ADVERTISEMENT

കുട്ടിയുടെ താൽപര്യവും കഴിവും കണക്കിലെടുക്കാതെ നമ്മുടെ സാമൂഹിക അന്തസ്സ് കാണിക്കാനുള്ള ഉപകരണമായി മക്കളെ മാറ്റാറുണ്ടോ? ചിന്തിക്കണം. പ്ലസ്ടു കഴിഞ്ഞാൽ മെഡിസിനോ എൻജിനീയറിങ്ങോ പഠിക്കണം എന്നതു വർഷങ്ങളായി കേരളത്തിൽ ഒരു ആചാരം പോലെയാണ്. സാങ്കേതികവിദ്യയും കാലവും മാറിയതോടെ ഒരു പാട് പുതിയ കോഴ്സുകളം ജോലിസാധ്യതകളും ഇപ്പോഴുണ്ട്. അതെല്ലാം മനസ്സിലാക്കാൻ നിങ്ങളെക്കാൾ മിടുക്ക് മക്കൾക്കാണ്. 

 

അവരുടെ കാര്യങ്ങൾ അവർ ചെയ്യട്ടെ– ഉത്തരവാദിത്തമുള്ളവരായി കുട്ടിയെ വളർത്തുക. അവർക്ക് കാര്യങ്ങൾ തീരുമാനിക്കാനുള്ള പൂർണ പിന്തുണ കൊടുക്കുക. കോളേജിൽ ചേരാനുള്ള അപേക്ഷാഫോം പൂരിപ്പിച്ചു കൊടുക്കുന്ന പോലുള്ള ‘കലാപരിപാടികൾ’ നിർത്തണം. നിങ്ങൾ വലിക്കുമ്പോൾ ചലിക്കുന്ന പാവകളായി വളർത്തിയാൽ അതവരുടെ ആത്മവിശ്വാസത്തെ ബാധിക്കും. 

 

പഠനച്ചെലവു കണ്ടെത്താൻ പ്രേരിപ്പിക്കാം

 

തങ്ങൾക്ക് ഇഷ്ടപ്പെട്ട കോഴ്സ് പഠിക്കണം. അതിനു പണം മാതാപിതാക്കൾ തരണമെന്ന കുട്ടികളുടെ വാശി ശരിയല്ല. വിദേശത്തെപ്പോലെ 18 കഴിഞ്ഞാൽ, സ്വന്തം ജീവിതമാർഗം കണ്ടെത്തണം. എന്നു പറയുവാനുള്ള ആർജവം മാതാപിതാക്കൾ കാണിക്കണം. അത്തരമൊരു മുന്നറിയിപ്പ് ഉറപ്പായും കുട്ടികളെ കൂടുതൽ ഊർജമുള്ളവരാക്കും. 

 

ഏതു തൊഴിലിനും മാന്യതയുണ്ട്

 

ഇലക്ട്രീഷ്യനും പ്ലംബറിനും എന്തൊരു കൂലിയാണ് എന്ന് പരിതപിക്കുകയും മക്കളെ സ്റ്റാറ്റസുള്ള കോഴ്സിനു മാത്രം വിടുകയും ചെയ്യുന്നതു കുട്ടികളോടു ചെയ്യുന്ന ക്രൂരതയാണ്. 

 

വില കുറച്ചു കാണരുത് – കുട്ടികളെ വിലകുറച്ചു കാണരുത്. നിങ്ങളുടെ താൽപര്യം അടിച്ചേൽപിക്കരുത്. കുട്ടിക്ക് ഒരു വിഷയത്തോടോ ജോലിയോടോ താൽപര്യമുണ്ടെങ്കിൽ ആ വഴിക്കു വിടാന്‍ ശ്രമിക്കുക. 

 

വിദ്യഭ്യാസത്തിന്റെ കാര്യത്തിൽ ‘മൂത്തവർ ചൊല്ലും മുതുനെല്ലിക്കകൾ’ മധുരിക്കുകയില്ല ഇന്നത്തെ കാലത്ത്. കുട്ടി കൃത്യമായി താൽപര്യം ഒരു കോഴ്സിൽ പ്രകടിപ്പിച്ചാൽ അതിൽ വിജയിച്ച് വരാനുള്ള കെൽപും അവർ കാണിക്കും. 

