് കൊച്ച് ! "അവൾ പറയുന്നതെല്ലാം എനിക്ക് മനസ്സിലാവും" എന്ന് അഭിമാനത്തോടെ പറയുന്ന ആയമ്മയ്ക്ക് മകൾ ഒരു കാർട്ടൂൺ കഥാപാത്രമായി രൂപാന്തരം പ്രാപിക്കുന്നതിൽ ആധിയൊന്നുമുള്ളതായി തോന്നിയില്ല.

കൂടുതൽ വിവരങ്ങൾ അറിഞ്ഞപ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം വ്യക്തമായത്.ഈ കുഞ്ഞിന് ഉറക്കം കുറവാണ്.രാത്രി രണ്ടു മണി വരെയൊക്കെ ടി .വിയിൽ കാർട്ടൂൺ പരിപാടികൾ കണ്ടിരിക്കും. ഡോറയാണ് ഫേവറിറ്റ്! ഞങ്ങൾ സംസാരിക്കുന്നതിനിടെത്തന്നെ അമ്മയുടെ മൊബൈലിൽ ഡോറയുടെ വീഡിയോ കാണാൻ വാശി പിടിച്ചു തുടങ്ങി കൊച്ച്.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. അണുകുടുംബങ്ങൾ വ്യാപകമാവുകയും മുത്തശ്ശിക്കഥകളും ,പറമ്പിലും പാടത്തുമുള്ള കളികളും ,പൂക്കളോടും പൂമ്പാറ്റകളോടുള്ള കിന്നാരങ്ങളുമൊക്കെ അന്യമാകുമ്പോൾ നമ്മുടെ കുഞ്ഞുങ്ങൾ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെടുന്നു. ഒരു വിനോദോപാധി എന്നതിനേക്കാളുപരിയായി തന്റെ ജോലിത്തിരക്കുകൾക്കിടയിൽ കുഞ്ഞിനെ അടക്കിയിരുത്താനുള്ള ഒരുപായമായി മാതാപിതാക്കൾക്ക് ടെലിവിഷൻ മാറുന്നു. മണിക്കൂറുകളോളം ടിവിയ്ക്ക് മുമ്പിൽ കുഞ്ഞുങ്ങൾ ചടഞ്ഞിരിയ്ക്കുന്നു.

▪ വിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനും പോഷണം നൽകുന്ന നിരവധി ടി വി ചാനലുകളും പ്രോഗ്രാമുകളുണ്ടെങ്കിലും കുട്ടികൾ എന്തെല്ലാമാണ് ടിവിയിൽ കാണുന്നത് എന്ന് പലപ്പോഴും മാതാപിതാക്കൾ അറിയാതെ പോകുന്നു. വൈകാരികമായ പക്വതയെത്താത്ത പ്രായത്തിൽ അക്രമവാസനകളും ലൈംഗികതയും നിറഞ്ഞ പരിപാടികൾ കുട്ടികളിൽ തെറ്റായ ധാരണകൾ സൃഷ്ടിക്കപ്പെടാൻ ഇടയാക്കുന്നു.നമ്മുടെ ടിവി സീരിയലുകൾ കുട്ടികൾക്ക് പകർന്ന് നൽകുന്നതാവട്ടെ കുടുംബ ബന്ധങ്ങളെക്കുറിച്ചുള്ള വികലമായ ധാരണകളാണ്.യഥാർത്ഥ ജീവിതവും അഭ്രപാളിയിലെ ജീവിതവും നമ്മിലുള്ള വ്യത്യാസം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാനും നമുക്ക് സാധിക്കാതെ പോകുന്നു. മാനവികതയെക്കുറിച്ചും മാനുഷിക മൂല്യങ്ങളെക്കുറിച്ചും അറിവു പകർന്നു കിട്ടേണ്ട പ്രായത്തിൽ അവരിലേക്കെത്തിപ്പെടുന്ന വികല ധാരണകൾ തിരുത്തുക എന്നതും ക്ലേശകരമായിത്തീരുന്നു.

