അലക്സയും സിരിയും കുട്ടികളുടെ പെരുമാറ്റത്തെ ദോഷകരമായി ബാധിക്കുന്നുണ്ടോ ? പരീക്ഷണം നടത്തി ഗവേഷകർ

HIGHLIGHTS
  • മാതാപിതാക്കൾക്ക് ആശങ്കയ്ക്കുള്ള വകയില്ല
do-alexa-and-siri-make-kids-bossier-new-research
Representative image. Photo Credits; Sharomka/ Shutterstock.com
SHARE

സാങ്കേതികവിദ്യകൾ മുതിർന്നവരെപ്പോലെതന്നെ  കുട്ടികൾക്കും ഏറെ പരിചിതമായിക്കഴിഞ്ഞു. മനുഷ്യനോടെന്ന പോലെ  സംസാരിക്കാനാവുന്ന അലക്സ, സിരി തുടങ്ങിയ വിർച്ച്വൽ അസിസ്റ്റന്റുകൾ കുട്ടികളുടെയും നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ഇത് കുട്ടികളുടെ സാമൂഹ്യവത്കരണത്തെയും പെരുമാറ്റത്തെയും പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും പൊതുവെ നിലനിൽക്കുന്നുണ്ട്. അലക്സയോടും സിരിയോടും  മറ്റും സംസാരിച്ചു ശീലിച്ച കുട്ടികൾ മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാവുന്നുണ്ടോ എന്നും, സമൂഹത്തിൽ ഇടപെടേണ്ടത് എങ്ങനെയെന്ന് തിരിച്ചറിയാതെ പോകുന്നുണ്ടോ എന്നും മനസ്സിലാക്കുന്നതിനുവേണ്ടി പഠനം നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. 

എന്നാൽ മാതാപിതാക്കൾക്ക് ആശങ്കയ്ക്കുള്ള വകയില്ല എന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.  കുട്ടികൾക്ക് സാങ്കേതികവിദ്യയും യഥാർത്ഥ മനുഷ്യരും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. വാഷിംഗ്ടൺ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. അഞ്ചു വയസ്സിനും 10 വയസ്സിനും ഇടയിലുള്ള 22 കുട്ടികളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. 

കുട്ടികൾക്ക് അനിമേറ്റഡ് റോബോട്ടുകളുമായി സംസാരിക്കാൻ അവസരമൊരുക്കുകയായിരുന്നു ഗവേഷണത്തിന്റെ ആദ്യപടി. ഇത്തരത്തിൽ സംസാരിക്കുന്നതിനിടെ റോബോട്ടുകൾ സംസാരം സാവധാനത്തിലാക്കിയാൽ 'ബംഗോ' എന്ന വാക്ക് ഉപയോഗിക്കാൻ നിർദ്ദേശം നൽകി. പിന്നീടങ്ങോട്ട് പലയാവർത്തി റോബോട്ടുകളുമായി സംസാരിച്ചപ്പോഴും വേഗത കുറയുമ്പോൾ 77 ശതമാനം കുട്ടികളും കൃത്യമായി 'ബംഗോ' എന്ന് പറയാൻ ശ്രദ്ധിച്ചു. 

അതിനുശേഷം ഉടൻതന്നെ മാതാപിതാക്കളുമായി സംസാരിക്കാൻ അനുവദിക്കുകയായിരുന്നു അടുത്ത ഘട്ടം. ഇടയ്ക്കിടെ റോബോട്ട് ചെയ്തതുപോലെ സംസാരം സാവധാനത്തിലാക്കണമെന്ന നിർദേശം മാതാപിതാക്കൾക്ക് നൽകിയിരുന്നു. മാതാപിതാക്കൾ  ഓർമപ്പെടുത്താതെ തന്നെ 68 ശതമാനം കുട്ടികളും 'ബംഗോ'എന്ന വാക്ക് ഉപയോഗിച്ചിരുന്നു. എന്നാൽ ഇത് വളരെ രസകരമായ ഒരു കളിയായി കണ്ടുകൊണ്ടായിരുന്നു കുട്ടികൾ മാതാപിതാക്കളോട് പെരുമാറിയത്. മറ്റു ചിലരാവട്ടെ സംസാരം സാവധാനത്തിലായപ്പോൾ അത് ഇഷ്ടപ്പെടാത്ത രീതിയിൽ മറുപടി പറയാതിരിക്കുകയാണ് ചെയ്തത്. 

അടുത്ത പടിയായി ഗവേഷകർ നേരിട്ട് കുട്ടികളുമായി സംവദിച്ചു. എന്നാൽ ഗവേഷകർ വേഗത കുറച്ച് സംസാരിച്ചപ്പോൾ 18 ശതമാനം മാത്രമാണ് 'ബംഗോ' എന്ന വാക്ക് ഉപയോഗിച്ചത്. സംസാരം സാവധാനത്തിലാകുന്നു എന്ന തരത്തിൽ ആരും പരാതി പറഞ്ഞതുമില്ല. അപരിചിതനായ ഒരു വ്യക്തിയോട് എങ്ങനെ പെരുമാറണമെന്ന കൃത്യമായ ധാരണയോടെയായിരുന്നു കുട്ടികളുടെ സംസാരം. പിന്നീട് വീട്ടിൽ എത്തിയ ശേഷവും 24 മണിക്കൂർ സമയത്തേക്ക് വേഗത കുറച്ചും കൂട്ടിയും കുട്ടികളോട് സംസാരിക്കണമെന്ന നിർദ്ദേശം മാതാപിതാക്കൾക്ക് നൽകിയിരുന്നു. പല കുട്ടികളും അത്തരം അവസരങ്ങളിൽ 'ബംഗോ' എന്ന് പറഞ്ഞെങ്കിലും അതൊരു കളിയായി എടുത്തുകൊണ്ട് മാത്രമായിരുന്നുവെന്ന പ്രതികരണമാണ് മാതാപിതാക്കളിൽ നിന്നും ലഭിച്ചത്. 

റോബോട്ടുകളും മനുഷ്യനും തമ്മിൽ  ഏറെ വ്യത്യാസമുണ്ടെന്ന് കൃത്യമായ ധാരണ കുട്ടികൾക്കുണ്ടെന്ന് ഇതിലൂടെ മനസ്സിലാക്കാൻ സാധിച്ചതായി ഗവേഷണത്തിന് നേതൃത്വം നൽകിയ അലക്സിസ് ഹിനികർ പറയുന്നു. അതിനാൽ സാങ്കേതികവിദ്യകളുടെ ഉപയോഗം  കുട്ടികളുടെ സാമൂഹ്യവൽക്കരണത്തെ സാരമായി ബാധിക്കുന്നില്ല എന്ന നിഗമനത്തിലാണ് ഗവേഷകർ എത്തിച്ചേർന്നത്. ശരിയായ ഉപയോഗത്തിലൂടെ കുട്ടികൾക്ക് കൂടുതൽ അറിവ് നേടാൻ ഇത്തരം സാങ്കേതികവിദ്യകൾ ഉപകരിക്കുമെന്നും ഗവേഷകർ പറയുന്നു.

English summary : Do Alexa and Siri make kids bossier? New research

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA