ADVERTISEMENT

‘‘വീട്ടിലെ ഒരു ബുദ്ധിമുട്ടും അറിയിക്കാതെയാണ് മോളെ വളർത്തിയത്. ചോദിക്കുന്നതെല്ലാം നൽകി വായ്പ എടുത്താണ് എൻജിനീയറാക്കിയത് എന്നിട്ടും അവളുടെ കല്യാണത്തിനായി കരുതിവച്ചിരുന്ന 25 പവനും കൊണ്ട് അവൾ പോയി..’’

 

കല്യാണം നിശ്ചയിച്ച മകൾ ഒളിച്ചോടിപ്പോയതിൽ നൊന്തു നീറിയ ഒരു അച്ഛന്റെ വാക്കുകളാണിത്. ഇത്തരം സാഹചര്യങ്ങൾ ഇപ്പോൾ മിക്ക രക്ഷിതാക്കളും നേരിടുന്നുണ്ട്. ‘ഒരു ബുദ്ധിമുട്ടും അറിയിക്കാതെ കുട്ടികളെ വളർത്തുക’ എന്നതാണ് മികച്ച പേരന്റിങ് എന്ന ധാരണ ഭൂരിപക്ഷത്തിനുമുണ്ട്. 

 

ബ്രേക്ക് ദ് ചെയിൻ

 

വീടുകളിൽ പണത്തെക്കുറിച്ചു സംസാരിക്കുന്നത് മോശമാണെന്നു കരുതി 80% പേരും മക്കളോട് പണത്തെക്കുറിച്ചു സംസാരിക്കില്ല. പണവും സമ്പത്തും അമിതമായാൽ സ്വഭാവം മോശമാകും എന്ന തെറ്റിദ്ധാരണ അബോധമായി കൈമാറ്റപ്പെടുന്നുണ്ട്. കുട്ടിക്കാലം മുതലേ കേൾക്കുന്നത് പണക്കാരനാവാൻ പ്രയാസമാണ് കഠിനാധ്വാനം ചെയ്താലേ അതിനു കഴിയൂ എന്നുമൊക്കെയാണ്. അയൽപക്കക്കാരോ ബന്ധുക്കളോ വലിയ വീടു വച്ചാൽ, വിലയേറിയ കാർ വാങ്ങിയാൽ, പെട്ടെന്നു സമ്പന്നരായാൽ മനസ്സിനകത്ത്, അത് ഉൾക്കൊള്ളാൻ ഒരു പ്രയാസം നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടോ? എങ്കിൽ തലമുറകളായി പകർന്നു കിട്ടിയ പണത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ നിങ്ങളിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. ഇതനുസരിച്ചാകും നിങ്ങളുടെ സാമ്പത്തിക പെരുമാറ്റം അഥവാ ഫിനാൻഷ്യൽ ബിഹേവിയർ. ഇതില്‍ അമതിമായ ചെലവാക്കൽ മുതൽ ഏറെ പണമുണ്ടെങ്കിലും അത്യാവശ്യങ്ങൾക്കു പോലും ചെലവഴിക്കാനുള്ള മടിവരെ ഉണ്ട്. 

 

പഴഞ്ചൻ ചിന്തകൾ കളയാം

 

രക്ഷകർത്താക്കളുടെ സാമ്പത്തിക പെരുമാറ്റം എങ്ങനെയാണോ അങ്ങനെയായിരിക്കും കുട്ടിയുടെ സാമ്പത്തിക ശീലങ്ങളും രൂപപ്പെടുക. അതിനാൽ, മുൻതലമുറകളിലൂടെ, സമൂഹത്തിലൂടെ പകർന്നു കിട്ടിയ സാമ്പത്തിക ചിന്തകളുടെ പഴഞ്ചൻ കണ്ണികളെ മുറിച്ചു കളയാം. 