▪ ടിവിയിലെ അക്രമവാസനകൾ കുട്ടികൾ അനുകരിക്കാൻ ശ്രമിക്കുന്നത് സാധാരണമാണ്. മഹാഭാരതം സീരിയൽ കണ്ട് അമ്പെയ്ത് പരിക്ക് പറ്റുന്ന തരത്തിലുള്ള ലളിതമായ കാര്യങ്ങളിൽ നിന്നും ഒരു ശത്രു എന്ന ബിംബ സൃഷ്ടിയോടുള്ള മത്സര വിജയമാണ് ജീവിതം എന്ന തരത്തിലേക്ക് ഇത്തരം പരിപാടികളുടെ സ്വാധീനം വളരുന്നു. അകാരണമായ ഭയം കുട്ടികളിൽ ഉടലെടുക്കുന്നതിനും ഇത്തരം അമിതമായ ടി വി കാഴ്‌ചകൾ ഇടയാക്കുന്നു.

▪ ആഹാര രീതികളിലുള്ള മാറ്റമാണ് ടി വി പരിപാടികളോടുള്ള വിധേയത്വം സൃഷ്ടിക്കുന്ന മറ്റൊരപകടം.ടി വി കണ്ടു കൊണ്ടിരിക്കേ അമിതമായി അകത്താക്കുന്ന വിവിധ സ്നാക്സും ,ടിവിയിൽ സദാ പ്രക്ഷേപണം ചെയ്യുന്ന പോഷകമൂല്യമില്ലാത്ത ആഹാരപദാർത്ഥങ്ങളുടെ പരസ്യങ്ങളോട് കുട്ടികൾക്കുണ്ടാവുന്ന അഭിനിവേശവും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലേക്ക് വഴിതെളിക്കുന്നു.

▪ടിവിയ്ക്ക് മുമ്പിൽ ചെലവഴിക്കുന്ന സമയം അപഹരിക്കുന്നത് വായനയ്ക്കും, പഠനത്തിനും ,കളികൾക്കും ,വ്യായാമത്തിനുമൊക്കെയുള്ള വിലപ്പെട്ട നിമിഷങ്ങളാണ്.

▪ മദ്യപാനം ,പുകവലി ,മറ്റ് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം എന്നിവയോട് പ്രതിപത്തി തോന്നാനും ശരിയായ രീതിയിലല്ലാത്ത ടി വി കാണൽ വഴിയൊരുക്കാം.

▪ ടി വി സ്ക്രീനിൽ നിന്നും കൃത്യമായ അകലം പാലിക്കാതെയും ,ശരിയായ വെളിച്ചത്തിന്റെ അഭാവത്തിലും ഒക്കെയാണ് ടി വി കാണുന്നത് എങ്കിൽ അത് കുട്ടികളിൽ നേത്ര സംബന്ധിയായ തകരാറുണ്ടാക്കും.കാർട്ടൂൺ പരിപാടികൾ തുടർച്ചയായി കാണുന്നതും കാഴ്ചയെ പ്രതികൂലമായി ബാധിക്കും.

▪ അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നിർദ്ദേശിക്കുന്നത് രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾ ടി വി കാണേണ്ടതില്ല എന്നാണ്.രണ്ട് വയസ്സിന് മേലെയുള്ള കുട്ടികളിൽ ടി വി കാണുന്ന സമയം പ്രതിദിനം 1 - 2 മണിക്കൂർ ആയി നിജപ്പെടുത്തണം.

▪ കുട്ടികൾ ടിവിയിൽ എന്ത് പ്രോഗ്രാം ആണ് കാണേണ്ടത് എന്ന് മാതാപിതാക്കൾ നിശ്ചയിക്കണം. വിജ്ഞാനം പകർന്നു നൽകുന്ന ഡിസ്കവറി ,ഹിസ്റ്ററി തുടങ്ങിയ ചാനലുകൾ കുട്ടികൾക്ക് പരിചയപ്പെടുത്താം.

▪ ‘കാർട്ടൂൺ അല്ലേ... കുട്ടികൾ കണ്ടോട്ടെ’ എന്ന് കരുതുന്നത് എപ്പോഴും ശരിയാവണമെന്നില്ല. ടോമും ജെറിയും ഡോറയും മാത്രമല്ല കാർട്ടൂൺ കഥാപാത്രങ്ങൾ എന്നോർക്കുക.വളരെ അക്രമവാസന കലർന്ന കാർട്ടൂൺ പരിപാടികളും നിലവിലുണ്ടെന്ന കരുതൽ വേണം മനസ്സിൽ.