 

ടെൻഷൻ ബേബിയായി വളർത്തണോ?

 

നിങ്ങൾ എപ്പോഴും ആകുലതകൾ പറഞ്ഞുകൊണ്ടിരുന്നാൽ കുട്ടികളും അതേറ്റു പറയും. ഉറക്കമില്ല, അസുഖമാണ്, ഭാവിയെക്കുറിച്ച് പേടിയാണ് എന്ന് പലവുരു പറയുന്നത് ഒഴിവാക്കുക. ഒരു ദിവസം 10 മിനിറ്റെങ്കിലും കുട്ടിയോട് സംസാരിക്കണം. ഈ ശീലം വളർത്തിയാൽ വലുതായാലും അവർ നിങ്ങളോട് തുറന്നു സംസാരിക്കും. അല്ലെങ്കിൽ അവർ പ്രശ്നങ്ങൾ നിങ്ങളോടു പറയാൻ മടിക്കും. 

 

തെറ്റ് അംഗീകരിക്കണം– പറ്റിയ തെറ്റ് കുട്ടി തുറന്നു പറഞ്ഞാൽ ക്ഷമയോടെ കേൾക്കണം. സാരമില്ലെന്നും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കാനും പറയണം. സ്നേഹം, സഹാനുഭൂതി, വിശ്വസ്തത തുടങ്ങിയവ നിങ്ങൾ ജീവിതത്തിൽ കാണിച്ചു കൊടുത്തു വളർത്തിയെടുക്കണം. കുട്ടികളോടു സംസാരിക്കുമ്പോൾ വ്യക്തികളുടെ ഗുണദോഷങ്ങളെക്കാൾ, ആശയങ്ങളെക്കുറിച്ചും അവർക്ക് എത്താനാകുന്ന ഉയരങ്ങളെക്കുറിച്ചും സംസാരിക്കുക. രസകരമായി പഠിക്കാനുള്ള രീതികൾ പഠിപ്പിച്ചെടുക്കുക എന്നതും മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. 

 

വീട്ടുജോലി വിദ്യാഭ്യാസമാണോ?

 

കുട്ടിയെ പഠിക്കാൻ മാത്രം നിർബന്ധിക്കാതെ ജോലികളിലും പങ്കെടുപ്പിക്കണം. ഭക്ഷണം ഉണ്ടാക്കുന്നതും വീട് വൃത്തിയാക്കുന്നതും തുണി അലക്കുന്നതും വിദ്യാഭ്യാസം തന്നെയാണ്. ഗ്യാസ് ബുക്ക് ചെയ്യാനും വിവിധ ബില്ലുകൾ ഓൺലൈനിൽ അടയ്ക്കാനും പരിശീലിപ്പിക്കാം. ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ ജീവിക്കാൻ പഠനമികവ് മാത്രം പോരെന്നു കുട്ടിക്കറിയണം. 

 

ചിട്ടയായ ജോലികളിലൂടെ കുട്ടി അറിയാതെ തന്നെ അവരിൽ ഉത്തരവാദിത്തബോധവും കാര്യങ്ങൾ ചെയ്യാനുള്ള മികവും വളർന്നുവരും. ഭക്ഷണമുണ്ടാക്കുമ്പോൾ അളവു തൂക്കങ്ങളും ചെടി നനയ്ക്കുമ്പോൾ സന്തോഷവും വീട് വൃത്തിയാക്കുമ്പോൾ ടീം വർക്കിന്റെ ബാലപാഠങ്ങളും പഠിക്കും. ഒരു പ്രാവശ്യം പറഞ്ഞാൽ കുട്ടി അത് ദിവസവും ചെയ്യണമെന്നില്ല. ‘എത്ര പ്രാവശ്യം ഒരു കാര്യ പറയണം’ എന്ന് പഴിക്കാതെ, പല പ്രാവശ്യം ദേഷ്യപ്പെടാതെ പറയുക. ദിവസങ്ങൾക്കു ശേഷം അതിനു ഫലമുണ്ടാകുമെന്ന് കാണാം. കുട്ടികളെ മാറ്റുവാൻ പോകുന്നതിനു മുൻപ് ക്ഷമ വളർത്തി, സ്വയം മാറുക, മാതൃകകളാകുക. 

