ADVERTISEMENT

കുട്ടികളുടെ വളർച്ചയിൽ  ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നവരാണ് മാതാപിതാക്കൾ. അവരുടെ റോൾ മോ‍ഡലുകൾ കൂടെയാണ് രക്ഷിതാക്കൾ.  നല്ല വാക്കുകൾ പറഞ്ഞുകൊടുത്തും നല്ല മൂല്യങ്ങൾ പകർന്നു നൽകിയും മക്കളുടെ നല്ല മാതൃകകളാകുന്നതിന് പകരം ശാസിച്ചും, മർദ്ധിച്ചും, ക്രൂരമായ വാക്കുകൾ പറഞ്ഞും മക്കളെ തളർത്തുന്നവരും തങ്ങളുടെ സ്വാർഥതക്കായി മക്കളുടെ ജീവിതം നശിപ്പിച്ചു കളയുന്നവരുമുണ്ട് നമുക്കു ചുറ്റും. അത്തരം കുട്ടികളുടെ ഉള്ളിലെ മുറിവുകളുടെ ആഴങ്ങൾ, നിങ്ങൾക്ക് ഊഹിക്കുവാൻ സാധിക്കുമോയെന്ന് ചോദിക്കുകയാണ് സിനു കിഷൻ എന്ന യുവതി തന്റെ സമൂഹമധ്യമ പേജിലൂടെ പങ്കുവച്ച കുറിപ്പിൽ.

സിനു കിഷന്റെ കുറിപ്പ്

ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും കൂടുതൽ സ്വാധീനം ചിലർത്തുന്ന ഒന്ന് ഏതാണ് എന്ന് നിങ്ങൾക്ക് അറിയാമോ? അത് നമ്മൾ ആണ്, മാതാപിതാക്കൾ. 

മാതാ പിതാ ഗുരു ദൈവം. ഇതാണ് നാം കേട്ടു പഠിച്ചിരിക്കുന്നത്. മാതാവിനെയും പിതാവിനെയും ഗുരുവിനെയും ദൈവ തുല്യം കാണണം. പ്രായത്തിൽ മൂത്തവരെ ബഹുമാനിക്കണം. 

Perfect parents എന്ന കൺസെപ്റ്റിൽ തീരെ വിശ്വാസം ഇല്ലാത്ത ഒരാളാണ് ഞാൻ. There are no perfect parents or perfect human beings. We all try our best. അത്രേയുള്ളൂ. അത് മതി. എന്നാൽ perfection പോയിട്ട്, മാതൃത്വം, പിതൃത്വം ഇതൊന്നും തീരെയില്ലാതെ മക്കളെ വളർത്തുന്ന ചിലർ ഉണ്ട്. അവരിൽ പലരും നമുക്ക് ചുറ്റും തന്നെയുണ്ട്. നിങ്ങൾ  അവരെ കണ്ടിട്ടുണ്ടോ?

ശാസിച്ചും, മർദ്ധിച്ചും, ക്രൂരമായ വാക്കുകൾ പറഞ്ഞും മക്കളെ വളർത്തുന്നവരെ?

‘നീ ഉണ്ടായത് കൊണ്ടാണ് എന്റെ ജീവിതം ഇങ്ങനെ നരകമായത്’, എന്ന് പറഞ്ഞു മക്കളെ  നടുക്കത്തിൽ വീഴ്ത്തി, തളർത്തുന്നവരെ?

ഒരു നിമിഷം പോലും മക്കൾക്ക് സ്വൈര്യം കൊടുക്കാത്തവരെ?

എത്ര നേട്ടങ്ങൾ നേടിയാലും, മക്കളെ  ഒരിറ്റു പോലും അംഗീകരിക്കാത്തവരെ?

‘നീയൊന്ന് മരിച്ചു പോയെങ്കിൽ’ എന്ന് മക്കളെ നോക്കി പ്രാകുന്നവരെ"?

‘ഞാൻ കഷ്ടപ്പെട്ട് പഠിപ്പിച്ചത് കൊണ്ടാണ് നീയൊക്കെ ഇങ്ങനെയായത്. അത് കൊണ്ട് എനിക്ക് വേണ്ടതെല്ലാം ചെയ്തു തന്നിട്ട് മതി മറ്റു കാര്യങ്ങൾ’ എന്ന് കണക്ക് പറയുന്നവരെ?

കറവപ്പശുക്കൾ പോലെ മാത്രം മക്കളെ കരുതി, തങ്ങളുടെ സ്വാർഥതക്കായി മക്കളുടെ ജീവിതം നശിപ്പിച്ചു കളയുന്നവരെ?

മക്കളെക്കുറിച്ചും, അവരുടെ കഴിവില്ലായ്മകളെ കുറിച്ചും പരിഹാസ രൂപേണ മറ്റുള്ളവരോട് പറഞ്ഞ്, ചിരിച്ച് മറിഞ്ഞ്, ആളാകാൻ നോക്കുന്നവരെ?

തന്നേക്കാൾ കൂടുതൽ മക്കളെ മറ്റാരെങ്കിലും പുകഴ്ത്തുന്നത് പോലും സഹിക്കാൻ പറ്റാത്തത്ര ഈഗോ ഉള്ളവരെ?

ഇവർ കാരണം ജീവിതത്തിലെ സകല സമാധാനവും നഷ്ടപ്പെട്ട്, highly insecure and confused ആയി ആത്മവിശ്വാസം നഷ്ടപെട്ടു പോകുന്ന മക്കളെ നിങ്ങൾ കണ്ടിട്ടുണ്ടോ?