▪ ചുമ്മാ രസത്തിന് ടിവി വയ്ക്കുന്ന ശീലം ഒഴിവാക്കണം.എന്തുണ്ട് ടിവിയിൽ എന്നറിയാനായുള്ള ടിവി വെക്കൽ കുട്ടികളുള്ളപ്പോൾ ഒഴിവാക്കാം.നിശ്ചയിക്കപ്പെട്ട പ്രോഗ്രാമുകൾ കാണാൻ തീരുമാനിക്കുക.

▪ കഴിയുമെങ്കിൽ കുട്ടികളോടൊത്ത് ടി വി കാണുക.കണ്ടതിലെ ശരിതെറ്റുകൾ പറഞ്ഞു കൊടുക്കുക. യഥാർത്ഥ ജീവിതവും ഇത്തരം പരിപാടികളിലെ ചിത്രീകരണവും തമ്മിലുള്ള വ്യത്യാസങ്ങൾ കുട്ടികളുമായി ചർച്ച ചെയ്യാം.

▪ കുട്ടികൾക്ക് കാണാൻ കൊള്ളാത്ത പ്രോഗ്രാം എന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ ഉടൻ ടി.വി ഓഫ് ചെയ്യുക.(ചാനൽ മാറ്റിയാലും മതി 

▪ അമിതമായി ടി.വി കാണാതെ കുട്ടികൾക്ക് മാതൃകയാവുക. സീരിയലുകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.ഇന്നത്തെക്കാലത്ത് അന്തിച്ചർച്ചകളുടെ കാര്യത്തിലും ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു

▪ ഭക്ഷണ സമയത്ത് ടി.വി കാണുന്ന ശീലം ഒഴിവാക്കുക.എല്ലാവരും ഒത്തൊരുമിച്ച് ഭക്ഷണം കഴിക്കുന്നത് കുടുംബത്തിലെ സന്തോഷദായകമായ അനുഭവമാകട്ടെ ..

▪ കുട്ടികളുടെ അഭിരുചികൾക്കനുസൃതമായി അവരുടെ കലാ കായിക വാസനകൾ പരിപോഷിപ്പിക്കുക.ഒരു ചിത്രം വരയ്ക്കാനും നിറം കൊടുക്കാനുമെല്ലാം കുട്ടികളോട് കൂട്ടുചേരുന്നത് എത്ര രസകരമായിരിക്കും!

▪ കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കാൻ നേരത്തേ തന്നെ ശ്രമം തുടങ്ങണം.സചിത്ര കഥാ പുസ്തകങ്ങളും, ഈസോപ്പ് കഥകളും ,ഐതിഹ്യമാലയും ,മാലിക്കഥകളും ,വിവിധ ദേശങ്ങളിലെ നാടോടിക്കഥകളും കുട്ടികളുടെ മനസ്സുകളിൽ സ്വപ്നങ്ങളും ഭാവനകളും നിറയ്ക്കട്ടെ !

▪ ഏതൊക്കെ നവമാധ്യമങ്ങൾ വന്നാലും കഥകൾ ഇഷ്ടപ്പെടാത്ത കുഞ്ഞുങ്ങൾ ഉണ്ടാവുമോ? കഥ പറയാൻ നമ്മൾ സമയം കണ്ടെത്തണം.ടി.വിയുടെ മുമ്പിൽ നിന്നും, നാം പറഞ്ഞു കേട്ട കഥകളുടെ പാതയിലൂടെ അവർ വായനയിലേക്കെത്തട്ടെ. വായിച്ചു വളർന്ന് നൂറുമേനി വിളയട്ടെ നമ്മുടെ കുഞ്ഞുമക്കൾ ...

എഴുതിയത് : ഡോ.സുനിൽ.പി.കെ ഇൻഫോ ക്ലിനിക്

English Summary: Cartoon addiction social media post by Dr Sunil PK

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA