ADVERTISEMENT

കുട്ടികളുടേത് നിഷ്കളങ്കമായ മനസ്സാണ്. എപ്പോഴാണ് അതിന് മുറിവേൽക്കുക എന്ന് നമുക്കറിയില്ല. ആർക്കും എപ്പോൾ വേണമെങ്കിലും തെറ്റ് സംഭവിക്കാം. സാഹചര്യത്തിനനുസരിച്ച് കുട്ടികളോട് ചേർന്നു നിന്ന് സാവധാനത്തിൽ അവരോട് അത് പറഞ്ഞ് മനസ്സിലാക്കണം. തെറ്റുചെയ്താൽ രക്ഷിതാക്കളിൽ നിന്നും ശിക്ഷകിട്ടും എന്ന  ചിന്ത ചിലപ്പോൾ അവരെ പല തെറ്റായ പ്രവൃത്തിയിലേക്കും നയിക്കും. അവരെ നമുക്ക് മാറ്റിയെടുക്കാൻ സ്നേഹത്തോടെയുള്ള നമ്മുടെ വാക്കുകൾക്ക് മാത്രമേ സാധിക്കൂ.  ഇടുങ്ങിയസ്ഥലത്ത് പേടിച്ചുവിറച്ച് ഒളിച്ചിരിക്കുന്ന ഏഴു വയസ്സുകാരനെ കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ അനുഭവം പറഞ്ഞ് കേരളാ പൊലീസിന്റെ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 

കേരളാ പൊലീസ് പങ്കുവച്ച കുറിപ്പ് 

കാണാതായ കുട്ടിയെ തിരഞ്ഞ് ഒരു ഗ്രാമം. ഒളിച്ചിരുന്ന കുട്ടിയെ കണ്ടെത്തിയത് രണ്ടരമണിക്കൂറിന് ശേഷം. നെടുപുഴ വടൂക്കരയിലെ ഒരു വീട്ടിലാണ് സംഭവം. ഏഴുവയസ്സു വീതം പ്രായമുള്ള രണ്ടു കുട്ടികൾ മുറ്റത്തിരുന്ന് കളിക്കുകയായിരുന്നു. ഒരുമിച്ചുള്ള കളിയ്കിടയിൽ എന്തോ പറഞ്ഞപ്പോഴുണ്ടായ ദ്വേഷ്യത്തിന് കയ്യിലിരുന്ന കല്ലുകൊണ്ട് ഒരാൾ മറ്റേയാളുടെ തലയിൽ ഒരു കുത്ത്. കല്ലുകൊണ്ട് കൂട്ടുകാരന്റെ തലയിൽ പരിക്കേറ്റു, ചോരയൊലിച്ചു. അവൻ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടി. കൂട്ടുകാരനെ കല്ലുകൊണ്ട് കുത്തിയപ്പോഴുണ്ടായ മന:സ്താപവും വീട്ടിലെ അഛനും അമ്മയോടുമുള്ള പേടിയും മൂലം എന്തുചെയ്യണമെന്നറിയാതെ മറ്റേയാൾ അല്പനേരം അവിടെ ഇരുന്നു. താൻ ചെയ്ത തെറ്റിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് ഓർത്ത് അവൻ അവിടെ നിന്നും മുങ്ങി.