 

ബ്രേക്ക് ദ് ചെയിൻ നമ്മുടെ കുട്ടികളെ ബോധപൂർവം സാമ്പത്തിക സാക്ഷരരാക്കാനായി ഫിനാൻഷ്യൽ പേരന്റിങ്ങിനു തയാറാവാം. 3–4 വയസ്സു മുതൽ പണത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങാം. അതുവഴി അവരുടെ പണത്തോടുള്ള സമീപനത്തിൽ പോസിറ്റീവായ മാറ്റം ഉണ്ടാക്കാനാകും. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള കുടുംബങ്ങൾക്ക് ഇത് പ്രയാസമായി തോന്നാം. ഒരു കാര്യം ഓര്‍ക്കുക. നിങ്ങൾക്കുണ്ടായ സാമ്പത്തിക വീഴ്ചകളും അബദ്ധങ്ങളും കുട്ടികളോടും പങ്കുവയ്ക്കാം. അതിലൂടെ അത്തരം വീഴ്ചകൾ അവർ ആവർത്തിക്കാതിരിക്കും. 

 

എന്തു കൊണ്ടാണ് ഇപ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്? ഇപ്പോൾ നാം ചെലവു ചുരുക്കേണ്ടത് എന്തുകൊണ്ടാണ്? എങ്ങനെയാണ് കൂടുതൽ സമ്പാദിക്കാനാകുക തുടങ്ങിയവ കുട്ടികളുമായി പങ്കുവയ്ക്കാം. 

 

വീട്ടിലെ അവസ്ഥ പരിമിതമാണെന്നു മനസ്സിലാക്കിയാൽ കുട്ടികൾ അവരുടെ അനാവശ്യ ആവശ്യങ്ങൾ സ്വാഭാവികമായും കുറയ്ക്കും. 

 

ഓരോ വർഷവും കുടുംബബജറ്റ് തയാറാക്കണം. ആ സമയത്ത് രക്ഷാകർ‌ത്താക്കൾ ഉറപ്പായും കുട്ടികളോട് സംസാരിക്കണം. വീട്ടിലെ വരുമാനവും ചെലവും മിച്ചം പിടിക്കലുമൊക്കെ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിൽ കുട്ടികളെ പങ്കാളികളാക്കുക. അവരുടെ അഭിപ്രായങ്ങൾ അറിയുകയും ഉചിതമായവ സ്വീകരിക്കുകയും വേണം. അതിന്റെ ഫലം നിങ്ങൾക്ക് കാണാനാകുക തന്നെ ചെയ്യും. കുട്ടിക്കു നൽകുന്ന പോക്കറ്റ് മണി ശരിയായി വിനിയോഗിക്കാനും കുറച്ചു മിച്ചം പിടിക്കാനും കുട്ടി ശ്രമിക്കുന്നത് നിങ്ങളെ അദ്ഭുതപ്പെടുത്തും. അത്തരം സന്ദർഭങ്ങളിൽ കുട്ടികളെ അഭിനന്ദിക്കാൻ മറക്കരുത്. അഭിനന്ദനം ആ ശീലം തുടരാൻ അവരെ പ്രേരിപ്പിക്കും. 

 

റെസ്പോൺസിബിൾ ഗിവിങ്

 

സാമ്പത്തിക സാക്ഷരത നൽകി കുട്ടികളെ കൂടുതൽ പിശുക്കരാക്കാനാണോ ശ്രമിക്കേണ്ടത്?

ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. അങ്ങനെയല്ല, സമ്പാദ്യശീലമെന്നത് പണം പിശുക്കി വിനിയോഗിക്കലല്ല. മറിച്ച് അനാവശ്യ ചെലവുകളെ പരമാവധി കുറയ്ക്കലാണ്. സാമ്പത്തിക സാക്ഷരതയിലെ മുഖ്യ ഇനമാണ് ഉത്തരവാദിത്തത്തോടെയുള്ള സാമ്പത്തിക സഹായം (റെസ്പോൺസിബിൾ ഗിവിങ്). അത്യാവശ്യഘട്ടങ്ങളിൽ മറ്റുള്ളവരെ സഹായിക്കുക. ജീവകാരുണ്യത്തിനു പണം നൽകുക എന്നിവ പ്രധാനമാണ്. സമ്പാദ്യത്തിലൊരു ഭാഗം അങ്ങനെ നൽകാൻ കുട്ടികളെ ശീലിപ്പിക്കണം. 

