ADVERTISEMENT

ആഘോഷങ്ങളിൽ നിന്നും സ്കൂൾ ദിനങ്ങളിൽ നിന്നുമൊക്കെ കുഞ്ഞുങ്ങൾ അകന്നിട്ട് നാളേറെയായി. ചിട്ടകളെല്ലാം താളം തെറ്റി, ദേഷ്യം കൂടി, അനുസരണാശീലം കുറഞ്ഞു. ഈ പോരായ്മകളെയെല്ലാം മറികടക്കാൻ പുതുവർഷത്തിൽ അഞ്ചു പുത്തൻ ശീലങ്ങൾ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകാം. അങ്ങനെ പതിയെപ്പതിയെ അവരെ ആരോഗ്യകരമായ ശീലങ്ങളിലേക്ക് പതിയെ മടക്കിക്കൊണ്ടു വരാം.

 

കുഞ്ഞുമുറി അവർ വൃത്തിയാക്കട്ടെ

 

ഉറങ്ങിയെഴുന്നേറ്റാൽ പുതപ്പൊന്നു മടക്കിവെയ്ക്കാൻ കൂട്ടാക്കാതെ എഴുന്നേറ്റു പോരുന്ന കുട്ടികളാണ് വീട്ടിലുള്ളതെങ്കിൽ ആദ്യം തിരുത്തേണ്ടത് ആ ശീലമാണ്. ഉറങ്ങിയെഴുന്നേറ്റാലുടൻ കിടക്കവിരി കുടഞ്ഞ് വൃത്തിയായി വിരിക്കാനും തലയിണകൾ യഥാസ്ഥാനത്ത് വയ്ക്കാനും പുതപ്പ് കു‌‌ടഞ്ഞു വൃത്തിയാക്കി മടക്കി വയ്ക്കാനും അവരെ പഠിപ്പിക്കാം. പഠിക്കുന്നതിനിടയിൽ പേപ്പർ പിച്ചിക്കീറിയിടുക, പെൻസിൽ വെ‌ട്ടിയ ശേഷം അത് പുറത്തു കളയാതെ മുറിയിൽത്തന്നെ ഉപേക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അവരെക്കൊണ്ടു തന്നെ മുറി വൃത്തിയാക്കിക്കാം. കുറഞ്ഞത് രണ്ട് ദിവസം കൂടുമ്പോഴെങ്കിലും സ്വന്തം മുറി വൃത്തിയായി അടിച്ചുവാരണമെന്നും വൃത്തിയായി തുടയ്ക്കണമെന്നും അവരോട് നിർദേശിക്കാം. മുതിർന്നവരുടെ മേൽനോട്ടത്തിൽ അത്തരം കാര്യങ്ങൾ ആദ്യമേ ശീലിപ്പിച്ചാൽ മുതിരുമ്പോൾ ഇത്തരം വൃത്തിശീലങ്ങൾ അവരുടെ ദിനചര്യയുടെ ഭാഗമായിത്തന്നെ മാറും.

 

വറപൊരി കുറയ്ക്കാം, ഹെൽത്തിഫുഡ് കഴിക്കാം

 

കൊതിതോന്നുമ്പോഴെല്ലാം കുട്ടികൾക്ക് ജങ്ക്ഫുഡ് വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കളാണോ?. എങ്കിൽ അത് തിരുത്താനുള്ള നല്ലൊരു അവസരമാണ് പുതുവത്സരം. കുട്ടികൾക്ക് വിശക്കുമ്പോഴെല്ലാം ജങ്ക്ഫുഡും പായ്ക്കറ്റ് ഫുഡും മധുര പാനീയങ്ങളും കൊടുക്കാതെ വീട്ടിലുണ്ടാക്കുന്ന വിഭവങ്ങൾ നൽകാം. ഭക്ഷണത്തിൽ ആവർത്തന വിരസത തോന്നാത്ത വിധം മെനു പ്ലാൻ ചെയ്യാം. ദോശയ്ക്കുള്ള മാവിലും മറ്റും കാരറ്റും ബീറ്റ്റൂട്ടും ഇലക്കറികളും ചേർത്ത് ആകർഷകമായ നിറത്തിൽ ഭക്ഷണം വിളമ്പാം. ഐസ്ക്രീമിനു പകരം വീട്ടിലുണ്ടാക്കുന്ന ഷേക്കുകളും ജ്യൂസുകളും നൽകാം. ഉപയോഗിക്കുന്ന മധുരത്തിന്റെ അളവിൽ പ്രത്യേകശ്രദ്ധയുണ്ടാകണമെന്നു മാത്രം.