കളികഴിഞ്ഞ് വീട്ടിലെത്താത്ത മകനെ തെരഞ്ഞ് അവന്റെ അമ്മ പലയിടത്തും അന്വേഷിച്ചു. കൂട്ടുകാരനോടും അന്വേഷിച്ചു. ഒരുമിച്ചിരുന്നു കളിച്ചതാണെന്നും പിന്നീട് എവിടെപ്പോയി എന്ന് അറിയില്ലെന്നും പറഞ്ഞപ്പോൾ അമ്മയുടെ വേവലാതി വർദ്ധിച്ചു. അവൻ പോകാൻ സാധ്യതയുള്ളിടത്തൊക്കെ അന്വേഷിച്ചു. അമ്മയുടെ സങ്കടവും കരച്ചിലും അനുനിമിഷം വർദ്ധിച്ചു. അയൽവാസികളോടും നാട്ടുകാരോടും മകനെ കാണാനില്ലാത്ത വിവരം പറഞ്ഞു. കുട്ടിയെ തിരയാൻ അവരും കൂടെ കൂടി. എന്നിട്ടും കുട്ടിയെക്കുറിച്ച് ഒരു വിവരവും ഇല്ല. എല്ലാവരും പറഞ്ഞു. വേഗം നെടുപുഴ പൊലീസ് സ്റ്റേഷനിലേക്കു പോയി പറയൂ. എങ്ങിനെയെങ്കിലും അവർ കുട്ടിയെ കണ്ടെത്തിത്തരും. ഈ സമയത്ത് ആകസ്മികമായി നെടുപുഴ ശിശു സൗഹൃദ പോലീസ്  സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.സി. ബൈജു അതുവഴി പട്രോളിങ്ങിനായി എത്തിയത്. ശ്മശാനം റോഡ് പരിസരത്തെത്തിയപ്പോൾ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ടു. നാട്ടുകാരോട് എന്താണ് കാര്യമെന്ന് ചോദിച്ചറിഞ്ഞു. കുട്ടിയെ കാണാതായ വിവരം അവർ പോലീസ് ഓഫീസറെ അറിയിച്ചു. കാര്യങ്ങൾ വിശദമായി മനസ്സിലാക്കിയ സബ് ഇൻസ്പെക്ടർ ബൈജു ആദ്യം കുട്ടിയുടെ വീട്ടിലെത്തി. കുട്ടിയെ അവസാനം കണ്ടത് ആരാണെന്ന് തിരക്കി. അപ്പോഴാണ് അവർ അവനോടൊപ്പം മുറ്റത്തിരുന്ന് കളിച്ചിരുന്ന കൂട്ടുകാരനെക്കുറിച്ച് പറഞ്ഞത്.  കളിയ്കിടയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പൊലീസ് ഓഫീസർ  വളരെ സാവധാനത്തിൽ കുട്ടിയോട് ചോദിച്ചറിഞ്ഞു. ഒരു കളിക്കൂട്ടുകാരനോടെന്നപോലെ പൊലീസ് ഓഫീസറോട് കുട്ടി കാര്യങ്ങൾ വിശദമായി പറഞ്ഞു. കൂട്ടുകാരനുമൊത്ത് കളിച്ച കാര്യവും, കല്ലുകൊണ്ട് കുത്തേറ്റപ്പോൾ പരിക്കേറ്റകാര്യവും, താൻ അമ്മയോട് പറയുമെന്നും പറഞ്ഞ് വീട്ടിലേക്ക് ഓടിവന്ന കാര്യവും അവൻ വിശദമായിത്തന്നെ പൊലീസ് ഓഫീസറോട് പറയുകയുണ്ടായി. 

കാണാതായ കുട്ടി ദൂരെ എവിടേയും പോകാൻ സാധ്യതയില്ലെന്നു മനസ്സിലാക്കിയ പൊലീസ് ഓഫീസർ, ഉടൻതന്നെ വീടിനുപരിസരത്ത് കുട്ടികൾ ഒളിക്കാനിടയുള്ള സ്ഥലങ്ങളെല്ലാം ചോദിച്ചറിഞ്ഞ് അവിടെയെല്ലാം വിശദമായി തെരയാൻ തുടങ്ങി. നാട്ടുകാരും വീട്ടുകാരും  പൊലീസ് ഓഫീസറുടെ കൂടെ പരിസരങ്ങളിലെ മുക്കിലും മൂലയിലും തെരഞ്ഞുതുടങ്ങി. അവസാനം രണ്ടര മണിക്കൂറോളമെടുത്ത തെരച്ചിലിനൊടുവിൽ അയൽപക്കത്തെ വീടിനുസമീപമുള്ള ഒരു ഇടുങ്ങിയസ്ഥലത്ത് പേടിച്ചുവിറച്ച് ഒളിച്ചിരിക്കുന്ന കുട്ടിയെ അവർ കണ്ടെത്തി. അവൻ ആകെ ക്ഷീണിതനായിരുന്നു.  ഓടിയെത്തിയ അവന്റെ അമ്മയുടെ കൈകളിലേക്ക് പോലീസ് ഓഫീസർ ആ കുട്ടിയെ നൽകി. അവർ അവനെ വാരിപ്പുണർന്നു. 

പൊലീസ് വാഹനത്തിൽ കയറി, യാത്രപറയുമ്പോൾ സബ് ഇൻസ്പെക്ടർ കെ.സി ബൈജു അവരോടായി പറഞ്ഞ വാക്കുകൾ.

കുട്ടികളുടേത് നിഷ്കളങ്കമായ മനസ്സാണ്. എപ്പോഴാണ് അതിന് മുറിവേൽക്കുക എന്ന് നമുക്കറിയില്ല. ആർക്കും എപ്പോൾ വേണമെങ്കിലും തെറ്റ് സംഭവിക്കാം. സാഹചര്യത്തിനനുസരിച്ച് കുട്ടികളോട് ചേർന്നു നിന്ന് സാവധാനത്തിൽ അവരോട് അത് പറഞ്ഞ് മനസ്സിലാക്കണം. തെറ്റുചെയ്താൽ രക്ഷിതാക്കളിൽ നിന്നും ശിക്ഷകിട്ടും എന്ന  ചിന്ത ചിലപ്പോൾ അവരെ പല തെറ്റായ പ്രവൃത്തിയിലേക്കും നയിക്കും. അവരെ നമുക്ക് മാറ്റിയെടുക്കാൻ സ്നേഹത്തോടെയുള്ള നമ്മുടെ വാക്കുകൾക്ക് മാത്രമേ സാധിക്കൂ.

കൈകളുയർത്തി, അവരെല്ലാവരും ചേർന്ന് പോലീസുദ്യോഗസ്ഥനെ യാത്രയാക്കി.

 

English Summary : Kerala police's social media post on a child missing case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com