അവരുടെ ഉള്ളിലെ മുറിവുകളുടെ ആഴങ്ങൾ, നിങ്ങൾക്ക് ഊഹിക്കുവാൻ പോലും പറ്റുമോ?

ഇപ്പറഞ്ഞ മാതാപിതാക്കളിൽ പലരും highly manipulative ആയവർ കൂടിയാണ്. സമൂഹത്തിന് മുന്നിൽ ത്യാഗോജ്വലമായ ഒരു self portrait ഇവർ ഉണ്ടാക്കിയെടുക്കും. മറ്റുള്ളവരുടെ മുന്നിൽ നന്മ മരം ആകും. ആരോടെങ്കിലും ഈ മക്കൾ ഇവരെക്കുറിച്ച് പരാതി പറഞ്ഞാൽ, ‘എത്ര കഷ്ടപ്പെട്ടാണ് നിന്നെ വളർത്തുന്നത്? എന്നിട്ടാണോ’ എന്ന് തിരിച്ചു ചോദിക്കും വിധം മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കും. എന്നിട്ട്, ഇപ്പറഞ്ഞ മക്കളെക്കൊണ്ട് തന്നെ അവരുടെ എല്ലാ കാര്യങ്ങളും അവർ നേടിയെടുക്കും. ഭാരതീയ സംസ്കാരം വച്ച്, കർമത്തിൽ വിശ്വസിക്കുന്നതിനാൽ, എത്ര ഭർസനങ്ങൾ കേട്ടാലും, അച്ഛൻ അമ്മ എന്നിവരെ നോക്കുന്നത് കടമയാണ് എന്ന തിരിച്ചറിവിൽ നല്ലൊരു ശതമാനം മക്കളും ‘എന്തെങ്കിലും ആകട്ടെ’ എന്ന് കരുതി ഇവരെ നോക്കുകയും ചെയ്യും. 

ഈ ലോകത്ത് നമ്മൾ മനുഷ്യരായി പിറന്നവർ എല്ലാം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എന്തെന്നറിയാമോ? ശാന്തിയും സമാധാനവും. ഇതു രണ്ടും മേൽപ്പറഞ്ഞ തരം മനുഷ്യരുടെ കൂടെ ജീവിച്ചാൽ ഒരിറ്റു പോലും കിട്ടില്ലയെന്നു തോന്നുമ്പോളഴാണ് ചില മക്കൾ എങ്കിലും ഇവരെ ഉപേക്ഷിച്ച് പോകുന്നത്. അപ്പോൾ സമൂഹത്തിലെ പ്രവിലേജ്ഡ് ആയിട്ടുള്ള കുറേപ്പേർ, അതായത് സ്നേഹം, സുരക്ഷിതത്വം ഒക്കെ ധാരാളം അനുഭവിച്ച്, ‘ഞാൻ അനുഭവിക്കാതതൊന്നും  ഈ ഭൂമിയിൽ തന്നെയില്ല’ എന്ന് കരുതുന്ന ചിലർ, മാതൃത്വത്തിന്റെ മഹത്വവും, പിതൃത്വത്തെ വിശുദ്ധീകരിച്ചും  രംഗത്തെത്തും. ‘എന്ത് തരം മക്കളാണ്? ഇവരൊക്കെ അനുഭവിക്കും’ എന്ന രീതിയിൽ തുടങ്ങും. പൊന്നു മനുഷ്യരെ, അത്രയേറെ അനുഭവിച്ചതിന് ശേഷമാണ് ചില ഉപേക്ഷിക്കലുകൾ എങ്കിലും സംഭവിക്കപ്പെടുന്നത്. നിങ്ങളിൽ പലർക്കും വിശ്വസിക്കാൻ പോലും  കഴിയാത്തത്ര അനീതിയും, കള്ളത്തരങ്ങളും, ചതിയും നേരിട്ടതിന് ശേഷം. അവിടെ കയറി നിങ്ങൾ ന്യായീകരിക്കാൻ പോകരുത്. 

ലോകത്തുള്ള സകല തോന്നിവാസങ്ങളും മക്കളോട് ചെയ്തിട്ട്, ‘അയ്യോ എനിക്ക് വയസ്സായേ, എന്നെയങ്ങ് സ്നേഹത്തോടെ നോക്കണം’എന്ന് പറഞ്ഞാൽ, ഒരു ദിവസം കൊണ്ട് പൊട്ടി മുളയ്ക്കുന്ന ഒന്നല്ല സ്നേഹം. ‘നോക്കണം’ എന്നു പോലും പറയാൻ യാതൊരു അവകാശവും ഇല്ലാത്തവർ സ്നേഹത്തോടെ നോക്കണം എന്ന് കൂടി ആവശ്യപ്പെടുമ്പോഴോ?

വാർദ്ധക്യം ആരെയും വിശുദ്ധീകരിക്കുന്നില്ല.

മാതാവായത് കൊണ്ടോ, പിതാവായത് കൊണ്ടോ, ഗുരുവായത് കൊണ്ടോ ആരും ദൈവം ആകുന്നില്ല. നിസ്വാർത്ഥ സ്നേഹം, ബഹുമാനം എന്നിവ കിട്ടുന്നത് പ്രവർത്തിയിൽ കൂടി മാത്രമാണ്. കർമം. അതാണ് പ്രധാനം. കൊടുത്തതേ കിട്ടൂ. അല്ലാതെ കിട്ടുന്നതെല്ലാം അനർഹമായ ഔദാര്യമാണ്. ഓദാര്യം മാത്രം!!

English Summary : Social media post by Sinu Kishain on parenting 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com