 

സ്ക്രീൻ ടൈം കുറയ്ക്കാം

 

ഓൺലൈൻ ക്ലാസും കൂടിയായതോടെ കുട്ടികളുടെ സ്ക്രീൻ ടൈം വല്ലാതെ കൂടിയിട്ടുണ്ട്. ഓൺലൈൻ ക്ലാസിനു ശേഷവും ഗെയിം കളിച്ച് ഫോണിൽത്തന്നെ കണ്ണുംനട്ടിരിക്കാതെ ഓടിക്കളിക്കുന്ന തരത്തിലുള്ള കളികളിൽ ഏർപ്പെടാനുള്ള അവസരമുണ്ടാക്കിക്കൊടുക്കാം. ഒപ്പം കളിക്കാൻ മാതാപിതാക്കളും കൂടുമെന്ന സന്തോഷം അവരെ കൂടുതൽ ഉന്മേഷമുള്ളവരാക്കും. സ്ക്രീൻ ടൈം പരമാവധി കുറച്ച് കുടുംബവുമായി കൂടുതലടുക്കാനുള്ള അവസരം കുഞ്ഞുങ്ങൾക്കൊരുക്കാം.

 

 

ഭക്ഷണം കഴിക്കാം ഒരുമിച്ചിരുന്ന്

 

ഓഫീസ് തിരക്കിനിടയിൽ രാവിലെയും ഉച്ചയ്ക്കുമൊന്നും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ സാധിച്ചുവെന്നു വരില്ല. പക്ഷേ ദിവസത്തിൽ ഒരു നേരമെങ്കിലും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുകയും അതിന് അനുകൂലമായ സാഹചര്യം ഒരുക്കിയെടുക്കുകയും ചെയ്യുക. ആ സമയം ടിവി, മൊബൈൽ, പുസ്തകങ്ങൾ എന്നിവയൊന്നും ഉപയോഗിക്കാതെ എല്ലാവരും ഒരുമിച്ചിരിക്കാൻ ശ്രദ്ധിക്കണം. പരസ്പരം ഭക്ഷണം വിളമ്പി നൽകി ആ സന്തോഷ നിമിഷങ്ങളുടെ മാറ്റുകൂട്ടാം.

 

സർഗാത്മകതയ്ക്കായി മാറ്റിവയ്ക്കാം കുറച്ചു നേരം

 

ഏതു നേരവും പഠിക്ക്, പഠിക്ക് എന്ന പല്ലവി കുട്ടികളെ വല്ലാതെ മുഷിപ്പിക്കും. പഠനം കൂടാതെയുള്ള അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾ മാതാപിതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാവണം. വായിക്കാനിഷ്ടമുള്ളവർക്ക് കഥാപുസ്തകങ്ങൾ നൽകാം. വരയിഷ്ടമുള്ളവർക്ക് നിറയെ വരയ്ക്കാനുള്ള അവസരങ്ങൾ നൽകാം, പാട്ടുപാടാനാണ് കഴിവെങ്കിൽ പാട്ടുപഠിപ്പിക്കാം, നൃത്തമാണിഷ്ടമെങ്കിൽ പഠിക്കാനും അത് അവതരിപ്പിക്കാനുമുള്ള വേദികൾ ഒരുക്കാം.

 

Content Summary : Good Habits For Kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com