 

പണം കൂനകൂട്ടി വയ്ക്കുന്നവരെക്കാൾ, സന്തോഷിക്കുന്നത് ആവശ്യം കഴിഞ്ഞുള്ള പണം മറ്റുള്ളവരുടെ അത്യാവശ്യങ്ങൾക്ക് നൽകുന്നവരാണ്. എന്നു മനഃശാസ്ത്ര ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. പണത്തെക്കുറിച്ചു കുട്ടിക്കു നൽകാവുന്ന ഏറ്റവും മികച്ച പാഠമാണ് ഇത്. ഇങ്ങനെയുള്ളവരുടെ കയ്യിൽ എത്ര പണം വന്നു ചേർന്നാലും അതു സമൂഹത്തിനു കൂടി ഉപകരിക്കും. അപ്പോൾ പണം ധാരാളമായി ഉണ്ടാകുന്നത് സ്വാർഥതയല്ലെന്നും നല്ല കാര്യം ആണെന്നുമുള്ള ബോധവും കുട്ടികൾക്കുണ്ടാവും. 

 

വർഷാവർഷം ഒരു ഗോൾ

 

ഓരോ വര്‍ഷവും കുട്ടിക്ക് ഒരു സാമ്പത്തിക ലക്ഷ്യം (ഗോൾ) നിശ്ചയിക്കുക. അതൊരു തുകയാവാം. സൈക്കിൾ വാങ്ങൽ പോലെ അവരുടെ പണമുപയോഗിച്ച് ചെയ്യാവുന്ന കാര്യമാകാം. അത് ആസൂത്രണം ചെയ്തു നേടാൻ അവരെ പ്രേരിപ്പിക്കുക. അതും സാമ്പത്തിക അച്ചടക്കം പഠിപ്പിക്കാൻ ഉപകരിക്കും. പണം നന്നായി കൈകാര്യം ചെയ്യാൻ പഠിച്ചാൽ പലവിധ പെരുമാറ്റപ്രശ്നങ്ങളും പരിഹരിക്കാം. 

 

വളര്‍ച്ചയെ തടയല്ലേ....

 

നല്ല ശമ്പളമുള്ള ഒരു ജോലി, അതാണ് ജീവിതലക്ഷ്യമെന്നു നാം പഠിച്ച പാഠം കുട്ടികൾക്കു പകരാതിരിക്കുക. ഒരു ജോലി കിട്ടാനാണ് പഠിക്കുന്നതെന്ന ധാരണപോലും അബദ്ധമാണ്. മറിച്ച്, കുറെ പേർക്ക് ജോലി നൽകാവുന്ന ഒരു സ്ഥാപനം. ഒരു ബിസിനസ്, ആശയസമ്പുഷ്ടമായ പുതിയ സംരംഭം എന്നിവയെക്കുറിച്ചു സ്വപ്നം കാണാൻ കുട്ടികൾക്കു കഴിയട്ടെ. അവരുടെ നൈപുണ്യവും കഴിവുമനുസരിച്ച് ഉയരങ്ങളിലേക്കു വളരട്ടെ. തീർച്ചയായും അതിനുപകരിക്കണം നിങ്ങൾ പകരുന്ന ഫിനാൻഷ്യൽ പേരന്റിങ്.

 

സാമ്പത്തിക അച്ചടക്കം പഠിപ്പിക്കാം. 

 

എത്ര സമ്പാദിച്ചാലും സാമ്പത്തിക അച്ചടക്കം ഇല്ലെങ്കിൽ പണം വന്നപോലെ പോവും. അതിനാൽ, ഫിനാൻഷ്യൽ പേരന്റിങ്ങിൽ അമിതവ്യയവും അനാവശ്യ വ്യയവും കുറയ്ക്കുന്നത്, ധനസമ്പാദനത്തിനു തുല്യമാണെന്നും പഠിപ്പിക്കാം. സാധനം വാങ്ങാൻ കുട്ടികളുടെ കയ്യിൽ രൂപ നൽകി, അവരെക്കൊണ്ട് ബിൽ അടപ്പിക്കുക. ബാക്കി തുക തിട്ടപ്പെടുത്തി വാങ്ങുക എന്നിവ ചെയ്യിച്ചാൽ പണം കൈകാര്യം ചെയ്യാനുള്ള മികവു വർധിക്കും. 

 

 

English Summary : Financial parenting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com