 

ദേഷ്യം കുട്ടിയിൽ തീർക്കരുത് – നിങ്ങളുടെ ദേഷ്യം തീർക്കുവാനുള്ള വസ്തുക്കളല്ല കുട്ടികൾ. ദേഷ്യമുള്ളപ്പോൾ കുട്ടി എന്തെങ്കിലും ചോദിച്ചാൽ കയർക്കാതെ പിന്നീട് സംസാരിക്കാമെന്നു പറയുക. പഠിപ്പിക്കുമ്പോൾ കൃത്യമായി ചെയ്തു പരിശീലിപ്പിച്ചാൽ അതു ഗുണകരമാകും. അതിനു മിനക്കെടാതെ കുട്ടിക്കു ബുദ്ധി കുറവുണ്ട്. പഠിക്കാൻ കഴിവില്ല എന്ന് എഴുതിത്തള്ളരുത്. പഠന സമയത്തെ കയർക്കൽ വിഷയത്തോട് മാനസിക അകൽച്ചയുണ്ടാക്കും. കുട്ടികളെ നിരീക്ഷിച്ച് അവരുടെ കഴിവു കണ്ടെത്തേണ്ടത് നിങ്ങളാണ്. ഒന്നാംക്ലാസ് മുതൽ കോച്ചിങ്, ട്യൂഷൻ എന്നിവയിൽ കൂടിയല്ല പ്രതിഭകൾ ജനിക്കുന്നത്. 

 

നൂറു നിയന്ത്രണങ്ങൾ അടിച്ചേൽപിച്ചിട്ട്, ‘നിനക്ക് നല്ല ആത്മവിശ്വാസം വേണം’ എന്നു പറഞ്ഞാൽ കുട്ടിക്കു പൊരുത്തപ്പെടുവാനാകില്ല. പ്രായം കൂടുന്നതനുസരിച്ച് വളർത്തു രീതികളും മാറണം. 

 

കുടുംബസ്ഥിതി കുട്ടികളറിയണോ?

 

ജന്മദിനാഘോഷവും വിലകൂടിയ വസ്ത്രങ്ങളും പുറത്തുപോയുള്ള ആഘോഷവും സ്വന്തം സ്ഥിതി അനുസരിച്ചു മതി. അങ്ങനെ ചെയ്താൽ അവർ അത് ജീവിതത്തിലുടനീളം പിന്തുടരും. വിജയിക്കും. പല തെറ്റുകളും കുട്ടികൾക്കു ശരികളാകുന്നത് വീട്ടുകാരുടെ സ്വാധീനം കൊണ്ടാണ്. പണത്തിന്റെ വിലയറിയണമെന്നു കുട്ടിയോടു പറഞ്ഞിട്ട് നിങ്ങൾ തോന്നിയപോലെ ചെലവഴിച്ചാൽ, കുട്ടികൾ ആ വഴിക്കാകും സഞ്ചരിക്കുക. 

 

വയസ്സാകുമ്പോൾ ഞങ്ങളെ നോക്കണം. എന്ന് അവരെ ഭീഷണിപ്പെടുത്തേണ്ടതില്ല. ഉത്തരവാദിത്തമുള്ളവരായി വളർത്തിയാൽ അവർ അതു ചെയ്യും. മാത്രമല്ല, നമ്മുടെ വിരമിക്കൽ ജീവിതത്തിനു സ്വരുക്കൂട്ടേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അപ്പോൾ മക്കൾ നോക്കണമെന്നാവശ്യപ്പെടേണ്ടി വരില്ല. 

 

ശരിയായി പ്ലാൻ ചെയ്താൽ മക്കളെ നല്ലനിലയിൽ എത്തിക്കാനും നിങ്ങളുടെ വിരമിക്കൽ ജീവിതത്തിനായി പണം സ്വരുക്കൂട്ടാനും ബുദ്ധിമുട്ടുണ്ടാകില്ല. നിങ്ങൾ അവർക്കായി ചെലവാക്കുന്നതും ബുദ്ധിമുട്ടുന്നതും അവരുടെ അവകാശമല്ല. നിങ്ങളുടെ സ്നേഹമാണെന്ന് തിരിച്ചറിവ് അവർക്കുണ്ടായാൽ കാര്യങ്ങൾ ഭദ്രമാകും. 

 

English Summary : Tips to Inculcate financial discipline in children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com