മുടവൻമുഗളിലെ വീട്ടിൽ സുദർശന നല്ല ഉറക്കത്തിലാണ്. എണ്ണ തേച്ചു കുളിച്ച്, വയറു നിറയെ പാൽ കുടിച്ച് കിടക്കുന്നതിനിടെ നൃത്തച്ചുവടു വയ്ക്കും പോലെ കുഞ്ഞ് കയ്യും കാലും ഇളക്കുന്നു. പാട്ടു കേട്ട് സന്തോഷിച്ചെന്ന പോലെ പുരികമുയർത്തി ചിരിക്കുന്നു. താരങ്ങളായ അമ്മയും അമ്മൂമ്മയും മുത്തശ്ശിയും പാടുന്ന താരാട്ടു കേട്ടാണ് അവളുറങ്ങുന്നത്.
സിനിമയിലെ പല്ലില്ലാ മുത്തശ്ശി സുബ്ബലക്ഷ്മിയും നൃത്തത്തെ ജീവനോളം സ്നേഹിച്ച താരാ കല്യാണും മകൾ സൗഭാഗ്യയുടെ കൺമണിയെ താഴെവയ്ക്കാതെ കൊഞ്ചിക്കുന്നു. ‘വനിത’യ്ക്കു വേണ്ടി ഈ നാലുതലമുറ ഒന്നിച്ചപ്പോൾ ഫ്രെയിമിൽ വിരിഞ്ഞത് നൃത്തവും സംഗീതവും ഇഴചേർന്നതു പോലുള്ള സ്നേഹനിമിഷങ്ങൾ. വീട്ടിലെ ഇളമുറക്കാരിയെ കുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോൾ മൂന്നുപേരും സുദർശനയെക്കാൾ ചെറിയ കുട്ടികളായി.
സുദർശനയാണോ ഇപ്പോൾ വീട്ടിലെ താരം?
സൗഭാഗ്യ: എല്ലാവരും മത്സരിച്ചാണ് മോളെ കൊഞ്ചിക്കുന്നത്. അമ്മൂമ്മയാണ് ‘എസ്’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരിടണം, അതാണ് ലക്കി എ ന്നു പറഞ്ഞത്. ഭഗവാന്റെ ദിവ്യായുധമല്ലേ സുദർശനചക്രം. അർജുനനെ രക്ഷിക്കാൻ വേണ്ടിയാണ് യുദ്ധഭൂമിയിൽ വച്ച് ഭഗവാൻ ആ ആയുധം പ്രയോഗിച്ചത്. ഞാൻ അർജുൻ ചേട്ടന്റെ ‘ലക്കും’ സുദർശന ‘പ്രൊട്ടക്ടറും’ ആയിരിക്കട്ടെ എന്നുകരുതി ആ പേരു തന്നെ ഫിക്സ് ചെയ്തു.
സുബ്ബലക്ഷ്മി: അപ്പടി ചൊന്നേനാ ? (കള്ളച്ചിരി)
താര: എനിക്ക് കുറച്ചു ഭാഗ്യം കുറവാണെന്നു തോന്നിയപ്പോഴാണ് മോൾക്ക് സൗഭാഗ്യ എന്നു പേരിട്ടത്. സക്കുട്ടി എന്നു ചെല്ലപ്പേരും ഇട്ടു.
മൂന്ന് അമ്മമാരോടൊപ്പം ഗർഭകാലം ആസ്വദിച്ചോ ?
സൗഭാഗ്യ: ഇവിടെ അർജുൻ ചേട്ടന്റെ അമ്മയുണ്ട്. മിക്ക ദിവസവും അമ്മയും അമ്മൂമ്മയും വരും. സിനിമയിലൊക്കെ കാണും പോലെ എന്തെങ്കിലും കഴിക്കാൻ കൊതി തോന്നിയാലോ എന്നൊക്കെ ഓർത്തിരുന്നെങ്കിലും ചോറും പൊട്ടറ്റോ ഫ്രൈയും തൈരുമുണ്ടെങ്കിൽ ഞാൻ ഹാപ്പി. ‘നന്ദന’ത്തിലെ വേശാമണി അമ്മാളിനെ പോലെ ദോശ ഫാമിലി ആണ് ഞങ്ങൾ. മൂന്നു നേരവും ദോശ മതി.
കുഞ്ഞിനെ നോക്കാനും അമ്മമാരുടെ തണലുണ്ട് ?
സൗഭാഗ്യ: കുഞ്ഞ് ഉറങ്ങുമ്പോൾ ഉറങ്ങാൻ എനിക്കു പേടിയാണ്. വാച്ചിൽ നോക്കി ബ്രീത്തിന്റെ എണ്ണമൊക്കെ കൗണ്ട് ചെയ്യും. ചിലപ്പോൾ തട്ടിവിളിക്കും.
അഭിമുഖത്തിന്റെ പൂർണരൂപം വനിത ലക്കത്തിൽ ജനുവരി അവസാന ലക്കത്തില്‍
രൂപാ ദയാബ്ജി
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ
വസ്ത്രങ്ങൾക്കു കടപ്പാട്: czarina,
ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ, തിരുവനന്തപുരം.
English Summary : Sowbhagya comments on baby Sudarshana