ADVERTISEMENT

ചെറിയ കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കാൻ അമ്മമാർ പെടുന്ന പാട് ചില്ലറയല്ല. വേവിച്ചുടച്ച പച്ചക്കറികളും മറ്റും കഴിക്കാൻ താൽപര്യമില്ലാത്ത കുട്ടികളും മധുരം വായിൽ വച്ചാൽ രുചിയോടെ കഴിക്കുന്നതു കാണാം. എന്നാൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. രണ്ടു വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് കൃത്രിമ മധുരങ്ങൾ യാതൊരു കാരണവശാലും നൽകരുത്. ഭക്ഷണം പ്രോസസ് ചെയ്യുന്ന സമയത്ത് ചേർക്കുന്ന ഷുഗർ ആണ് കൃത്രിമ മധുരങ്ങൾ. സൂക്രോസ്, ഡെക്ട്രോസ്‌ തുടങ്ങിയ ഇവയെ 'added sugars' എന്നാണ് വിളിക്കുന്നത്. 

 

കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ അത് ആരോഗ്യകരവും പോഷകങ്ങൾ അടങ്ങിയതുമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മധുരം ചേർക്കാത്ത ഭക്ഷണങ്ങൾ കുഞ്ഞുങ്ങളുടെ വളർച്ചയെപ്പോലും ദോഷകരമായി ബാധിക്കും. പായ്ക്കറ്റിൽ ലഭിക്കുന്ന പഴച്ചാറുകൾ, സിറപ്പുകൾ, സ്വീറ്റ്‌നർ ഇവയിലെല്ലാം പ്രോസസ് ചെയ്യുന്ന സമയത്ത് കൃത്രിമമധുരങ്ങൾ ചേർക്കുന്നുണ്ട്. 

 

ബേക്കറി ഉൽപന്നങ്ങളുടെ കുപ്പിയിലടച്ച ഫ്രൂട്ട് ഡ്രിങ്കുകളോ എണ്ണയിൽ വറുത്ത പലഹാരങ്ങളോ രണ്ടു വയസിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് നൽകരുത്. കുഞ്ഞ് ജനിച്ച് ആദ്യത്തെ 24 മാസം കുട്ടിയുടെ ശരിയായ വളർച്ചയ്ക്ക് ധാരാളം പോഷകങ്ങളും കലോറിയും ആവശ്യമാണ്. പഞ്ചസാര ചേർത്ത ഭക്ഷണങ്ങളിൽ കലോറി ധാരാളമുണ്ടാകും. എന്നാൽ പോഷകങ്ങൾ ഒട്ടും ഉണ്ടാവില്ല. ചെറിയ കുഞ്ഞുങ്ങൾക്ക് വളരെ കുറച്ചു ഭക്ഷണമേ വേണ്ടൂ. എന്നാലത് അവരുടെ ശരീരത്തിന് ആരോഗ്യമേകുന്നതാകണം. കൃത്രിമ മധുരങ്ങളും പഞ്ചസാരയും ചേർത്ത ഭക്ഷണം ഒഴിവാക്കണം. 

 

തീരെ കുഞ്ഞായിരിക്കുമ്പോൾ മധുരം ധാരാളം കഴിച്ച കുട്ടികളിൽ ചെറിയ പ്രായത്തിൽ തന്നെ പൊണ്ണത്തടി, ഹൃദയസംബന്ധമായ രോഗങ്ങൾ, പല്ലുകൾക്ക് കേടുപാടുകൾ ഇവയുണ്ടാകാനിടയുണ്ട്. കുഞ്ഞിന്റെ ഭക്ഷണത്തിൽ നിന്ന് മധുരം പൂർണമായും ഒഴിവാക്കുന്ന കാര്യം അൽപം ബുദ്ധിമുട്ടുണ്ടാകും. പക്ഷെ അതിനു പകരം ആരോഗ്യകരമായ പച്ചക്കറികൾ കുഞ്ഞിനു നൽകാം. 

 

രണ്ടു വയസ്സുവരെയുള്ള കുട്ടികൾക്ക് മുലപ്പാൽ നൽകാം. അതിനു സാധിച്ചില്ലെങ്കിൽ മാത്രം ഫോർമുല മിൽക്ക് നൽകാം. കുഞ്ഞ് ആരോഗ്യത്തോടെ വളരണമെങ്കിൽ ഒരു കാരണവശാലും 'sweetened' എന്ന് ടാഗ് ഉള്ള ഭക്ഷണം കുഞ്ഞിന് കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കാം.

 

English summary : Added sugars should be avoided in children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com